Association

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ ഗ്ലോസ്‌റ്റർ ഷെയർ ബ്രാഞ്ചിന്റെ പ്രതിനിധി സമ്മേളനം ഒക്ടോബർ 2 ശനിയാഴ്ച്ച നടന്നു. മുൻ ഭരണ സമിതി പ്രസിഡന്റ് സഖാവ് ലോറൻസ് പെല്ലിശ്ശേരി അധ്യക്ഷത വഹിച്ച സമ്മേളനം,സമീക്ഷ നാഷണൽ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി ഉദ്‌ഘാടനം ചെയ്തു . മുൻ ബ്രാഞ്ച് സെക്രട്ടറി സഖാവ് സനോജ് മാത്യു,കഴിഞ്ഞ ഭരണ സമിതിക്കു വേണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു.

അടുത്ത രണ്ട് വർഷത്തേയ്ക്ക് ലോറൻസ് പല്ലശ്ശേരി (പ്രസിഡന്റ് ), സാം (സെക്രട്ടറി), അഡ്വക്കേറ്റ് ചാൾസ് വർഗീസ് (വൈസ് പ്രസിഡന്റ് ), ജിനീഷ് (ജോയിൻ സെക്രട്ടറി), ജോയ് ജൂഡ് ( ട്രഷറർ ) എന്നിവർ അടങ്ങുന്ന പുതിയ ഭരണ സമിതിയെ ഏകകണ്ഠേന തെരഞ്ഞെടുത്തു.

ഇരുപത്തഞ്ചോളം പേർ പങ്കെടുത്ത സമ്മേളനത്തിൽ സമീക്ഷ യുകെയുടെ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനങ്ങൾ ദേശീയ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി വിശദീകരികയും കഴിഞ്ഞ ഒരു വർഷകാലം ഗ്ലോസ്‌റ്റ്ർ ഷെയർ ബ്രാഞ്ച് സമീക്ഷ യുകെയ്ക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ സമീക്ഷ യുകെ നടത്തിയ ബിരിയാണി മേളയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയ ബ്രാഞ്ചാണ് ഗ്ലോസ്‌റ്റർ ഷെയർ ബ്രാഞ്ച്, അതിൽ പങ്കെടുത്ത എല്ലാ സഖാക്കളോടും, സുഹൃത്തുക്കളോടും പ്രത്യേകിച്ചും ആദ്യം മുതൽ അവസാനം വരെ സജീവമായി നിന്ന വനിതാ സഖാക്കളോടും ഉള്ള നന്ദി സമീക്ഷ ദേശീയ കമ്മിറ്റിക്കു വേണ്ടി ദേശീയ സെക്രട്ടറി അറിയിച്ചു. സമീക്ഷ യുകെയുടെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്കും വരാൻ പോകുന്ന ദേശീയ സമ്മേളനത്തിനും യോഗം പൂർണ്ണ പിന്തുണ അറിയിച്ചു.

അടുത്ത രണ്ട്‌ വർഷ കാലത്തേയ്ക്ക് ഇതിലും മികവുറ്റ പ്രവർത്തനങ്ങൾ നടത്തുവാൻ സാധിക്കുമെന്ന ഉറപ്പോടെ, എല്ലാവിധ പിന്തുണയും സഹകരണവും മുഴുവൻ അംഗങ്ങളിൽ നിന്നും പ്രതീക്ഷിച്ചുകൊണ്ട് , എല്ലാവർക്കും സ്നേഹാഭിവാദ്യങ്ങളുമായി യോഗം .

ഓൾ യുകെ ഷട്ടിൽ ബാഡ്മിൻറൺ കോമ്പറ്റീഷൻ മലയാളികൾക്കായി ഡിസംബർ 4, ശനിയാഴ്ച യുകെയിലെ നനീട്ടനിൽ നടത്തുന്നു. യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 32 ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്

സമ്മാനം
ഒന്നാം സമ്മാനം – £501
രണ്ടാം സമ്മാനം – £201
മൂന്നാം സമ്മാനം – £101
നാലാം സമ്മാനം – £51

മത്സരത്തിൽ പങ്കെടുക്കുന്നതിനായിട്ടുള്ള രജിസ്ട്രേഷൻ ഫീസ് £40 ആണ് .

നവംബർ 30 ന് രജിസ്ട്രേഷൻ അവസാനിക്കും .

ടൂർണമെന്റിൻെറ സുഗമമായി നടത്തിപ്പിനായി ഇൻഡസ് കമ്മിറ്റിക്കൊപ്പം ശ്രീ. ബിൻസ് ജോർജ്, ശ്രീ. ഷിജി ചാക്കോ, ശ്രീ. ഷിജോ മാത്യു എന്നിവർ കൺവീനർമാരായും, ശ്രീ. ജിനോ സെബാസ്റ്റ്യൻ ജനറൽ കൺവീനറായും കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട് .

