കൊച്ചി: മലയാളത്തിലെ ദൃശ്യമാദ്ധ്യമ രംഗത്തെ ഏറ്റവും പേരെടുത്ത അവതാരകരില്‍ ഒരാളും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയുമായ എം വി നികേഷ് കുമാറിനും ഭാര്യയും വാര്‍ത്താ അവതാരികയുമായ റാണി നികേഷ് കുമാറിനുമെതിരെ വഞ്ചനാകുറ്റത്തിന് തൊടുപുഴ പൊലീസ് കേസെടുത്തു. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയും റിപ്പോര്‍ട്ടര്‍ ചാനലിന്റെ വൈസ് ചെയര്‍മാനുമായ ലാലിയ ജോസഫിന്റെ പരാതിയെ തുടര്‍ന്നാണ് ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം തൊടുപുഴ ഡിവൈഎസ്പി ജോണ്‍ ജോസഫ് നടത്തിയ പ്രാഥമിക അന്വേഷത്തിന്റെ വെളിച്ചത്തില്‍ കേസ് എടുത്തത്. തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലാലിയ മുമ്പ് നല്‍കിയ പരാതിയുടെ മേല്‍ ചര്‍ച്ചകള്‍ നടക്കുകയും മന്ത്രി രമേശ് ചെന്നിത്തലയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതിനിടയിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആര്‍ ഇട്ടതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്.
ഏതാണ്ട് മൂന്ന് കോടിയോളം രൂപ പണമായും 12 കോടി ആസ്തിയുള്ള ഭൂമികള്‍ ഈടായും നല്‍കിയ ശേഷം വാഗ്ദാനം ചെയ്ത് ഓഹരി നല്‍കിയിരിക്കുകയും അതിനിടയില്‍ വ്യാജ രേഖ ഉണ്ടാക്കുകയും ചെയ്തു എന്നാണ് ലാലിയയുടെ പരാതി. പൊലീസ് കേസ് ഒഴിവാക്കാനായി മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു നടത്തിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് ശേഷം നികേഷ് കുമാര്‍ വീണ്ടും വാക്ക് മാറിയതാണ് ലാലിയെയും ഭര്‍ത്താവും പൊതുപ്രവര്‍ത്തകനുമായ സി പി മാത്യുവിനെയും പ്രകോപിപ്പിച്ചത് എന്നാണ് സൂചന.

മൂന്ന് കോടി പണമായും 12 കോടി പണയമായും നല്‍കിയെങ്കിലും തൊടുപുഴ എസ്പിക്ക് കൊടുത്ത പരാതിയില്‍ ഒന്നരക്കോടിയുടെ കാര്യമാണ് പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാതൃസ്ഥാപനമായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ തുടങ്ങാനെന്ന പേരില്‍ ഒന്നരക്കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്. തൊടുപുഴയിലെ ഒരു സ്വകാര്യ ബാങ്കുവഴിയാണ് പണം കൈമാറിയതെന്നും പരാതിയില്‍ പറയുന്നു. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് എസ്പിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തി പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എസ് പി കെ വി ജോസഫ് തൊടുപുഴ ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഡിവൈഎസ്പി തന്നെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് തൊടുപുഴ എസ്‌ഐയോട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെയാണ് എഫ്‌ഐആര്‍ എടുത്തത്.

അടുത്ത ദിവസങ്ങളില്‍ തന്നെ പണം നിക്ഷേപിച്ച തൊടുപുഴയിലെ സ്വകാര്യ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി ബാങ്കിനു കത്ത് നല്‍കും. കേസുമായി ബന്ധപ്പെട്ട് നികേഷിന്റെയും ഭാര്യയുടെയും മൊഴി എടുക്കാനായി വിളിച്ചുവരുത്തുമെന്നും പൊലീസ് പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യേണ്ടിയും വരും. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും തന്നെ ജാമ്യം നല്‍കി അയയ്ക്കാനാണ് സാധ്യത. അതേസമയം വാര്‍ത്തയെകുറിച്ച് നികേഷ് കുമാറിന്റെയോ റിപ്പോര്‍ട്ടര്‍ ചാനലിന്റെയോ വിശദീകരണം ലഭ്യമായിട്ടില്ല.

