ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

സോഫിയ : ഫുട്ബോൾ ലോകത്തെ നാണക്കേടിൽ ആഴ്ത്തി ബൾഗേറിയൻ ആരാധകരുടെ വംശീയ ഭ്രാന്ത്. ഇംഗ്ലണ്ടും ബൾഗേറിയയും തമ്മിൽ നടന്ന യൂറോ കപ്പ്‌ യോഗ്യത പോരാട്ടത്തിനിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബൾഗേറിയയുടെ തട്ടകമായ സോഫിയ നാഷണൽ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ ഇരുന്ന ബൾഗേറിയൻ ആരാധകർ, ഇംഗ്ലണ്ട് ടീമിലെ കറുത്ത വംശജരായ താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം നടത്തുകയായിരുന്നു. ഇതിനെ തുടർന്ന് കുറ്റക്കാരായ 15 പേരെ തിരച്ചിറഞ്ഞ പോലീസ് 6 പേരെ കസ്റ്റഡിയിൽ എടുത്തു. ബാക്കിയുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കി. ആരാധകരുടെ അധിക്ഷേപത്തിന് ഇംഗ്ലണ്ട് മറുപടി നൽകിയത് ഗോളുകളിലൂടെയാണ്. എതിരില്ലാത്ത ആറു ഗോളുകൾക്ക് വമ്പിച്ച വിജയം സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് പകരം വീട്ടിയത്.

കളി ആരംഭിച്ച നിമിഷം മുതൽ ഇംഗ്ലണ്ട് താരങ്ങളെ ലക്ഷ്യമിട്ട് ആരംഭിച്ച വംശീയാധിക്ഷേപങ്ങൾ അതിരുവിട്ടപ്പോൾ രണ്ടുതവണ റഫറി കളി നിർത്തിവെച്ചു. അധിക്ഷേപങ്ങൾ സഹിക്കവയ്യാതെ ഇംഗ്ലണ്ട് താരങ്ങളും കോച്ച് ഗാരെത് സൗത്ഗേറ്റും കളിയുടെ ആദ്യപകുതിയുടെ ഇടവേളയിൽ കളി ബഹിഷ്ക്കരിക്കുമെന്നും പറഞ്ഞിരുന്നു. ഫിഫയുടെ വംശീയവിരുദ്ധ മുദ്രാവാക്യമായ ‘റെസ്‌പെക്ട്’ ന് പകരം ‘നോ റെസ്‌പെക്ട്’ എന്നെഴുതിയ ബാനറും കുരങ്ങിന്റെ ചിത്രം പതിച്ച ടീ ഷർട്ടുകളും നാസി സല്യൂട്ടുകളുമായി പരസ്യമായി രംഗത്തിറങ്ങിയവർ ഫുട്ബോളിനെ തന്നെയാണ് അപമാനിച്ചത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ടിറോൺ മിങ്‌സ് ആയിരുന്നു കാണികളുടെ പ്രധാന ഇര. 26കാരന്റെ ബൂട്ടിൽ പന്ത് കുരുങ്ങുമ്പോഴെല്ലാം അവർ കുരങ്ങിന്റെ ശബ്ദം ഉണ്ടാക്കി. ബൾഗേറിയൻ ആരാധകരുടെ ഈ പെരുമാറ്റം വെറുപ്പുളവാക്കുന്നതാണെന്ന് ഇംഗ്ലണ്ട് മധ്യനിരതാരം ജോർദാൻ ഹെൻഡേഴ്സൻ പറഞ്ഞു.

അതേസമയം ഇംഗ്ലീഷ് താരങ്ങൾക്കെതിരായ വംശീയാധിക്ഷേപത്തിൽ മനംനൊന്ത്‌ ഫുട്ബോൾ ലോകത്തോട് ബൾഗേറിയൻ പ്രധാനമന്ത്രി ബോയ്കോ ബൊറിസ്ലാവ് മാപ്പ് പറഞ്ഞു. ദൗർഭാഗ്യകരമായ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബൾഗേറിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്‌ ബോറിസ് മിഷീലിയോവ് രാജിവെച്ചു. സംഭവത്തെ അതിഗൗരവത്തോടെയാണ് ഫിഫയും യുവേഫയും കാണുന്നത്. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ പരാതിപ്രകാരം ഫിഫയുടെ കർശന നടപടി ബൾഗേറിയ നേരിടേണ്ടി വരും.