Crime

ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തോപ്രാംകുടി സ്‌കൂൾ സിറ്റി പെരുക്കൻകവല പുത്തൻപുരയ്ക്കൽ കുഞ്ഞേട്ടിന്റെ ഇളയ മകൾ ഡീനു (35) ആണ് മരിച്ചത്. ഇവർ കഴിഞ്ഞ ദിവസം രാത്രി അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷമാണ് ജീവനൊടുക്കുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഡീനുവിന്റെ ഭർത്താവ് ജസ്റ്റിൻ ജീവനൊടുക്കിയത്.

ഇന്ന് രാവിലെ ഡീനുവിനെയും കുഞ്ഞിനെയും അബോധാവസ്ഥയിൽ കണ്ടെത്തിയ ബന്ധുക്കൾ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഡീനുവിന് മാനസികമായി വെല്ലുവിളികളുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പ് ജീവനൊടുക്കിയ ഇവരുടെ ഭർത്താവിനും മാനസികമായ പ്രശ്നങ്ങൾ നേരിട്ടിരുന്നു. അമ്മയുടെയും മകളുടെയും മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന യുവതിക്കു മറ്റൊരു പോക്സോ കേസിൽ വീണ്ടും ഒൻപതരവർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷിച്ചു.

വീരണകാവ് അരുവിക്കുഴി മുരിക്കറ കൃപാലയത്തിൽ സന്ധ്യ(31)യെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്‌കുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഏഴുമാസം അധികതടവ് പ്രതി അനുഭവിക്കണം. 2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാട്ടാക്കട പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സമാനമായ മറ്റൊരു കേസിൽ നാലു ദിവസം മുൻപ്‌ പ്രതിക്ക്‌ ഇതേ കോടതി 13 വർഷം കഠിനതടവും 59000 രൂപ പിഴയും ശിക്ഷിച്ചിരുന്നു. മറ്റൊരു കേസിൽ ആലപ്പുഴ ജില്ലാ കോടതി വിധി അനുസരിച്ച് ജയിൽശിക്ഷ അനുഭവിച്ചുവരികയാണ് യുവതി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ.പ്രമോദ് ഹാജരായി.

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി. മനു കീഴടങ്ങി. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മനു കീഴടങ്ങിയത്. ചോദ്യംചെയ്യല്‍ ബുധനാഴ്ച തന്നെ പൂര്‍ത്തിയാക്കി മനുവിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

ബുധനാഴ്ച രാവിലെ പുത്തന്‍കുരിശ് ഡിവൈ.എസ്.പി. ഓഫീസില്‍ എത്തിയാണ് മനു കീഴടങ്ങിയത്. യുവതിയുടെ പരാതിയില്‍ ചോറ്റാനിക്കര പോലീസാണ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് കേസിന്റെ അന്വേഷണച്ചുമതല പുത്തന്‍കുരിശ് ഡിവൈ.എസ്.പിയ്ക്ക് കൈമാറുകയായിരുന്നു.

പീഡനക്കേസില്‍ നിയമസഹായം തേടിയെത്തിയപ്പോഴാണ് മനു, യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ച് കൊച്ചിയിലെ ഓഫീസിലും യുവതിയുടെ വീട്ടിൽ വച്ചും പീഡിപ്പിച്ചുവെന്നും സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാളില്‍നിന്ന് അഡ്വക്കേറ്റ് ജനറല്‍ രാജി എഴുതി വാങ്ങുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രോസിക്യൂട്ടറായും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായും മനു പ്രവര്‍ത്തിച്ചിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആദ്യം ഹൈക്കോടതിയെയാണ് മനു സമീപിച്ചത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ കീഴടങ്ങിയില്ല. പകരം സുപ്രീം കോടതിയെ സമീപിച്ചു. ഇതിനിടെ പുത്തന്‍കുരിശ് ഡിവൈ.എസ്.പി. മനുവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

യാത്രയ്ക്കിടെ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഓടുന്ന ബസില്‍ നിന്ന് ഗര്‍ഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്‌നാട് ദിണ്ടിഗലില്‍ ആണ് സംഭവം. സംഭവത്തില്‍ നത്തം സ്വദേശി പാണ്ഡ്യനെ(24) പോലീസ് അറസ്റ്റ് ചെയ്തു.

