മദ്യപിച്ച് വാഹനമോടിച്ചതിന് രണ്ടു വട്ടം പിടിയിലായ ഡോക്ടര്‍ക്ക് ജോലിയില്‍ തുടരാന്‍ അനുമതി; രോഗികള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കിയില്ലെന്ന് വിലയിരുത്തല്‍

മദ്യപിച്ച് വാഹനമോടിച്ചതിന് രണ്ടു വട്ടം പിടിയിലായ ഡോക്ടര്‍ക്ക് ജോലിയില്‍ തുടരാന്‍ അനുമതി; രോഗികള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കിയില്ലെന്ന് വിലയിരുത്തല്‍
November 08 04:43 2018 Print This Article

മദ്യപിച്ച് വാഹനമോടിച്ചതിന് രണ്ടു വട്ടം പിടിയിലായ ജൂനിയര്‍ ഡോക്ടര്‍ക്ക് ജോലിയില്‍ തുടരാന്‍ അനുമതി. ഡോ.ലോറന്‍ ഫൗളര്‍ എന്ന 25 കാരിയായ കേംബ്രിഡ്ജ് ഗ്രാജുവേറ്റിനാണ് ജോലിയില്‍ തുടരാന്‍ അനുമതി നല്‍കിയത്. ഇവര്‍ രോഗികള്‍ക്ക് അപായകരമായ യാതൊന്നും ചെയ്തില്ലെന്ന് മിസ്‌കോണ്‍ഡക്ട് ഹിയറിംഗില്‍ വിലയിരുത്തപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അനുമതി ലഭിച്ചത്. ലഞ്ചിന് വൈറ്റ് വൈന്‍ കഴിച്ച ഡോ.ഫൗളര്‍ കാല്‍നടക്കാരുടെ തിരക്ക് ഏറെയുള്ള പ്രദേശത്തേക്ക് തന്റെ കാര്‍ ഇടിച്ചു കയറ്റിയതിനെത്തുടര്‍ന്നാണ് പിടിയിലായത്. പോലീസിനോട് സംസാരിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ മദ്യലഹരിയിലായിരുന്നു ഫൗളര്‍ ആ സമയത്ത്. കാറിനുള്ളില്‍ നിന്ന് ഒഴിഞ്ഞ വൈന്‍ കുപ്പിയും കണ്ടെത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി രണ്ടു മാസം പിന്നിടുന്നതിനു മുമ്പായിരുന്നു രണ്ടാമത്തെ സംഭവം.

അര ബോട്ടില്‍ വോഡ്ക കഴിച്ചതിനു ശേഷം വീടിനു സമീപത്തെ ഹോട്ടല്‍ കാര്‍ പാര്‍ക്കിനു സമീപത്തുവെച്ചാണ് ഇവര്‍ പിടിയിലായത്. വാഹനമോടിക്കുമ്പോള്‍ അനുവദനീയമായ ആല്‍ക്കഹോള്‍ പരിധിയുടെ മൂന്നിരട്ടിയണ് പരിശോധനയില്‍ കണ്ടെത്തിയത്. മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് സസ്‌പെന്‍ഡഡ് ജയില്‍ ശിക്ഷ ലഭിച്ച ഇവര്‍ താന്‍ ആല്‍ക്കഹോളിന് അടിമയാണെന്ന് പിന്നീട് സമ്മതിച്ചു. ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ മെഡിസിന്‍ പഠിക്കുന്ന സമയത്തുണ്ടായ മാനസിക സമ്മര്‍ദ്ദങ്ങളാണ് മദ്യത്തില്‍ അഭയം തേടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഫൗളര്‍ സമ്മതിച്ചു. പഠിച്ചിരുന്ന സമയത്ത് താന്‍ അമിതമായി മദ്യപിക്കുമായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി. രണ്ടാം തവണ പിടിക്കപ്പെട്ടതിനു ശേഷം മദ്യപാനം നിര്‍ത്തിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഈ സംഭവത്തിനു ശേഷം ഇവര്‍ക്ക് മൂന്നു വര്‍ഷത്തെ ഡ്രൈവിംഗ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നവംബര്‍ 2നാണ് മാഞ്ചസ്റ്ററിലെ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രൈബ്യൂണല്‍ സര്‍വീസില്‍ വെച്ച് ഇവര്‍ മിസ്‌കോണ്‍ഡക്ട് ഹിയറിംഗിന് വിധേയയായത്. ജോലിയില്‍ തുടരാന്‍ ട്രൈബ്യൂണല്‍ അനുവാദം നല്‍കി. എന്നാല്‍ അടുത്ത 20 മാസത്തേക്ക് ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടമുണ്ടായിരിക്കും. ഡോ.ഫൗളര്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ പൊതുജനങ്ങള്‍ക്ക് അപായമുണ്ടാക്കാന്‍ പോന്നതായിരുന്നുവെന്ന് വിലയിരുത്തിയ ട്രൈബ്യൂണല്‍ അവ മൂലം ആര്‍ക്കും പരിക്കുകള്‍ സംഭവിക്കാത്തതിനാല്‍ ചെറിയ സംഭവങ്ങളായി വിലയിരുത്തുകയായിരുന്നു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles