ലണ്ടന്‍: രോഗികളില്‍ തന്നെയുളള കൊലയാളി കോശങ്ങള്‍ ഉപയോഗിച്ച് അര്‍ബുദകോശങ്ങളെ നശിപ്പിക്കാനുളള സാങ്കേതികതയുടെ പരീക്ഷണം ഒരു കൊല്ലത്തിനകം ആരംഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഗുരുതര ഘട്ടത്തിലുളള അര്‍ബുദ രോഗികളെയാകും പരീക്ഷണത്തിന് വിധേയമാക്കുക. അമേരിക്കയിലും ബ്രിട്ടനടക്കമുളള യൂറോപ്യന്‍ രാജ്യങ്ങളിലുമാകും ആദ്യഘട്ട പരീക്ഷണങ്ങള്‍. ഇക്കൊല്ലം അവസാനമോ അടുത്ത കൊല്ലം ആദ്യമോ പരീക്ഷണത്തിന് തുടക്കമാകും. നിലവിലുളള ചികിത്സാ രീതകള്‍ പരാജയപ്പെട്ട രോഗികളിലാണ് ടി സെല്‍ തെറാപ്പി പരീക്ഷിക്കുക.

ശരീരത്തിന്റെ തന്നെ പ്രതിരോധ സംവിധാനങ്ങളാണ് ഈ ചികിത്സയില്‍ ഉപയോഗിക്കുന്നത്. ഇമ്യൂണോ ഓങ്കോളജി എന്ന വിഭാഗത്തില്‍ പെടുന്ന നിരവധി ചികിത്സാരീതികളില്‍ ഒന്നാണിത്. അരനൂറ്റാണ്ട് മുമ്പ് അര്‍ബുദ ചികിത്സയ്ക്കായി കീമോ തെറാപ്പി വികസിപ്പിച്ചെടുത്തതിന് സമാനമാകും പുതിയ പരീക്ഷണമെന്നാണ് വിദഗ്ദ്ധര്‍ കരുതുന്നത്. ശരീരത്തിലെ ശ്വേത രക്താണുക്കള്‍ക്ക് പ്രതിരോധ സംവിധാനത്തില്‍ വലിയ പങ്കാണുളളത്. വൈറസ്, ബാക്ടീരിയ തുടങ്ങിയവ ശരീരത്തില്‍ പ്രവേശിച്ചാല്‍ പ്രതിരോധമുയര്‍ത്തുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നത് ശ്വേത രക്താണുക്കളാണ്. ഇതേ വിധത്തില്‍ രോഗികളിലെ ടി സെല്ലുകള്‍ക്ക് അര്‍ബുദ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പക്ഷം.

രക്താര്‍ബുദം പോലുളളവയില്‍ ടി സെല്ലുകളുടെ പരീക്ഷണം നടക്കുന്നുണ്ട്. ഇത് അമ്പരപ്പിക്കുന്ന ഫലം നല്‍കുന്നുവെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ലണ്ടനിലെ ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ആശുപത്രിയില്‍ ഒരുവയസുകാരിയുടെ രക്താര്‍ബുദം ചികിത്സിച്ച് ഭേദമാക്കാന്‍ ഈ പരീക്ഷണത്തിലൂടെ കഴിഞ്ഞത് വലിയ വാര്‍ത്ത ആയിരുന്നു. ട്യൂമര്‍ ചികിത്സയില്‍ കൂടി ഈ മാര്‍ഗം പരീക്ഷിക്കാനാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ മുഴകള്‍ക്കുളളിലുളള എല്ലാ അര്‍ബുദ കോശങ്ങളെയും കണ്ടെത്താന്‍ ഇതിലൂടെ കഴിയുമോ എന്ന ആശങ്കയുമുണ്ട്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് സൂചന.