Crime

പിന്നാലെ ഓടിയ വളർത്തുനായയിൽ നിന്ന് രക്ഷപ്പെടാനായി മൂന്നാം നിലയിൽ നിന്ന് ചാടിയ സ്വിഗ്ഗി ഏജന്റിന് ദാരുണാന്ത്യം. ഹൈദരാബാദ് യൂസുഫ്ഗുഡ സ്വദേശി മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്. 23കാരനായ റിസ്വാൻ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈദരാബാദ് ബഞ്ചറാഹിൽസിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന് റിസ്വാൻ ചാടിയത്.

അപ്പാർട്ട്മെന്റിലെ ഫ്ളാറ്റിൽ ഭക്ഷണം വിതരണം ചെയ്യാൻ എത്തിയതായിരുന്നു യുവാവ്. എന്നാൽ ഫ്ളാറ്റിന്റെ വാതിൽ മുട്ടിയതിന് പിന്നാലെ ഇവിടെയുണ്ടായിരുന്ന വളർത്തുനായ യുവാവിനെ ആക്രമിക്കാൻ ശ്രമിക്കാൻ ചാടുകയായിരുന്നു. ഭയന്ന് വിറച്ച യുവാവ് ഓടി. പിന്നാലെ നായയും കുതിച്ചു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ മൂന്നാം നിലയിൽ നിന്നും യുവാവ് എടുത്ത് ചാടുകയായിരുന്നു.

വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തിൽ നായയുടെ ഉടമയ്ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. ബഞ്ചറാഹിൽസിലെ ‘ലുംബിനി റോക്ക് കാസിൽ’ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ശോഭനയ്ക്കെതിരേയാണ് വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്. ഇവർക്കെതിരേ റിസ്വാന്റെ കുടുംബം പരാതിയും നൽകി. ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയാണ് യുവാവിനെ ആക്രമിച്ചത്. മരിച്ച റിസ്വാൻ മൂന്നുവർഷമായി ‘സ്വിഗ്ഗി’യിൽ ഡെലിവറി ഏജന്റായി ജോലിചെയ്തുവരികയായിരുന്നു.

വീടിന് സമീപം തെരുവുനായയ്ക്ക് ഭക്ഷണം നൽകുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ 25കാരിയെ ഇടിച്ചു തെറിപ്പിച്ചു. ചണ്ഡീഗഢിൽ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കാറിടിച്ച് തലയ്ക്ക് ഗുരുതരപരിക്കേറ്റ തേജശ്വിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അതേസമയം, ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

അപകടസമയത്ത് അമ്മ മഞ്ജീന്ദർ കൗറും തേജശ്വിതയ്ക്ക് ഒപ്പമുണ്ടായിരുന്നു. നായകൾക്ക് ഇവർ ഭക്ഷണം നൽകുന്നത് പതിവായിരുന്നു. ശനിയാഴ്ച വീടിനടുത്തുള്ള ഫുട്പാത്തിന് സമീപത്താണ് ഇവർ നായകൾക്ക് ഭക്ഷണം നൽകിയത്. ഇതിനിടെയായിരുന്നു കാർ പാഞ്ഞെത്തിയത്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിൽ തേജശ്വിത നായയ്ക്ക് ഭക്ഷണം കൊടുക്കുന്നത് കാണാം. അതേസമയത്ത് സമാന്തരമായ റോഡിലൂടെ ഒരു എസ് യു വി വേഗത്തിൽ വരുന്നതും കാണാം.

വളവ് കഴിഞ്ഞ് തേജശ്വിത നിൽക്കുന്ന റോഡിലേക്ക് തിരിഞ്ഞ വാഹനം തേജശ്വിതയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അമ്മ സഹായത്തിനായി പല വാഹനങ്ങൾക്കും കൈകാണിച്ചെങ്കിലും ഒന്നും നിർത്തിയില്ല.

ഒടുവിൽ പോലീസിന്റെ സഹായം തേടിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ആർക്കിടെക്ചറിൽ ബിരുദപഠനം പൂർത്തിയാക്കിയ ശേഷം സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു തേജശ്വിത. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തി വരികയാണ്.

