കെയര്‍ ഹോമുകളില്‍ പെന്‍ഷനര്‍മാര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ഇംഗ്ലണ്ടിലെ പല കെയര്‍ ഹോമുകളിലും ഇതാണ് അവസ്ഥയെന്നാണ് ആക്ഷേപം ഉയരുന്നത്. പണം നല്‍കാന്‍ കഴിവുള്ളവര്‍ക്കു പോലും വളരെ ദയനീയമായ പരിചരണമാണ് ലഭിക്കുന്നത്. 7585 ഇംഗ്ലീഷ് പോസ്റ്റ്‌കോഡുകളില്‍ 75 ശതമാനം പ്രദേശങ്ങളിലും കെയര്‍ ഹോം ബെഡുകള്‍ കിട്ടാനില്ല. മൂന്നില്‍ രണ്ടിടങ്ങളില്‍ നഴ്‌സിംഗ് കെയര്‍ സൗകര്യം ലഭ്യമല്ലെന്നും വിശകലനം വ്യക്തമാക്കുന്നു. 2244 പേര്‍ക്ക് കെയര്‍ ഹോം ബെഡുകള്‍ ലഭ്യമല്ലെന്നാണ് കണക്ക്. അതേസമയം 30 ശതമാനം ആളുകള്‍ക്ക് പ്രാദേശികമായി ഈ കെയര്‍ സൗകര്യം കിട്ടാക്കനിയാണെന്നും പഠനത്തില്‍ വ്യക്തമായി.

65 വയസിനു മേല്‍ പ്രായമുള്ള 1.4 മില്യന്‍ ആളുകള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നതേയില്ല. എയിജ് യുകെയ്ക്കു വേണ്ടി ഇന്‍സിസീവ് ഹെല്‍ത്ത് എന്ന ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍സിയാണ് പഠനം നടത്തിയത്. സോഷ്യല്‍ കെയര്‍ വര്‍ക്ക് ഫോഴ്‌സിന്റെ ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കിലും വര്‍ഷങ്ങളായി രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതെ വന്നതും ലോക്കല്‍ അതോറിറ്റികള്‍ ബജറ്റ് വെട്ടിച്ചുരുക്കിയതും ശരിയായ സേവനം ലഭ്യമാക്കാനുള്ള ഈ സംവിധാനത്തിന്റെ ശേഷി ഇല്ലാതാക്കിയതായി കണ്‍സള്‍ട്ടന്‍സി പ്രതിനിധി കീരാന്‍ ലൂസിയ പറഞ്ഞു. ഹള്‍, ഈസ്റ്റ് യോര്‍ക്ക്ഷയര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നഴ്‌സിംഗ് ഹോ ബെഡ് ലഭിക്കുകയെന്നത് അസാധ്യമായി മാറിയിരിക്കുകയാണ്.

മൂന്നു വര്‍ഷത്തിനിടെ ഈ സൗകര്യത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഡെവണ്‍, ടോട്ട്‌നസ് തുടങ്ങിയ പ്രദേശങ്ങളിലും ഇതേ സാഹചര്യമാണ് നിലവിലുള്ളത്. പെന്‍ഷനര്‍മാര്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ പോലും അതാതു സ്ഥലങ്ങളില്‍ കെയര്‍ കിട്ടുന്നത് വിദൂര സാധ്യത മാത്രമായി മാറിയിരിക്കുന്നു. ഇതു മൂലം തങ്ങളുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സാമീപ്യമില്ലാത്ത ദൂരെയുള്ള കെയര്‍ഹോമുകളില്‍ കഴിയേണ്ട അവസ്ഥയാണ് പ്രായമുള്ളവര്‍ക്കെന്നും പഠനം വ്യക്തമാക്കുന്നു.