മലപ്പുറത്തുകാരിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഇടതു മുന്നണി സര്‍ക്കാരിന്റെ മൂന്നാമത്തെ വിക്കറ്റും വീഴുമോ? മലപ്പുറം പൊന്നാനി സ്വദേശിനിയായ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ടില്‍ ഭൂമി കയ്യേറ്റത്തിന് മന്ത്രിയെ വീഴ്ത്താനുള്ള തെളിവുകളെല്ലാമുണ്ടെന്നാണ് സൂചന. സമ്മര്‍ദങ്ങളെയെല്ലാം അതിജീവിച്ചാണ് കലക്ടര്‍ ഇടതു മുന്നണി മന്ത്രിസഭയിലെ പ്രമുഖനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ മന്ത്രി ഭൂനിയമലംഘനങ്ങള്‍ നടത്തിയെന്നത് ശരിവെച്ചാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. റവന്യൂ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും ഇതില്‍ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനം ക്രിമിനല്‍ കുറ്റമായി കാണണമെന്ന് കലക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. നെല്‍വയല്‍ നീര്‍ത്തട നിയമലംഘനത്തിന് മന്ത്രിക്ക് നോട്ടീസ് നല്‍കാനും കലക്ടര്‍ തയ്യാറാകുമെന്നാണ് അറിയുന്നത്.
കലക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടി വേണമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം നേടാനാണ് സര്‍ക്കാര്‍ നീക്കം.

നേരത്തെ പ്രമുഖ കറി പൗഡര്‍ നിര്‍മാതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചാണ് ടി വി അനുപമ ഐ എ എസ് കേരളത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഭക്ഷ്യ സുരക്ഷ കമ്മിഷണറായിരിക്കെ പച്ചക്കറിയിലെ കീടനാശിനികളുടെ അമിത സാനിധ്യം, ഭക്ഷ്യ വസ്തുക്കളിലെ മായം കലര്‍ത്തല്‍ എന്നിവയ്‌ക്കെതിരെ ഇവരെടുത്ത നടപടികള്‍ ആവേശത്തോടെയാണ് കേരളം സ്വീകരിച്ചത്.
പൊന്നാനി മാറാഞ്ചേരി സ്വദേശിനിയായ അനുപമ കോഴിക്കോട് സബ് കലക്ടര്‍, കാസര്‍കോട് സബ് കലക്ടര്‍, തലശ്ശേരി സബ് കലക്ടര്‍, ആറളം ട്രൈബല്‍ ഡെവലപ്‌മെന്റ് മിഷന്‍ സ്‌പെഷ്യല്‍ ഓഫിസര്‍, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.