മാണ്ഡ്യ: കര്‍ണാടകയില്‍ ബെംഗളൂരു- മൈസൂരു പാതയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. അഞ്ചു പേര്‍ കുട്ടികളാണ്. ബസ് മുഴുവനായും കനാലില്‍ മുങ്ങിക്കിടക്കുകയാണ്. ബസില്‍ 35ഓളം യാത്രക്കാരുണ്ടായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. ബസ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. കനാലിലേക്ക് മറിഞ്ഞയുടന്‍ ബസ് മുഴുവനായി മുങ്ങിപ്പോയതും വാതിലുകള്‍ അടിഭാഗത്തായിപ്പോയതുമാണ് മരണസംഖ്യ ഉയര്‍ത്തിയത്.

അപകടം നടന്നയുടനെ തന്നെ സമീപത്തുണ്ടായിരുന്ന കര്‍ഷകരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. മുങ്ങിക്കിടക്കുന്ന ബസില്‍ നിന്നും ആളുകളെ കരക്കെത്തിക്കുമ്പോഴേക്കും ഭൂരിപക്ഷം പേരും മരിച്ചിരുന്നു.

ബസ് വടം ഉപയോഗിച്ച് കരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. ഡ്രൈവര്‍ അലക്ഷ്യമായാണ് ബസ് ഓടിച്ചതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ശനിയാഴ്ച തന്നെ സംഭവസ്ഥലം സന്ദര്‍ശിക്കും. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അപലപിച്ചു.