Association

എയിൽസ്ബറി മലയാളി സമാജം(AMS) ന്റെ ഈ വർഷത്തെ ഓണാഘോഷം കഴിഞ്ഞ സെപ്റ്റംബർ രണ്ടാം തീയതി ശനിയാഴ്ച ഗംഗേ സ്കൂൾ ഹാളിൽ വച്ച് നടന്നു. മാവേലിയെ പ്രധാന കവാടത്തിൽ നിന്നും തനി കേരള തനിമ ഉള്ള വസ്ത്രങ്ങൾ അണിഞ്ഞ കേരള മങ്കമാർ , പുഷ്പഹാരം ചാർത്തി സ്റ്റേജിലേക്ക് ആനയിച്ചത് വേറിട്ട കാഴ്ചയായി. നാട്ടിൽ നിന്നും ഇപ്പോൾ യുകെയിൽ എത്തിയതിൽ ഏറ്റവും പ്രായം കൂടിയ മുത്തശ്ശിയായ ശ്രീമതി പാറുക്കുട്ടിയമ്മ പ്രധാന ദീപം കെളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തത്.

നാട്ടിൽനിന്ന് എത്തിയ മുതിർന്നവർ എല്ലാം സ്റ്റേജിൽ സന്നിഹിതനായിരുന്നു . പ്രസിഡന്റ് കെൻ സോജൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കോട്ടയം ഗവൺമെൻറ് സഹകരണ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ ശ്രീ എം എൻ ഗോപാലകൃഷ്ണൻ നായർ ഓണ സന്ദേശം നൽകി. സെക്രട്ടറി മാർട്ടിൻ സെബാസ്റ്റ്യൻ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും , ട്രഷറർ: ബിന്നു ജോസഫ് വാർഷിക കണക്കും അവതരിപ്പിച്ചു . നയന മനോഹരമായ അതിശയിപ്പിക്കുന്ന കലാപരിപാടികളും വടംവലി, അത്തപ്പൂക്കളം, നാടൻ ഇലയിലുള്ള വിഭവമായ സദ്യ എന്നിവയും ഏവരും ആസ്വദിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ദിലീപിൻെറ കൃതജ്ഞതയോടെ പരിപാടികൾ സമാപിച്ചു.

ഷാനോ

വെസ്റ്റ് യോർക്ഷയറിലെ കീത്തിലിയിൽ നവാഗതരായ മലയാളി സുഹൃത്തുക്കൾ രൂപീകരിച്ച ” പ്രതീക്ഷ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ ഓണാഘോഷം സെപ്റ്റംബർ ഒൻപത് ശനിയാഴ്ച കീത്തിലി വിക്ടോറിയ ഹാളിൽ വച്ച് നടക്കുന്നു. നിരവധി കലാ കായിക മത്സരങ്ങളുടെ പൂരവേദിയാകുന്ന ഓണാഘോഷം എയർഡെൽ എൻ എച്ച് എസ് ആശുപത്രിയുടെ ഡെപ്യൂട്ടി ചീഫ് നേഴ്സ് സാജൻ സത്യൻ ഉദ്‌ഘാടനം ചെയ്യും. വർണ്ണശബളമായ മെഗാ തിരുവാതിരയുടെയും പുലികളിയുടെയും ഘോഷയാത്രയുടെയും അകമ്പടിയോടെ പ്രതീക്ഷയുടെ ഓണാഘോഷം രാവിലെ ഒൻപതു മണിക്ക് ആരംഭിക്കും. തുടർന്ന് അസ്സോസിയേഷനിലെ അംഗങ്ങളുടെ വിവിധ തരത്തിലുള്ള കലാ സംസ്കാരിക പരിപാടികൾ അരങ്ങേറും. അതോടൊപ്പം വിഭവ സമൃദ്ധമായ ഓണസദ്യയും നടക്കും.

2020 തിൻ്റെ ആരംഭത്തിൽ കീത്തിലിയിൽ മലയാളികളുടെ രണ്ടാം വരവ് ആരംഭിച്ചിരുന്നെങ്കിലും 2022 ഒക്ടോബറിലാണ് നവാഗതർ ഒരുമിച്ച് ഒരസോസിയേഷന് രൂപം കൊടുത്തത്. നൂറ്റിമുപ്പതിലധികം കുടുംബങ്ങൾ അംഗമായിട്ടുള്ള പ്രതീക്ഷയുടെ പ്രഥമ ഓണാഘോഷമാണ് സെപ്റ്റംബർ 9 തിന് കീത്തിലി വിക്ടോറിയ ഹാളിൽ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ലിനേഷ് എൻ സി പ്രസിഡൻ്റ്, ജോമോൾ ജ്യോതി വൈസ് പ്രസിഡൻ്റ്, ശ്രീജേഷ് സലിംകുമാർ സെക്രട്ടറി, രാഹി ഷിൻസ് ജോയിൻ്റ് സെക്രട്ടറി, സൽജിത്ത് സത്യവൃദൻ ട്രഷറർ എന്നിവരോടെപ്പം രജ്ഞിത്, സെബാസ്റ്റ്യൻ, റോഷൻ, മിത, ദീപു സാം, ക്രിഷ്ണ, ജിൻ്റു, ജെയ്സൺ, റെനിൽ, ടോണി എന്നിവരടങ്ങിയ ഒരു വലിയ ടീമാണ് പ്രതീക്ഷയുടെ സാരഥികൾ.