 

തെങ്ങു ചെത്താൻ കയറിയ യുവാവിനെ യന്ത്രവാൾ ഉപയോഗിച്ച് തെങ്ങിന്റെ കട മുറിച്ചു കൊലപ്പെടുത്താൻ ശ്രമം. കള്ളു ചോദിച്ചതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു പ്രതികാരം. തെങ്ങുചെത്തു തൊഴിലാളിയായ വെള്ളിക്കുളങ്ങര കൈലാൻ ജയനെയാണ് (43) വെള്ളിക്കുളങ്ങര മങ്കൊമ്പിൽ ബിസ്മ (45) അപായപ്പെടുത്താൻ ശ്രമിച്ചത്.

കള്ളു ചോദിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. വൈകിട്ട് പോത്തഞ്ചിറ എന്ന സ്ഥലത്തു ജയൻ തെങ്ങു ചെത്താൻ കയറിയപ്പോൾ ബിസ്മ യന്ത്രവാൾ ഉപയോഗിച്ച് തെങ്ങിന്റെ അടിഭാഗം മുറിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ജയൻ തെങ്ങിന്റെ പകുതി വരെ ഇറങ്ങിയ ശേഷം താഴേക്കു ചാടി രക്ഷപ്പെട്ടു. അപ്പോഴേക്കും തെങ്ങു പൂർണമായും മുറിച്ചിട്ടിരുന്നു. വീഴ്ചയിൽ കാലിന്റെ എല്ലു പൊട്ടിയ ജയനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിസ്മയെ വെള്ളിക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു. പുല്ലാളൂർ സ്വദേശിനി സെലീന (43) ന്റെ മൃതദേഹേമാണ് തലയാട് സെന്റ് ജോർജ് പള്ളിക്ക് സമീപമുള്ള റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് പ്രദേശ വാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുല്ലാളൂർ സ്വദേശിനിയായ സെലീനയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. സെലിന്റെ മകൻ സ്ഥലത്തെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഉറ്റബന്ധുവില്‍ നിന്ന് ഗര്‍ഭിണിയായതിന്റെ മാനഹാനി ഭയന്ന് ശുചിമുറിയില്‍ പ്രസവിച്ചതിന് പിന്നാലെ അമ്മ കുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്നും താഴേക്കെറിഞ്ഞ് കൊന്നു. നവിമുംബൈയിലാണ് സംഭവം.

19കാരിയായ അമ്മ ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്നും താഴേക്കെറിഞ്ഞ് കൊല്ലുകയായിരുന്നു. രണ്ടാം നിലയില്‍ നിന്ന് താഴെ വീണ കുഞ്ഞ് അപ്പോള്‍ തന്നെ മരിച്ചു. ഉറ്റബന്ധുവില്‍ നിന്ന് ഗര്‍ഭിണിയായതില്‍ മാനഹാനി ഭയന്നായിരുന്നു കൊലപാതകം.

ഉറ്റബന്ധുവില്‍ നിന്ന് ഗര്‍ഭിണിയായ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു പെണ്‍കുട്ടി. അമ്മയുടെ അമ്മായിയുടെ വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. വീട്ടുകാര്‍ക്കും പ്രസവം വരെ സംശയം തോന്നിയിരുന്നില്ല

നാല് ദിവസം മുൻപ് കാണാതായ യുവതിയെ ഫ്ലാറ്റിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പയാർ നാട്ടിക സ്വദേശിനിയും അഭിഭാഷകയുമായ ശോഭന (42) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ശോഭനയെ കാണാതാവുകയായിരുന്നു.