ടൂർണമെന്റിൻെറ ടീം രജിസ്ട്രേഷനുവേണ്ടി
ഷിജോ മാത്യു : 07859886743
ബിൻസ് ജോർജ് : 07931329311
ഷിജി ചാക്കോ: 07983629860
എന്നിവരെ ബന്ധപ്പെടുക

നിരവധി പ്രാദേശിക സംഗമങ്ങൾ യുകെയിലെ മലയാളികൾ വിജയകരമായി നടത്തി കൊണ്ട് പോകുന്നുണ്ടെങ്കിലും അവയെയെല്ലാം വെല്ലുന്ന മലയാളി സംഗമം ഒരുക്കാൻ ബ്രിട്ടനിലെ പുതുപ്പള്ളിക്കാർ തയ്യാറെടുക്കുന്നു 7-ാംമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന്റെ പ്രാഥമിക ഘട്ടം പൂർത്തിയായപ്പോൾ തന്നെ നിരവധി കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. രാവിലെ 10 മണി മുതൽ വൈകിട്ട് 7മണിവരെയാണ് കുടുംബാംഗങ്ങൾ സ്നേഹ സൗഹൃദങ്ങൾ പുതുക്കുവാനായി ഒക്ടോബർ 9 -ന് ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് ഹൈസ്കൂൾ ഹാളിൽ ഒത്തുചേരുന്നതാണ്. ഇത് വരെ നടന്നവയിൽ നിന്നെല്ലാം വൃതൃസ്തമായി യുകെയിലെ മുഴുവൻ പുതുപ്പള്ളി മണ്ഡലക്കാരെയും ഒന്നിച്ച് സംഗമ വേദിയിൽ എത്തിക്കാനായി കഠിന പ്രയ്ത്നത്തിലാണ് സംഘാടകർ.

വാകത്താനം, മണർകാട്, പുതുപ്പളളി, മീനടം, പാമ്പാടി, തിരുവഞ്ചുർ, പനച്ചികാട്, കുറിച്ചി, അകലക്കുന്നം , കങ്ങഴ, അയർകുന്നം എന്നിവിടങ്ങളിൽ നിന്നെല്ലാം ഒന്ന് ചേർന്നാണ് പുതുപ്പള്ളി സംഗമം ആഘോഷമാക്കാൻ ഒരുങ്ങുന്നത്. നാടിന്റെ സ്മൃതി ഉണർത്തുന്ന വാശിയേറിയ പകിടകളി, നാടൻ പന്തുകളി, വടംവലി മത്സരവും, ഗാനമേളയും മേളത്തിന് അകമ്പടി സേവിക്കും. മുൻവർഷങ്ങളിലെപ്പോലെ സംഗമ ഹാളിൽ എത്തിച്ചേരുന്ന മുഴുവൻ കുടുബാംഗങ്ങൾക്കും നൽകുവാനായി പ്രഭാത ഭക്ഷണവും , ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനു പുറമേ വൈകുന്നേരം ലൈവ് നാടൻ തട്ടുകടയും ഒരുക്കി വൃതൃസ്തതയാർന്ന രുചിക്കൂട്ടിലുളള ഭക്ഷണവും തയ്യാറാക്കി നൽകുന്നതാണ്. പ്രകൃതി രമണിയത കൊണ്ട് പ്രവാസികളുടെ നന്മയും സൗഹൃദവും പങ്ക് വയ്ക്കപ്പെടുന്ന വേദിയായി. ഒക്ടോബർ 9 -തിന് ഇപ്സ്വിച്ച് മാറും എന്നതിന് തെല്ലും സംശയമില്ലാ. മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം സംഗമം മാറ്റിവയ്ക്കപ്പെട്ടതിനാൽ ഇത്തവണ പതിന്മടങ്ങു മാറ്റുകൂട്ടി കൊണ്ടാടാനാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഗമഭാരവാഹികൾ അറിയിച്ചിരിക്കുന്നു. കുടുതൽ വിവരങ്ങൾക്ക്. വിപിൻ 07412320987. ജയ്മോൻ 07481444848.

Venues St Albans High School Digby Rd Ipswich Ip4 3NJ.

മുട്ടുചിറ: കോട്ടയം ജില്ലയിൽ മുട്ടുച്ചിറയിൽ താമസിക്കുന്ന രാജു കിഡ്‌നി തകരാറിലായി ഡയാലിസിസ് തുടങ്ങിയിട്ട് നാലുവർഷത്തോളമായി. രാജു ഒരു ടാപ്പിംഗ് തൊഴിലാളിയായിരുന്നു, വർഷങ്ങളോളമായി രാജു ടാപ്പിംഗും ഭാര്യ ലക്ഷ്മി വീട്ടു വേലകളും ചെയ്താണ് രണ്ടു മക്കൾ അടങ്ങുന്ന കുടുംബം പോറ്റിയിരുന്നത്.
രാജുവിന്റെ കിഡ്‌നി രോഗം ഈ കുടുംബത്തെ തകർത്തു കളഞ്ഞു. ശമിക്കാത്ത വയറുവേദനയെത്തുടർന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത രാജുവിനെ വിദ്‌ഗദത്ത പരിശോധനകൾക്കു ശേഷമാണു അറിയാൻ കഴിഞ്ഞത് തന്റെ രണ്ടു കിഡ്നികളും തകരാറിലാണെന്ന യാഥാർഥ്യം.

വളരെനാളത്തെ ചികിത്സകൾ നടത്തിയെങ്കിലും രോഗ ശമനം ലഭിക്കാതെ ഡയാലിസിലേക്കു മാറുകയായിരുന്നു. കൂലിവേലക്കാരായ രാജുവിനും ലക്ഷ്മിക്കും ആഴ്ചയിൽ രണ്ടുവീതമുള്ള ഡയാലിസിസും കുടുംബച്ചിലവുകളും താങ്ങാവുന്നതിലുമധികമായിരുന്നു, നിരന്തര ചികിത്സകൾ ഈ കുടുംബത്തെ തീരാ കടക്കെണിയിലാണ് എത്തിച്ചത്. ഡയാലിസിനും മരുന്നുകൾക്കുമായി രാജുവിന് ഇപ്പോൾത്തന്നെ ആഴ്ചയിൽ നല്ലൊരുതുക ആവശ്യമാണ്. പലപ്പോഴും സാമ്പത്തീക പരാധീനത മൂലം ഡയാലിസിസ് ചെയ്യാൻ പറ്റാറില്ല. ഇപ്പോൾ ഡോക്ടർ നിർദ്ദേശിച്ചിരുക്കുന്നതു ഒരു ഇന്ജെക്ഷന് പതിനയ്യായിരം രൂപ വിലവരുന്ന മരുന്ന് മൂന്നു തവണ എടുക്കണമാണ്.