പ്രാദേശീക പിന്തുണയോട് കൂടി നടത്തപ്പെടുന്ന പ്രതീക്ഷയുടെ പ്രഥമ ഓണാഘോഷ പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

പ്രവർത്തന മികവ് കൊണ്ടും, സംഘടനാ പ്രാവീണ്യം കൊണ്ടും, യുകെയിലെ തന്നെ പ്രമുഖ ഹിന്ദു സമൂഹ കൂട്ടായ്മകളിൽ മുൻനിരയിൽ നിൽക്കുന്ന ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ ഓണാഘോഷം മാഞ്ചസ്റ്ററിലെ ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഈ കഴിഞ്ഞ ശനിയാഴ്ച സെപ്റ്റംബർ രണ്ടിന് 500 ഓളം ആളുകളെ സംഘടിപ്പിച്ച് അതിവിപുലമായി ആഘോഷിച്ചു. GMMHC കുടുംബാംഗങ്ങൾ തലേദിവസം തന്നെ ജയൻ കമ്മ്യൂണിറ്റി സെൻറർ ഹാളിൽ ഒത്തുചേർന്ന് ഒരുക്കിയ കേരളത്തനിമയോടെയുള്ള സ്വാദിഷ്ടമായ ഇരുപത്തഞ്ചിൽപരം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ ഏവർക്കും മറക്കാത്ത ഒരു അനുഭവമായിരുന്നു.

ഏകദേശം 500 ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം താലപ്പൊലിയേന്തിയ അമ്പതോളം തരുണീമണികളുടെയും മുത്തുക്കുടയും നെറ്റിപ്പട്ടവും അണിയിച്ച മാഞ്ചസ്റ്റർ മണികണ്ഠന്റെയും യുകെയിലെ തന്നെ പ്രശസ്ത ചെണ്ട മേള ടീം ആയ മാഞ്ചസ്റ്റർ മേളത്തിന്റെയും 100 കണക്കിന് പുരുഷാരത്തിന്റെ ആർപ്പുവിളികളോടെയും മാവേലി തമ്പുരാനെയും വാമനനെയും വേദിയിലേക്ക് ആനയിക്കുകയുണ്ടായി. തുടർന്ന് 2023 ലെ ഓണാഘോഷത്തിന്റെ കലാ സാംസ്കാരികോത്സവത്തിന്ന് തുടക്കം കുറിച്ചു.

ഓണാഘോഷത്തിലേക്ക് സന്നിഹിതരായ ഏവരെയും പ്രസിഡന്റ് രാധേഷ് നായർ ഹാർദ്ദവമായി സ്വാഗതം ചെയ്തു. ഏഴുതിരിയിട്ട ഭദ്രദീപം മാവേലി തമ്പുരാനും കമ്മറ്റി അംഗങ്ങളും കൂടി തെളിയിച്ച്‌ ഉത്‌ഘാടനം നിർവ്വഹിച്ച തോടു കൂടി കലാസാംസ്കാരിക പരിപാടികൾക്ക് ആരംഭിച്ചു. അക്കാഡമിക് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് GMMHC ഭാരവാഹികൾ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. വനിതാ വിഭാഗം അവതരിപ്പിച്ച തിരുവാതിരക്കളി ഓണാഘോഷത്തിന് മാറ്റുകൂട്ടുകയുണ്ടായി. കുഞ്ഞുമക്കളടങ്ങുന്ന GMMHC യിലെ കലാകാരന്മാരും കലാകാരികളും നടത്തിയ നയന ശ്രവണ സുന്ദരമായ വിവിധങ്ങളായ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി.

200 കുടുംബങ്ങളുള്ള ജി എം എച്ച് സി യുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും അധികം ആളുകളെ (500) സംഘടിപ്പിച്ച ഓണാഘോഷം നടത്തിയത് എന്ന് ട്രഷറർ സുനിൽ ഉണ്ണി അഭിപ്രായപ്പെട്ടു. ആഴ്ചകൾക്ക് മുന്നേ ആരംഭിച്ച ഒരുക്കങ്ങൾക്ക് ശേഷം GMMHC യുടെ 2023 ഓണാഘോഷം അതിഗംഭീരമാക്കിയതിന് അഹോരാത്രം അക്ഷീണം പ്രയത്നിച്ച എല്ലാ GMMHC കുടുംബാംഗങ്ങൾക്കും ഓണം സെലിബ്രേഷൻ സ്പോൺസർമാർക്കും ജോയിന്റ് സെക്രട്ടറി ഹരീഷ് ചന്ദ്രൻ നന്ദിപറഞ്ഞതോടെ ഈ വർഷത്തെ ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ചു. GMMHC 2023 സെപ്റ്റംബർ പതിനാറിന് ശനിയാഴ്ച വൈകിട്ട് അഞ്ച് മുതൽ പത്തു വരെ ഡെന്റൺ വെസ്റ്റ് എൻഡ്. ഹാളിൽ നടത്തുന്ന ബാലഗോകുലം-ശ്രീകൃഷ് ണജയന്തി ആഘോഷത്തിൽ കാണാമെന്ന ഉറപ്പോടെ കുടുംബാംഗങ്ങൾ വേദി വിട്ടു.

