2016 നവംബർ ഒന്നിന് മെഡിക്കൽ കോളജിന്റെ പേ വാർഡ് ബ്ലോക്കിൽ ചെറിയ ഒപിയായി തുടങ്ങിയ കൊച്ചിൻ കാൻസർ റിസർച് സെന്റർ (സിസിആർസി) 3 വർഷം കൊണ്ടു നൂറുകണക്കിനു രോഗികളുടെ പ്രതീക്ഷാ കേന്ദ്രമായി വളർന്നു. രോഗം നിർണയിക്കുന്നതിനുള്ള സൗകര്യം, കീമോ തെറപ്പി, ലാബ്, ഓപ്പറേഷൻ തിയറ്റർ, കിടത്തി ചികിത്സാ സൗകര്യങ്ങൾ എന്നിവയിൽ അസൂയാവഹമായ മുന്നേറ്റമാണു സിസിആർസി കൈവരിച്ചത്. ആദ്യ വർഷം 1277 രോഗികൾ സിസിആർസിയിൽ റജിസ്റ്റർ ചെയ്തു. രണ്ടാം വർഷം 1403 പേർ റജിസ്റ്റർ ചെയ്തു. ഈ വർഷം സെപ്റ്റംബർ 30 വരെ 1277 പേർ റജിസ്റ്റർ ചെയ്തു. തുടർചികിത്സയ്ക്കായി മൂന്നു വർഷത്തിൽ 19606 പേർ എത്തി.

രോഗ നിർണയം

കാൻസർ രോഗം കണ്ടുപിടിക്കാനാവശ്യമായ എഫ്എൻഎസി, ബയോപ്സി, എൻഡോസ്കോപി, രക്ത പരിശോധന തുടങ്ങിയ സൗകര്യങ്ങൾ ഇപ്പോൾ സിസിആർസിയിൽ ലഭ്യമാണ്. ഗർഭാശയ കാൻസർ നേരത്തേ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി എംഎൽഎ ഫണ്ട് മുഖേന കോൾപോസ്കോപ്  വാങ്ങി പ്രവർത്തനം തുടങ്ങി.

ലാബ് സൗകര്യങ്ങൾ

അടിസ്ഥാന രക്തപരിശോധനാ സൗകര്യങ്ങൾ കൂടാതെ രക്തത്തിൽ കാൻസർ കോശങ്ങൾ ഉണ്ടോ എന്ന് അറിയുന്നതിനുള്ള ഇമ്യൂണോ അനലൈസർ, ശസ്ത്രക്രിയക്കു ശേഷമുള്ള ഹിസ്റ്റോപതോളജി സൗകര്യങ്ങളും സിസിആർസിയിൽ ഉണ്ട്. ഗ്രോസിങ്, എംബെഡിങ്,മൈക്രോടോം മെഷിനുകളും ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.

കീമോ തെറപ്പി

സിസിആർസിയിൽ കീമോ തെറപ്പി തുടക്കത്തിൽ തന്നെ ആരംഭിച്ചു. 2019 സെപ്റ്റംബർ 30 വരെ 3631കീമോ തെറപ്പി സൈക്കിളുകൾ നൽകി ചികിത്സ നൽകി. 350 രോഗികൾക്കു സൗജന്യ കീമോ തെറപ്പി നൽകി. 952 രോഗികൾക്കു കീമോ ചികിത്സ നൽകി. നിലവിൽ 132 രോഗികൾ ഇവിടെ കീമോതെറപ്പി എടുക്കുന്നുണ്ട്.

ശസ്ത്രക്രിയ

മെഡിക്കൽ കോളജുമായി സഹകരിച്ചു തുടക്കം മുതലേ ശസ്ത്രക്രിയ തുടങ്ങിയിരുന്നു. സെപ്റ്റംബർ 26നു സിസിആർസിയിൽ ഓപ്പറേഷൻ തിയറ്റർ സൗകര്യങ്ങളും കിടത്തി ചികിത്സ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 20 കാൻസർ സർജറികൾ സിസിആർസിയിൽ നടന്നു. നാലാം വർഷത്തിലേക്ക്  അഭിമാനത്തോടെ കാൽവയ്ക്കുന്നതിനുള്ള സിസിആർസിയുടെ ഊർജവും ഇതു തന്നെയാണ്. ഈ വർഷം അവസാനത്തോടെ 20 ബെഡ് ഉള്ള കാൻസർ ചികിത്സാ കേന്ദ്രമായി സിസിആർസി മാറും.

