Crime

ദന്തഡോക്ടറെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബദിയടുക്കയിലെ ദന്ത ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. കര്‍ണാടകയിലെ കുന്താപുരത്ത് ഇന്നലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഡോക്ടറെ കാണാതായത്. ക്ലിനിക്കിലെത്തിയ യുവതിയോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയിരുന്നു. ഇതിന് ബദിയടുക്ക പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ബൈക്കുമെടുത്ത് ക്ലിനിക്കില്‍ നിന്നും പോകുകയായിരുന്നു.

പിന്നീട് ബൈക്ക് നഗരത്തില്‍ നിന്നും കണ്ടെത്തി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപമര്യാദയായി പെരുമാറി എന്നാരോപിച്ച് പരാതി നല്കിയ യുവതിയുടെ ബന്ധുക്കള്‍ ക്ലിനിക്കിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു.

ഡോക്ടറെ ഭീഷണിപ്പെടുത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.

യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിലായത് ഫോൺ സംഭാഷണം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ. പൂഴിക്കാട് സ്വദേശി ബിനുകുമാറിന്റെ ഭാര്യ തൃഷ്ണ (27) ആത്മഹത്യ ചെയ്ത സംഭവത്തിൽ മുളമ്പുഴ സ്വദേശി ശ്രീകാന്താണ് അറസ്റ്റിലായത്. മരണ ദിവസം രാവിലെ തൃഷ്ണയും ബിനുകുമാറിന്റെ സുഹൃത്തായ ശ്രീകാന്തും ഫോണിൽ സംസാരിച്ച് പിണങ്ങുകയും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ തൃഷ്ണ വീടിനുള്ളില്‍ തൂങ്ങി മരിക്കുകയുമായിരുന്നെന്നു പൊലീസ് പറയുന്നു.

ഓഗസ്റ്റ് 30നാണ് തൃഷ്ണയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിനുകുമാറും ശ്രീകാന്തും ബിജെപി പ്രവർത്തകരും സുഹൃത്തുക്കളുമാണ്. തൃഷ്ണയും ശ്രീകാന്തും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് തൃഷ്ണയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തിരുന്നു.

തൃഷ്ണയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ്ചെയ്ത ശ്രീകാന്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

12 വയസുകാരനെ പിതാവ് അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മാവേലിക്കരയിൽ ചെട്ടിക്കുളങ്ങരയ്ക്കു സമീപമുള്ള വീട്ടിൽ നിന്നുള്ളതാണ് നെഞ്ചുലയ്ക്കുന്ന ദൃശ്യങ്ങൾ. മദ്യപിച്ചെത്തുന്ന പിതാവ് സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരൻ ആണ് ക്രൂരത പുറത്ത് കൊണ്ടുവന്നത്.

കുട്ടിയെ തല്ലുന്നതായി പരാതിയുണ്ടായതിനെ തുടർന്ന് രണ്ടു മാസം മുൻപ് സംഭവത്തിൽ കേസെടുത്തതായും, പോലീസ് ഇടപെടലിനു ശേഷം പിന്നീട് പ്രശ്‌നങ്ങളുണ്ടായതായി അറിവില്ല. പുതിയതായി പരാതി ലഭിച്ചിട്ടില്ലെന്നും വിവരം അറിഞ്ഞതുപ്രകാരം സംഭവം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

പിതാവിന്റെ സഹോദരന്റെ വാക്കുകൾ;

നെഞ്ചുപിടയ്ക്കുന്ന കാഴ്ചകൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. തടയാൻ പോയാൽ അറയ്ക്കുന്ന ഭാഷയിൽ ചേട്ടൻ തെറിവിളിക്കും. ചൈൽഡ് ലൈൻ അധികൃതരുടെയും മറ്റും ഇടപെടലുണ്ടാകേണ്ട സാഹചര്യമുണ്ട്. പൊലീസും മറ്റു സംവിധാനങ്ങളും ഇതിൽ ഇടപെടണമെന്ന ആവശ്യമാണുള്ളത്. മാസങ്ങൾക്ക് മുൻപ് മാവേലിക്കര സ്റ്റേഷനിൽ ഇതു,സംബന്ധിച്ച് പരാതി നൽകിയിരുന്നു.കുടുംബപ്രശ്‌നങ്ങളെത്തുടർന്ന് ചേച്ചി (ഏട്ടത്തിയമ്മ)യും ചേട്ടനും വേർപിരിഞ്ഞു.