ബാബു മങ്കുഴിയിൽ

ഐക്യം കൊണ്ടും അംഗ ബലം കൊണ്ടും യുകെയിലെ മികച്ച അസോസിയേഷനുകളിൽ ഒന്നായ ഇപ്സ്വിച് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 2 ന് ശനിയാഴ്ച ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് സ്കൂളിൽ വച്ചു നിറഞ്ഞ സദസ്സിൽ പ്രൗഢഗംഭീരമായി കൊണ്ടാടി. നോർവിച്ചിലെ ജേക്കബ് സ് കാറ്ററിങ്ങിന്റെ വിഭവ സമൃദ്ധമായ സദ്യയോട് കൂടി ആരംഭിച്ച ഓണാഘോഷത്തിലെ ഏറ്റവും പ്രാധാന്യമേറിയ ഓണസദ്യ അറുന്നൂറോളം പേർ ആസ്വദിച്ചു.

ഇപ്സ്വിച് മലയാളി അസോസിയേഷൻ അംഗങ്ങളായ സന്ദീപിന്റെയും, കാഷ്യയുടെയും നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ വർണ്ണശബളമായ അത്തപ്പൂക്കളം ഏവരുടെയും കണ്ണിനും മനസ്സിനും കുളിർമയേകി.
വാദ്യമേളങ്ങളുടെയും, ഘോഷയാത്രയുടെയും ,താലപ്പൊലികളുടെയും അകമ്പടിയോടെ മാവേലിയെ വരവേറ്റപ്പോൾ നന്മയുടെയും സഹോദര്യത്തിന്റെയും പ്രതീകമായ സാക്ഷാൽ മഹാബലി തമ്പുരാൻ എഴുന്നള്ളുന്നത് പോലെ സദാസാകേ ഹർഷാരവത്തോടെയും ,ആർപ്പുവിളികളോടെയും മഹാബലിയെ വരവേറ്റു.

ലക്ഷണമൊത്ത മാവേലിയായി വേഷമിട്ട അസോസിയേഷന്റെ സെക്രട്ടറി ജെനിഷ് ലൂക്കയും മറ്റു ഭാരവാഹികളും ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്റ്‌ ബാബു മത്തായി അദ്ധ്യക്ഷത വഹിച്ചു.

അകാലത്തിൽ നമ്മെ വിട്ടുപോയ ടോമി ചാക്കോയെ അനുസ്മരിച്ചുകൊണ്ട് ഓണ സന്ദേശത്തോട് കൂടി പ്രസിഡന്റ്‌ ബാബു മത്തായി ഏവർക്കും സ്വാഗതമരുളി. തുടർന്ന് നിലവിളക്കു കൊളുത്തി ആഘോഷങ്ങൾക്ക് തിരി തെളിച്ചു.

പുതുമായർന്ന ആവിഷ്ക്കര ശൈലിയോടെ അരങ്ങേറിയ വെൽക്കം ഡാൻസിന് ശേഷം ചാരുതയാർന്ന തിരുവാതിരയും ഓണപ്പാട്ടും ഏവർക്കും ഹൃദ്യാനുഭവമായി.

ഇടതടവില്ലാതെ അരങ്ങേറിയ കലാപരിപാടികൾക്കു 5 മണിയോടുകൂടി വിരാമമിട്ടുകൊണ്ട് ടോമി മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കും ക്യാഷ് അവർഡിനും വേണ്ടിയുള്ള വാശിയേറിയ വടംവലി തികച്ചും ആവേശകരമായ രീതിയിൽ നടത്തി. ഇപ്സ്വിച്ചിലെ മികച്ച 7 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സ്പാർട്ടൻസ് ഇപ്സിച്, ടി സി എസ് ഇപ്സ്വിചിനെതിരെ കടുത്ത മത്സരത്തിലൂടെ വിജയികളായി.

വടംവലി മത്സരത്തിനും ലഘു ഭക്ഷണത്തിനും ശേഷം വർണ്ണ മനോഹരമായ കലാപരിപാടികൾ തുടർന്നു. ഫ്ലൈറ്റോസ് ഡാൻസ് കമ്പനി, നെസ്സ ഗണേഷിന്റെ ശിക്ഷണത്തിൽ അരങ്ങേറിയ വിവിധങ്ങളായ ഡാൻസുകൾക്കൊപ്പം എല്ലാ കലാപരിപാടികളും ഒന്നിനൊന്നു മികച്ചതായിരുന്നു.

മലയാളത്തനിമ നിറഞ്ഞ ഫോട്ടോ എടുക്കുന്നതിനു ടോണി ക്രീയേഷൻസ് സജ്ജമാക്കിയ ഫോട്ടോ ബൂത്ത് ഏവരും പ്രയോജനപ്പെടുത്തി.

റെക്സ് ബാൻഡ് യുകെ അവതരിപ്പിച്ച ഗാനമേളയും ഡിജെയും ആബാല വൃദ്ധം ജനങ്ങൾക്കും ഹൃദ്യാനുഭവമായി.
തുടർന്ന് ഓണത്തോട് അനുബന്ധിച്ചു നടത്തിയ ക്രിക്കറ്റ് ടൂർണമെന്റ്, വിവിധങ്ങളായ കായിക മത്സരങ്ങൾ തുടങ്ങിയവയുടെ സമ്മാന ദാനങ്ങൾ ഷാജു വർഗീസിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

വൈകിയ വേളയിലും ആവേശത്തോടെ എല്ലാ കായിക, കലാപരിപാടികളിലും പങ്കുകൊണ്ടും,പിന്തുണച്ചും നിലകൊണ്ട എല്ലാവർക്കും ,കൂടാതെ കൂട്ടായ പ്രവർത്തനത്തിലൂടെ ഓണാഘോഷം വൻവിജയമാക്കിത്തീർത്ത കമ്മിറ്റി അംഗങ്ങൾക്കും, ചാരുതയാർന്ന പരിപാടികൾ അവതരിപ്പിക്കാൻ സജ്ജരാക്കിയ ഗുരുക്കന്മാർക്കും പിന്തുണയേകിയ മാതാപിതാക്കൾക്കും ,അതോടൊപ്പം പരിപാടികൾക്ക് സാമ്പത്തിക പിന്തുണയേകിയ സ്പോൺസേഴ്സിനും സെക്രട്ടറി ജെനിഷ് ലൂക്ക നന്ദി പ്രകാശിപ്പിച്ചു.

