ചിലപ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ചാലും നിങ്ങള്‍ക്ക് മാരക രോഗങ്ങളില്‍ നിന്ന് ജീവിതം തിരിച്ചു പിടിക്കാനായേക്കും. തോമസ് ആലിസണ്‍ എന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ രോഗിയുടെ അനുഭവമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദേശത്ത് ചികിത്സ തേടാന്‍ പോകരുതെന്ന ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച് ഒരു ആവേശത്തിന് എടുത്തു ചാടിയതാണ് ആലിസണ്‍. എന്തായാലും പ്രേഗില്‍ നടത്തിയ ചികിത്സയില്‍ ആലിസണ് രോഗമുക്തിയുണ്ടായി. സൗത്ത് ലങ്കാഷയര്‍ സ്വദേശിയായ ഈ മുന്‍ കര്‍ഷകന്‍ പെന്‍സില്‍ ബീം പ്രോട്ടോണ്‍ തെറാപ്പിക്കാണ് വിധേയനായത്.

64 വയസിലാണ് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. അതിനു ശേഷം ഹോര്‍മോണ്‍ തെറാപ്പിക്ക് വിധേയനായിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നീടാണ് പാര്‍ശ്വഫലങ്ങളുണ്ടെങ്കിലും റേഡിയോ തെറാപ്പിക്ക് വിധേയനാകാന്‍ ആലിസണ്‍ തീരുമാനിച്ചത്. ഇതിന് 30,000 പൗണ്ട് ചെലവായെങ്കിലും രോഗം പൂര്‍ണ്ണമായും മാറിയതിനാല്‍ ഒരു വിഷമവും ഇക്കാര്യത്തില്‍ തനിക്കില്ലെന്ന് ആലിസണ്‍ പറയുന്നു. ഒരിക്കല്‍ മൂത്ര തടസമുണ്ടായതോടെ നടത്തിയ പരിശോധനകളിലാണ് അര്‍ബുദം സ്ഥിരീകരിച്ചത്. ഹോര്‍മോണ്‍ തെറാപ്പി നടത്തിയെങ്കിലും അതിലൂടെ ട്യൂമര്‍ വളരുകയായിരുന്നു.

ഹൈ എനര്‍ജി ഫോട്ടോണുകള്‍ ഉപയോഗിച്ചുള്ള റേഡിയോ തെറാപ്പി ചികിത്സയായുണ്ടെങ്കിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അത് ബാധിക്കുമെന്ന ദോഷവശവുമുണ്ട്. പെന്‍സില്‍ ബീം തെറാപ്പിയില്‍ ട്യൂമറിനെ മാത്രമാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിദേശത്ത് പോകാമെന്ന് അറിയിച്ചപ്പോള്‍ എന്‍എച്ച്എസ് നല്‍കുന്ന സാധാരണ റേഡിയോ തെറാപ്പി മതിയാകുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഇത് അവഗണിച്ച് പ്രേഗില്‍ ചികിത്സ തേടാനെടുത്ത തീരുമാനമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ഇപ്പോള്‍ 67 വയസുള്ള ആലിസണ്‍ വ്യക്തമാക്കുന്നു.