ഇമേജിങ് സൗകര്യങ്ങൾ

സിയാലിന്റെ സിഎസ്ആർ വഴി അൾട്രാ സൗണ്ട് സ്കാനിങ് യന്ത്രവും എംപി ഫണ്ട് ഉപയോഗപ്പെടുത്തി വാങ്ങിയ മാമോഗ്രാമും സിസിആർസിയിൽ സജ്ജമാണ്. 100ലേറെ രോഗികൾ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

സമഗ്ര കാൻസർ നിയന്ത്രണ പരിപാടി

ജില്ലാ പഞ്ചായത്ത്, നാഷനൽ ഹെൽത്ത് മിഷൻ, ജില്ലാ മെഡിക്കൽ ഓഫിസ് എന്നിവരുമായി ചേർന്നു സിസിആർസി നടപ്പിലാക്കുന്ന പദ്ധതിയാണു സമഗ്ര കാൻസർ നിയന്ത്രണ പരിപാടി. കാൻസർ രോഗം തുടക്കത്തിലേ കണ്ടുപിടിക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരെ പ്രാപ്തരാക്കുക, ആശാ വർക്കർമാർക്കും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും പരിശീലനം നൽകുക, താലൂക്ക് ആശുപത്രികളിൽ രോഗ നിർണയ സംവിധാനങ്ങൾ ഒരുക്കുക, സിസിആർസിയുടെ നേതൃത്വത്തിൽ സെൻട്രൽ പതോളജി ലാബ് രൂപീകരിക്കുക, ജനസംഖ്യാടിസ്ഥാനത്തിൽ കാൻസർ റജിസ്ട്രി രൂപീകരിക്കുക എന്നിവയാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. ഇതുവഴി കാൻസർ രോഗം നേരത്തെ കണ്ടെത്തി സാധാരണ ജനങ്ങൾക്ക് ഉപയോഗിക്കാനാകും വിധം ആരോഗ്യ ഇൻഷുറൻസ് ഉപയോഗിച്ചു സൗജന്യ ചികിത്സ ഉറപ്പാക്കാൻ കഴിയും. ജില്ലയിൽ ഈ പദ്ധതി വിജയിച്ചാൽ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണു തീരുമാനിച്ചിട്ടുള്ളത്.

ബോധവൽക്കരണം

കാൻസർ അവബോധം പൊതുജനങ്ങൾക്കിടയിൽ സൃഷ്ടിക്കാൻ സിസിആർസി 2 പുസ്തകം പ്രസിദ്ധീകരിച്ചു. സ്കൂൾ കുട്ടികളിൽ പുകയിലയ്ക്കെതിരെ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനു മെഡിക്കൽ സൂപ്രണ്ട് ഡോ.പി.ജി.ബാലഗോപാലിന്റെ നേതൃത്വത്തിൽ ‘അരുത് ’ എന്ന ഗ്രന്ഥം പുറത്തിറക്കി. ‘ജാഗ്രത’ എന്ന പുസ്തകവും സിസിആർസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളത്തിലെ എല്ലാ കാൻസർ ആശുപത്രികളിലും ഒരുപോലെ കാൻസർ ചികിത്സ ലഭ്യമാക്കുന്നതിനു ‘കേരള കാൻസർ ഗ്രിഡ് ’ രൂപീകരിക്കാനും സിസിആർസി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. സിസിആർസിയിൽ 1000 രോഗികൾക്കു സാന്ത്വനചികിത്സ നൽകിവരുന്നു. രോഗികൾക്കുള്ള കൗൺസലിങ് സൗകര്യവുമുണ്ട്. സ്പീച്ച് ആൻഡ് സ്വാലോവിങ്, ലിംഫെഡിമ എന്നീ പുനരധിവാസ ക്ലിനിക്കുകൾ രോഗികൾക്ക് ഏറെ സഹായകമാണ്. ജില്ലയിൽ കഴിഞ്ഞ വർഷം 50 കാൻസർ നിർണയ ക്യാംപുകൾ സിസിആർസി നടത്തി. 20 പുതിയ കാൻസറുകൾ കണ്ടെത്താൻ ഇതുവഴി കഴിഞ്ഞു.

ഓപ്പറേഷൻ തിയറ്റർ സൗകര്യവും കിടത്തി ചികിത്സയും ഓഗസ്റ്റിൽ തുടങ്ങി. റേ‍‍ഡിയോളജിസ്റ്റിനെ നിയമിച്ചു. അനസ്‌തെറ്റിസ്‌റ്റ് പതോളജിസ്റ്റ് എന്നിവർ ചുമതലയേറ്റു.

കാൻസർ റിസർച് സെന്ററിൽ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനായി സർക്കാർ 14.28 കോടി രൂപ അനുവദിച്ചു.

വിഗ് ഡൊണേഷൻ പ്രോഗ്രാം

സിസിആർസി മിറക്കിൾ ചാരിറ്റബിൾ ഓർഗനൈസേഷനുമായി ചേർന്നു കാൻസർ സെന്ററിലെ രോഗികൾക്കു സൗജന്യമായി വിഗ് വിതരണം ചെയ്യുന്നുണ്ട്. 200 രോഗികൾക്കു വിഗ് വിതരണം ചെയ്തു. 10,000 രൂപ വിലവരുന്ന വിഗ് സിസിആർസിയിൽ കീമോതെറപ്പി എടുക്കുന്ന നിർധനരായ രോഗികൾക്കു സൗജന്യമായി നൽകി.

