ബ്രംപ്ടൺ/ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിനെയും വഞ്ചിപ്പാട്ടിന്റെയും താളം ഓളപരപ്പിൽ മുഴക്കിയും തുഴയെറിഞ്ഞ് മുന്നേറുന്ന ആവേശത്തോടും കൂടി ലോക പ്രവാസി സമൂഹത്തിന്‍റെ ആത്മാഭിമാനമായ കാനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ്‌ 24 ന് കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ടൻ പ്രഫസേഴ്സ് ലേക്കിൽ 11 മുതൽ 5 മണി വരെ നടക്കും.ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്മുളയുടെ പ്രൌഢിയും കോര്‍ത്തിണക്കിയ കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ബ്രംപ്ടന്‍ ജലോല്ത്സവം എന്ന പേരില്‍ പ്രവാസികളുടെ അത്മഭിമാനമായി തല ഉയര്‍ത്തി നില്‍ക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി പ്രവാസി ലോകത്ത് നടക്കുന്ന ഏറ്റവും വലിയ വള്ളംകളിയായ കനേഡിയൻ നെഹ്റു ട്രോഫി ജലോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബ്രംപ്ടന്‍ മലയാളി സമാജം പ്രസിഡണ്ട്‌ കുര്യന്‍ പ്രക്കാനം അറിയിച്ചു. ഒരു കാലത്ത് തുഴയെറിഞ്ഞവർ ഇപ്പോൾ പ്രവാസികൾ ആണെങ്കിലും അവർക്ക് വീണ്ടും തുഴയെറിയാൻ അവസരം ലഭിക്കുകയാണ്.

വള്ളപാട്ടുകള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ ഉള്‍കൊള്ളിച്ചു കാണികള്‍ക്ക് ആവേശവും ആനന്ദവും പകരുന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും.

ബ്രംപ്ടന്‍ മേയര്‍ പാട്രിക്ക് ബ്രൌണ്‍ , ബ്രംപ്ടന്‍ എം പി ശ്രീമതി റുബി സഹോത്ര , കാനഡയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ ആയ ടോം വര്‍ഗീസ്‌, ജോബ്സണ്‍ ഈശോ,സമാജം ജനറല്‍ സെക്രട്ടറി ലതാമേനോന്‍ സമാജം ജോയിന്റ്റ് സെക്രട്ടറി ഉമ്മന്‍ ജോസഫ്‌, ഫാസില്‍ മുഹമ്മദ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ ജലോത്സവ കമ്മിറ്റികള്‍ അഹോരാത്രം ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നതായി ഓവർസീസ് മീഡിയ കറസ്പോണ്ടൻറ് ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.