വിവാഹമോചിതയായ ശോഭന ആമ്പക്കാടുള്ള തങ്കം റസിഡൻസ് ഫ്ലാറ്റിൽ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് സുഖമില്ലെന്ന് പറഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങിയ ശോഭനയെ കുറിച്ച് പിന്നീട് വിവരങ്ങൾ ഒന്നുമില്ലായിരുന്നു. സഹപ്രവർത്തകർ ശോഭനയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല. തുടർന്ന് സംശയം തോന്നിയ സഹപ്രവർത്തകർ നേരിട്ട് ഫ്ലാറ്റിലെത്തി അന്വേഷിച്ചപ്പോഴാണ് ഫ്ലാറ്റിലെ ശുചിമുറിയിൽ ശോഭനയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ പേരാമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകു എന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്തുക്കൾ കല്ലുകൊണ്ട് ഇടിച്ചുകൊന്നു. ശ്രീകാര്യം കട്ടേല അമ്പാടി നഗർ സ്വദേശി സാജു (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി സുഹൃത്തുക്കൾ വീട്ടിൽനിന്നു വിളിച്ചു കൊണ്ട് പോയ ഇയാളെ ഇന്ന് പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കട്ടേല ഹോളിട്രിനിറ്റി സ്‌കൂളിന് സമീപത്താണ് സംഭവം. ഇന്നലെ രാത്രി കട്ടേലയിലുള്ള സുഹൃത്തുക്കളുമായി സാജു മദ്യപിക്കാനായി ഒത്തുകൂടിയിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടെ ഇവർ സാജുവിന്റെ മൊബൈൽ ബലമായി പിടിച്ചു വാങ്ങി. ഈ മൊബൈൽ തിരികെ വാങ്ങാനെത്തിയ സാജുവും രണ്ടു സുഹൃത്തുക്കളുമായി തർക്കമായി. കല്ലും തടി കഷണങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ അവശനായ സാജുവിനെ വഴിയിലുപേക്ഷിച്ച് ഇവർ കടന്നു കളഞ്ഞു. മദ്യപിച്ച് അവശനായി കിടക്കുന്നതാണെന്നു കരുതി ഇതുവഴി കടന്നുപോയവർ ശ്രദ്ധിച്ചതുമില്ല.

വെളുപ്പിന് രണ്ടു മണിയോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. വിവരമറിഞ്ഞ ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാളായ അനീഷ് വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്.

പയ്യന്നൂരിൽ വീട്ടമ്മയെ ആക്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. വീട്ടമ്മയുടെ ഭർത്താവിന്റെ ആദ്യഭാര്യയിലെ മകനെതിരെയാണ് പോലീസ് കേസെടുത്തത്. ഈ മാസം ആറാം തീയതി വൈകുന്നേരം നാലരയോടെയാണ് പിതാവിന്റെ രണ്ടാം ഭാര്യയായ വീട്ടമ്മയെ യുവാവ് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്. പാലക്കോട്ടെ ബാങ്കിൽ എത്തിയതായിരുന്നു വീട്ടമ്മ.

മർദ്ദനത്തിൽ പരിക്കേറ്റ് അവശ നിലയിലായ വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കാൻശ്രമിച്ചതും യുവാവ് തടഞ്ഞിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് വീട്ടമ്മയെ പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിച്ചത്. വീട്ടമ്മയുടെ ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മകൻ വീട്ടമ്മയോട് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനായി നിരന്തരം നിർബന്ധിച്ചിരുന്നു. എന്നാൽ വീട്ടമ്മ യുവാവിന്റെ ആഗ്രഹത്തിന് വഴങ്ങാത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

നിലവിൽ നിയമ പ്രകാരമായി വിവാഹം കഴിച്ച വീട്ടമ്മയുടെ ഭർത്താവിനെ കാണരുതെന്നും യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നേരത്തെയും യുവാവ് വീട്ടമ്മയ്‌ക്കെതിരെ ആക്രമണം നടത്തിയിരുന്നു. പൊതുസഥലത്ത് സ്‌ത്രീത്വത്തെ അപമാനിച്ചതിന് 354 വകുപ്പ് ചുമത്തിയാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്.

വീട്ടില്‍ കയറി അക്രമം നടത്താൻ നോക്കിയവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി നടൻ ബാല. അക്രമികൾ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം തന്റെ കയ്യിൽ ഉണ്ടെന്നും സംഭവത്തിന് രണ്ട് ദിവസം മുൻപേ ഇതേ അക്രമികൾ താനും ഭാര്യയും നടക്കാനിറങ്ങിയപ്പോൾ വന്ന് കാലിൽ വീണിരുന്നുവെന്നും ബാല പറയുന്നു.