ആഗസ്റ്റ് ഇരുത്തി ഒൻപതിന് തിരുവോണദിനം രാവിലെ പത്തു മുപ്പതിന് കുട്ടികളുടേയും മുതിർന്നവരുടേയും കായിക മത്സരങ്ങളോടെ ഓണത്തിന് തുടക്കം കുറിച്ചു. കസേരകളി, സുന്ദരിക്ക് പൊട്ട് കുത്ത്, ആനക്ക് വാലുവര തുടങ്ങിയ ഇനങ്ങൾ ഏവർക്കും മത്സരത്തോടൊപ്പം മനസ് നിറഞ്ഞ് ചിരിക്കുന്നതിനുളള അവസരവും ആയിരുന്നു. കായികമത്സരങ്ങൾ അവസാനിച്ച ഉടൻ തന്നെ മാവേലിയും വിശിഷ്ട വ്യക്തികളും ചെണ്ടമേളത്തിന്റെയും ആർപ്പുവിളി ആരവത്തോടെയും സ്റ്റേജിലേക്ക് ആനയിച്ചു. തുടർന്ന് ഫാദർ ജോൺസൺ കാട്ടിപറമ്പിൽ ഏവർക്കും സ്വാഗതം നേർന്നു. കൃത്യം പന്ത്രണ്ട് മണിക്ക്. യോഗാധ്യക്ഷൻ മഹാബലിയും, റെക്സം രൂപതാ ബിഷപ്പ് റൈറ്റ്. റവ. പീറ്റർ ബ്രിഗ്നൽ, ഫാദർ ജോൺസൺ, ഫാദർ അബ്രഹാംഎന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഓണാഘോഷത്തിന്റെ ഉദ്ഘാടാനം നിർവഹിച്ചു.

മുഖ്യ അതിഥി റവ.ബിഷപ്പ് പിറ്റർ ബ്രിഗ്നൽ ഓണ സന്ദേശം നല്കി. ഫാദർ അബ്രഹാം എല്ലാവർക്കും സാഹോദര്യത്തിന്റെ .ഓണാശംസകൾ നേർന്നു. മഹാബലി ആയി മാറിയ സുനിൽ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. തുടർന്ന് അനിറ്റ ടീം നയിച്ച തിരുവാതിരയും, ആൻസിയുടെ നേതൃത്വത്തിൽ ഫ്യൂഷൻ ഡാൻസ്, കുട്ടികളുടെയും, ടീനയുടെയും ടീം നയിച്ച സിനിമാറ്റിക് ഡാൻസ്,മിഥുൻ ആൻറ് ആൻസി, പ്രവീണും ആൻസിയും, അതുല്യയും സജിത്തും എന്നിവർ അവതരിപ്പിച്ച കപ്പിൾ ഡാൻസ്, ഏവരുടേയുംപ്രശംസ പിടിച്ചു പറ്റി. കുട്ടികളുടെ പാട്ടുകൾ, സിനിമാറ്റിക്ക് ഡാൻസുകൾ, ഓണപാട്ടുകൾ തുടങ്ങിയവ ഏവരുടേയും മനo കവരുന്ന പെർഫോമൻസ് ആയിരുന്നു.

വിഭവ സമൃദ്ധമായ ഓണ സദ്യക്കു ശേഷം ഏവരും ആകാംഷയോടെ കാത്തിരുന്ന റാഫിൾ നറുക്കെടുപ്പും, വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവുംനടന്നു. റാഫിൾടിക്കറ്റ് ഫസ്റ്റ്റ്റും സെക്കന്റും കരസ്തമാക്കി എൽദോ ഓണം നാളിലെ സൂപ്പർലക്കി വിന്നറായി മാറി. വൈകിട്ട് 4.30 തിന് തുടക്കമായ വടം വലി മൽസരം ഏവരിലും വാശിയും വീറും പരത്തുന്നതായിരുന്നു. മനോജ് നേതൃത്വം കൊടുത്ത പുരുഷ ടീമും സ്മിത നേതൃത്വം നലകിയ സ്ത്രീകളുടെ ടീമും ഒന്നാം സമ്മാനങ്ങൾ കരസ്തമാക്കി.