19 കാരിയായ ഭാര്യ വളര്‍മതിയും പാണ്ഡ്യനും ദിണ്ടിഗലില്‍ നിന്ന് പൊന്നമരാവതിയിലേക്ക് യാത്ര ചെയ്യുന്ന സമയത്തായിരുന്നു ഭര്‍ത്താവിന്റെ കൊടും ക്രൂരത. വളര്‍മതി അഞ്ചുമാസം മാസം ഗര്‍ഭിണിയായിരുന്നു. എട്ട് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.

മദ്യലഹരിയിലായിരുന്ന പാണ്ഡ്യന്‍ പോകുന്ന വഴി വളര്‍മതിയുമായി തര്‍ക്കം തുടങ്ങി .തുടര്‍ന്ന് ഇയാള്‍ ഭാര്യയെ ബസില്‍ നിന്നും ചവിട്ടി താഴെയിടുകയായിരുന്നു.അതേസമയം ബസില്‍ തിരക്ക് കുറവായതിനാല്‍ യാത്രക്കാര്‍ ഇത് ശ്രദ്ധിച്ചില്ല.

സംഭവത്തിന് ശേഷം ബസ് ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ പറയുകയും ഭാര്യയെ താന്‍ ഇറക്കിവിട്ടുവെന്നും തനിയ്ക്ക് ഇവിടെ ഇറങ്ങണമെന്നും ആവശ്യപ്പെടുകയുമായിരുന്നു പാണ്ഡ്യന്‍. എന്നാല്‍ സംശയം തോന്നിയ ഡ്രൈവര്‍ ചാനാര്‍പട്ടി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് വളര്‍മതിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തിയത്. വീഴ്ചയുടെ ആഘാതത്തില്‍ വളര്‍മതി തല്‍ക്ഷണം മരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പാണ്ഡ്യനെ റിമാന്‍ഡു ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഭോപ്പാൽ: സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവാണെന്ന തുമ്പ് പൊലീസിന് ലഭിച്ചത് വാഷിങ് മെഷീനില്‍ നിന്ന്. തെളിവുകള്‍ ഇല്ലാതാക്കാനും പൊലീസ് അന്വേഷണം വഴിതെറ്റിക്കാനും ഭർത്താവ് ശ്രമിച്ചിരുന്നു. പക്ഷേ പൊലീസിന്‍റെ പഴുതടച്ച അന്വേഷണത്തിലൂടെ പിടിവീണു. മധ്യപ്രദേശിലാണ് സംഭവം.

ഡിൻഡോരി ജില്ലയിലെ ഷാഹ്പുരയിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായ നിഷ നാപിത് ആണ് കൊല്ലപ്പെട്ടത്. നിഷയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് മനീഷാണെന്ന് സഹോദരി നീലിമ നാപിത് ആരോപിച്ചിരുന്നു. പണത്തിനായി ഇയാള്‍ നിഷയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും നീലിമ പറഞ്ഞു. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട നിഷയും മനീഷും 2020ലാണ് വിവാഹിതരായത്. മനീഷ് തൊഴില്‍രഹിതനായിരുന്നു.

ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയാണ് മനീഷ് നിഷയെ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ എത്തുമ്പോഴേക്കും നിഷയുടെ മരണം സംഭവിച്ചിരുന്നു. ഉടന്‍ പൊലീസ് സ്ഥലത്തെത്തി. ഇതൊരു സ്വാഭാവിക മരണമാണെന്ന് സ്ഥാപിക്കാനാണ് മനീഷ് ശ്രമിച്ചത്. നിഷയ്ക്ക് വൃക്കസംബന്ധമായ അസുഖമുണ്ടെന്ന് മനീഷ് പറഞ്ഞു. എന്നാല്‍ നിഷയ്ക്ക് ഒരു അസുഖമുണ്ടായിരുന്നില്ലെന്ന് സഹോദരി നീലിമ പൊലീസിനോട് വ്യക്തമാക്കി.

