തിരക്കേറിയ തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി 14 പേര്‍ക്ക് പരിക്ക്. കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡ് ഹെയ്തി സ്ട്രീറ്റിലാണ് സംഭവം. തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന 25 ഓളം കാറുകള്‍ തകര്‍ന്നിട്ടുണ്ട്. അശ്രദ്ധമായി വണ്ടിയോടിച്ചുവെന്ന കുറ്റത്തിന് ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അശ്രദ്ധയാണ് വലിയ അപകടം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. അപകടം നടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സമീപത്തുകൂടി പോയിരുന്ന ബസ് പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ക്കിടയിലേക്ക് ഇരച്ചു കയറുകയായിരുന്നു. കാറുകളെ ഇടിച്ചുമാറ്റി മുന്നോട്ട് പോയ ബസ് ഏറെ ദൂരം പിന്നിട്ട ശേഷമാണ് നിയന്ത്രണ വിധേയമായത്.

അരീവയുടെ 480 ബസാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് 6.50 വരെ അപകടം നടന്ന തെരുവിലെ റോഡുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വാഹനങ്ങള്‍ മാറ്റുന്നതടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് റോഡ് പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്ന് നല്‍കിയത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബസിന്റെ യന്ത്ര തകരാറാണോയെന്ന് പരിശോധിച്ച ശേഷം മാത്രമെ പറയാന്‍ കഴിയൂ. ഡ്രൈവറെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ബസ് കാറുകള്‍ക്കിടയിലേക്ക് ഇരച്ചു കയറുന്നത് കണ്ട് ഓടി മാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ചിലര്‍ക്ക് പരിക്ക് പറ്റിയിരിക്കുന്നത്. സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് ക്രൂ ആണ് സംഭവ സ്ഥലത്ത് നിസാര പരിക്കേറ്റവരെ ചികിത്സിച്ചത്. ബസ് സര്‍വീസ് കമ്പനി വൃത്തങ്ങള്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കമ്പനി വൃത്തങ്ങള്‍ പ്രതികരിച്ചു. നിരവധി കാറുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. അപകടം നടന്നയുടന്‍ അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു. ആംബലുന്‍സ് ഉള്‍പ്പെടെയുള്ളവ കൃത്യ സമയത്ത് തന്നെ സ്ഥലത്തെത്തുകയും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്തു.