ലണ്ടന്‍: വെയില്‍സ് രാജകുമാരി ഡയാനയുടെ മരണത്തിന് കാരണമായ ബെന്‍സ് എസ് 280 കാര്‍ മുമ്പ് ഒരു അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നതാണെന്ന് വെളിപ്പെടുത്തല്‍. ഡയാന രാജകുമാരിയുടെ മരണത്തിന്റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംപ്രേഷണം ചെയ്ത ടിവി ഡോക്യുമെന്ററിയും ഒപ്പമിറങ്ങിയ ഒരു പുസ്തകവുമാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. പാരീസില്‍ സെലിബ്രിറ്റികളുടെ യാത്രയ്ക്ക് മാത്രം ഉപയോഗിച്ചിരുന്ന ഈ കാര്‍ അതിന്റെ മുന്‍ ഉടമയുടെ കൈവശമിരുന്നപ്പോളാണ് അപകടത്തില്‍പ്പെട്ടത്. അതില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ ഇന്‍ഷുറന്‍സ് കമ്പനി എഴുതിത്തള്ളുകയും സ്്ക്രാപ്പ് ചെയ്യാന്‍ അയച്ചതുമാണെന്ന് ഡോക്യുമെന്ററി പറയുന്നു.

ഡയാനയുടെ മരണത്തിനു കാരണമായ അപകടം നടക്കുന്നതിന് രണ്ട് വര്‍ഷം മുമ്പാണ് ഈ അപകടമുണ്ടായത്. റിമാന്‍ഡില്‍ നിന്ന് പുറത്തുവന്ന ഒരു തടവുകാരന്‍ ഈ കാര്‍ മോഷ്ടിക്കുകയും അപകടത്തില്‍ പെടുകയുമായിരുന്നു. ആ അപകടത്തില്‍ കാര്‍ നിരവധി തവണ കരണം മറിഞ്ഞിരുന്നു. സ്‌ക്രാപ്പ് ചെയ്യാന്‍ അയച്ച ഈ കാര്‍ പിന്നീട് പുനര്‍നിര്‍മിച്ച് ഇറക്കുകയായിരുന്നു. പാസ്‌കല്‍ റോസ്‌റ്റെയിന്‍ എന്ന കുപ്രസിദ്ധനായ പാപ്പരാസിയും ഇതേ വാദമാണ് ഉന്നയിക്കുന്നത്. ദി ഡെത്ത് ഓഫ് ഡയാന; ദി ഇന്‍ക്രെഡിബിള്‍ റെവലേഷന്‍ എന്ന് ഡോക്യുമെന്ററിയും ഹൂ കില്‍ഡ് ലേഡി ഡി എന്ന പുസ്തകവുമാ്ണ് പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയത്.

പാരീസിലെ റിറ്റ്‌സ് ഹോട്ടലില്‍ നിന്ന് കാമുകന്‍ ദോദി അല്‍ ഫയദിനൊപ്പം പുറത്തിറങ്ങിയ ഡയാനയുടെ കാര്‍ പാപ്പരാസികളില്‍ നിന്ന് രക്ഷ നേടാന്‍ അമിത വേഗത്തില്‍ പായുകയും അല്‍മ പാലത്തിനു താഴെയുള്ള ടണലില്‍ ഒരു തൂണില്‍ ഇടിക്കുകയുമായിരുന്ന. 1997ല്‍ നടന്ന സംഭവത്തില്‍ അല്‍ ഫയദ്, ഡ്രൈവര്‍ ഹെന്റി പോള്‍ എന്നിവര്‍ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഡയാന പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. അവരുടെ ബോഡിഗാര്‍ഡ് ട്രെവര്‍ റീസ് ജോണ്‍സ് പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

ഫ്രഞ്ച്, ബ്രിട്ടീഷ് അധികൃതര്‍ നടത്തിയ അന്വേഷണങ്ങളില്‍ ഡ്രൈവര്‍ ഹെന്റി പോള്‍ ആണ് അപകടത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയിരുന്നു. അയാള്‍ മദ്യപിച്ചിരുന്നുവെന്നും ആന്റി ഡിപ്രസന്റുകള്‍ കഴിച്ചിരുന്നുവെന്നുമാണ് കണ്ടെത്തിയത്.