അനുദിന മരുന്നുകൾക്കുപോലും നിവൃത്തിയില്ലാത്ത രാജുവും കുടുംബവും എങ്ങനെ തുടര്ചികിത്സകൾ നടത്തുമെന്നറിയാതെ വലയുകയാണ്. ഈ അവസ്ഥയിൽ രാജുവിനും കുടുംബത്തിനും ഒരു കൈത്താങ്ങാകുവാൻ നമുക്കും സാധിക്കില്ലേ? പ്രിയമുള്ളവരേ രാജുവിനെ സഹായിക്കുവാൻ സന്മനസ്സുള്ള സുഹൃത്തുക്കൾ ഒക്ടോബർ പതിനഞ്ചിനുമുന്പായി വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അകൊണ്ടിലേക്കു കഴിയുന്ന സഹായം നിക്ഷേപിക്കാൻ അപേക്ഷിക്കുന്നു.

Registered Charity Number 1176202
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

യുകെയിലെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികൾ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും, ഫുട്ബോൾ എന്ന കായിക ഇനം ഇവിടുത്തെ മലയാളികൾക്കിടയിൽ കൂടുതൽ ജനകീയമാക്കുന്നതിനും വേണ്ടി ഡോർചെസ്റ്റർ മലയാളി കമ്യൂണിറ്റിയുടെ ഫുട്ബാൾ ക്ലബ്ബായ ഡിഎംസി യുണൈറ്റഡിന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഒക്ടോബർ 30 നു യുകെയിലെ മലയാളി ക്ലബ്ബുകൾക്കു വേണ്ടി ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു. ഡോർചെസ്റ്ററിലെ 1610 സ്പോർട്സ് സെൻ്ററിലെ 3G ടർഫ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കോവിഡ് കാലത്തെ വിരസത മാറ്റാനായി ഫുട്ബോൾ കളിച്ചു തുടങ്ങിയ ഡോർചെസ്റ്ററിലെ ഫുട്ബോൾ പ്രേമികൾ ഇതിനോടകം തന്നെ സമീപ സ്ഥലങ്ങളിലെ മലയാളി ഫുട്ബാൾ ക്ലബ്ബുകളുമായി മാറ്റുരച്ചു കഴിഞ്ഞു .

വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും ട്രോഫിയും ഡിഎംസി യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബ് വാഗ്ദാനം ചെയ്യുന്നുണ്ട്

ടീമുകള്‍ രജിസ്ട്രേഷൻ വേണ്ടി ബന്ധപ്പെടുക
വിജു: 07787997281

 

ജോബി കൊല്ലം

വലേറ്റ : യൂറോപ്പിലെ മാൾട്ടയിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ ഡാർക്ക്റെഡ് സോൺ ലിസ്റ്റിൽ ഉൾപ്പെടുത്തി മാൾട്ട ഗവൺമെൻറ് നിർബന്ധപൂർവ്വം 1400 യൂറോ (ഒന്നേകാൽ ലക്ഷം രൂപ) ഈടാക്കി നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയ വിഷയത്തിൽ മാൾട്ട ആരോഗ്യ മന്ത്രാലയ പ്രതിനിധികളുമായി വലേറ്റയിലെ മിനിസ്ട്രി ഓഫ് ഹെൽത്ത് ഓഫീസിൽ യുവധാര സാംസ്കാരികവേദിയുടെ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. ഓഗസ്റ്റ് പതിനാറാം തീയതി യുവധാര സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്.

യുവധാര മാൾട്ടയെ പ്രതിനിധീകരിച്ച് സെക്രട്ടറി സ:ബെസ്റ്റിൻ വർഗീസ്, പ്രസിഡന്റ് സ: ജോബി കൊല്ലം , ജോയിന്റ് സെക്രട്ടറി സ: അയൂബ് തവനൂർ എന്നിവരാണ് മാൾട്ട ആരോഗ്യ മന്ത്രാലയം ഓഫീസിലെത്തി ആരോഗ്യമന്ത്രിയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയത്.

ചർച്ചയിൽ ക്വാറന്റീൻ വിഷയത്തിൽ യുവധാര ഉന്നയിച്ച പരാതികളിൽ ഉടൻതന്നെ അനുഭാവപൂർണമായ നടപടിയെടുക്കാമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽ നിന്ന് ഇവിടെ എത്തിയ പ്രവാസികൾ നേരിടുന്ന മറ്റു പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ യുവധാര ഉന്നയിച്ചു. കോവിഡ് – 19ന്റെ ആദ്യനാളുകളിൽ യുവധാര ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നടത്തിയ ഭക്ഷ്യകിറ്റ് വിതരണവും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും മീഡിയയിൽ വന്നത് മന്ത്രാലയം ശ്രദ്ധിച്ചുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങൾ തികച്ചും സ്ലാഘനീയമാണെന്നും അധികൃതർ അനുമോദിച്ചു. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടുനിന്നു .