കുഞ്ഞ് ചേച്ചിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി മറ്റൊരാളെ വിവാഹം ചെയ്തു. അപ്പോഴേക്കും കുഞ്ഞിന് അച്ഛനെ കാണണമെന്നായി. കഴിഞ്ഞ വർഷമാണ് അവനെ നമ്മുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. മാനസിക വെല്ലുവിളി നേടുന്ന കുട്ടി ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. തുടക്കത്തിൽ പ്രശ്‌നമൊന്നും ഉണ്ടായില്ല. പിന്നീട് സ്ഥിരം മദ്യപിച്ചെത്തി അവനോട് ദേഷ്യപ്പെടുകയും മർദിക്കുകയുമായിരുന്നു. അവനെ പലപ്പോഴും ഉറങ്ങാൻ പോലും സമ്മതിക്കില്ല.

പലപ്പോഴും എന്താണ് തനിക്കെതിരെ സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ കുട്ടി അന്ധാളിച്ചു നിൽക്കുന്നത് കാണാം. കുട്ടിയെ മർദിക്കുന്നത് കണ്ട് തടയാൻ പോയാൽ തെറിയഭിഷേകമാണ്. അതിക്രമം അമ്മയുൾപ്പെടെയുള്ളവർക്കു നേരെ തിരിഞ്ഞതോടെ മാവേലിക്കര പൊലീസിനെ സമീപിക്കുകയായിരുന്നു. ശിശുസംരക്ഷണ നിയമം അനുസരിച്ച് ചേട്ടനെതിരെ കേസെടുത്തു. ഇടയ്ക്ക് പൊലീസ് വീട്ടിൽ പരിശോധനയ്ക്കും വന്നു. എന്നാൽ അതിനു ശേഷവും കുഞ്ഞിനെ ഉപദ്രവിക്കുന്നതിൽ മാറ്റമുണ്ടായില്ല.

എട്ടുവര്‍ഷമായി മകന്‍റെ മരണത്തിന്‍റെ സത്യമറിയാനുള്ള പോരാട്ടത്തിലാണ് പത്തനംതിട്ട കുഴിക്കാല സ്വദേശി അഭിഭാഷകനായ എം.എസ്.രാധാകൃഷ്ണന്‍. രണ്ടായിരത്തി പതിനാലില്‍ മംഗളൂരുവിലാണ് രാധാകൃഷ്ണന്‍റെ മകനായ എംബിബിസ് വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി കേസ് അന്വേഷണം സിബിഐക്ക് കൈമാറി.

മംഗളൂരു എ.ജെ.ഇന്‍സ്റ്റിറ്റ്യൂട്ടിലെ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു രോഹിത് രാധാകൃഷ്ണന്‍. 2014 മാര്‍ച്ച് 22ന് ആണ് രോഹിത് അപകടത്തില്‍പ്പെട്ടതായി കുടുംബത്തെ അറിയിക്കുന്നത്. അവിടെയെത്തിയപ്പോഴാണ് രോഹിത് മരിച്ചെന്ന വിവരം അറിയുന്നത്. അമിതവേഗത്തില്‍ ബൈക്കില്‍ യാത്ര ചെയ്തപ്പോള്‍ അപകടത്തില്‍പ്പെട്ട് മരിച്ചെന്നാണ് പൊലീസും കോളജുമായി ബന്ധപ്പെട്ടവരും പറഞ്ഞത്. തല വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം. മരത്തിലിടിച്ചാണ് തല വേര്‍പെട്ടതെന്നായിരുന്നു പൊലീസ് വിശദീകരണം.. കോളജ് ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ ഒരു അധ്യാപകന്‍ മുന്‍പ് രോഹിത്തിനെ മര്‍ദിച്ചിട്ടുണ്ടെന്നും സ്ഥിരമായി ദ്രോഹിച്ചിരുന്നതായും കുടുംബം പറയുന്നു.

