കൊല്ലപ്പെട്ട കശ്മീരി പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രദര്‍ശിപ്പിച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ മലപ്പുറത്ത് പോക്‌സോ നിയമ പ്രകാരം കേസെടുത്തു. രാഷ്ട്രീയ പാര്‍ട്ടികളെയും വ്യക്തികളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കശ്മീരി പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച അഞ്ച് സംഘടനകള്‍ക്കെതിരെയാണ് മലപ്പുറം പോലീസ് കേസെടുത്തത്.

മുസ്‌ലിം യൂത്ത് ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, ശിശു സംരക്ഷണ സമിതി, സംസ്‌കാര സാഹിതി, അല്‍ക എന്നീ സംഘടനകള്‍ക്കെതിരെയാണ് കേസ്. ഒരു വാട്‌സാപ് ഗ്രൂപ്പില്‍ കശ്മീരി പെണ്‍കുട്ടിയുടെ ചിത്രം ഷെയര്‍ ചെയ്ത മൂന്നു പേര്‍ക്കെതിരെയും മഞ്ചേരി പോലീസ് കേസെടുത്തു.

ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതാണ് കേസെടുക്കാന്‍ കാരണം. പോക്‌സോ നിയമത്തിലെ 23ആം വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228 എ വകുപ്പുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എസ് പി ദേബേശ്കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്തതാണ് ഈ കേസുകള്‍.