പത്തനംതിട്ട: ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ ശതകോടികള്‍ പിരിച്ചെടുത്തശേഷം ആഡംബര ജീവിതത്തിന് ഉപയോഗിച്ചെന്ന പരാതിയില്‍ ബിഷപ് കെ.പി. യോഹന്നാനെയും കുടുംബത്തെയും അദ്ദേഹത്തിന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യ സംഘടനാ ഭാരവാഹികളെയും പ്രതികളാക്കി അമേരിക്കന്‍ കോടതിയില്‍ കേസ്.
അമേരിക്കയിലെ ഡള്ളാസ് വാസികളായ മാത്യു, ജന്നിഫര്‍ ഡിക്‌സണ്‍ എന്നിവരുടെ പരാതി പ്രകാരം അര്‍ക്കന്‍സാസ് സംസ്ഥാനത്തെ ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.

ബിഷപ് കെ.പി. യോഹന്നാന്‍, ഭാര്യ ഗിസേല പുന്നൂസ്, മകനും ഗോസ്പല്‍ ഫോര്‍ ഏഷ്യ ഡയറക്ടര്‍ ബോര്‍ഡ് അംഗവും വൈസ് പ്രസിഡന്റുമായ ദാനിയല്‍ പുന്നൂസ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഡേവിഡ് കാരള്‍, സംഘടനയുടെ കാനഡകാര്യ തലവനും അമേരിക്കന്‍ പൗരനുമായ പാറ്റ് എമറിക് എന്നിവരാണ് പ്രതികള്‍.

ഇന്ത്യയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്താനെന്ന പേരില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ 2700ല്‍ അധികംകോടിരൂപ പിരിച്ചെടുത്തിരുന്നു. പിരിച്ചെടുത്ത പണം ലാഭകരമായ കച്ചവടത്തിനും ആഡംബര ആസ്ഥാന നിര്‍മാണത്തിനും വിനിയോഗിച്ചെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്.

200713 കാലത്ത് ഗോസ്പല്‍ ഫോര്‍ ഏഷ്യ അമേരിക്കയില്‍നിന്ന് മാത്രം 45 കോടി ഡോളര്‍ (ഉദ്ദേശം 2700 കോടി രൂപ)സംഭാവനയായി സ്വരൂപിച്ചെന്ന് ഹരജിയില്‍ പറയുന്നു.

ഇന്ത്യയിലെ പാവങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനെന്നുപറഞ്ഞ് 2012ല്‍ മാത്രം 35 ലക്ഷം ഡോളര്‍ അമേരിക്കയില്‍നിന്ന് പിരിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച കണക്കുകളില്‍ കിണര്‍ നിര്‍മാണത്തിന് അഞ്ചുലക്ഷം ഡോളര്‍ ചെലവഴിച്ചെന്നാണ് കാണിച്ചിരിക്കുന്നത്. 2013ല്‍ ലോകത്താകമാനംനിന്ന് 11.50 കോടി ഡോളര്‍ പിരിച്ചിരുന്നു. അതില്‍ 1,46,44,642 ഡോളര്‍ മാത്രമാണ് ചെലവഴിച്ചത്.

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് അമേരിക്കയില്‍ കണക്കുകള്‍ കാണിക്കേണ്ട ആവശ്യമില്ല. ഇത് മറയാക്കി കൂടിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ ഇവാന്‍ഞ്ചലിക്കല്‍ കൊണ്‍സിലിന്‍, ഗോസ്പല്‍ ഫോര്‍ ഏഷ്യയുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെച്ചിരുന്നു. കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഓഫീസും ഗോസ്പല്‍ ഫോര്‍ ഏഷ്യയക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.