 

മനീഷ് പൊലീസിനോട് പറഞ്ഞതിങ്ങനെ- “നിഷയ്ക്ക് വൃക്ക സംബന്ധമായ രോഗമുണ്ടായിരുന്നു. നിഷ ശനിയാഴ്ച ഉപവാസത്തിലായിരുന്നു. അന്ന് രാത്രി അവള്‍ ഛർദ്ദിച്ചു. മരുന്ന് നല്‍കി. ഞായറാഴ്ച രാവിലെ ഞാന്‍ വൈകിയാണ് എഴുന്നേറ്റത്. ഞായറാഴ്ചയായതിനാൽ നിഷയ്ക്കും ജോലിയില്ലായിരുന്നു. 10 മണിക്ക് വേലക്കാരി വന്നതിന് ശേഷം ഞാൻ പുറത്തു പോയി. ഉച്ചയ്ക്ക് 2 മണിക്ക് തിരിച്ചെത്തിയപ്പോഴും നിഷ ഉണർന്നിട്ടില്ല. ഞാൻ അവളെ ഉണർത്താൻ ശ്രമിച്ചു, സിപിആര്‍ നല്‍കി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.”

ഡോക്ടർമാർ പരിശോധിച്ചപ്പോൾ നിഷയുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്നതായി കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, സാക്ഷി മൊഴികൾ, കുറ്റകൃത്യം നടന്ന വീട്ടില്‍ നിന്ന് ലഭിച്ച തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് മനീഷിനെ അറസ്റ്റ് ചെയ്തത്. നിഷയുടെ സർവീസ് ബുക്കിലും ഇൻഷുറൻസിലും ബാങ്ക് അക്കൗണ്ടിലും നോമിനിയായി തന്‍റെ പേര് നൽകാത്തത് ഭര്‍ത്താവ് മനീഷ് ശർമ്മയെ അസ്വസ്ഥനാക്കിയെന്ന് പൊലീസ് പറഞ്ഞു.

തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് നിഷയെ മനീഷ് കൊലപ്പെടുത്തിയത്. അതിനു ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. രക്തം പുരണ്ട നിഷയുടെ വസ്ത്രങ്ങൾ കഴുകി. വാഷിംഗ് മെഷീനിൽ നിന്ന് തലയണ കവറും ബെഡ്ഷീറ്റും കണ്ടെടുത്തതോടെയാണ് കേസില്‍ നിർണായക വഴിത്തിരിവുണ്ടായത്. മനീഷിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 304 ബി, 201 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) മുകേഷ് ശ്രീവാസ്തവ അഭിനന്ദിച്ചു. 20,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20-ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട്-എസ്.ഡി.പി.ഐ. പ്രവർത്തകരാണ്.

കേസില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാവിധി കേള്‍ക്കാനായി രഞ്ജിത് ശ്രീനിവാസന്റെ അമ്മയും ഭാര്യയും മക്കളും കോടതിയില്‍ എത്തിയിരുന്നു.

2021 ഡിസംബര്‍ 19-നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18-ന് രാത്രി എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍വെച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു രഞ്ജിത് ശ്രീനിവാസനെയും വെട്ടിക്കൊലപ്പെടുത്തിയത്.

ആലപ്പുഴ ഡി.വൈ.എസ്.പി.യായിരുന്ന എന്‍.ആര്‍. ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറില്‍പ്പരം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, സി.സി.ടി.വി. ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ചു.

പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയനേതാക്കള്‍ എന്നിങ്ങനെ വിവിധമേഖലയിലുള്ള സാക്ഷികളെയാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. കേസിലെ 15 പ്രതികളെ വിചാരണക്കോടതി ജഡ്ജി ക്രിമിനല്‍നടപടിനിയമം 313-ാം വകുപ്പ് പ്രകാരം ചോദ്യംചെയ്ത് ആറായിരത്തോളം പേജുകളിലാണ് മൊഴികള്‍ രേഖപ്പെടുത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പാ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആലപ്പുഴ അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം വീട്ടില്‍ അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ വീട്ടില്‍ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് വീട്ടില്‍ മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം, അടിവാരം ദാറുസബീന്‍ വീട്ടില്‍ അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം വീട്ടില്‍ സറഫുദ്ദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടില്‍ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശ്ശേരി ചിറയില്‍ ജസീബ് രാജ, മുല്ലയ്ക്കല്‍ വട്ടക്കാട്ടുശ്ശേരി വീട്ടില്‍ നവാസ്, കോമളപുരം തയ്യില്‍ വീട്ടില്‍ സമീര്‍, നോര്‍ത്ത് ആര്യാട് കണ്ണറുകാട് വീട്ടില്‍ നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, മണ്ണഞ്ചേരി തെക്കേവെളിയില്‍ ഷാജി, മുല്ലയ്ക്കല്‍ നൂറുദ്ദീന്‍ പുരയിടത്തില്‍ ഷെര്‍നാസ് അഷറഫ് എന്നിവരാണ് ഒന്നുമുതല്‍ 15 വരെ പ്രതികള്‍.

ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ കൊലപാതകക്കുറ്റം കൂടാതെ, പ്രതികള്‍ക്കെതിരേ ചുമത്തപ്പെട്ട മറ്റു കുറ്റകൃത്യങ്ങള്‍ ഇങ്ങനെ: മാരകായുധങ്ങളുമായിവീട്ടിലേക്ക് അതിക്രമിച്ചുകയറിയതിന് ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 449 വകുപ്പുപ്രകാരം കുറ്റക്കാരാണ്. വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കടന്നതിന് ഒന്‍പതുമുതല്‍ 12 വരെ പ്രതികള്‍ 447 വകുപ്പുപ്രകാരവും കുറ്റക്കാരാണ്.

വീട്ടില്‍ നാശനഷ്ടമുണ്ടാക്കിയതിന് ഒന്ന്, അഞ്ച്, ഒന്‍പത്, 11, 12 പ്രതികള്‍ 427 വകുപ്പുപ്രകാരവും ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ 506(2) വകുപ്പുപ്രകാരവും രഞ്ജിത്തിന്റെ അമ്മയെ വാളുപയോഗിച്ച് ആക്രമിച്ചതിന് എട്ടാംപ്രതി 324 വകുപ്പുപ്രകാരവും കുറ്റക്കാരാണ്.

കുടുംബാംഗങ്ങളെ ഉപദ്രവിച്ച കുറ്റത്തിന് രണ്ട്, ഏഴ്, എട്ട് പ്രതികള്‍ 323 വകുപ്പുപ്രകാരവും അന്യായ തടസ്സമുണ്ടാക്കിയതിന് ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ 341 വകുപ്പുപ്രകാരവും കുറ്റക്കാരാണ്.

തെളിവുനശിപ്പിച്ച കുറ്റത്തിന് ഒന്നുമുതല്‍ ഒന്‍പതുവരെ പ്രതികളും 13, 15 പ്രതികളും 201 വകുപ്പുപ്രകാരവും കുറ്റംചെയ്തതായി കോടതി കണ്ടെത്തി.

ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ കൃത്യത്തില്‍ നേരിട്ടു പങ്കാളികളാണ്. ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റം തെളിഞ്ഞതായും കോടതി കണ്ടെത്തി. മാരകായുധങ്ങളുമായി രഞ്ജിത്തിന്റെ വീടിനുമുന്നില്‍ കാവല്‍നിന്ന ഒന്‍പതു മുതല്‍ 12 വരെയുള്ള പ്രതികളുടെ ലക്ഷ്യം രഞ്ജിത്ത് രക്ഷപ്പെടാതിരിക്കലായിരുന്നു. ഐ.പി.സി. 149-ാം വകുപ്പുപ്രകാരം ഇവര്‍ക്കെതിരേയും കൊലപാതകക്കുറ്റം ചുമത്തണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഗൂഢാലോചനയ്ക്ക് നേതൃത്വംനല്‍കിയ 13 മുതല്‍ 15 വരെയുള്ള പ്രതികളും കൊലപാതകക്കുറ്റത്തിനു ശിക്ഷാര്‍ഹരാണ്.

ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രൻസ് പരീക്ഷയ്ക്ക് (ജെഇഇ) തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

വീട്ടിലെ ജനാലയില്‍ കുരുക്ക് ബന്ധിച്ച്‌ തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാര്‍ വിവരമറി‌ഞ്ഞത്. പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ സമ്മർദം സഹിക്കാനാവാതെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ നിഹാരിക ചൊവ്വാഴ്ച പരീക്ഷയെഴുതേണ്ടിയിരുന്നതാണ്. ശിവ് വിഹാർ കോളനിയിലെ വീട്ടില്‍ കുടുംബത്തോടൊപ്പമാണ് നിഹാരിക താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നാണ് ആത്മഹത്യാ കുറിപ്പില്‍ നിന്ന് മനസിലാവുന്നതെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് പെണ്‍മക്കളുള്ള വീട്ടിലെ മൂത്ത മകളായിരുന്നു നിഹാരിക. അച്ഛൻ ഒരു സ്വകാര്യ ബാങ്കിലെ ഗണ്‍മാനാണ്. ജെഇഇ പരീക്ഷയ്ക്ക് പുറമെ ഇത്തവണ 12-ാം ക്ലാസ് പരീക്ഷ വീണ്ടുമെഴുതാനും നിഹാരിക തയ്യാറെടുത്തിരുന്നു. നേരത്തെ കിട്ടിയ മാര്‍ക്ക് കുറഞ്ഞു പോയതിനാലാണ് വീണ്ടും പരീക്ഷയെഴുതാൻ തീരുമാനിച്ചത്. എന്നാല്‍ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു അവളെന്നും ദിവസും എട്ട് മണിക്കൂര്‍ വരെ പഠിക്കുമായിരുന്നു എന്നും ബന്ധുക്കള്‍ പറഞ്ഞു. ജനുവരി 30, 31 തീയതികളിലെ പരീക്ഷ എഴുതേണ്ടിയിരുന്നതാണ്.

രാവിലെ പത്ത് മണിയോടെ നിഹാരികയുടെ അമ്മൂമ്മ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും തുറക്കാതെ വന്നപ്പോള്‍ മറ്റുള്ളവരെ വിളിച്ചു . പിന്നാലെ കുട്ടി തൂങ്ങി മരിച്ചയായി കണ്ടെത്തുകയും ചെയ്തു. രാജസ്ഥാനിലെ കോച്ചിങ് സെന്ററുകള്‍ക്ക് പേരുകേട്ട കോട്ടയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണിത്. കഴിഞ്ഞ വര്‍ഷം 23 വിദ്യാർത്ഥികള്‍ ഇവിടെ ആത്മഹത്യ ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സമാനതകളില്ലാത്ത ലൈംഗികാതിക്രമത്തിന്റെ വാർത്തയാണ് ഷെഫീൽഡ് നിന്ന് പുറത്തുവന്നിരിക്കുന്നത്. സുന്ദരമായ സ്വപ്നങ്ങൾ കണ്ട് ഉറങ്ങാൻ കിടന്ന ഒരു പെൺകുട്ടിയോട് മോഷ്ടാവ് അതിക്രൂരമായ ലൈംഗികാതിക്രമം നടത്തിയതിന്റെ വാർത്ത കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്.

മോഷ്ടാവ് മുകളിലത്തെ നിലയിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയുടെ മുറിയിൽ ജനലിലൂടെ പ്രവേശിച്ച് അവളെ ലൈംഗികമായി ആക്രമിച്ചപ്പോൾ ആ കുരുന്ന് ആദ്യം കരുതിയത് ഇത് ഒരു പേടിസ്വപ്നമാണെന്നാണ്. അവൾ ഉണർന്നപ്പോൾ അക്രമി തുറന്ന ജനലിലൂടെ പുറത്ത് ചാടി രക്ഷപ്പെടുകയും ചെയ്തു. ആദ്യം പെൺകുട്ടി സംഭവത്തെ കുറിച്ച് പറഞ്ഞപ്പോൾ അവളുടെ മാതാപിതാക്കളും കരുതിയത് അത് അവളുടെ പേടിസ്വപ്നമാണെന്നാണ്. എന്നാൽ താൻ നേരിട്ട ലൈംഗികാതിക്രമത്തിന്റെ മുറിപ്പാടുകൾ പെൺകുട്ടി കാണിച്ചപ്പോഴാണ് അവർ ആ നഗ്നസത്യം തിരിച്ചറിഞ്ഞതും പോലീസിൽ പരാതിപ്പെട്ടതും.

