ലണ്ടന്‍: ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നു. യുകെയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് വിക്ടോറിയന്‍ കാലത്തേതിനു തുല്യമായെന്ന് വിലയിരുത്തല്‍. മറ്റ് വികസിത രാജ്യങ്ങളേക്കാള്‍ വേഗത്തില്‍ യുകെയ്ക്ക് ഈ നേട്ടം കരസ്ഥമാക്കാന്‍ കഴിഞ്ഞു. 2017ല്‍ 2.6 ശതമാനമായാണ് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് കുറഞ്ഞത്. വൈദ്യുതോല്‍പാദന മേഖലയായിരുന്നു കാര്‍ബണ്‍ പുറന്തള്ളലില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത്. കല്‍ക്കരിയുടെ ഉപയോഗം അഞ്ചിലൊന്നായി കുറയ്ക്കാനായതും വൈദ്യുതോല്‍പാദന മേഖല സോളാര്‍ പവറിനെയും കാറ്റില്‍ നിന്നുള്ള വൈദ്യുതിയെയും കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് ഇത്.

1990കളിലുണ്ടായിരുന്നതിനേക്കാള്‍ 38 ശതമാനം കുറവാണ് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളലില്‍ ഇപ്പോളുള്ളതെന്നാണ് വിവരം. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഈ വിധത്തില്‍ കുറഞ്ഞ നിരക്കിലാണ് കാര്‍ബണ്‍ എമിഷന്റെ കണക്കുകള്‍ വരുന്നതെന്ന് കാര്‍ബണ്‍ ബ്രീഫ് റിപ്പോര്‍ട്ട് പറയുന്നു. യുകെ ഗവണ്‍മെന്റ് കണക്കുകള്‍ അനുസരിച്ചാണ് കാലാവസ്ഥാ ഗവേഷണ, വാര്‍ത്താ സംഘടന ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കല്‍ക്കരി ഉപയോഗം വളരെ വേഗത്തില്‍ കുറയുകയും മറ്റ് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തില്‍ കുറവ് രേഖപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ നേട്ടത്തിന് കാരണമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ സീക്ക് ഹോസ്ഫാദര്‍ പറയുന്നു.

1990കള്‍ക്ക് ശേഷം കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനത്തിന്റെ തോത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് മറ്റ് വികസിത രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട വിധത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതോല്‍പാദനം 2012ല്‍ 40 ശതമാനമായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് വെറും 7 ശതമാനമായി കുറഞ്ഞിരുന്നു. 18, 19 നൂറ്റാണ്ടുകളിലെ വ്യവസായ വിപ്ലവത്തിന് ഊര്‍ജ്ജം പകര്‍ന്നത് കല്‍ക്കരിയാണെങ്കില്‍ 2025ഓടെ കല്‍ക്കരി പദ്ധതികളില്‍ നിന്ന് പൂര്‍ണ്ണമായും മുക്തി നേടാനാണ് രാജ്യം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.