 

 

 

ഷിബു മാത്യൂ.
യോര്‍ക്ഷയറിലെ പ്രമുഖ മലയാളി അസോസിയേഷനായ ലിമ (ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍) സംഘടിപ്പിക്കുന്ന കലാവിരുന്ന് ഒക്ടോബര്‍ ഒമ്പത് ശനിയാഴ്ച്ച ലീഡ്‌സിലെ ആംഗ്ലേസ് ക്ലബ്ബില്‍ വെച്ച് നടത്തപ്പെടും. അന്നേ ദിവസം രാവിലെ പത്ത് മണിക്ക് ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ കലാവിരുന്ന് ഉദ്ഘാടനം ചെയ്യും. കോവിഡില്‍ രാജ്യം തളര്‍ന്നപ്പോള്‍ ലിമയുടെ ഔദ്യോഗീക പരിപാടികള്‍ തല്കാലത്തേയ്‌ക്കെങ്കിലും നിര്‍ത്തിവെയ്‌ക്കേണ്ടതായി വന്നു. ഗവണ്‍മെന്റ് ഇളവുകള്‍ നല്‍കിയതിനു ശേഷമുള്ള ആദ്യ കൂട്ടായ്മയാണ് ഒക്ടോബര്‍ ഒമ്പതിന് ലീഡ്‌സില്‍ നടക്കുക. കോവിഡ് കാലത്ത് പുതുതായി നിരവധി മലയാളി കുടുംബങ്ങള്‍ ലീഡ്‌സിലും പരിസരത്തുമായി എത്തിച്ചേര്‍ന്നിട്ടുണ്ട്. അവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കൂട്ടായ്മയടെ ഒരാഘോഷമാണ് ഈ കലാവിരുന്ന്. കലാസാംസ്‌കാരിക പരിപാടികളും ഫാമിലി ഗെയിംസും ഉള്‍പ്പെടെ എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന നിരവധിയായ പരിപാടികളാണ് കലാവിരുന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് സംഘാടകര്‍ അറിയ്ച്ചു.

ലിമയുടെ കലാവിരുന്നില്‍, ലിമയുടെ പ്രസിഡന്റും നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്ത് മുന്‍ പരിചയമുള്ള ജേക്കബ് കുയിലാടന്‍ സംവിധാനം ചെയ്യുന്ന ‘അമ്മയ്‌ക്കൊരു താരാട്ട് ‘ എന്ന നാടകം അരങ്ങേറും. മാതാപിതാക്കള്‍ മക്കളെ വളര്‍ത്തിയതുപോലെ മക്കള്‍ മാതാപിതാക്കളെ വളര്‍ത്തണം എന്ന വലിയ സന്ദേശം ആധുനിക തലമുറയ്ക്ക് കൈമാറുക എന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. നിരവധി നാടകങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയ തോമസ്സ് മാളെക്കാരനാണ് ഈ നാടകം രചിച്ചിരിക്കുന്നത്. ലീഡ്‌സ് മലയാളി അസ്സോസിയേഷനിലെ കലാകാരന്മാര്‍ തന്നെയാണ് നാടകത്തില്‍ വേഷമിടുന്നത്. മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിച്ചവരും ഈ നാടകത്തില്‍ അണിനിരക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ലീഡ്‌സില്‍ പുതുതായി എത്തിയ കുടുംബങ്ങളെ അസ്സോസിയേഷന് പരിചയപ്പെടുത്തുന്നതോടൊപ്പം വിദ്യാഭ്യാസ രംഗത്ത് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന മഹത്തായ കര്‍മ്മം കൂടി അന്ന് നടക്കും. കൂടാതെ അത്തപ്പൂക്കള മത്സരമുള്‍പ്പെടെ നടന്ന മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനം ലീഡ്‌സിലെ പ്രമുഖ റെസ്റ്റോറന്റായ തറവാട് റെസ്റ്റോറന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങള്‍ തറവാട് റെസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ സിബി ജോസ് വിജയികള്‍ക്ക് സമ്മാനിക്കും.
ലീഡ്‌സിലുള്ള എല്ലാ മലായാളികളെയും ലിമ സ്വാഗതം ചെയ്യുകയാണ്. വൈകുന്നേരം അഞ്ച് മണി വരെ നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഇത്തരം കൂട്ടായ്മ സമൂഹത്തിലെ സൗഹൃദത്തിന്റെയും ഒരുമയുടെയും ആഴം കൂട്ടുവാന്‍ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്ന് പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.


സംവിധായകന്‍
ജേക്കബ്ബ് കുയിലാടന്‍

 

എബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്റർ യുകെയിലെ പഠന കേന്ദ്രങ്ങളിലെ കുട്ടികൾക്കായി നടത്തിയ ‘കണിക്കൊന്ന’ പഠനോത്സവത്തിൽ വിജയികളായ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം 26-9- 21 ഞായർ 4 പി എം ന് ( IST: 8.30 PM) നടത്തുന്നു. ബഹു.കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായി പങ്കെടുത്ത് സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവ്വഹിക്കുന്നതാണ്. മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ് മുഖ്യപ്രഭാഷണം നടത്തും. മലയാളം മിഷൻ ഭാഷാ അധ്യാപകൻ ഡോ. എം ടി ശശി, യുകെ ചാപ്റ്റർ നോർത്ത് റീജിയൻ കോർഡിനേറ്റർ ശ്രീമതി ബിന്ദു കുര്യൻ എന്നിവർ ആശംസകൾ നേരും. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ഏബ്രഹാം കുര്യൻ സ്വാഗതവും പ്രവർത്തക സമിതി അംഗം ദീപ സുലോചന നന്ദിയും പറയും.