കുടുംബത്തിന്‍റെ എതിര്‍പ്പവഗണിച്ച് എ.ജെ.ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം എംബാം ചെയ്തു. പൊലീസും പിന്നീട് കേസന്വേഷിച്ച സിബിസിഐഡിയും ഗുരുതരമായ അനാസ്ഥയാണ് അന്വേഷണത്തില്‍ കാണിച്ചത്. കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഏര്‍പ്പെടുത്തിയ അഭിഭാഷകനും ഗുരുതരമായ അനാസ്ഥ കാണിച്ചു. ഒടുവില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് സുപ്രീംകോടതിയം സമീപിച്ചത്. രോഹിത്തിന്‍റേത് കൊലപാതകമാണെന്നാണ് സംശയം. സിബിഐ അന്വേഷണത്തിലാണ് പ്രതീക്ഷ. രോഹിത്തിന്‍റെ സഹപാഠികളുടേയും ചില അധ്യാപകരുടെ പെരുമാറ്റത്തില്‍ സംശയമുണ്ടെന്നും പിതാവ് പറയുന്നു.

അകാലത്തില്‍ നഷ്ടപ്പെട്ട സഹോദരന്റെ ഓര്‍മ്മയ്ക്കായി സൂക്ഷിച്ചിരുന്ന
ഇരുചക്രവാഹനം മോഷണം പോയതിന്റെ വേദനയില്‍ യുവാവ്. മഞ്ചേരി സ്വദേശിയും വ്യാപാരിയുമായ സുജീഷാണ് നഷ്ടപ്പെട്ട വാഹനം കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടുന്നത്. കട്ടെടുത്തവര്‍ മടക്കി നല്‍കിയാല്‍ ചോദിക്കുന്ന പണം നല്‍കാമെന്നാണ് സുജീഷിന്റെ വാക്ക്.

അര്‍ബുദ ബാധയേറ്റാണ് സുജീഷിന്റെ സഹോദരന്‍ പ്രതീഷ് അകാലത്തില്‍ പൊലിഞ്ഞത്. നഷ്ടപ്പെടലിന്റെ വേദന ഇന്നും നൊമ്പരമായി സുജീഷിന്റെയും ബന്ധുക്കളുടെയും ഉള്ളിലുണ്ട്. സഹോദരന്റെ സന്തത സഹചാരിയായിരുന്ന ബൈക്കായിരുന്നു ആകെയുള്ള ഓര്‍മയും ആശ്വാസവും. ഇതാണ് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടത്.

കട്ടെടുത്തവര്‍ തന്റെ ചങ്കാണ് പറിച്ചെടുത്തത്. അനിയന്‍കുട്ടിയുടെ വാഹനവുമായി അത്രയേറെ ആത്മബന്ധമുണ്ട്. തിരികെ നല്‍കിയാല്‍ ചോദിക്കുന്ന പണം നല്‍കാമെന്നും സുജീഷ് പറയുന്നു.

കെഎല്‍ 55 എല്‍ 5809 എന്ന പാഷന്‍ പ്രോ ബൈക്ക് കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ ചോമേരിയില്‍ നിന്നാണ് നഷ്ടപ്പെട്ടത്. ബൈക്ക് വീണ്ടെടുക്കാന്‍ സുജീഷ് മണ്ണാര്‍ക്കാട് പോലീസിന്റെ സഹായം തേടിയിരിക്കുകയാണ്. വാഹനം തിരികെ നല്‍കണമെന്ന് കള്ളന്‍ ആഗ്രഹിച്ചാല്‍ പരാതി പിന്‍വലിക്കാനും തയ്യാറാണെന്നും സുജീഷ് പറയുന്നു.

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ചില്ലിന് മുന്നിലേക്ക് എടുത്തു ചാടി യുവാവ്. മലപ്പുറം പെരിന്തൽമണ്ണയിലെ ജൂബിലി ജംഗ്ഷനിലാണ് സംഭവം. യുവാവിന്റെ ദേഹത്തും തലക്കും പരുക്കേറ്റിട്ടുണ്ട്. അങ്ങാടിപ്പുറം സ്വദേശി രാജേഷാണ് ബസിന് മുന്നിലേക്ക് എടുത്ത് ചാടിയത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.ജൂബിലി റോഡിൽ അര മണിക്കൂറോളം യുവാവ് അതിക്രമം നടത്തി. തലക്ക് പരുക്കേറ്റ രാജേഷിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്വകാര്യ ബസിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു.

