മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃകയില്‍ കേരളത്തില്‍ ആള്‍പാര്‍പ്പില്ലാത്ത വീടുകളുടെ നികുതി നിരക്ക് കുത്തനെ ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. പാര്‍പ്പിടങ്ങള്‍ വളരെ ആഡംബരത്തോടെ പണികഴിപ്പിക്കുന്ന മലയാളികള്‍ അത് ഉപയോഗിക്കുന്നതില്‍ ശുഷ്‌കാന്തി കാട്ടുന്നില്ല. കൊച്ചിയില്‍ മാത്രം ഏകദേശം 50,000 വീടുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ അര്‍ഹമായ പാര്‍പ്പിട സൗകര്യങ്ങളില്ലാതെ വലയുമ്പോള്‍ ഇത്രയധികം വീടുകള്‍ താമസക്കാരില്ലാതെ ഒഴിച്ചിടുന്നത് മനുഷ്യ വംശത്തിന് മൊത്തത്തില്‍ അര്‍ഹതപ്പെട്ട വിഭവങ്ങളുടെ ദുരുപയോഗമാണെന്ന് വിലയിരുത്തപ്പെടുന്നു. ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ നല്ലൊരു ശതമാനമെങ്കിലും വാടകയ്ക്ക് മാര്‍ക്കറ്റില്‍ എത്തുകയാണെങ്കില്‍ കേരളത്തില്‍ കുതിച്ചുകയറിയ വീടു വാടക നിരക്ക് കുറയുകയും അത് സാധാരണക്കാരായ വാടകക്കാര്‍ക്ക് ആശ്വാസമാകുകയും ചെയ്യും.

കേരളത്തിലെ മൊത്തം വീടുകളില്‍ 14 ശതമാനമാണ് ആള്‍ താമസമില്ലാത്തത്. ഇതില്‍ ഭൂരിഭാഗവും പ്രവാസികളായ മലയാളികളുടേത് ആണ്. ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ് കേരളത്തിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളുടെ എണ്ണം. എന്നാല്‍ ഗുജറാത്ത് ആണ് ഇക്കാര്യത്തില്‍ മുന്നില്‍. വളരെയധികം പ്രവാസികളുള്ള ഗുജറാത്തില്‍ 19 ശതമാനം വീടുകളിലും ആള്‍പാര്‍പ്പില്ല. ഇന്ത്യയൊട്ടാകെ 12.38 ശതമാനം വീടുകളും പൂട്ടിക്കിടക്കുന്നു. എണ്ണത്തില്‍ മഹാരാഷ്ട്രയിലാണ് ഏറ്ററവുമധികം വീടുകള്‍ പൂട്ടിക്കിടക്കുന്നത്. മഹാരാഷ്ട്രയില്‍ 20 ലക്ഷം വീടുകളിലാണ് ആള്‍പാര്‍പ്പില്ലാത്തത്. മുംബൈയില്‍ മാത്രം അഞ്ചുലക്ഷത്തോളം വീടുകളില്‍ ആള്‍പ്പാര്‍പ്പില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആള്‍താമസമില്ലാത്ത വീടുകളുടെ എണ്ണത്തില്‍ 46 ലക്ഷത്തിന്റെ വര്‍ധനവ് ഉണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക സര്‍വേയിലാണ് മുകളില്‍ പറഞ്ഞ കണക്കുകള്‍ ഉള്ളത്. ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം കുറയ്ക്കാന്‍ വീടുകള്‍ കൈകാര്യം ചെയ്യാനും വാടകയ്ക്ക് നല്‍കുന്നതിനും പുതിയ നയം കൊണ്ടുവരണമെന്ന് സര്‍വ്വേ നിര്‍ദ്ദേശിക്കുന്നു.

ബ്രിട്ടണ്‍ ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം കുറയ്ക്കുന്നതിന് വ്യക്തമായ നിയമങ്ങളും നയങ്ങളുമുണ്ട്. ബ്രിട്ടണില്‍ രണ്ട് വര്‍ഷത്തിലേറെ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ കൗണ്‍സില്‍ ടാക്‌സ് ഇരട്ടിയിലേറെയാണ്. വിഭവങ്ങളുടെ ദുരുപയോഗം തടയുകയാണ് പ്രസ്തുത നയത്തിന്റെ അടിസ്ഥാനം. ഇതിലൂടെ പാര്‍പ്പിടമില്ലാത്തവര്‍ക്ക് കൂടുതല്‍ പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നു. ഇന്ത്യയിലും പാര്‍പ്പിട കാര്യത്തില്‍ ഇത്തരമൊരു നയം അത്യന്താപേക്ഷിതമാണ്.