കേരളത്തിലെ മലയാളം മിഷൻ ഓഫീസിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റുകൾ യുകെയിലെ പഠന കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. യുകെയിൽ പൊതുവേദിയിൽ ഇപ്പോൾ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിന് നിയന്ത്രണം ഇല്ലാത്തതിനാൽ പഠന കേന്ദ്രങ്ങളിൽ കുട്ടികൾക്ക് ആഹ്ളാദം പകരുന്ന രീതിയിലുള്ള പരിപാടികൾ സംഘടിപ്പിച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യണമെന്നാണ് സ്കൂൾ ഭാരവാഹികൾ ഉദ്ദേശിക്കുന്നത്.

കോവിഡ് മഹാമാരിയുടെ വിഷമതകൾ നിറഞ്ഞ സമയങ്ങളിലൂടെ കടന്നുപോയിട്ടും യുകെയിലെ 5 മേഖലകളിൽ നിന്നുമായി 13 സ്കൂളുകളിൽനിന്ന് 152 പഠിതാക്കളെ പങ്കെടുപ്പിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ 10 ന് നടത്തിയ ആദ്യ സർട്ടിഫിക്കറ്റ് കോഴ്സ് കണിക്കൊന്നയുടെ മൂല്യനിർണ്ണയമായ പഠനോത്സവം വലിയ വിജയമായിരുന്നു.

വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നുമായി പഠനോത്സവത്തിൽ പങ്കെടുക്കുവാനെത്തിയ കുട്ടികളെ മൂന്ന് വിഭാഗമായി തിരിച്ച് ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ നിരവധി വെർച്വൽ ക്ലാസ് റൂമുകൾ ഒരുക്കിയാണ് പഠനോത്സവം കുറ്റമറ്റ രീതിയിൽ നടത്തിയത് . മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതി അംഗങ്ങളും അധ്യാപകരും സാങ്കേതിക പ്രവർത്തകരും രക്ഷകർത്താക്കളും കൂട്ടായി പ്രവർത്തിച്ചതു കൊണ്ടാണ് പഠനോത്സവം വിജയകരമായി നടത്തുവാനും യഥാസമയം മൂല്യനിർണയം നടത്തി റിസൾട്ട് പ്രഖ്യാപിക്കുവാനും പഠനോത്സവ കമ്മിറ്റിക്ക് സാധിച്ചത്.

മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാരവാഹികൾക്കും വിവിധ പഠന കേന്ദ്രങ്ങളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരുപോലെ ആവേശവും സന്തോഷവും പകരുന്ന രീതിയിൽ നാളെ-ഞായർ (26-9 -21) വൈകുന്നേരം 4 മണിക്ക് ( IST: 8.30 PM) നടക്കുന്ന സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാനായി മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തകരെയും അധ്യാപകരെയും രക്ഷിതാക്കളെയും പഠിതാക്കളെയും അഭ്യുദയകാംക്ഷികളെയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ദ്ധ സമിതി ചെയർമാൻ ജയപ്രകാശ് എസ് എസ്, മേഖല കോർഡിനേറ്റർമാരായ ബേസിൽ ജോൺ, ആഷിക്ക് മുഹമ്മദ് നാസർ, ബിന്ദു കുര്യൻ, ജിമ്മി ജോസഫ്, രഞ്ചു പിള്ള എന്നിവർ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

2017 സെപ്തംബറിൽ ലണ്ടനിൽ വച്ച് മുൻ സാംസ്കാരിക മന്ത്രി ശ്രീ എ കെ ബാലൻ ഉദ്ഘാടനം ചെയ്ത മലയാളം മിഷൻ യുകെ ചാപ്റ്റർ ഇന്ന് 6 മേഖലകളിലായി 47 പഠനകേന്ദ്രങ്ങളും 150തോളം അധ്യാപകരും 900 ത്തോളം പഠിതാക്കളുമായി വളർച്ചയുടെ പാതയിലാണ്. 134 അദ്ധ്യാപകർക്ക് മലയാളം മിഷനിൽ നിന്ന് പ്രാഥമിക ട്രെയ്നിംഗ് ലഭിച്ചു കഴിഞ്ഞു.

യു കെ യിലെ എല്ലാ പ്രദേശങ്ങളിലും മലയാളം മിഷന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ച് പുതിയ പഠന കേന്ദ്രങ്ങൾ ആരംഭിക്കുവാനുള്ള പരിശ്രമങ്ങൾ യുകെ ചാപ്റ്റർ ഭാരവാഹികൾ നടത്തി വരികയാണ്. പുതിയ സ്കൂളുകൾ ആരംഭിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് (07846747602) സെക്രട്ടറി ഏബ്രഹാം കുര്യൻ (07882791150) എന്നിവരെയോ അതാത് മേഖല കോർഡിനേറ്റർമാരെയോ ബന്ധപ്പെടുക. [email protected] എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

സെപ്തംബർ 26 ഞായർ 4 പി എംന് നടക്കുന്ന കണിക്കൊന്ന സർട്ടിഫിക്കറ്റ് വിതണോദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള സൂം ലിങ്കിന്റെയും ഫേസ്ബുക്ക് ലൈവിന്റെയും വിശദാംശങ്ങൾ താഴെ കൊടുക്കുന്നു. ആദ്യം പ്രവേശിക്കുന്ന 100 പേർക്ക് സൂമിലൂടെയും ബാക്കിയുള്ളവർക്ക് ഫേസ് ബുക്കിലൂടെയും ലൈവായി സമ്മേളനത്തിൽ പങ്കെടുക്കാവുന്നതാണ്.

