സെയിന്‍സ്ബറീസ്, ആര്‍ഗോസ് എന്നീ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സക്ക് ഫലപ്രദമെന്ന പേരില്‍ വ്യാജ ഉപകരണം. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇബേയിലൂടെയാണ് ഉപകരണം വിതരണം ചെയ്യുന്നത്. സുരക്ഷിതവും വിശ്വസനീയവുമല്ലാത്ത ചികിത്സോപകരണങ്ങള്‍ ഈ വിധത്തില്‍ വിതരണം ചെയ്യുന്നതില്‍ സൈറ്റിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. 54.50 പൗണ്ട് പൗണ്ട് വിലയുള്ള സാപ്പര്‍ എന്ന ഉല്‍പ്പന്നമാണ് ക്യാന്‍സര്‍ രോഗികളെ ലക്ഷ്യമിട്ട് സൂപ്പര്‍മാര്‍ക്കറ്റ് വമ്പന്‍ അവതരിപ്പിച്ചിരിക്കുന്നത്. വൈദ്യുത തരംഗങ്ങള്‍ ഉപയോഗിച്ച് ക്യാന്‍സര്‍ ചികിത്സ സാധ്യമാക്കുന്ന ഈ ഉപകരണം പക്ഷേ വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടില്ല. ഹുല്‍ഡ ക്ലാര്‍ക്ക് എന്ന സ്ത്രീയാണ് ഈ ഉപകരണം വികസിപ്പിച്ചത്. സ്വന്തമായി രോഗചികിത്സക്ക് ഇത് ഉപയോഗിച്ചെങ്കിലും ക്യാന്‍സര്‍ മൂര്‍ച്ഛിച്ചാണ് അവര്‍ മരിച്ചത്.

ഈ ഉപകരണം സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫില്‍ വെക്കാന്‍ കഴിയില്ലെങ്കിലും ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍പനയ്ക്ക് വെക്കുന്നതില്‍ സൂപ്പര്‍മാര്‍ക്കറ്റ് മടി കാണിക്കുന്നില്ല എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍ ചികിത്സക്ക് ഇത് ഏറെ ഫലപ്രദമാണെന്നാണ് വില്‍പനക്കാര്‍ അവകാശപ്പെടുന്നത്. ഡോ.റെക്കെവെജ് ആര്‍ 17 ട്യൂമര്‍ ഡ്രോപ്‌സ് എല്ലാത്തരം ട്യൂമറുകള്‍ക്കും ബ്രെസ്റ്റ്, സ്‌റ്റൊമക്ക് ക്യാന്‍സറുകള്‍ക്കും ഫലപ്രദമാണെന്നാണ് അവകാശവാദം. 22 പൗണ്ടിന് ലഭിക്കുന്ന പാരസൈറ്റ് ക്ലെന്‍സിംഗ് പില്‍ മലാശയ ക്യാന്‍സറിന് ഫലപ്രദമാണെന്നാണ് അവകാശവാദം. സെയിന്‍സ്ബറി ലോക്കലിന്റെ ലണ്ടന്‍ ബ്രാഞ്ചില്‍ നിന്ന് ഇത് ലഭിച്ചു.

ലക്ഷക്കണക്കിനാളുകള്‍ ഷോപ്പിംഗിനായി ആശ്രയിക്കുന്ന ഇബേയിലൂടെ ക്യാന്‍സര്‍ ചികിത്സക്കെന്ന പേരില്‍ മരുന്നുകളും ഉല്‍പ്പന്നങ്ങളും വിറ്റഴിക്കുന്നത് രോഗികളെ അപകടത്തിലാക്കുമെന്ന് ചാരിറ്റികള്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യാജ മരുന്നുകളും ഉല്‍പ്പന്നങ്ങളും ശരിയായ ചികിത്സ നടത്തുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.