ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നവര്‍ അത് ശ്രദ്ധാപൂര്‍വ്വം ചെയ്തില്ലെങ്കില്‍ നഷ്ടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വൈസ് പ്രസിഡന്റ് വിറ്റര്‍ കോണ്‍സ്റ്റാന്‍സിയോ മുന്നറിയിപ്പ് നല്‍കി. സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്. ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികളില്‍ പണം നിക്ഷേപിക്കുന്നവര്‍ അവയുടെ വില കൂടി നില്‍ക്കുന്ന അവസരത്തില്‍ കറന്‍സി വാങ്ങുന്നത് റിസ്ക്‌ ആണെന്നായിരുന്നു അദ്ദേഹം അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. ഇന്ന് ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍റെ വിനിമയ നിരക്ക് 11000 ഡോളറില്‍ എത്തി നില്‍ക്കെയാണ് ഇസിബി വൈസ് പ്രസിഡന്റ് ഈ മുന്നറിയിപ്പ് നല്‍കിയത്.

ബിറ്റ് കോയിന്റെ ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് അതിശയിപ്പിക്കുന്ന വേഗതയില്‍ ആയിരുന്നതാണ് ഈ രംഗത്ത് നിക്ഷേപിക്കുന്നവര്‍ ശ്രദ്ധാലുക്കള്‍ ആയിരിക്കണമെന്ന ഉപദേശം നല്‍കാന്‍ കാരണം. ഈ വര്‍ഷത്തിന്‍റെ  തുടക്കത്തില്‍ 1000 ഡോളര്‍ ട്രേഡിംഗ് നിരക്ക് ഉണ്ടായിരുന്നിടത്ത് നിന്നാണ് ബിറ്റ് കോയിന്റെ വളര്‍ച്ച ഇന്നത്തെ 11000 ഡോളറിലേക്ക് എത്തിയത്. ആയിരം ശതമാനം വളര്‍ച്ചാ നിരക്ക് ആണിത്. ഈയവസരത്തില്‍ ബിറ്റ് കോയിന്‍ നിക്ഷേപകര്‍ ഇത്രയും കൂടിയ വിലക്ക് ബിറ്റ് കോയിന്‍ വാങ്ങുന്നത് ഹൈ റിസ്ക്‌ ആയിരിക്കുമെന്ന് വിറ്റര്‍ കോണ്‍സ്റ്റാന്‍സിയോ പറഞ്ഞു.

ക്രിപ്റ്റോ കറന്‍സി വാങ്ങുമ്പോഴും ട്രേഡിംഗ് നടത്തുമ്പോഴും വളരെയധികം ശ്രദ്ധിച്ച് വേണം ഇടപാടുകള്‍ നടത്താന്‍. ഈ ആധുനിക നിക്ഷേപ സാധ്യതയെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തവര്‍ തുടക്കത്തില്‍ വന്‍തുക മുടക്കി നിക്ഷേപം നടത്തുന്നത് ഒട്ടും ആശാസ്യമല്ല. ചെറിയ നിക്ഷേപം നടത്തി വിപണി സാധ്യതകളെ കുറിച്ച് ബോധവാന്മാര്‍ ആയ ശേഷം മാത്രം മുന്നോട്ട് പോവുക എന്നതാണ് റിസ്ക്‌ ഫ്രീ ആയി ക്രിപ്റ്റോ കറന്‍സി രംഗത്ത് പരീക്ഷണം നടത്താനുള്ള സുരക്ഷിത മാര്‍ഗ്ഗം. ഇന്റര്‍നെറ്റ് ട്രേഡിംഗ് മാത്രം ആധാരമാക്കി വിപണിയില്‍ പ്രവര്‍ത്തിക്കുന്ന ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നതിനെക്കാള്‍ സുരക്ഷിതം പ്രീ മൈനിംഗ് ചെയ്തിട്ടുള്ള കമ്പോള വിപണനം സാധ്യമാകുന്ന ക്രിപ്റ്റോ കറന്‍സികള്‍ തെരഞ്ഞെടുക്കുന്നതാണ്.