5.30 ന് ഓണാഘോഷത്തിൽ പങ്കെടുത്ത ഏവർക്കും കേരളാ കമ്മ്യൂണിറ്റിയുടെ മുഖ്യ സംഘാടകരായി ദിവസങ്ങളോളം പ്രവർത്തിച്ച പ്രവീൺ, സൗണ്ട് സിസ്റ്റം മാനേജ് ചെയ്ത ജിക്കു, സംഘാടനത്തിന്റെ എല്ലാ മേഖലയിലും പ്രവർത്തിച്ച മനോജ് ചാക്കോ, മികവുറ്റ ഫോട്ടോ ക്യാമറയിൽ പകർത്തിയ ബിനു, ഭക്ഷണക്രമീകരണം നടത്തിയ വ്യക്തികൾ അലങ്കാരം നടത്തിയവർ, പൂക്കളം ഒരിക്കയവർ ഭക്ഷണം ഉണ്ടാക്കിയവർ കുട്ടികൾക്കും മുതിർന്നവർക്കും പ്രോഗ്രാം പരിശീലനം കൊടുത്തവർ ഈ പരിപാടിയിൽ പങ്കെടുത്ത് കലാപരിപാടികൾക്ക് പ്രോൽസാഹനം നല്കിയവർ കൂടാതെ ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ധന്യ മനോജ്‌ ചാക്കോ നന്ദി ആശംസിച്ച് ഈ വർഷത്തെ റെക്സം കേരളാ കമ്യൂണിറ്റിയുടെ ഓണാലോഷത്തിന്റെ സമാപനമായി.

 

ഷൈമോൻ തോട്ടുങ്കൽ

ന്യൂകാസിൽ . ന്യൂ കാസിൽ മാൻ ( മലയാളി അസോസിയേഷൻ ഓഫ് ന്യൂകാസിൽ ) അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്തംബർ രണ്ടാം തീയതി ശനിയാഴ്ച രാവിലെ പത്തു മുപ്പതു മുതൽ ഫെനം സെന്റ് റോബെർട്സ് ഹാളിൽ നടക്കുമെന്നു ഗവർണർ ജനറൽ ജിജോ മാധവപ്പള്ളിൽ അറിയിച്ചു . യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ പരിപാടികൾ ഉത്‌ഘാടനം ചെയ്യും . ന്യൂകാസിൽ സിറ്റി കൗൺസിലർ ഡോ ജൂണ സത്യൻ പരിപാടികളിൽ മുഖ്യാഥിതി ആയി പങ്കെടുക്കും . റെവ ഫാ. സജി തോട്ടത്തിൽ , റെവ ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ എന്നിവർ ആശംസകൾ അർപ്പിക്കും , കുറഞ്ഞ കാലം കൊണ്ട് തന്നെ ന്യൂകാസിൽ മലയാളികളുടെ അനുദിന ജീവിതത്തിന്റെ ഭാഗമായി മാറിയ മാൻ അസോസിയേഷൻ എല്ലാ കാലത്തും ശ്രദ്ധേയമായ പരിപാടികൾ നടത്തിക്കൊണ്ടാണ് ജനങ്ങളുടെ ഇടയിൽ ചിര പ്രതിഷ്ഠ നേടിയത് .

ഇരുപത്തിയൊന്ന് വിഭവങ്ങളുമായി ആണ് അഞ്ച് പൗണ്ടിന് മാൻ അസോസിയേഷൻ ഓണ സദ്യ നൽകുന്നത് . പുതുതായി ഒട്ടേറെ ആളുകൾ കുടിയേറിയിരിക്കുന്ന ന്യൂകാസിൽ പ്രദേശത്തെ പുതിയ ആളുകളും പഴമക്കാരും ഏറെ ആവേശത്തോടെ സ്വീകരിച്ച ഓണാഘോഷ പരിപാടികളുടെ മുഴുവൻ ടിക്കറ്റുകളും പരിപാടി പ്രഖ്യാപിച്ചു അധികം ദിവങ്ങൾക്കുള്ളിൽ തന്നെ തീർന്നു പോയിരുന്നു . രാവിലെ പത്തു മുപ്പതിന്റെ ഉത്‌ഘാടന സമ്മേളനത്തിന് ശേഷം മാവേലി മന്നനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നെള്ളിക്കും ,പുലികളിയും സംഘടിപ്പിച്ചിട്ടുണ്ട് . തുടർന്ന് യു കെയിലെ തന്നെ നൃത്ത വേദികളിലെ ഏറ്റവും പ്രശസ്തയും , ഏഷ്യാനെറ്റ് ഫിലിം അവാർഡ് നിശ ഉൾപ്പടെ യുള്ള മെഗാ വേദികളിലെ കൊറിയോ ഗ്രാഫറും , നൃത്ത അധ്യാപികയും ആയ ബ്രീസ് ജോർജിന്റെ നേതൃത്വത്തിൽ ഉള്ള വിവിധ നൃത്ത നൃത്യങ്ങൾ , മെഗാ തിരുവാതിര എന്നിവയും അരങ്ങേറും.

വടം വലി ഉൾപ്പടെ ഓണത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട് . എ ലെവൽ ജി സി എസ് ഇ പരീക്ഷകളിൽ വിജയികൾ ആയവരെയും ആഘോഷ പരിപാടികളിൽ ആദരിക്കും യു കെ മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഓണാഘോഷ പരിപാടിയാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് മാൻ ഭാരവാഹികൾ.

നോർത്തിന്റെ ക്യാപിറ്റലായി അറിയപ്പെടുന്ന ലീഡ്‌സിലെ മലയാളി സമൂഹം ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. “പൊന്നോണം ‘23” ആർപ്പുവിളികളുടെ ശിങ്കാരിമേളത്തോടെ മാവേലി മന്നനെ വരവേൽക്കാൻ ലീഡ്സ് മലയാളികളും ഒരുങ്ങിക്കഴിഞ്ഞു.

