മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ കുറവ് രേഖപ്പെടുത്തി. വ്യാജ ക്ലെയിമുകളിലൂടെ കമ്പനികള്‍ക്ക് പണം നഷ്ടപ്പെടുന്നതില്‍ കുറവുണ്ടായതോടെയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ശരാശരി 7 ശതമാനം വരെയാണ് പ്രീമിയത്തില്‍ കുറവുണ്ടായത്. ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 59 പൗണ്ട് മാത്രമായിരുന്നുവെന്ന് confused.com റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാജ ക്ലെയിമുകള്‍ ഇല്ലാതാക്കാന്‍ ഗവണ്‍മെന്റ് നടപ്പിലാക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വിജയം കണ്ടതിന്റെ സൂചനയാണ് ഇതെന്നും ഈ ഇന്‍ഷുറന്‍സ് പോര്‍ട്ടല്‍ പറയുന്നു. പുരുഷന്‍മാര്‍ ഇന്‍ഷുറന്‍സ് കവറിനായി 810 പൗണ്ടും സ്ത്രീകള്‍715 പൗണ്ടുമാണ് ഇപ്പോള്‍ നല്‍കി വരുന്നത്.

ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നടത്തുന്നവര്‍ മെഡിക്കല്‍ തെളിവുകള്‍ കൂടി സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ മാസം ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്ക് അവതരിപ്പിച്ച പദ്ധതിയില്‍ വ്യക്തമാക്കുന്നു. വ്യാജ ക്ലെയിമുകളിലൂടെ സാധാരണ വാഹന ഉടമകള്‍ക്ക് പ്രതിവര്‍ഷം 1 ബില്യന്‍ പൗണ്ടിന്റെ നഷ്ടമായിരുന്നു ഉണ്ടായിരുന്നത്. വ്യാജ ക്ലെയിമുകള്‍ വളരെ വേഗത്തില്‍ അനുവദിക്കപ്പെടുന്ന സംസ്‌കാരത്തിന് അറുതി വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു ഗോക്ക് ഇതേക്കുറിച്ച് വിശദീകരിച്ചത്. ഒട്ടേറെ വ്യാജ ഇന്‍ഷുറന്‍സ് ക്ലെയിമുകളായിരുന്നു എത്തിക്കൊണ്ടിരുന്നത്. വല്ലാത്തൊരു നഷ്ടപരിഹാര സംസ്‌കാരമായിരുന്നു ഇതിലൂടെ തുടര്‍ന്നു വന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതരമായ പരിക്കുകള്‍ക്ക് പേഴ്‌സണല്‍ ഇന്‍ജുറി നഷ്ടപരിഹാരം കണക്കാക്കുന്ന രീതിയില്‍ വ്യത്യാസം വരുത്തണമെന്ന് കഴിഞ്ഞ മാസം മന്ത്രിസഭ നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത ഏപ്രിലില്‍ മാത്രമേ ഈ രീതി നടപ്പാകുകയുള്ളു. എങ്കിലും ഈ നിര്‍ദേശത്തിന്റെ പ്രതിഫലനം പ്രീമിയങ്ങളുടെ നിരക്കുകളില്‍ കണ്ടു തുടങ്ങിയിട്ടുണ്ടെന്നും കമ്പനികള്‍ പറയുന്നു.