ZOOM MEETING ID: 82962773746
Passcode: MAMIUK

www.facebook.com/MAMIUKCHAPTER/live

 

ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ 1921-ലെ മലബാർ കലാപത്തെ ആസ്പദമാക്കി ഉള്ള പ്രഭാഷണം സെപ്റ്റംബർ മാസം 24-ആം തിയതി വെള്ളിയാഴ്ച രാത്രി 09:30 ന് നടത്തപ്പെടുന്നു.(ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 07:00 മണി).കോവിഡ് മാനദണ്ഡങ്ങൾ തുടരുന്നതിനാൽ വെബ്‌നാർ പ്രഭാഷണം ആണ് നടത്തപ്പെടുക.

‘1921-മലബാർ കലാപം സത്യവും മിഥ്യയും ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസേർച്ച് ഡയറക്ടർ ബോർഡ് അംഗം ആയ ഡോ.സി.ഐ. ഐസക്ക്, കുരുക്ഷേത്ര പബ്ലിക്കേഷൻസ് എഡിറ്റർ ശ്രീ.കാ.ഭാ.സുരേന്ദ്രൻ, മലബാർ കലാപത്തിന്റെ ഇരയായ കുടുംബത്തിലെ പിൻതലമുറക്കാരിയും ,ക്ലാസിക്കൽ ഡാൻസറും,കൾച്ചറൽ അംബാസിഡറും ആയ ശ്രീമതി.സ്മിത രാജൻ എന്നിവർ ആണ് പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കുന്നത്.

കാനഡയിലെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിച്ചു വരുന്ന ഹിന്ദു കൂട്ടായ്മകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് 2021 ജനുവരിയിൽ രൂപം കൊണ്ടതാണ് കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (K H F C). കുടിയേറ്റ രാജ്യമായ കാനഡയിലെ നവ തലമുറയിലേയ്ക്ക് ഹിന്ദു സംസ്കാരം,ധർമ്മം എന്നിവ പകർന്നു നൽകുന്നതിനു വേണ്ടി കൂടിയാണ് കെ എച്ച് എഫ് സി രൂപം കൊണ്ടിട്ടുള്ളത്. കാനഡയിലെ വിവിധ ഹിന്ദു മലയാളി കൂട്ടായ്മകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നത് വഴി വിവിധ പ്രവിശ്യകളിൽ ഉള്ള ഹിന്ദു കുടുംബങ്ങൾ തമ്മിൽ ഉള്ള ബന്ധം ഊഷ്മളമാക്കുന്നതിനും,വിവിധ ഹിന്ദു കൂട്ടായ്മകൾ നടത്തുന്ന പ്രാദേശിക ഉത്സവങ്ങൾ,സെമിനാറുകൾ,കലാ പരിപാടികൾ,പ്രഭാഷണങ്ങൾ എന്നിവ ഏകോപിപ്പിച്ചു എല്ലാവരിലേക്കും എത്തിയ്ക്കുവാനും,പ്രവിശ്യാ അടിസ്ഥാനനത്തിൽ ഉള്ള വിദ്യാഭ്യാസം ,തൊഴിൽ,പാർപ്പിടം,ചികിത്സാ സൗകര്യങ്ങൾ എന്നിവയിൽ ഉള്ള അവസരങ്ങളെ കാനഡയിലെ മുഴുവൻ ഹിന്ദുക്കളിലേയ്ക്കും എത്തിക്കുക എന്ന ദൗത്യവും കെ എച്ച് എഫ് സി സന്നദ്ധ പ്രവർത്തകർ ചെയ്തു വരുന്നു.

“1921- മലബാർ കലാപം സത്യവും മിഥ്യയും ” :- മലബാറിന്റെ ചരിത്രത്തിലേക്കുള്ള ഒരു ചൂണ്ടുപലക ആയി നടത്തപ്പെടുന്ന ഈ പ്രഭാഷണ പരിപാടിയിലേയ്ക്ക് ലോകം എമ്പാടുമുള്ള മലയാളി ചരിത്ര ഗവേഷകരുടെയും,പഠിതാക്കളുടെയും,സഹൃദയരുടെയും,രാഷ്ട്രീയ നിരീക്ഷകരുടെയും സാന്നിധ്യം ഭാരവാഹികൾ സഹൃദയം ക്ഷണിചു കൊള്ളുന്നു . പ്രഭാഷണത്തിൽ സംബന്ധിയ്ക്കുവാൻ താല്പര്യം ഉള്ളവർക്ക് താഴെകാണുന്ന വെബ്‌നാർ ലിങ്ക് ഉപയോഗിച്ചു പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. khfcanada എന്ന ഫേസ്ബുക്ക് പേജിൽ ലൈവും ഉണ്ടായിരിക്കും.