ലീഡ്സ് മലയാളി അസ്സോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം “പൊന്നോണം ‘23 “ സെപ്റ്റംബർ 2-)0 തീയതി ഈസ്റ്റെന്റ് പാർക്കിൽ വച്ച് നടത്തപ്പെടുന്നു. തൂശനിലയിൽ വിഭവസമൃദ്ധമായ ഓണസദ്ധൃക്ക് ശേഷം
ശിങ്കാരിമേളത്തോടെ മാവേലിമന്നനെ വരവേൽക്കും.തുടർന്ന് വിവിധ കലാപരിപടികളാൽ സമ്പുഷ്ടമായിരിക്കും ഈ വർഷത്തെ ഓണാഘോഷം പൊന്നോണം ‘23. ലീഡ്സ് മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷ പരിപാടിയിലേയ്ക്ക് ലീഡ്‌സിലും സമീപപ്രദേശങ്ങളിലും ഉള്ള  എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻറ് സാബു ഘോഷ് അറിയിച്ചു.

ന്യൂസ് ഡെസ്ക്. മലയാളം യുകെ

യുകെയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനുകളിലൊന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ഓണക്കാലത്ത് അണിയിച്ചൊരുക്കിയ ചവിട്ടുനാടകം ജനശ്രദ്ധ നേടുന്നു.

ലിമയുടെ ഈ വർഷത്തെ ഓണാഘോഷങ്ങളിൽ പുതുമ നിറഞ്ഞതും ശ്രദ്ധ നേടിയതും ലിമയുടെ പ്രസിഡൻ്റ് ജോയി അഗസ്തിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ചവിട്ടുനാടകമായിരുന്നു. കേരളത്തിൽ തന്നെ അന്യം നിന്ന് പോയികൊണ്ടിരിക്കുന്ന കേരളത്തിന്റെ തനത് കലാരൂപമായ ചവിട്ടു നാടകം യുകെയിലെ ലിവർപൂളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അത് ലോക മലയാളികൾക്ക് തന്നെ അഭിമാനമായി.

വന്ദ്യ ചാവറ കുരിയാക്കോസ് അച്ഛൻ തിരുവിതാംകൂർ രാജാവിനെ കണ്ട് സ്കൂൾ സ്ഥാപിക്കുവാൻ അനുമതി ചോദിക്കുവാൻ വരുന്നതായിരുന്നു പ്രമേയം. നവോത്ഥാന നായകൻ ചാവറ കുര്യാക്കോസ് അച്ചനായി വേഷമണിഞ്ഞ ഷാജു പടയാറ്റിലും, രാജാവ് ആയി എത്തിയ ലിമയുടെ പ്രസിഡൻ്റ് ജോയി അഗസ്തിയും ടീമും മത്സരിച്ചഭിനയിച്ച യുകെയിലെ ആദ്യത്തെ ചവിട്ട് നാടകം ലിമയുടെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ചവിട്ട് നാടകത്തിന്റെ തലസ്ഥാനമായ ഗോതുരുത്തിലെ പ്രധാന ആശാനായ തമ്പി പയ്യപ്പിള്ളിയാണ് ഇതിനു വേണ്ട വേഷവിധാനങ്ങളും ഉപദേശങ്ങളും നൽകിയത്. അഞ്ജലി ബേബി, മെലീസ അനു , ആതിര അരുൺ, ജിൻസിമോൾ ചാക്കോ, എലൈൻ അന്ന , റാണി, അശ്വതി ഹരിഹരൻ എന്നിവർക്കൊപ്പം ചാവറ കുര്യാക്കോസ് അച്ചനായി ഷാജു പടയാട്ടിൽ ജീവിച്ചപ്പോൾ സ്വാതിതിരുനാൾ രാമവർമ്മയായി ജോയ് അഗസ്തിയും വേഷമിട്ടു. ഓണത്തിനെത്തിയവരിൽ ഭൂരിഭാഗം പേർക്കും ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ചവിട്ടു നാടകം കാണാൻ കഴിഞ്ഞത്.

പ്രവർത്തന ശൈലിയിൽ എന്നും പുതുമ തേടുന്ന അസ്സോസിയേഷനാണ് ലിവർപൂൾ മലയാളി അസ്സോസിയേഷൻ. ജോയി അഗസ്തി പ്രസിഡൻ്റായിട്ടുള്ള ലിവർപൂൾ മലയാളി അസ്സോസിയേഷൻ്റെ സെക്രട്ടറി ബിനോയ് മാടൻ, ട്രസ്റ്റി ജോയ്മോൻ തോമസ്, പി ആർ ഒ എൽദോസ് സണ്ണിയുമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചരിത്രത്തിൽ ആദ്യമായി മേഴ്‌സി സൈഡ് കൗണ്ടിയിൽ നിന്ന് രണ്ടു മേയർമാരും (ലിവർപൂൾ Marry Ramsussen and നോസിലി കൗൺസിൽ Eddy Connar & Sue Connar) ലിമയുടെ ഓണം ആഘോഷങ്ങളിൽ പങ്കെടുത്തത് ഓണ ആഘോഷങ്ങൾക്ക് ലിവർപൂളിൽ പത്തര മാറ്റ് പകിട്ട് ഏകി. ലിവർപൂളിലെ മനോഹരമായ നോസിലി ലെസർ സെന്ററിൽ വച്ചായിരുന്നു ലിമയുടെ ഓണം ആഘോഷങ്ങൾ.