കാരുണ്യവർഷം ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്നു സഹായി എന്ന പേരിൽ ഹോം കെയർ ചികിത്സാ സംവിധാനവും സിസിആർസി ആരംഭിച്ചിട്ടുണ്ട്. രോഗീപരിചരണം വീടുകളിൽ ലഭ്യമാക്കാൻ ഇതുവഴി കഴിയുന്നു. 250 കാൻസർ രോഗികൾക്ക് ഈ സേവനം ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്.

ബ്രിക് റിസർച് ലാബ്

കേരള സ്റ്റാർട്ടപ് മിഷനുമായി ചേർന്നു സിസിആർസി നടപ്പിലാക്കുന്ന പദ്ധതിയാണു ലോകോത്തര നിലവാരത്തിലുള്ള റിസർച് ലാബ് ടെക്നോളജി ഇന്നവേഷൻ സോൺ..

കൊച്ചിൻ കാൻസർ റിസർച് സെന്ററിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി  സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ ടെക്നോളജി ഇൻക്യുബേഷൻ സെന്റർ സ്ഥാപിക്കും. ചികിത്സാ രംഗത്തെ ചെലവു കാര്യമായി കുറയ്ക്കാൻ ഇൻക്യുബേഷൻ സെന്റർ സഹായിക്കും. കൂടാതെ 8,9,10 തീയതികളിൽ ഡോക്ടർമാർക്കും സാങ്കേതിക വിദഗ്ധർക്കുമായി ‘കാൻസർ പരിചരണത്തിലെ വൈജാത്യങ്ങൾ ഇല്ലായ്മ ചെയ്യൽ’ എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിക്കും. കളമശേരി സ്റ്റാർട്ടപ് മിഷനിൽ തുടങ്ങാൻ ലക്ഷ്യമിട്ട ബയോമെഡിക്കൽ റിസർച് ഇന്നവേഷൻ ആൻഡ് കൊമേഴ്സ്യലൈസേഷൻ ഇൻ കാൻസർ (ബ്രിക്) സംരംഭത്തിന്റെ മുന്നോടിയായിട്ടാണു സിംപോസിയം സംഘടിപ്പിക്കുന്നത്.

റോട്ടറി കാൻക്യൂർ മിനിമാരത്തൺ 10ന്

ജനങ്ങളിൽ കാൻസറിനെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനു റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ പെരിയാറും കൊച്ചിൻ കാൻസർ റിസർച് സെന്ററും കേരള സ്റ്റാർട്ടപ് മിഷനും സംയുക്തമായി 10നു കാൻക്യൂർ മിനി മാരത്തൺ നടത്തും. റോട്ടറി കാൻക്യൂർ 10 കിലോമീറ്റർ മിനി മാരത്തൺ 10നു രാവിലെ 5ന് എറണാകുളം ഗവ.മെഡിക്കൽ കോളജിൽ തുടങ്ങി എച്ച്എംടി റോഡ് വഴി സീപോർട്ട്–എയർപോർട്ട് റോഡിലൂടെ ഭാരതമാത കോളജുവരെയും തിരികെ മെഡിക്കൽ കോളജുവരെയുമാണ്. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കുവാൻ സാധിക്കുന്ന 3 കിലോമീറ്റർ ഫൺ റണ്ണും ഉണ്ടായിരിക്കും. മാരത്തണിന്റെ റജിസ്ട്രേഷൻ നവംബർ 3 വരെയാണ്. കാൻസർ റിസർച് സെന്ററിൽ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ പെരിയാർ 6 ബെഡുകളോടെ സജ്ജീകരിച്ച വാർഡിന്റെ ഉദ്ഘാടനം 9നു നടത്തും. 25 ലക്ഷം രൂപ ചെലവഴിച്ചാണു റോട്ടറി ക്ലബ് വാർഡ് തയാറാക്കിയിട്ടുള്ളത്.

സിസിആർസിക്ക് സ്ഥിരം കെട്ടിടം

സർക്കാർ മെഡിക്കൽ കോളജ് ക്യാംപസിൽ അനുവദിച്ച 12 ഏക്കർ സ്ഥലത്തു സിസിആർസിക്കു വേണ്ടി 8 നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ 25 ശതമാനം ജോലികൾ പൂർത്തിയായി. 2020 ജൂലൈയിൽ നിർമാണം പൂർത്തിയാക്കണമെന്നാണു സർക്കാർ നൽകിയിട്ടുള്ള നിർദേശം. തുടക്കത്തിൽ മന്ദഗതിയിലായിരുന്ന നിർമാണം ഇപ്പോൾ വേഗം കൈവരിച്ചിട്ടുണ്ട്. 252 കിടക്കകൾ, 80 ഐസിയു, 10 ഓപ്പറേഷൻ തിയറ്റർ എന്നിവയ്ക്കുള്ള കെട്ടിടമാണ് ഉയരുന്നത്.