ജാതിപേര് പറഞ്ഞ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച പത്തനംതിട്ട ചെറുകോൽ സ്വദേശിനി മണിയമ്മക്കെതിരെ പൊലീസ് കേസെടുത്തു. പരാമർശത്തിൽ എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ നൽകിയ പരാതിയിലാണ് കേസ്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടയിലാണ് പത്തനംതിട്ട ചെറുകോൽ സ്വദേശിയായ മണിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അവഹേളിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.
സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നുമുള്ള സര്‍ക്കാര്‍ നിലപാടാണ് സമരത്തിന്‍റെ രോഷം മുഖ്യമന്ത്രിക്കെതിരെ തിരിയാന്‍ കാരണം.

പിണറായി വിജയന്‍ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ് എന്ന് എടുത്തുപറഞ്ഞായിരുന്നു അധിക്ഷേപം. തെക്കന്‍ മേഖലയില്‍ ഈഴവരെ ചോകോന്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേര്‍ത്താണ് പിണറായിയെ ഇവർ തെറിവിളിക്കുന്നത്. യുവതികളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് നായര്‍ സമരത്തിനിടെ ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം മുഖ്യമന്ത്രിക്കെതിരായ ജാതി-തെറി അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇവർ‌ക്കെതിരെ കേസെടുക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉയർന്നിരുന്നു.