ക്ലിയർലേക്ക് (യുഎസ്) ∙ കലിഫോർണിയയിൽ ഉണ്ടായ കാറപകടത്തിൽ ഷില്ലോങ് ആർച്ച്ബിഷപ് ഡൊമിനിക് ജാല (68), കോൺകോർഡ് സെന്റ് ബൊണവെഞ്ചർ പള്ളി വികാരി മൂവാറ്റുപുഴ രണ്ടാർ സ്വദേശി ഫാ. മാത്യു വെള്ളാങ്കൽ എന്നിവർ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഫാ. ജോസഫ് പാറക്കാട്ട് പരുക്കുകളോടെ ആശുപത്രിയിലാണ്.

കൊലൂസ് കൗണ്ടിയിൽ രാത്രി 11ന് (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30) ഇവർ സഞ്ചരിച്ചിരുന്ന കാർ സെമി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുവരും മുന്നിലാണിരുന്നതെന്ന് പൊലീസ് അറിയിച്ചു. ആരാണ് കാർ ഓടിച്ചിരുന്നതെന്ന് അറിവായിട്ടില്ല.

മേഘാലയ സ്വദേശിയാണ് ജാല. 2000 ഏപ്രിൽ നാലിനാണ് ഷില്ലോങ് ആർച്ച്ബിഷപ്പായി സ്ഥാനമേറ്റത്. നോർത്ത് ഈസ്റ്റ് ഇന്ത്യ റീജനൽ ബിഷപ്സ് കൗൺസിൽ പ്രസിഡന്റുമായിരുന്നു. ഇംഗ്ലിഷ് ആരാധനാക്രമം സംബന്ധിച്ച ചർച്ചാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് യുഎസിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

65 രാജ്യങ്ങളിൽ വ്യാപിച്ചു കിടന്നിരുന്ന മിജാർക്ക് പ്രസ്ഥാനത്തിന്റെ ഇന്റർനാഷനൽ ചാപ്ലിനാണ് ഫാ മാത്യു വെള്ളാങ്കൽ. രണ്ടാർ കുര്യാക്കോസ് ഏലിക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ഫാ. വെള്ളാങ്കൽ സലേഷ്യൻ സഭയുടെ നോർത്ത് ഈസ്റ്റ് പ്രോവിൻസിൽ ചേർന്നു. 1986 ജനുവരി 5ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് ഷില്ലോങ്ങിൽ മിഷൻ മേഖലയിൽ ഇടവക വികാരിയായും സ്കൂൾ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. പിന്നീട് നോർത്ത് ഈസ്റ്റ് പ്രോവിൻസിന്റെ യുവജന ഡയറക്ടറായി. കലിഫോർണിയയിലെ ഓക്‌ലൻഡ് രൂപതയിൽ ചേർന്ന ശേഷം 14 വർഷമായി അവിടെ വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഫാ. വെള്ളാങ്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സഭാ അധികൃതരും ബന്ധുക്കളും.