വിഭവ സമൃദ്ധമായ ഓണ സദ്യയും, പുലികളിയും, തിരുവാതിരയും, ഭരതനാടjവും , കിടിലൻ മാവേലിമാരും , കാണികളെ കുടുകുടാ പൊട്ടി ചിരിപ്പിച്ച കോമഡി സ്കിറ്റും, അരി കൊമ്പനും, ലിവർപൂളിലെ സുന്ദരൻമാരും, സുന്ദരികളും അവതരിപ്പിച്ച കേരളീയം ഫാഷൻ ഷോയും, യൂറോപ്പിൽ ഇതു വരെ ആരും കാഴ്ച വക്കാത്ത ചവിട്ട് നാടകം, കൂടാതെ വിവിധങ്ങൾ ആയ തകർപ്പൻ ഡാൻസുകളാലും വളരെ വിപുലമായി ലിമ ഓണം ആഘോഷിച്ചു..
രണ്ട് മേയർമാരും, ലിമ പ്രസിഡന്റ്‌ ശ്രീ ജോയി അഗസ്തി, ലിമ സെക്രട്ടറി ശ്രീ ജിനോയ് മാടൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ലിമയുടെ ഈ വർഷത്തെ ഓണം ആഘോഷങ്ങൾക്ക്‌ തുടക്കമിട്ടു.

തദവസരത്തിൽ GCSC & A Level പരീക്ഷകൾക്ക് ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള ലിമ സർട്ടിഫിക്കറ്റുകൾ മേയർമാർ കുട്ടികൾക്ക് നൽകി ആദരിക്കുകയും ചെയ്തു. GCSC ക്ക് ഉയർന്ന മാർക്ക് വാങ്ങി അവാർഡ് നേടിയത് ജാനറ്റ്‌ ബിജുവും, A Level ന് അവാർഡ് നേടിയത് മരിയ സോജനും ആണ്. തുടർന്ന് ലിമയുടെ ട്രസ്റ്റീ ശ്രീ ജോയ്മോൻ തോമസ് ലിമയുടെ ഓണത്തിന് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. രാവിലെ 11 മണിക്ക് ആരംഭിച്ച ലിമ ഓണം ആഘോഷങ്ങൾ ഓണം സ്പെഷ്യൽ ഡിജെ ക്ക് ശേഷം രാത്രി 9 മണിയോടു കൂടി ശുഭപരjവസാനിച്ചു

ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യുറോപ്പ്‌ റീജിയന്‍ ഒരുക്കിയ ഓണാഘോഷം പ്രൗഢ ഗംഭീരമായി.

ആഗസ്റ്റ്‌ 25 ന്‌ വൈകുന്നേരം നാലുമണിക്ക്‌ (15:00 UK, 19:30 Indian time) വെര്‍ച്ചല്‍ പ്ളാറ്റ്ഫോമിലൂടെ ഒരുക്കിയ തിരുവോണാഘോഷം വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ സ്ഥാപക നേതാക്കന്‍മാരിലൊരാളും ഗ്ളോബല്‍ ചെയര്‍മാനുമായ ശ്രീ . ഗോപാലന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ഗ്ളോബല്‍ പ്രസിഡന്റും, ധന്യ ഗ്രൂപ്പ് ഓഫ്‌ കമ്പനികളുടെ സി.ഇ.ഒ.യും, നിരവധി കാരുണൃ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നതുമായ ശ്രീ. ജോണ്‍ മത്തായി മുഖ്യപ്രഭാഷകനായിരുന്നു. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. മികച്ച പാര്‍ലമെന്റേറിയനും, രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശ്രീ. റ്റി.എന്‍. പ്രതാപന്‍ എം.പി. എല്ലാ പ്രവാസി മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. പ്രവാസി മലയാളികളിലൂടെ ഇന്ന്‌ തിരുവോണം ആഗോള ആഘോഷമായി മാറിയെന്നു അദ്ദേഹം പറഞ്ഞു. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യുറോപ്പ്‌ റീജിയന്‍ പ്രസിഡന്റ്‌ ജോളി എം.പടയാട്ടില്‍ എല്ലാവരേയും സ്വാഗതം ചെയ്തു. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ ഓണാശംസകള്‍ നേര്‍ന്നു.

ശ്രീ. ജെയിംസ്‌ പാത്തിക്കലിന്റെ (വൈസ്‌ പ്രസിഡന്റ്‌ ജര്‍മന്‍ പ്രൊവിന്‍സ്‌) ഈശ്വരപ്രാര്‍ത്ഥനയോടെ തുടങ്ങിയ ഓണാഘോഷം മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. മേഴ്‌സി തടത്തില്‍, ശ്രീജ ഷില്‍ഡ്‌ കാംമ്പ്‌, നിക്കോള്‍ ജോര്‍ജ്‌, അമ്മിണി മണമേല്‍, ലീന നിധിന്‍, സരിത മനോജ്‌, സുമി ഹെന്റി തുടങ്ങിയവര്‍ ചേര്‍ന്നവതരിപ്പിച്ച തിരുവാതിരയും, യൂറോപ്പ്‌ റീജിയന്‍ ട്രഷറര്‍ ഷൈബു ജോസഫിന്റെ നേതൃത്വത്തിലുള്ള ഐയര്‍ലണ്ടില്‍ നിന്നുള്ള ചെണ്ടമേളവും, അജ്മന്‍ പ്രൊവിന്‍സ്‌ ജനറല്‍ സെക്രട്ടറി സ്വപ്ന ഡേവിഡ്‌, മികച്ച കലാടെക്നിക്കല്‍ ചാതുരൃത്തോടെ മിനിസ്ക്രീനിലൂടെ അവതരിപ്പിച്ചു. പ്രസിദ്ധ ഗായകനും, സംഗീതാധ്യാപകനുമായ നന്ദകുമാര്‍ കെ. കമ്മത്ത്‌ അവതരിപ്പിച്ച മഹാബലിയെ എല്ലാവരും ഹൃദ്യമായി സ്വീകരിച്ചു.

