ന്യൂസ് ഡെസ്ക്

രാജ്യത്തെ നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയ മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷനെതിരെ കേസെടുത്തു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ഫോട്ടോ പരസ്യപ്പെടുത്തിയതിനെ തുടർന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഫോട്ടോയാണ് പുറത്തുവിട്ടത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയെടുത്ത് അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം. പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെട്ട സന്യാസിനി സമൂഹമാണ് ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട ഇരയുടെ സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന നിയമം കാറ്റില്‍പ്പറത്തി ഫോട്ടോ പുറത്തുവിട്ടത്. ബിഷപ്പിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിനോടൊപ്പമാണ് കന്യാസ്ത്രീയുടെ ചിത്രവും പുറത്തുവിട്ടത്. എന്നാല്‍, സെക്ഷന്‍ 228 എ പ്രകാരം കുറ്റകരമായ നടപടിയാണ് സന്യാസിനി സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോയോടൊപ്പം 2015 മെയ് 23ന് ഒരു സ്വകാര്യ ചടങ്ങില്‍ ഇരയായ കന്യാസ്ത്രീ വേദി പങ്കിട്ടിരുന്നു. ഫ്രാങ്കോയും കന്യാസ്ത്രീയും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നതിന് തെളിവായാണ് ഈ ചിത്രമാണ് പത്രക്കുറിപ്പിനൊപ്പം ഉള്‍പ്പെടുത്തിയത്.  വെള്ളിയാഴ്ച്ച രാവിലെയാണ് മാധ്യമങ്ങള്‍ക്ക് പത്രക്കുറിപ്പ് ലഭിച്ചത്. തെളിവ് എന്ന നിലയ്ക്കാണ് ചിത്രം കൈമാറുന്നതെന്ന് സന്യാസിനി സമൂഹം അവകാശപ്പെട്ടിരുന്നു. പത്രക്കുറിപ്പിന്റെ ഭാഗമായുള്ള ഫോട്ടോയിലുള്ള പരാതിക്കാരിയുടെ മുഖവും ഐഡന്റിറ്റിയും മറച്ചു മാത്രമെ പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കാവു എന്നും അല്ലാത്ത പക്ഷം മഠം ഉത്തരവാദി ആയിരിക്കില്ലെന്നും പത്രക്കുറിപ്പിന്റെ അവസാന ഭാഗത്ത് വ്യക്തമാക്കിയിരുന്നു.