ലണ്ടന്‍: അവധിയാഘോഷത്തിനായി വിദേശരാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് തിരിച്ചടിയായി കാര്‍ഡ് കമ്പനികളുടെ അപ്രഖ്യപിത നിയന്ത്രണങ്ങള്‍. പണമെടുക്കാനുള്ള പലരുടെയും ശ്രമം വിദേശങ്ങളില്‍ പരാജയപ്പെടുകയാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. യാത്രക്കിടയില്‍ കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിച്ച 26 ശതമാനം പേരുടെ കാര്‍ഡുകള്‍ അതാത് കമ്പനികള്‍ ബ്ലോക്ക് ചെയ്തുവെന്ന് സര്‍വേയില്‍ വ്യക്തമായി. വിദേശ പര്യടനത്തിനായി പോകുന്നുവെന്ന് ബാങ്കിനെ അറിയിച്ച 61 ശതമാനം പേര്‍ക്കും ഇതായിരുന്നു അനുഭവമെന്ന് യുസ്വിച്ച്.കോം ന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ ബ്ലോക്ക് ചെയ്യപ്പെട്ട കാര്‍ഡുകള്‍ പഴയ പടിയാക്കാന്‍ ഏറെ സമയവും പണവും ആവശ്യമാണ്. മിക്കപ്പോഴും യാത്രകള്‍ക്കിടയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ബാങ്കുകളിലേക്ക് ഫോണ്‍ ചെയ്തും മറ്റും മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വരുന്നു. വിദേശങ്ങളില്‍ വെച്ച് കാര്‍ഡുകള്‍ ബ്ലോക്കായ 27 ശതമാനം പേര്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി. 22 ശതമാനം ആളുകള്‍ ബന്ധുക്കൡ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയാണ് യാത്ര പൂര്‍ത്തിയാക്കിയത്.

കാര്‍ഡ് പഴയ പടിയാകാനായി 24 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് 15 ശതമാനം ആളുകള്‍ അറിയിച്ചു. വിദേശ പര്യടനത്തേക്കുറിച്ച് മുന്‍കൂട്ടി അറിയിച്ച ആളുകള്‍ക്ക് ഈ വിധത്തില്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ അധികമായി ചെലവാകുന്ന തുക തിരിച്ചു നല്‍കാനുള്ള നടപടി ബാങ്കുകള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും വെബസൈറ്റ് നല്‍കുന്നുണ്ട്.