ഷെഫീൽഡിലെ ഡാർനാലിലുള്ള അവളുടെ വീടിന്റെ ജനൽ പാളികളിൽ നിന്ന് പോലീസ് കുറ്റവാളിയുടെ വിരലടയാളം കണ്ടെത്തിയതാണ് കേസിന് നിർണ്ണായകമായത്. അങ്ങനെ ആ ദുഃഖസത്യം വെളിവാക്കപ്പെട്ടു. ആ 12 വയസു മാത്രം പ്രായമുള്ള കുരുന്ന് ലൈംഗികാതിക്രമത്തിന് ഇരയായിരിക്കുന്നു.

കിടപ്പുമുറിയിലെ ജനൽ പടിയിൽ കുറ്റവാളിയായ ഹോർവാത്തിൻ്റെ വിരലടയാളം കണ്ടെത്തിയതിനെ തുടർന്ന് പ്രതി രണ്ടാം നിലയിൽ കയറാൻ ഉപയോഗിച്ച ഗോവണിയും പോലീസ് കണ്ടെത്തി. ആദ്യം ഗോവണി ഉപയോഗിച്ച് മോഷണത്തിന് ശ്രമിച്ചതായി പ്രതി സമ്മതിച്ചെങ്കിലും ലൈംഗികാതിക്രമം നടത്തിയത് അയാൾ നിഷേധിച്ചു. പക്ഷേ തെളിവുകൾ അയാൾക്ക് എതിരായിരുന്നു. ഈ കേസ് ശരിക്കും ഒരു വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ പോലീസ് ഓഫീസർ പറഞ്ഞു. ദു:സ്വപ്നം പോലെ ഒരു കേസ് എന്നാണ് പോലീസ് അന്വേഷണത്തെ വിശേഷിപ്പിച്ചത്. വരും വർഷങ്ങളിൽ ക്രൂരനായ ലൈംഗിക കുറ്റവാളി വർഷങ്ങളോളം ജയിലിൽ കഴിയേണ്ടതായി വരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പോലീസ് ഓഫീസർ ബസ് ഫീൽഡ് പറഞ്ഞു. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ധീരമായ നിലപാട് സ്വീകരിച്ച പെൺകുട്ടിയെയും കുടുംബത്തെയും അദ്ദേഹം അഭിനന്ദിച്ചു

അറ്റ്‌ലാന്റ∙ ഹരിയാന സ്വദേശിയായ വിവേക് സെയ്നി (25) യുഎസിൽ ക്രൂരമായി കൊല്ലപ്പെട്ടത് ഇന്ത്യയിലേക്കു മടങ്ങാനിരിക്കെ എന്നു റിപ്പോർട്ട്. ജനുവരി 26ന് നാട്ടിലേക്കു മടങ്ങാനിരിക്കെയാണു വിവേക് യുഎസ് സംസ്ഥാനമായ ജോർജിയയിൽ കൊല്ലപ്പെട്ടത്. ഹരിയാനയിലെ പഞ്ച്‌കുളയിൽ ഭഗവൻപുർ സ്വദേശിയാണ്. മകൻ മടങ്ങിയെത്തുന്നതു കാത്തിരുന്ന ഗുർജീത് സിങ് – ലളിത സെയ്നി ദമ്പതികൾ വിയോഗവാർത്ത കേട്ടതിന്റെ ദുഃഖത്തിൽനിന്നു മോചിതരായിട്ടില്ല.

