സ്വന്തം ലേഖകന്‍
പൂള്‍: യുകെയില്‍ ഡോര്‍സെറ്റ് കൌണ്ടിയിലെ  പൂളില്‍  മലയാളികളുടെ വീട്ടില്‍ വ്യാപക മോഷണം. ഞായറാഴ്ച ആയതിനാല്‍ വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കിയാണ് വീടുകളില്‍ മോഷണം നടന്നത്. അന്‍പത് മീറ്റര്‍ ചുറ്റളവിനുള്ളില്‍ താമസിച്ചിരുന്ന മലയാളികള്‍ ആണ് മോഷണത്തിന്‌ വിധേയരായത്. എല്ലാ വീടുകളിലും മോഷ്ടാക്കള്‍ ലക്‌ഷ്യം വച്ചത് സ്വര്‍ണ്ണവും പണവും ആയിരുന്നുവെന്ന് മോഷണ രീതി വ്യക്തമാക്കുന്നു. സ്വര്‍ണ്ണവും പണവുമല്ലാതെ മറ്റ് വില്‍ പിടിപ്പുള്ള സാധനങ്ങള്‍ ഒന്നും തന്നെ മോഷ്ടാക്കള്‍ കൊണ്ട് പോയില്ല എന്നത് ശ്രദ്ധേയമായി.

ഇന്ന്‍ രാവിലെ പത്ത് മണിയോടെയാണ് പൂളിലെ മൂന്ന്‍ മലയാളി ഭവനങ്ങളില്‍ ഒരേ സമയം മോഷ്ടാക്കള്‍ കയറിയത്. പൂളില്‍ താമസിക്കുന്ന സാബു ജോസഫ്, വിത്സന്‍ ജോണ്‍, ജെറി ഇമ്മാനുവേല്‍ എന്നിവരുടെ വീടുകളിലാണ് മോഷണം ഉണ്ടായത്. ഞായറാഴ്ച ഒന്‍പതരയ്ക്ക് കുര്‍ബാന ഉണ്ടായിരുന്നതിനാല്‍ എല്ലാവരും കുര്‍ബാനയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്.

burglary2

വിത്സന്‍ ജോണിന്‍റെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ വിവാഹ മോതിരം ഉള്‍പ്പെടെയുള്ള സ്വര്‍ണ്ണം കവര്‍ച്ച ചെയ്തു കൊണ്ട് പോയി. ജോലി സ്ഥലത്ത് ആഭരണങ്ങള്‍ ധരിക്കാന്‍ അനുവാദം ഇല്ലാതിരുന്നതിനാല്‍ മോതിരം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. താഴെയും മുകളിലുമായി രണ്ട് വീട്ടുകാര്‍ക്ക് ഒരു പൊതു വാതില്‍ ആണ് ഉണ്ടായിരുന്നത്. ഇത് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ വിത്സന്‍റെ വീട്ടിലേക്കുള്ള ഇടവാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ എതിര്‍ ഭാഗത്ത് താമസിക്കുന്ന ഇംഗ്ലീഷുകാരന്‍റെ വാതില്‍ സ്പര്‍ശിച്ചു പോലുമില്ല. ഏകദേശം ഇരുപത്തിയഞ്ച് പവന്‍റെ ആഭരണങ്ങള്‍ ആണ് വിത്സനും കുടുംബത്തിനും നഷ്ടമായത് എന്ന് കരുതുന്നു.

ജെറി ഇമ്മാനുവലിന്‍റെ വീട്ടില്‍ നിന്നും ഏകദേശം നാല്‍പ്പത് പവന്‍റെ ആഭരണങ്ങള്‍ കൊണ്ട് പോയ മോഷ്ടാക്കള്‍ ജനാല തകര്‍ത്തായിരുന്നു അകത്ത് കയറിയത്. താലിമാല ഉള്‍പ്പെടെ വന്‍ നഷ്ടമാണ് ജെറിക്കും കുടുംബത്തിനും സംഭവിച്ചത്. നാട്ടില്‍ പോയി തിരികെ വന്ന ഉടനെ ആയതിനാല്‍ ആ ആവശ്യത്തിലേക്ക് കൊണ്ട് പോയിരുന്ന പണത്തിന്‍റെ ബാക്കി വന്ന ഏകദേശം ആയിരത്തോളം പൗണ്ടും വീട്ടില്‍ സൂക്ഷിച്ചിരുന്നത് മോഷ്ടാക്കള്‍ കൊണ്ട് പോയി.

burglery1

സാബു ജോസഫിന്‍റെ വീട്ടിലും വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ സ്വര്‍ണ്ണത്തിന് വേണ്ടി തന്നെയുള്ള തിരച്ചില്‍ ആണ് നടത്തിയത്. ഫ്രിഡ്ജും ഫ്രീസറും ഉള്‍പ്പെടെ സാധനങ്ങള്‍ വലിച്ച് വാരി  പുറത്തിട്ട മോഷ്ടാക്കള്‍ ഇവിടെ നിന്നും സ്വര്‍ണ്ണം തന്നെയാണ് കൊണ്ട് പോയത്. കൃത്യമായ നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ.

കൃത്യമായ നിരീക്ഷണത്തിലൂടെ മലയാളി കുടുംബങ്ങള്‍ ആണെന്ന്‍ ഉറപ്പ് വരുത്തിയ വീടുകളില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ആളുകള്‍ പോകുന്ന സമയം നോക്കിയാണ് മോഷണം നടന്നത്. ഇവിടെ തന്നെയുള്ള സാബു കുരുവിളയുടെ വീട്ടില്‍ ആളുണ്ടെന്നു മനസ്സിലാക്കിയ മോഷ്ടാക്കള്‍ ഈ വീടിനെയും ഒഴിവാക്കി. സ്വര്‍ണ്ണം സൂക്ഷിക്കുന്ന മലയാളികളുടെ ശീലം ഇവിടുത്തെ മോഷ്ടാക്കള്‍ മനസ്സിലാക്കിയതിനെ തുടര്‍ന്ന്‍ മലയാളി വീടുകള്‍ ലക്‌ഷ്യം വച്ചുള്ള മോഷണം കൂടി വരുന്നത് എല്ലാവരെയും ആശങ്കയിലാക്കിയിട്ടുണ്ട്.

പൂളിലെ പോലീസ് സ്റ്റേഷന് നൂറ്റി അന്‍പത് മീറ്റര്‍ മാത്രം അകലെയുള്ള വീടുകളില്‍ പട്ടാപ്പകല്‍ നടന്ന മോഷണം പോലീസിന്‍റെ അനാസ്ഥ കൂടിയാണ് കാണിക്കുന്നത് എന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. പോലീസും ഫോറന്‍സിക് വിദഗ്ദരും ഉള്‍പ്പെടെയുള്ളവര്‍ മൂന്ന്‍ വീടുകളിലും എത്തി അന്വേഷണ നടപടികള്‍ സ്വീകരിച്ചു വരുന്നു