ലണ്ടന്‍: ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന ലണ്ടനിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായം കരകയറുന്നതിനായി പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നു. വീട് വാങ്ങുന്നവര്‍ക്ക് സൗജന്യമായി 18,000 പൗണ്ട് വിലയുള്ള കാറും സ്റ്റാംപ് ഡ്യൂട്ടിയില്‍ 1,50,000 പൗണ്ട് വരെ സബ്‌സിഡിയും സൗജന്യമായി ഐപാഡുകളും സോണോസ് സൗണ്ട് സിസ്റ്റവുമൊക്കെയാണ് വാഗ്ദാനം. ഒരിക്കല്‍ ഏറെ ആവശ്യക്കാരുണ്ടായിരുന്ന ലണ്ടനിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഇപ്പോള്‍ ആളുകള്‍ തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയാണെന്ന് ബയിംഗ് ഏജന്റായ ഗാരിംഗ്ടണ്‍ പ്രോപ്പര്‍ട്ടി ഫൈന്‍ഡേഴ്‌സ് പറയുന്നു. ഇതാണ് വന്‍ ഓഫറുകള്‍ നല്‍കാന്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികളെ പ്രേരിപ്പിക്കുന്നത്.

നോര്‍ത്ത് ലണ്ടനിലെ മുസ്‌വെല്‍ ഹില്ലിലുള്ള ഒരു ഡവലപ്‌മെന്റ് കമ്പനി ഓരോ വീടിനും ഈയാഴ്ച സൗജന്യമായി റെനോ സോ ഇലക്ട്രിക് കാറുകളാണ് നല്‍കുന്നത്. 18,405 പൗണ്ടാണ് ഈ കാറിന്റെ വില. 1.99 മില്യന്‍ പൗണ്ടിന്റെ വീടിന് ഒന്നര ലക്ഷം പൗണ്ടിന്റെ സ്റ്റാംപ് ഡ്യൂട്ടിയിളവും ഇവര്‍ നല്‍കുന്നു. വീടുകള്‍ കാണാനെത്തുന്നവര്‍ക്ക് പ്രോസെസ്‌കോ, ഗോര്‍മെറ്റ് പിസയും ഇവര്‍ നല്‍കുന്നു. ഈയാഴ്ച ലോഞ്ച് ചെയ്യുന്ന ഇവരുടെ പ്രോജക്ടില്‍ 2500 പൗണ്ട് വരെ നിക്ഷേപിക്കുന്നവര്‍ക്ക് ഐപാഡ് സൗജന്യമായി നല്‍കുമെന്നും കമ്പനി അറിയിച്ചു.

മറ്റു ചില കമ്പനികളും ആകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 20,000 പൗണ്ട് വരെ വില വരുന്ന ഫര്‍ണിച്ചറുകളാണ് ഒരുകമ്പനിയുടെ ഓഫര്‍. ജോണ്‍ ലൂയിസ് വൗച്ചറുകളും സൗജന്യമായി മൂന്നു വര്‍ഷത്തേക്കുള്ള ട്രാവല്‍ പാസുകളും ഓഫറുകളിലുണ്ട്. ലണ്ടനില്‍ മാത്രം 59,000 ഹൈഎന്‍ഡ് അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മാണത്തിലുണ്ടെന്ന് പ്രോപ്പര്‍ട്ടി ഏജന്റായ ഹെന്റി പ്രയര്‍ പറയുന്നു. 6000ത്തോളം ഫ്‌ളാറ്റുകള്‍ മാത്രമാണ് ഒരു വര്‍ഷത്തിനിടെ വിറ്റു പോയത്. ഇതാണ് കമ്പനികള്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.