https://us02web.zoom.us/j/89444168545?pwd=NDE4K1JZMTRaYys2WEtyUWszSUkwUT09

Zoom Meeting ID: 894 4416 8545
Passcode: 449034

ജിൻസി കോരത്

യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽഅസോസിയേഷന്റെ (ജി എ സി എ) ഈ വർഷത്തെ ഓണാഘോഷം പ്രൗഡോജ്വലമായി നടന്നു. പൂക്കളമൊരുക്കിതിരുവാതിരയും വള്ളംകളിയും കളരിപ്പയറ്റും പുലിക്കളിയും തുടങ്ങി വിവിധ കലാരൂപങ്ങൾ വേദിയിൽനിറഞ്ഞാടി. ഓണപ്പാട്ടിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് മാവേലിത്തമ്പുരാനെവേദിയിലേക്ക് എതിരേറ്റത്. മാവേലിയുടെ സാന്നിധ്യത്തിൽ ജി എ സി എ പ്രസിഡൻറ് നിക്സൺ ആന്റണിയുംഎക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും ചേർന്ന് തിരിതെളിച്ച് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. നിക്സൺആന്റണി അദ്ധ്യക്ഷ പ്രസംഗം നടത്തി. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും യുക്മ സാംസ്കാരിക വേദിരക്ഷാധികാരിയുമായ സി എ ജോസഫ് ഓണ സന്ദേശം നൽകി. യുകെയിലെ ഏറ്റവും മികച്ച മാവേലിമാരിൽഒരാളായി അറിയപ്പെടുന്ന ക്ളീറ്റസ് സ്റ്റീഫൻ മാവേലിത്തമ്പുരാനായി എത്തി തന്റെ പ്രജകൾക്കായിഅനുഗ്രഹപ്രഭാഷണം നടത്തി.


ഗിൽഫോർഡിൽ നിന്നും ബേസിംഗ്‌സ്‌റ്റോക്കിലേക്ക് താമസിക്കുവാനായി പോകുന്ന സി എ ജോസഫിനുംകുടുംബത്തിനും ചടങ്ങിൽ ജി എ സി എ യുടെ ഉപഹാരം നൽകി ആദരിച്ചു. കഴിഞ്ഞ 15 വർഷമായിഗിൽഫോർഡിൽ താമസിച്ചിരുന്ന യു കെ യിലെ കലാ സാംസ്കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യവും യുക്മസാംസ്കാരിക വേദി രക്ഷാധികാരിയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ടുമായ സി എ ജോസഫ്ഗിൽഫോർഡിലെ സാമൂഹ്യ-സാംസ്കാരിക ആദ്ധ്യാത്മിക മേഖലകളിലും സജീവസാന്നിധ്യമായിരുന്നുവെന്നുംഅനുസ്മരിച്ചുകൊണ്ട് ജി എ സി എ യുടെ ഉപഹാരം പ്രസിഡൻറ് നിക്സൺ ആന്റണി നൽകി. മാവേലി സി എജോസഫിനെ പൊന്നാടയണിയിച്ച് ആദരിച്ചു. മറുപടി പ്രസംഗത്തിൽ ജി എ സി എ നൽകിയ സ്നേഹാദരവിന്പ്രസിഡന്റ് നിക്സൺ ആന്റണിക്കും വൈസ് പ്രസിഡന്റ് മോളി ക്ളീറ്റസിനും ജി എ സി എയുടെ എല്ലാഭാരവാഹികൾക്കും കുടുംബാംഗങ്ങൾക്കും സി എ ജോസഫ് നന്ദി പറഞ്ഞു. ഇക്കഴിഞ്ഞ യുക്മ ദേശീയകലാമേളയിൽ ഉപകരണ സംഗീതത്തിൽ (ഗിറ്റാർ) രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കെവിൻ ക്ളീറ്റസിന് ജി എ സിഎയുടെ ഉപഹാരം പ്രസിഡന്റ് നിക്‌സൺ ആന്റണി നൽകി അഭിനന്ദിച്ചു.


വർണ്ണശബളമാർന്ന കലാപരിപാടികൾ കൊണ്ട് സമ്പന്നമായ ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിച്ചത്ഗിൽഫോർഡ് ജേക്കബ്ബസ് വില്ലേജ് ഹാളിലായിരുന്നു. കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നുപോയതിനാലും ഗവൺമെൻറിന്റെ നിയന്ത്രണങ്ങൾ പാലിക്കേണ്ടിയിരുന്നതുകൊണ്ടും കഴിഞ്ഞവർഷംഓണാഘോഷം നടത്തുവാൻ കഴിയാതിരുന്നതിനാൽ എല്ലാ കുടുംബാംഗങ്ങളും ആവേശപൂർവ്വമാണ് ഇത്തവണത്തെ ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ എത്തിയത്.


തിരുവോണാഘോഷങ്ങളുമായി ബന്ധപ്പെട്ട വർണ്ണപ്പകിട്ടാർന്ന മുഴുവൻ കലാരൂപങ്ങളും സമന്വയിപ്പിച്ച് വേദിയിൽഓണത്തീമായി അവതരിപ്പിച്ച സംഗീത നൃത്ത ശിൽപ്പം മുഴുവൻ കാണികളുടെയും മനം കവർന്നു. മനോഹരമായതിരുവോണപ്പാട്ടിന് വശ്യതയാർന്ന അഭിനയമികവിൽ ദൃശ്യാനുഭവം സമ്മാനിച്ച സനു ബേബി, ആതിര സനു, എൽദോ കുര്യാക്കോസ് ഒപ്പം നാടുകാണാനും കേരളത്തിന്റെ പൈതൃകം അടുത്തറിയാനുമായി എത്തിച്ചേർന്നറുക്സണ ടിനു എന്ന വിദേശ വനിതയും ചേർന്ന് തിരുവോണത്തിന്റെ തീം ഡാൻസിന് തുടക്കം കുറിച്ചപ്പോൾശ്രീലക്ഷ്മി ,ചിന്നു ,ആനി , ആതിര, ചിഞ്ചു, മോളി, ഫാൻസി, ജിൻസി തുടങ്ങിയ കലാപ്രതിഭകളായ വനിതകൾചേർന്നവതരിപ്പിച്ച തിരുവാതിര വേറിട്ട മികവുപുലർത്തി. കുട്ടികളായ ആമി, ലക്സി, സാറാ,റോഹൻ, റയാൻ, ബേസിൽ എന്നിവർ ചേർന്നവതരിപ്പിച്ച പുതുമയാർന്ന നൃത്തം ഏറെ ആകർഷണീയമായിരുന്നു. സെമിക്ലാസിക്കൽ ഡാൻസുമായി എത്തിയ ദിവ്യ,മെറിൻ, തിയ, ലക്സി, എൽസ എന്നിവരും സോളോ ഡാൻസ്അവതരിപ്പിച്ച എൽസയും ചിന്നുവും കാണികളുടെ നിറഞ്ഞ കൈയ്യടി നേടി. മാനസ്വനി ,എലിസബത്ത്, മെറിൻ, ദിവ്യ, സ്റ്റീഫൻ, ജേക്കബ്ബ് , ഗിവർ, കെവിൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച അടിപൊളി ബോളിവുഡ് ഡാൻസ് സദസ്സിന്റെ ഹർഷാരവം ഏറ്റുവാങ്ങി.