സോബിച്ചന്‍ ചേന്നങ്കര, ജോസി മണമേല്‍, ഫാദര്‍ തോമസ്‌ ചാലില്‍, ജോണപ്പന്‍ അത്തിമൂട്ടില്‍, ആനിയമ്മ ചേന്നങ്കര, സുബീന എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച വള്ളം കളിയെ അനുസ്മരിച്ചുള്ള വഞ്ചിപ്പാട്ട്‌ ഹൃദ്യവും, ആവേശം പകരുന്നതുമായിരുന്നു. മികച്ച നര്‍ത്തകിയായ അജ്മനില്‍ നിന്നുള്ള അപര്‍ണ അനുപിന്റെ ക്ളാസിക്കല്‍ ഡാന്‍സ്‌ നയനാന്ദകരമായിരുന്നു. അമേരിക്കയിലെ നോര്‍ത്ത്‌ ടെക്സാസ്‌ പ്രൊവിന്‍സ്‌ വൈസ്‌ ചെയര്‍മാനും, നല്ലൊരു ഗായികയുമായ ആന്‍സി തല ശല്ലൂരിന്റെ മഞ്ഞള്‍പ്രസാദവും നെറ്റിയില്‍…. എന്നു തുടങ്ങുന്ന ഗാനവും അബുദാബിയിലെ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ ഇഷ മാലിക്കിന്റെ പൂവേ പൂവേ…. എന്ന ഗാനവും, എല്ലാവരേയും ഓണനാളുകളിലേക്ക്‌ കൊണ്ടുവന്നു. സാദി അറേബ്യയില്‍ നിന്നുള്ള ഹാരീസ്‌ ഹസന്റെ ഗാനവും മികവുറ്റതായിരുന്നു.

സംഗീതാധ്യാപകനും, മികച്ച ഗായകനുമായ ജോസുകുട്ടി കവലച്ചിറ, സോബിച്ചന്‍ ചേന്നങ്കര, സിറിയക്‌ ചെറുകാട്, ജെയിംസ്‌ പാത്തിക്കല്‍ തുടങ്ങിയവര്‍ ശ്രുതിമധുരമായ ഓണപ്പാട്ടുകള്‍ ആലപിച്ചു. യൂറോപ്പിലെ പ്രസിദ്ധഗായകരായ ഇവരുടെ ഓണപ്പാട്ടുകളിലൂടെ, സംഗീത പെരുമഴയിലൂടെ എല്ലാവരേയും ഓണനാളുകളിലേക്ക്‌ കൊണ്ടുപോയി.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ വൈസ്‌ ചെയര്‍മാനും, കലാസാംസ്കാരിക രംഗത്ത്‌ തനതായ വൃക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ശ്രീ. ഗ്രിഗറി മേടയിലും, മികച്ച പ്രാസംഗികയും, ഡാന്‍സുകാരിയും, ഇംഗ്ലണ്ടിലെ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയുമായ അന്ന ടോമും ചേര്‍ന്നാണ്‌ ഈ കലാസാംസ്കാരികവേദി മോഡറേഷന്‍ ചെയ്തത്‌.

ഗ്ളോബല്‍ വൈസ്‌ ചെയര്‍പേഴ്‌സന്‍ മേഴ്സി തടത്തില്‍, ടൂറിസം ഫോറം പ്രസിഡന്റ്‌ തോമസ്‌ കണ്ണങ്കേരിൽ, ഗ്ളോബര്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്‌ ചെറിയാന്‍ ടി. കീക്കാട്‌, യു. എന്‍. ബോണ്‍ ചീഫ്‌ അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ സോമരാജ്‌ പിള്ള, ജര്‍മന്‍ പ്രൊവിന്‍സ്‌ ജനറല്‍ സെക്രട്ടറി ചിനു പടയാട്ടില്‍, യൂറോപ്പ്‌ റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, പ്രമുഖ സാഹിത്യകാരനും, മാധ്യമപ്രവര്‍ത്തകനുമായ കാരൂര്‍ സോമന്‍, ദുബായ്‌ പ്രൊവിന്‍സ്‌ പ്രസിഡന്റ്‌ പോള്‍സണ്‍ കോന്നോത്ത്‌ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ ട്രഷറര്‍ ഷൈബു ജോസഫ്‌ കട്ടിക്കാട്ട് കൃതജ്ഞത പറഞ്ഞു.

ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികള്‍ക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ ഒരുക്കുന്ന ഈ കലാസാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം സെപ്തംബര്‍ 29-ാം തീയതി ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ (UK time) വെര്‍ച്ചല്‍ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്‌. ഈ കലാസാംസ്കാരിക വേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ടു തന്നെ ഇതില്‍ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്‌.

ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച്‌ സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്‌.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കൂട്ടായ്മയിലേക്ക്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ സ്വാഗതം ചെയ്യുന്നു.

ജോളി എം. പടയാട്ടില്‍ (പ്രസിഡന്റ്‌ ) 04915753181523, ജോളി തടത്തില്‍ ചെയര്‍മാന്‍) 0491714426264, ബാബു തോട്ടപ്പിള്ളി ((ജന.സെക്രട്ടറി) 0447577834404

RECENT POSTS
Copyright © . All rights reserved