തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അനധികൃതമായ പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെ കേസ്. ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സജീവമായി ഇടപെടല്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് അശ്വതി ജ്വാല. കോവളം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിനെയും മുഖ്യമന്ത്രിയെയും സമീപിച്ചപ്പോള്‍ മോശം അനുഭവങ്ങളാണ് നേരിടേണ്ടിവന്നതെന്ന് നേരത്തെ അശ്വതി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വന്ന പരാതി രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്താനെന്ന പേരിലാണ് വ്യാപക പണപ്പിരിവ് നടത്തിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

കോവളം സ്വദേശി ഡിജിപിക്ക് നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

അശ്വതി ഫെയിസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം.

‘കാണാതായി എട്ടുദിവസത്തിനുശേഷം, ഇടപെട്ട ദിവസം മുതല്‍ കണ്ടതായിരുന്നു പൊലീസിന്റെ അനാസ്ഥ. പോത്തന്‍കോട് നിന്നും ഓട്ടോറിക്ഷയില്‍ കയറി കോവളത്ത് ഇറങ്ങി കേസ് രജിസ്റ്റര്‍ ചെയ്തത് പോത്തന്‍കോട്.. കേസ് രജിസ്റ്റര്‍ ചെയ്തു പത്തുദിവസത്തിനുശേഷം വിഴിഞ്ഞം, കോവളം സ്റ്റേഷനുകളില്‍ ഞങ്ങള്‍ എത്തുമ്പോള്‍ കാണാതായ വിവരം ആ സ്റ്റേഷനുകളില്‍ അറിഞ്ഞിട്ടില്ലായിരുന്നു. പോത്തന്‍കോട് എസ്.ഐ ഈ വിഷയം ഇങ്ങനെ ആയിരുന്നില്ല കൈകാര്യം ചെയ്യേണ്ടത് എന്ന് വിഴിഞ്ഞം എസ്.ഐ ഷിബു. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ജനപ്രതിനിധികളെ കാണാനുള്ള നെട്ടോട്ടമായിരുന്നു. 9.30 മുഖ്യമന്ത്രിയെ കാണാനുള്ള മുന്‍കൂര്‍ അനുമതിക്കായി നിയമസഭക്ക് മുന്നില്‍ കാത്തുനിന്നു. അനുമതി നല്‍കിയ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയെ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തിരുന്നില്ല. ഫോണ്‍ എടുക്കാത്തതിനാല്‍ ഞങ്ങളെ അകത്തേക്ക് കയറ്റി വിട്ടില്ല. ഒടുവില്‍ പതിനൊന്ന് മണിയോടെ ഞങ്ങളുടെ മുന്നിലൂടെ മുഖ്യമന്ത്രി ചീറിപ്പാഞ്ഞു പോകുമ്പോള്‍ ആ വിദേശികള്‍ ചോദിച്ചു, ‘ ഈ മുഖ്യമന്ത്രിയെ കാണാനാണോ നമ്മള്‍ ഇവിടെ കാത്തുനിന്നത്??, ‘