കോഴിക്കോട്: അര്‍ദ്ധരാത്രിയില്‍ വനിതാ ഹോസ്റ്റലില്‍ രഹസ്യ സന്ദര്‍ശത്തിന് എത്തിയ എസ്.ഐയെ ചോദ്യം ചെയ്ത പതിനാറുകാരനും പിതാവിനും എസ്.ഐയുടെ മര്‍ദ്ദനം. എസ്.ഐയ്‌ക്കെതിരായ പരാതി സ്വീകരിക്കണമെങ്കില്‍ ആരോപണ വിധേയന്റെ അനുമതി വേണമെന്ന് പോലീസും. പരാതി നല്‍കാനെത്തിയ കുട്ടിയുടെ സഹോദരനെ പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. അജയ് എന്ന പതിനാറുകാരനാണ് മര്‍ദ്ദനമേറ്റത്.

വ്യാഴാഴ്ച രാത്രി പത്തര?യോടെയാണ് നടക്കാവ് സ്‌റ്റേഷന്‍ പരിധിയിലുള്ള വനിതാ ഹോസ്റ്റലില്‍ മെഡിക്കല്‍ കോളജ് എസ്.ഐ ഹബീബുള്ളയെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. ഹോസ്റ്റലിന് പുറത്ത് ഒരു സ്ത്രീയുമായി ഒരാള്‍ സംസാരിച്ചുനില്‍ക്കുന്നത് കണ്ട കുട്ടിയുടെ പിതാവാണ് ആദ്യം കാര്യം അന്വേഷിച്ചത്. ഇതോടെ എസ്.ഐ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ പതിനാറുകാരനെയും എസ്.ഐ മര്‍ദ്ദിച്ചു. താന്‍ ആരാണെന്ന് മനസ്സിലായില്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. കുട്ടിയെ ജീപ്പില്‍ എടുത്തിട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അമ്മയും സഹോദരിയും ചേര്‍ന്ന് ജീപ്പ് തടയുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കുട്ടിയെ ഇറക്കിവിട്ടശേഷം എസ്.ഐ ജീപ്പുമായി കടന്നു.

ഇടുപ്പെല്ലിനും കഴുത്തെല്ലിനും പരുക്കേറ്റ കുട്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. എസ്.ഐയ്‌ക്കെതിരെ പരാതിയുമായി കുട്ടിയുടെ സഹോദരന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസുകാരും ഭീഷണിപ്പെടുത്തി. എസ്.ഐയ്‌ക്കെതിരെ പരാതി നല്‍കരുതെന്നും നിര്‍ദേശിച്ചു. നാലു തവണ പരാതിയുമായി സ്റ്റേഷനില്‍ എത്തിയിട്ടും സ്വീകരിച്ചില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ വെള്ളയില്‍ സ്‌റ്റേഷനില്‍ നിന്ന് ശനിയാഴ്ച രാവിലെ എത്തി മൊഴിയെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്.
ഈ ലേഡീസ് ഹോസ്റ്റലിന്റെ പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു. അതുകൊണ്ടുതന്നെയാണ് രാത്രിയുടെ മറവില്‍ എത്തുന്നവരെ നാട്ടുകാര്‍ നിരീക്ഷിച്ചിരുന്നത്. ഇരുട്ടില്‍ നിന്നിരുന്ന എസ്.ഐയെ യൂണിഫോമില്‍ ആയിരുന്നിട്ടും അജയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എസ്.ഐ വെളിച്ചത്തേക്ക് വന്നതോടെയാണ് ആളെ മനസ്സിലായത്. ഇതിനകം മര്‍ദ്ദനവും നടന്നിരുന്നു.