ഹോംകെയര്‍ ആരോഗ്യ പരിപാലനം ആവശ്യമുള്ള 13,000ത്തോളം വൃദ്ധജനങ്ങള്‍ക്കും അസുഖ ബാധിതര്‍ക്കും ലഭിച്ചു വരുന്ന സേവനങ്ങള്‍ താറുമാറായേക്കുമെന്ന് റിപ്പോര്‍ട്ട്. യുകെയിലെ പ്രമുഖ ഹോം കെയര്‍ സര്‍വീസ് സ്ഥാപനമായ അലൈയ്ഡ് ഹെല്‍ത്ത് കെയറിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നു. എതാണ്ട് 12,000 ജീവനക്കാരുള്ള രാജ്യത്തെ ഏറ്റവും വലിയ ഹോം കെയര്‍ സ്ഥാപനമാണ് അലൈയ്ഡ് ഹെല്‍ത്ത് കെയര്‍. സമീപകാലത്ത് സ്ഥാപനം കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലൂടെയാണ് അധികൃതര്‍ വ്യക്തമാക്കുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥാപനം അടച്ചു പൂട്ടേണ്ടി വരും. ഇത് രാജ്യത്തിന്റെ ആരോഗ്യ മേഖലയെ ഗുരുതരമായി ബാധിക്കും.

അലൈയ്ഡ് ഹെല്‍ത്ത് കെയര്‍ നിലവില്‍ പ്രത്യേക പരിചരണം ആവശ്യമുള്ളവരും വൃദ്ധജനങ്ങളുമായ 13,000ത്തോളം പേരുടെ ആരോഗ്യ സംരക്ഷണമാണ് ഏറ്റെടുത്ത് നടത്തുന്നത്. 150 ലോക്കല്‍ അതോറിറ്റികളുമായി കോണ്‍ട്രാക്ട് നിലവിലുള്ള അലൈയ്ഡ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ക്രഡിറ്റേഴ്‌സിന്റെ സഹകരണം ലഭിച്ചില്ലെങ്കില്‍ സ്ഥാപനത്തിന്റെ നിലനില്‍പ്പ് അപകടത്തിലാകും. ജര്‍മ്മന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം 19 മില്യണ്‍ പൗണ്ടിന്റെ കരാറിലാണ് 2015 ഡിസംബറില്‍ അലൈയ്ഡിന്റെ ഉടമസ്ഥാവകാശം നേടിയെടുക്കുന്നത്. ലോക്കല്‍ അതോറിറ്റികള്‍ ഫണ്ടില്‍ കുറവ് വരുത്തിയതോടെ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

എന്‍എച്ച്എസ് 111 ടെലിഫോണിക് സര്‍വീസ്, ജിപിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സെന്ററുകള്‍, എന്‍ഡ് ഓഫ് ലൈഫ് കെയര്‍ എന്നിവര്‍ക്ക് വേണ്ട അടിയന്തര സഹായങ്ങള്‍ അലൈയ്ഡ് ഹെല്‍ത്ത് കെയര്‍ നല്‍കാറുണ്ട്. കൂടാതെ തടവറകളിലും ഇമിഗ്രേഷന്‍ സെന്ററുകളിലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ഇവര്‍ സേവനം ലഭ്യമാക്കുന്നു. ഇത്തരത്തില്‍ രാജ്യത്തിന്റെ ആരോഗ്യ മേഖലയില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന ഒരു സ്ഥാപനം അടച്ചു പൂട്ടിയാല്‍ ഗുരുതര പ്രത്യാഖ്യാതങ്ങള്‍ സൃഷ്ടിക്കും. കെയര്‍ ക്വാളിറ്റി കമ്മീഷനും സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് അലൈയ്ഡിന്റെ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ വക്താവ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സ്ഥാപനത്തെ മോചിതമാക്കി കുടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ തുടരുന്നതിനായി സ്ഥാപനത്തെ പ്രാപ്തമാക്കാന്‍ ശ്രമിക്കുമെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ വക്താവ് വ്യക്തമാക്കി.