‘‘ഒരു ദിവസം രാവിലെ 6 മണിക്ക് ഞാനും ഭാര്യയും നടക്കാൻ പോകുകയായിരുന്നു. അപ്പോൾ രണ്ട് പേർ വന്നു. എലിസബത്തിന്റെ കാലിൽ വീണു. പിറ്റേദിവസം ആരോടും പറയാതെ ഇവർ വീട്ടിലേക്ക് കയറിവന്നു. എന്റെ സുഹൃത്തുക്കൾ ഇവിടെ ഉണ്ടായിരുന്നു. അവരെ കണ്ടപ്പോൾ പെട്ടെന്ന് ഇറങ്ങി പോയി. ഇറങ്ങി പോയവർ പുറത്തൊക്കെയൊന്ന് കറങ്ങി, പിന്നെ അകത്ത് കയറാൻ ശ്രമിച്ചു. ഇതാണ് സംഭവിച്ചത്. ഒരാളെ കിട്ടി. ഇവിടെയിരിക്കുന്ന പെണ്ണുങ്ങളോട് മോശമായി പെരുമാറാൻ ശ്രമിച്ചു. അപ്പോൾ ഞാൻ പ്രതികരിച്ചു.

ഇന്നലെ ഞാൻ കോട്ടയത്ത് പരിപാടിക്ക് പോയിരുന്നു. അപ്പോൾ അതേ ആളുകൾ ഞാനിവിടെ ഇല്ലെന്ന് അറിഞ്ഞ് വന്ന് ഗുണ്ടായിസം കാണിച്ചു. ഞാൻ ഇല്ലെന്നറിഞ്ഞ് എന്റെ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചു. കത്തികൊണ്ടായിരുന്നു ആക്രമണ ശ്രമം. പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്. നാവിൽ സ്റ്റാമ്പ് വച്ചാണ് അവർ വന്നത്. അത് അടിച്ച് കഴിഞ്ഞാൽ പിന്നെ ഫുൾ ബോധമില്ലാത്ത അവസ്ഥയായിരിക്കുമല്ലോ. ഫുൾ സിസിടിവി ദൃശ്യങ്ങൾ കയ്യിൽ ഉണ്ട്. അവരുടെ വണ്ടി നമ്പർ വരെ കയ്യിലുണ്ട്.

എന്നെ കൊല്ലണം എന്നു പറഞ്ഞാണ് അവർ വന്നത്. ഞാനെന്ത് പാപമാണ് ചെയ്തത്. ചിലപ്പോൾ ക്വട്ടേഷൻ ആകാം. അങ്ങനെ ആണെങ്കിൽ രണ്ട് പേരെ വിട്ട് എന്നെ നാണം കെടുത്തരുത്. ഒരു മുപ്പത്, നാൽപത് പേരെ വിടൂ. ആണുങ്ങളില്ലാത്ത സമയത്ത് വീട്ടിൽ ചെന്ന് പെണ്ണുങ്ങളെ പേടിപ്പിക്കുന്നതാണോ ആണത്തം. അവൾക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? എലിസബത്തിന് ഇപ്പോൾ ഇവിടെ നിൽക്കാൻ വരെ പേടിയാണ്. അവരൊരു ഡോക്ടറാണ്. ജീവിതത്തിൽ ഇതൊന്നും അവൾ കണ്ടിട്ടില്ല. എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല.