ഭവനരഹിതനായ ജൂലിയൻ ഫോക്നെറാണു വിവേകിനെ ചുറ്റിക കൊണ്ടു പലതവണ തലയ്ക്കടിച്ചു കൊന്നതെന്നു പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തു. ജനുവരി 16ന് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴാണു പുറത്തുവന്നത്. ജോർജിയയിലെ ഒരു കടയിൽ വിവേക് പാർട് ടൈം ക്ലർക്കായി ജോലി ചെയ്തിരുന്നു. പ്രദേശത്ത് അലഞ്ഞു നടന്നിരുന്ന ജൂലിയൻ ഫോക്നറിന് ഈ സ്റ്റോറിൽനിന്നു വെള്ളം അടക്കമുള്ള സാധനങ്ങൾ വിവേകിന്റെ നേതൃത്വത്തിൽ നൽകിയിരുന്നതായി ജീവനക്കാർ പറയുന്നു.

പുതപ്പ് ചോദിച്ചപ്പോൾ ഇല്ലാത്തതിനാൽ ജാക്കറ്റ് നൽകി. സിഗരറ്റും വെള്ളവും ഇടയ്ക്കിടെ ചോദിച്ചുവാങ്ങി. പുറത്തു നല്ല തണുപ്പായതിനാൽ പുറത്തുപോകാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ജീവനക്കാർ പറഞ്ഞു. കുറെ ദിവസമായി ജൂലിയൻ ഇവിടെത്തന്നെ കൂടിയപ്പോൾ ഇനി സൗജന്യമായി ഭക്ഷണം നൽകാനാകില്ലെന്നും സ്റ്റോറിൽനിന്നു പോകണമെന്നും ജനുവരി 16ന് വിവേക് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പൊലീസിനെ അറിയിക്കുമെന്നും പറഞ്ഞു. ഇതു ജൂലിയന് ഇഷ്ടപ്പെട്ടില്ല.

ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകാനൊരുങ്ങിയ വിവേകിനെ ചുറ്റിക കൊണ്ടു ജൂലിയൻ ആക്രമിച്ചു. ചുറ്റിക ഉപയോഗിച്ച് അൻപതോളം തവണ തുടർച്ചയായി തലയിലും മുഖത്തും അടിച്ചെന്ന് പൊലീസ് പറഞ്ഞു. ക്രൂര മർദനത്തെ തുടർന്നു സംഭവസ്ഥലത്തുതന്നെ വിവേക് മരിച്ചു. കൊലപാതക ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് ജൂലിയനെ അറസ്റ്റ് ചെയ്തു. ഇയാളിൽനിന്നു രണ്ടു കത്തികളും മറ്റൊരു ചുറ്റികയും പിടിച്ചെടുത്തു. ബിടെക് പൂർത്തിയാക്കി രണ്ടു വർഷം മുൻപാണു വിവേക് യുഎസിൽ എത്തിയത്. അടുത്തിടെ എംബിഎ ബിരുദം നേടിയിരുന്നു.

ഹെല്‍മറ്റുകൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. തോട്ടപ്പള്ളിയിലെ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് നന്ദുവിന് തലയ്ക്ക് ഹെല്‍മറ്റുകൊണ്ട് അടിയേറ്റത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് അടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒറ്റപ്പന കുരുട്ടൂര്‍ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെയാണ് ഞായറാഴ്ച രണ്ടു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പിന്നീട് ഇവര്‍ പിരിഞ്ഞുപോകുകയും ചെയ്തിരുന്നു. ഇതിനു ശേഷം രാത്രി 9.30 ഓടെ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള മാതേരി കവലയില്‍ ഇരു സംഘങ്ങളും വീണ്ടും എത്തുകയും സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു. ഇതിനിടയിലാണ് നന്ദുവിന് ഹെല്‍മറ്റുകൊണ്ട് തലയ്ക്ക് അടിയേറ്റത്.

ഗുരുതരമായി പരിക്കേറ്റ നന്ദു എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് ജഗത് സൂര്യന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നന്ദുവിനെ ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചതെന്നാണ് വിവരം.

സംഭവത്തില്‍ എഫ്.ഐ.ആര്‍ ഇടാതിരിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുകയും ചെയ്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതുമൂലമാണ് നടപടി വൈകിയതെന്നാണ് ആക്ഷേപം.

RECENT POSTS
Copyright © . All rights reserved