ലണ്ടന്‍: ലോകത്തിലെ ആദ്യത്തെ ‘റീ-ഡിസൈന്‍ഡ് ഡി.എന്‍.എ’ ഉപയോഗിച്ചുള്ള ബാക്ടീരിയയെ നിര്‍മ്മിച്ച് കാംബ്രിഡ്ജ് സര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍. സാധാരണയായി മണ്ണിലെ മനുഷ്യ ശരീരത്തിലോ കാണപ്പെടുന്ന മൈക്രോബ് ആണ് ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ പ്രകൃതിയില്‍ കാണപ്പെടുന്നവയ്ക്ക് സമാനമാണ് ലാബില്‍ നിര്‍മ്മിച്ചവയെങ്കിലും പ്രത്യേക ജെനറ്റിക് കോഡുകളിലാണ് ഇവ അതിജീവിക്കുന്നത്. ചരിത്രത്തിലെ തന്നെ മികച്ച കണ്ടുപിടിത്തങ്ങളിലൊന്നായി ഇത് മാറുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിശ്വാസം. ഈ മേഖലയില്‍ വലിയ പഠനങ്ങള്‍ വര്‍ഷങ്ങളായി നടക്കുന്നുണ്ടെങ്കിലും മോഡിഫൈഡ് ഡി.എന്‍.എ കോഡുകള്‍ ഉപയോഗിച്ച് ഒരു ലിവിംഗ് ഓര്‍ഗനിസം വളര്‍ത്തിയെടുക്കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിരുന്നില്ല. ഭാവിയില്‍ മരുന്നുകള്‍ക്കായോ അപകടകാരികളായ വൈറസുകളെ പ്രതിരോധിക്കുന്നതിനോ ഈ കണ്ടുപിടിത്തം പ്രയോജനപ്പെട്ടേക്കും.

കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ മോളിക്യൂലാര്‍ ബയോളജി ലബോറട്ടറിയിലെ ഗവേഷകരുടെ രണ്ട് വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണിത്. ജീവന്റെ ചുരുളുകള്‍ എന്നറിയപ്പെടുന്ന ഡി.എന്‍.എ. ജീനുകളെ കണ്ടെത്തിയത് ശാസ്ത്ര ചരിത്രത്തിലെ തന്നെ നാഴികകല്ലായിരുന്നു. ഡി.എന്‍.എ ഖണ്ഡങ്ങളായിട്ടാണ് പാരമ്പര്യസ്വഭാവങ്ങള്‍ കൈമാറുന്നത്. ഒരു ജീവിയില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ജീനുകള്‍ പറിച്ചുനട്ട് പുതിയ ജീവിവര്‍ഗ്ഗങ്ങള്‍ ശാസ്ത്രലോകം സൃഷ്ടിയ്ക്കുന്നു. ആധുനിക തന്മാത്രാ ജീവശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം ഡി.എന്‍.എയുടെ കണ്ടുപിടിത്തമാണ്. ജനിതക കോഡും മാംസ്യവിശ്ലേഷണത്തിന്റെ രഹസ്യവുമെല്ലാം തുടര്‍ന്നാണ് കണ്ടെത്തിയത്. ജനിതക കോഡിലെ മാറ്റം കണ്ടുപിടിച്ചതിന് ശേഷമുണ്ടായിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര നേട്ടങ്ങളിലൊന്നായിരിക്കും ഇത്.

ആദ്യഘട്ടങ്ങളില്‍ ഗവേഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. ഇത്രയം വലിയ അളവിലുള്ള ജനിതകഘടന വളര്‍ത്തിയെടുക്കുകയെന്നത് ശ്രമകരമായ ജോലിയായിരുന്നു. എങ്കിലും ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് സിന്തറ്റിക് ബയോളജി വിദഗദ്ധനും ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ചയാളുമായി ജെയ്‌സണ്‍ ചിന്‍ വ്യക്തമാക്കി. 970 പേജുകളാണ് ജനിതഘടന നിര്‍മ്മിക്കുന്നതിനായി ഉപയോഗിച്ചത്. ശാസ്ത്രലോകം ഇന്നേവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ജനിതഘടനയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.