ആഴ്ചയിലെ ദിവസങ്ങള്‍ക്കനുസരിച്ച് മോട്ടോര്‍വേകളില്‍ കാറുകളുടെ സ്പീഡ് ലിമിറ്റ് ക്രമീകരിക്കുമെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട്. റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ കുറയുന്നതനുസരിച്ച് 50മൈല്‍ പരിധിയില്‍ നിന്ന് 60 മൈല്‍ വരെയായി സ്പീഡ് ലിമിറ്റ് ഉയര്‍ത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതനുസരിച്ച് ഞായറാഴ്ചകളിലായിരിക്കും പരമാവധി സ്പീഡ് ലിമിറ്റ് ലഭിക്കുക. റോഡ് പണികള്‍ മൂലം ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് അറിയിച്ചു. റോഡ് വര്‍ക്കുകള്‍ നടക്കുന്നയിടങ്ങളില്‍ വേഗപരിധികളില്‍ മാറ്റം വരുത്തും.

റോഡ് പണികള്‍ നടക്കുന്ന പ്രദേശങ്ങളില്‍ വേഗം കുറയ്ക്കാനും പണികള്‍ നടക്കാത്തയിടങ്ങളില്‍ പരമാവധി വേഗപരിധി അനുവദിക്കാനുമാണ് നീക്കം. റോഡ് പണികള്‍ നടക്കുന്ന അവസരങ്ങളില്‍ നാരോ ലെയിനുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ 50 മൈല്‍ വേഗതയാണ് സാധാരണയായി അനുവദിക്കാറുള്ളത്. ഇപ്രകാരം വേഗ പരിധികളില്‍ മാറ്റം വരുത്തുന്നത് പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കോ ഡ്രൈവര്‍മാര്‍ക്കോ എന്തെങ്കിലും ദോഷം വരുത്തുമോ എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

റോഡ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് അറിയാമെങ്കിലും ജനങ്ങള്‍ ഇവയില്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം ഒ’ സള്ളിവന്‍ പറയുന്നു. അതുകൊണ്ടാണ് എല്ലാവര്‍ക്കും സൗകര്യപ്രദമായ വിധത്തില്‍ രീതികളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തോളം പഠനങ്ങള്‍ നടത്തിയ ശേഷമായിരിക്കും ഇത് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.