മലയാളികളുടെ ഓണാഘോഷങ്ങളിൽ പങ്കു കൊള്ളുവാനും ഓണസദ്യ ആസ്വദിക്കുവാനും ബ്രിട്ടീഷുകാരുംഎത്തിയത് ജി എ സി എ യുടെ ഓണാഘോഷത്തിന് മാറ്റുകൂട്ടി. അറിയപ്പെടുന്ന നർത്തകിയും കലാകാരിയുമായബ്രിട്ടീഷ് വനിത ടെലിയാന വേദിയിൽ അവതരിപ്പിച്ച കിടിലൻ ഫോക്ക് ഡാൻസ് കാണികളെ ഒന്നടങ്കംഇളക്കിമറിച്ചു. കെവിൻ, ജേക്കബ്

, സ്റ്റീഫൻ, ഗീവർ എന്നിവരുടെ ടീം നയിച്ച വള്ളംകളിയും കളരിപ്പയറ്റും സദസ്സിന് മനോഹരമായ ദൃശ്യാനുഭവമാണ്സമ്മാനിച്ചത്. ജിഷ, മീര, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ അതിമനോഹരമായ പൂക്കളം ഏറെആകർഷണീയമായിരുന്നു


കുട്ടികൾക്കും വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകമായി സംഘടിപ്പിച്ച സൗഹൃദ വടംവലി മത്സരംഏവരിലും ആവേശംപകർന്നു. ഊഞ്ഞാൽ ആടുവാനുള്ള സൗകര്യവും ലഭിച്ചത് കുട്ടികൾക്കും മുതിർന്നവർക്കുംവലിയ ആഹ്ലാദം പകർന്നു. തുടർന്നു നടന്ന പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യ പങ്കെടുത്തഎല്ലാവരിലും ഗൃഹാതുരതയുണർത്തി. ഓണസദ്യയുടെ ഇടവേളകളിൽ ജി എ സി എ യുടെ ഗായകരായ അബിൻജോർജ്ജ്, നിക്സൺ ആൻറണി, സജി ജേക്കബ്, ചിന്നു ജോർജ്, സി എ ജോസഫ്, സിബി കുര്യൻ എന്നിവരുടെഗാനാലാപനങ്ങൾ ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. കുട്ടികളും മുതിർന്നവരും ചേർന്നവതരിപ്പിച്ചവൈവിധ്യമാർന്ന എല്ലാ കലാപരിപാടികളും കാണികളുടെ മുഴുവൻ പ്രശംസ ഏറ്റുവാങ്ങി.


മലയാളികളുടെ മനസ്സുകളിൽ നാടൻ പാട്ടിന്റെ മണിനാദമായി ചിരിയുടെ മണികിലുക്കമായി ഒരിക്കലുംനിലയ്ക്കാത്ത മണിമുഴക്കമായി ജീവിക്കുന്ന കലാഭവൻ മണിക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് അദ്ദേഹം ആലപിച്ചഗാനങ്ങൾ കോർത്തിണക്കി സന്തോഷ്, നിക്സൺ, എൽദോ, ജെസ്‌വിൻ, മോളി, ഫാൻസി, ജിൻസി, ജിനിഎന്നിവർ ചേർന്നവതരിപ്പിച്ച നൃത്ത-സംഗീതാർച്ചന മുഴുവൻ കാണികളിലും കലാഭവൻ മണിയുടെകലാജീവിതത്തിന്റെ വൈകാരികമായ ഓർമ്മകളുണർത്തി. വ്യത്യസ്തതയാർന്ന അവതരണ മികവിൽ മുഴുവൻപരിപാടികളുടെയും ആങ്കറിംഗ് നടത്തിയ ശരത്, ജിജിൻ, ചിന്നു എന്നിവർ എല്ലാവരുടെയുംഅഭിനന്ദനമേറ്റുവാങ്ങി. ഓണാഘോഷ പരിപാടികളുടെ കോർഡിനേറ്റർസ് ആയ മോളി ക്ളീറ്റസ് , ഫാൻസിനിക്സൺ , എൽദോ കുര്യാക്കോസ്, ഷിജു മത്തായി എന്നിവർ പരിപാടികൾ അവതരിപ്പിച്ച കലാപ്രതിഭകൾക്കുംപരിപാടികളിൽ പങ്കെടുക്കുവാനായി ഹാളിൽ നിറഞ്ഞുകവിഞ്ഞെത്തിയ മുഴുവനാളുകൾക്കും കൃതജ്ഞത പ്രകാശിപ്പിച്ചു.

RECENT POSTS
Copyright © . All rights reserved