റിപ്പോര്‍ട്ടര്‍ ചാനലിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. ആദ്യ കാലം മുതല്‍ ഇവിടെ നിക്ഷേപിച്ചവര്‍ പലരും ഇവിടെ നിന്നു പോയത് കേസ് കൊടുത്താണ്. ഒന്നിലേറെ കേസുകള്‍ ഇപ്പോള്‍ തന്നെ നികേഷിന്റെ പേരിലുണ്ട്. പ്രധാന നിക്ഷേപകനായ ദുബായിലെ വ്യവസായി ചെന്നൈ കോടതിയില്‍ നല്‍കിയ കേസാണ് അതില്‍ പ്രധാനം. ആ പരാതിയെ തുടര്‍ന്നായിരുന്നു ഓഹരി ഇടപാടുകളിലെ ക്രമക്കേടുകള്‍ പലതും വെളിയില്‍ വന്നത്. ഈ വ്യവസായിയില്‍ നിന്നും നികേഷ് കുമാര്‍ പണം സമാഹിരിച്ചിരുന്നു.
നിശ്ചിത ശതമാനം ഓഹരികള്‍ നല്‍കാമെന്നായിരുന്നു ഈ വ്യവസായിക്ക് നല്‍കിയ വാഗ്ദാനം. ഇത് പ്രകാരം കുറച്ച ഓഹരികള്‍ അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. എന്നാല്‍, ഇതിനിടെ ലാലിയക്കു നല്കാനുള്ള ബാക്കി ഓഹരികള്‍ നല്‍കുകയും ചെയ്തില്ല. പണം കൈ പറ്റിയതിനു ശേഷം നികേഷ് നല്‍്കാമെന്ന് വാഗ്ദാനം ചെയ്ത ഓഹരികള്‍ മുഴുവനും നല്‍കാത്തതിനെ തുടര്‍ന്നും നല്കിയ ഓഹരികള്‍ക്ക് കൂടുതല്‍ വില ഈടാക്കിയതിനെ തുടര്‍ന്നും ഓഹരി ഉടമയായ ദുബായ് വ്യവസായി ചെന്നൈ കമ്പനി ലോ ബോര്‍ഡിനെ സമീപിച്ചു. ഇതിനിടെ ചാനലിലെ ഓഹരികള്‍ ചെന്നൈ ആസ്ഥാനമായുള്ള സണ്‍ ഗ്രൂപ്പിന് വില്‍പ്പന നടത്താന്‍ നികേഷ് ആലോചന നടത്തി.

ഇങ്ങനെ വില്‍പ്പന ശ്രമം നടത്തുന്നതറിഞ്ഞ ദുബൈ വ്യവസായി ചെന്നൈ കമ്പനി ലോ ബോര്‍ഡില്‍ നിന്ന് ചാനെല്‍ കൈമാറ്റം മരവിപ്പിച്ചു. അതോടൊപ്പം റിപ്പോര്‍ട്ടര്‍ ടിവിയുടെ കണക്കുകള്‍ പരിശോധിക്കാനുള്ള അനുമതിയും കമ്പനി ലോ ബോര്‍ഡില്‍ നിന്നും സമ്പാദിച്ചു. കഴിഞ്ഞ 5 വര്‍ഷമായി വിളിക്കാതിരുന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ് (AGM ) വിളിപ്പിക്കാനുള്ള ഉത്തരവും കമ്പനി ലോ ബോര്‍ഡില്‍ നിന്നും വാങ്ങി. ഇങ്ങനെ വിളിച്ചു ചേര്‍ക്കപെട്ട AGM ല്‍ ആണ് കൃത്രിമ രേഖകള്‍ ചമച്ച് നികേഷ് ഓഹരികള്‍ സ്വന്തമാക്കിയെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത്.

നേരത്തെ റിപ്പോര്‍ട്ടര്‍ ചാനലിലെ സര്‍വീസ് ചാര്‍ജ് അടക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് കാണിച്ച് നികേഷ്‌കുമാറിനെതിരെ സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് നടപടി എടുത്തത് വന്‍ വിവാദമായിരുന്നു. സര്‍വീസ് ചാര്‍ജ് കുടിശ്ശികയായ ഒന്നരക്കോടി രൂപയുടെ പേരില്‍ ആയിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും പണം അന്നുതന്നെ അടയ്ക്കാന്‍ കോടതി അനുമതി നല്‍കിയതോടെ റിമാന്‍ഡ് റദ്ദ് ചെയ്ത് വിട്ടയച്ചു. സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേര്‍ച്ച് പകുതിയോളം തുക അടച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടത്.

അതേസമയം നികേഷ് നേതൃത്വം നല്‍കുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുകയാണ്. ഇടയ്ക്കിടെ ശമ്പളം മുടങ്ങുക പതിവാണ്. ഇപ്പോള്‍ രണ്ടുമാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാരില്‍ പലരും പറഞ്ഞു. ഒട്ടേറെ പ്രമുഖര്‍ ഇതേ തുടര്‍ന്നാണ് റിപ്പോര്‍ട്ടര്‍ വിട്ട് പോവുകയുണ്ടായി. നികേഷിന്റെ ഇടം വലം കൈകളായി നിന്നിരുന്ന പിറ്റി നാസറും പികെ പ്രകാശനും റിപ്പോര്‍ട്ടര്‍ വിട്ടിരുന്നു. ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മന്ത്രിയായി പ്രതിസന്ധികളെ മറികടക്കാനാണ് നികേഷ് ശ്രമിക്കുന്നതെന്നാണ് എതിരാളികള്‍ ആരോപിക്കുന്നുണ്ട്