തിരക്കേറിയ എം40 മോട്ടോല്‍ വേയിലൂടെ റോങ് സൈഡില്‍ വാഹനമോടിച്ച കാരവാനുള്‍പ്പെട്ട കാറുണ്ടാക്കിയ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ലോക്‌നോറിനും മില്‍ട്ടണ്‍ കോമണും ഇടയിലെ എം40 മോട്ടോര്‍ വേയിലാണ് അപകടമുണ്ടായത്. സംഭവത്തിന് ഏതാണ്ട് 5 മിനിറ്റുകള്‍ക്ക് മുന്‍പ് 999ലേക്ക് അപകടകരമായ വിധത്തില്‍ ഒരു കാര്‍ കാരവാനുമായി റോങ് സൈഡിലൂടെ പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കാറിനെ പിടികൂടാന്‍ പോലീസ് സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പോലീസെത്തുന്നതിന് മുന്‍പ് തന്നെ കാര്‍ രണ്ട് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. എതിര്‍ ദിശയിലൂടെ വരികയായിരുന്നു ഫോര്‍ഡ് മോന്‍ഡിയോ, ഫോര്‍ഡ് ഫോക്കസ് കാറുകളെയാണ് ഇടിച്ചത്.

കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ വൃദ്ധരും ഒരാള്‍ 30നോട് അടുത്ത് പ്രായം തോന്നിക്കുന്നയാളുമാണ്. ഏതാണ്ട് 5 മൈലുകളോളം കാരവാനുമായി തെറ്റായ ദിശയില്‍ കാര്‍ സഞ്ചരിച്ചതായാണ് പോലീസിന്റെ നിഗമനം. ഇയാള്‍ എവിടെനിന്നാണ് റോങ് സൈഡിലേക്ക് കടന്നതെന്ന് വ്യക്തമായിട്ടില്ല. അപകടത്തിന് തൊട്ടുമുന്‍പ് മറ്റു വാഹനങ്ങളെ ഇടിക്കുന്നതില്‍ നിന്നും കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഏതാണ്ട് ഒന്നര മണിക്കൂറോളം ഗതാഗതം സതംഭിച്ചു. അപകടം സംഭവിച്ച് ഏതാണ്ട് 20 മണിക്കൂറുകള്‍ക്ക് ശേഷമാണ് 3 പേര്‍ മരണപ്പെട്ട വിവരം തെംസ് വാലി പോലീസ് പുറത്തുവിടുന്നത്. കാരവനുള്‍പ്പെട്ട കാറോടിച്ച വ്യക്തിയെക്കുറിച്ച് യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.

അപകടത്തിന് തൊട്ട് മുന്‍പ് കാരവാനും കാറും മറികടന്ന വാഹനത്തിന്റെ ഡാഷ് ക്യാമറ വീഡിയോയില്‍ തെറ്റായ ദിശയില്‍ വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വെസ്റ്റ് ഓക്‌സ്‌ഫോര്‍ഡ് ഷെയര്‍ കൗണ്‍സിലറായ കോളിന്‍ ഡിങ്‌വെല്ലും ഈ അപകടത്തില്‍പ്പെടുമായിരുന്നു. ഡ്രൈവ് വേയില്‍ നിന്നും പുറത്തേക്ക് വാഹനമോടിച്ചാണ് കാരവാനില്‍ ഇടിക്കാതെ ഡിങ്‌വെല്‍ രക്ഷപ്പെട്ടത്. തന്റെ 50 വര്‍ഷത്തെ ജീവിതത്തിനിടയില്‍ തെറ്റായ ദിശയില്‍ ഓടുന്ന കാരവന്‍ ആദ്യമായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വാഹനത്തിന് വിദേശ നമ്പര്‍ പ്ലേറ്റായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അപകടമുണ്ടാക്കിയ കാറിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.