സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ A516 ക്ലയിറ്റൺ റോഡിൽ നടന്ന കാർ അപകടത്തിൽനിന്ന് മലയാളി അത്ഭുതകരമായി രക്ഷപെട്ടു. മാഞ്ചസ്റ്റർ പാസ്പോർട്ട് ഓഫീസിലേക്ക് രാവിലെ പോകും വഴിയാണ് നിർഭാഗ്യകരമായ ഈ അപകടം സംഭവിക്കുന്നത്.  അപകടത്തെത്തുടർന്ന് ക്ലയിറ്റൺ റോഡ് ഭാഗീകമായി ഇന്ന് രാവിലെ ഏറെ നേരത്തേക്ക് അടച്ചിരുന്നു. രാവിലെ 9:30 ത്തോടെ ഹോട്ടൽ ഹോളിഡേ ഇൻനിന് സമീപത്തായിട്ടാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ല. നെഞ്ചുവേദന അനുഭവപ്പെട്ട മലയാളിയായ റെജിനോൾഡിനെ സ്ഥലത്തെത്തിയ എമർജൻസി വിഭാഗം പ്രാഥമിക ചികിത്സ നൽകി പറഞ്ഞയക്കുകയായിരുന്നു. അതിനു മുന്പായിത്തന്നെ ആ വഴി കടന്നു വന്ന മലയാളി സുഹൃത്തുക്കൾ വേണ്ട എല്ലാ സഹായവും ചെയ്തിരുന്നു. സ്ഥിരമായി ജോലിക്കുപോകുന്ന വഴിയായിരുന്നു മലയാളിയുടെ യാത്ര.രണ്ടു കാറുകൾ ഉൾപ്പെട്ട അപകടത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന മലയാളിയായ റെജിനോൾഡ് ഓടിച്ചിരുന്ന ടൊയോട്ട ഓറീസ്  കാറിന്റെ മുൻവചം പൂർണ്ണമായി തകർന്നു പോയി. ആദ്യ ഇടിയിൽ തന്നെ എയർബാഗുകൾ പുറത്തുവന്നിരുന്നു. എന്നാൽ നിയന്ത്രണം വിട്ട കാർ എതിർവശത്തുള്ള മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ആ സമയത്തു എതിർ ദിശയിൽ വണ്ടികൾ ഒന്നും ഇല്ലാതിരുന്നത് അപകടത്തിന്റെ ഭീകരത കുറച്ചു എന്നതിൽ ആശ്വസിക്കാം . ഹോട്ടലിലേക്ക്‌ സിഗ്നൽ ഇടാതെ പെട്ടെന്ന് തിരിഞ്ഞ കാറിനെയാണ് മലയാളിയുടെ കാർ ഇടിച്ചത്.

ആഴ്ചയിൽ ഒരപകടമെങ്കിലും സ്ഥിരമായി നടക്കുന്ന ഈ റോഡിലെ സ്‌പീഡ്‌ ലിമിറ്റിൽ മാറ്റങ്ങൾ ഏർപ്പെടുത്തിയിരുന്നു. A500 റൗണ്ട് എബൌട്ട് മുതൽ ക്ലയിറ്റൺ റൗണ്ട് എബൌട്ട് വരെയുള്ള ഒരു മൈൽ ദൂരം രണ്ടുമാസം മുൻപ് വരെ ത്രീ ലെയിൻ ഡ്യൂവൽ കരിയേജ് വേ സ്‌പീഡ്‌ ലിമിറ്റായിരുന്നു. ആക്സിഡന്റ് ഹോട്ട് സ്പോട്ടാണ് എന്ന തിരിച്ചറിവും സമീപവാസികളുടെ പരാതിയും ഉയർന്നപ്പോൾ 40Mph ലേക്ക് സ്പീഡ് കുറച്ചിരുന്നു.  എന്നാൽ ഈ റോഡിൽ നിന്നും ഹോട്ടലിലേക്ക് തിരിയുന്നതിന് പ്രത്യേക റോഡ് സൈൻ ഒന്നും കൊടുത്തിട്ടില്ല എന്നതും കൂടുതൽ ഡ്രൈവേഴ്‌സ് ഇത്തരത്തിൽ ഹോട്ടലിലേക്ക് പ്രവേശിക്കുന്നതും അപകടം വിളിച്ചുവരുത്തുന്നു. നമ്മൾ സ്ഥിരമായി സഞ്ചരിക്കുന്ന റൂട്ടുകളിലും അതീവ ജാഗ്രത പുലർത്തേണ്ടതാണ് എന്ന സത്യം ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു. അതോടൊപ്പം പരിചിത റോഡുകളിൽ ഉണ്ടാകുന്ന നിയന്ത്രണങ്ങൾ സസൂക്ഷ്‌മം വീക്ഷിക്കുക. ആർക്കും അപകടങ്ങൾ സംഭവിക്കാതെയിരിക്കട്ടെയെന്നും ആശിക്കാം..