ഇതിന് മുൻപ് അവരെ കണ്ടിട്ടില്ല. ഭാര്യയുടെ കാലിൽ വന്ന് വീണവർ തന്നെയാണ് ആക്രമിക്കാൻ വന്നത്. അതുൽ എന്നാണ് പേര്. എന്തിനാണ് അവർ ചെയ്തത് എന്നറിയില്ല. പക്ഷേ ഭയങ്കരമായി എനിക്ക് അദ്ഭുതം തോന്നി. ഇതാദ്യത്തെ സംഭവമായിരുന്നു. ഈ സംഭവത്തിന് കാരണം എനിക്ക് അറിയാം. ചില തെറ്റുകൾ ഇവിടെ സംഭവിക്കുന്നുണ്ട്. കഞ്ചാവ് അടിച്ച് വന്നവരാണ് ആക്രമിച്ചത്. എലിസബത്ത് ഭയങ്കരമായി കരഞ്ഞു. ഇവിടെ നിന്ന് പോകുമെന്നാണ് പറയുന്നത്. പൊലീസ് വന്നപ്പോഴാണ് കരച്ചിൽ നിർത്തിയത്. കേരള പൊലീസിന്റെ മുഴുവൻ പിന്തുണ എനിക്കുണ്ട്. സംഭവം നടന്ന ഉടൻ തന്നെ അവർ വന്നു.

അവരെ ഇതൊന്നും മുൻപ് കണ്ടിട്ടില്ല. ഇതൊക്കെ സംഭവിക്കുമ്പോഴാണ് ഒരു കുടുംബ ജീവിതം തകർന്ന് പോകുന്നത്. ഞാൻ വളരെയധികം ശ്രമിക്കുന്നുണ്ട്. പക്ഷേ എന്ത് ചെയ്യാൻ പറ്റു. നമ്മൾ നൻമയാണ് ചെയ്യന്നത്. ഈ കഞ്ചാവ് അടിക്കുന്നവന് നിയമം ഉണ്ട്. നല്ലത് ചെയ്യുന്നവർക്ക് നിയമം ഇല്ല.

കേരളത്തിൽ നടക്കുന്നൊരു കാര്യം തുറന്ന് പറയുകയാണ്. ഈ കഞ്ചാവ് , സ്റ്റാമ്പ് എന്നിവ ഉപയോഗിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവർക്ക് അമ്മയ്ക്കും പെങ്ങൾക്കുമുള്ള വ്യത്യാസം അറിയില്ല. അവൻമാരെ പൊലീസ് പിടിക്കണം. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ഞാനും എലിസബത്തും ലഹരിക്കെതിരായ ക്യാംപെയ്നിൽ പങ്കെടുത്തിരുന്നു. സിനിമയിൽ നിന്ന് ആരും ഇത് അറിഞ്ഞ് വിളിച്ചിട്ടില്ല, അത്രയും സ്നേഹമാണല്ലോ എല്ലാവർക്കും എന്നോട്.’’– ബാല പറഞ്ഞു.

നടന്‍ ബാലയുടെ വീട്ടില്‍ അജ്ഞാത സംഘം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി. ബാല വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. മൂന്നംഗ സംഘം വീട്ടില്‍ എത്തി ആക്രമണം നടത്തുകയായിരുന്നു എന്നാണ് ബാല പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

മൂന്നംഗ സംഘം ആയുധങ്ങളുമായാണ് എത്തിയത് എന്നാണ് ബാല പറയുന്നത്. അക്രമി സംഘം എത്തുമ്പോള്‍ ഭാര്യ എലിസബത്ത് ഫ്ളാറ്റില്‍ തനിച്ചായിരുന്നു. കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോയതായിരുന്നു ബാല. ഈ സമയത്താണ് അക്രമികള്‍ എത്തിയത്.

വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നു. അയല്‍ വീട്ടിലും പോയി അക്രമികള്‍ ഭീഷണിപ്പെടുത്തി. അക്രമികള്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് അക്രമികള്‍ എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ഫ്ളാറ്റുകളുടെ പാര്‍ക്കിംഗ് ഏരിയയില്‍ സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരാണ് അക്രമികള്‍ എന്നാണ് സംശയിക്കുന്നത് എന്നാണ് ബാല പറയുന്നത്. നേരത്തെ ബാലയും സുഹൃത്തുക്കളും വീട്ടില്‍ ഉള്ളപ്പോഴും ചിലര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ബാലയും എലിസബത്തും നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആരാധകനാണെന്ന് പറഞ്ഞ് ഇവരില്‍ ഒരാള്‍ തന്റെ ഫോട്ടോ എടുക്കുകയും കാലില്‍ വീഴുകയും ചെയ്തുവെന്നും ബാല പറയുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved