അമ്മാവനുമായി യൂണിവേഴ്‌സിറ്റി ഫീസിന്റെ കാര്യത്തിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവതി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. ഇന്ത്യന്‍ വംശജയായ ഗുര്‍പ്രീത് കൗറാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്വയം തീകൊളുത്തിയ കൗര്‍ കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പക്ഷേ ശരീരത്തിന്റെ ഭൂരിപക്ഷം ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ കൗറിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിഞ്ഞില്ല. 30കാരിയായ കൗര്‍ തന്റെ അമ്മാവനായ ഹര്‍ചരണ്‍ജിത്തിനും ഭാര്യയ്ക്കുമൊപ്പമാണ് കഴിഞ്ഞ കുറേക്കാലമായി ജിവിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് അമ്മാവനുമായി കൗര്‍ തര്‍ക്കിച്ചിരുന്നതായി മൊബൈല്‍ ഫോണില്‍ നിന്നും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

വീടിന്റെ പുറകിലുള്ള ഗാര്‍ഡനില്‍ വെച്ചാണ് കൗര്‍ പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തിയത്. മാര്‍ക്കറ്റിലായിരുന്ന അമ്മായി തിരിച്ചു വന്നതിന് ശേഷമാണ് കൗറിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. തീകൊളുത്തി ഏതാണ്ട് പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷമാണ് കൗറിനെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. അതിന് മുന്‍പ് തന്നെ അവര്‍ക്ക് മാരകമായി പൊള്ളലേറ്റിരുന്നു. ഗാര്‍ഡന്‍ പരിസരത്ത് നിന്ന് പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായും ഒരു സ്ത്രീ കരയുന്നത് കേട്ടതായും അയല്‍വാസികള്‍ പറയുന്നു.

പുതിയ യൂണിവേഴ്‌സിറ്റി കോഴ്‌സിനായി അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കൗര്‍. ഇതിന്റെ ഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഇംഗ്ലീഷില്‍ പ്രാവീണ്യം തെളിയിക്കുന്ന ടെസ്റ്റ് പാസായാല്‍ മാത്രമെ കൗറിന്റെ വിസ പുതുക്കി നല്‍കാന്‍ കഴിയുകയുള്ളുവെന്ന് ഹോം ഓഫീസ് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ആവശ്യമുള്ളത്രയും ജീവിച്ചു കഴിഞ്ഞെന്നും ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും കൗറിന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. 20മില്യണിലധികം വിലയുള്ള വീട്ടിലാണ് കൗര്‍ താമസിക്കുന്നത്. ആത്മഹത്യക്ക് ശ്രമിക്കുന്നതിന് തൊട്ടുമുന്‍പ് തന്റെ മുറി വൃത്തിയാക്കുകയും ചെയ്തിരുന്നു.