നടുറോഡിൽ ബസ് വരുന്നതിന് എതിരെ നിന്ന യുവാവ് ബസ് അടുത്തെത്തിയപ്പോൾ മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് റോഡിലേക്ക് തെറിച്ചുവീണു. പരുക്കേറ്റ ശേഷം യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായത് അസ്വാഭാവികമായ പെരുമാറ്റമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിന്റെ ഡ്രെെവിംഗ് സീറ്റിൽ കയറി ഇരുന്നുകൊണ്ട് ചില അംഗവിക്ഷേപങ്ങൾ യുവാവ് ചെയ്തതായും ദൃശ്യങ്ങളിൽ കാണാം.

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യ പ്രതി ഗ്രീഷ്മയുമായി ക്രൈംബ്രാഞ്ച് സംഘം തൃപ്പരപ്പിലെ ഹോട്ടലില്‍ തെളിവെടുപ്പ് നടത്തി. ബുധനാഴ്ചയാണ് ഗ്രീഷ്മയെ തെളിവെടുപ്പിവനായി എത്തിച്ചത്. ഇരുവരും താമസിച്ച ഹോട്ടല്‍ മുറിയിലടക്കം തെളിവെടുപ്പ് നടന്നു.വെട്ടുകാട് പളളിയില്‍ വെച്ച് ഷാരോണ്‍ താലികെട്ടിയ ശേഷം ഇരുവരും ചേര്‍ന്ന് തൃപ്പരപ്പിലെ ഹോട്ടലില്‍ മൂന്ന് ദിവസം താമസിച്ചിരുന്നതായി ഗ്രീഷ്മ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തിയത്.

ഹോട്ടലിലെ തെളിവെടുപ്പിനൊപ്പം ഷാരോണ്‍ പഠിച്ച നെയ്യൂരിലെ കോളേജിലും ജൂസ് ചലഞ്ച് നടത്തിയ പാലത്തിലും ബുധനാഴ്ച തെളിവെടുപ്പ് നടത്തി. കോളേജില്‍ നിന്ന് സംഭവ ദിവസം ഉച്ചയോടെ ഇരുവരും ബൈക്കിലാണ് പാലത്തിലെത്തിയതെന്ന് ഗ്രീഷ്മ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ചലഞ്ച് നടത്തുന്നതിനായി കൊണ്ടുവന്ന രണ്ട് ജ്യൂസ് കുപ്പികളില്‍ ഒരെണ്ണത്തില്‍ കോളേജില്‍ വെച്ച് തന്നെ വിഷം കലര്‍ത്തിയിരുന്നു.

രണ്ട് പേരില്‍ ആരാണ് ആദ്യം ജൂസ് കുടിച്ച് തീര്‍ക്കുക എന്നതായിരുന്നു ചലഞ്ച്. അതിന്റെ ഭാഗമായി പാലത്തില്‍ വെച്ച് വിഷം കലര്‍ത്തിയ ജ്യൂസ് ഷാരോണിന് നല്‍കിയെങ്കിലും കയ്പ്പാണെന്ന് പറഞ്ഞ് ഷാരോണ്‍ അത് കളഞ്ഞു. പിന്നീട് മറ്റൊരു കുപ്പിയിലെ ജൂസ് രണ്ട് പേരും കൂടി പങ്കിട്ട് കുടിച്ചെന്നും ഗ്രീഷ്മ വെളിപ്പെടുത്തി. ഉച്ചയ്ക്കാണ് ഇവിടെ എത്തിയതെങ്കിലും വീട്ടില്‍ പോയതിന് ശേഷമാണ് ഊണ് കഴിച്ചതെന്നും ഗ്രീഷ്മ പറഞ്ഞു.

ഇതിന് മുമ്പ് കോളേജില്‍ വെച്ച് ജ്യൂസില്‍ പാരസെറ്റാമോള്‍ കലര്‍ത്തി ഷാരോണിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായും ഗ്രീഷ്മ സമ്മതിച്ചിരുന്നു. അമ്പതോളം ഗുളികകള്‍ ഇതിനായി പൊടിച്ച് സൂക്ഷിച്ചിരുന്നതായും പ്രതി പറഞ്ഞു.

ഒട്ടോറിക്ഷയില്‍ കയറിയ യാത്രക്കാരിയെ കയ്യില്‍ കയറിപ്പിടിച്ച് ഡ്രൈവര്‍, ഭയന്ന് വിറച്ച് ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് പുറത്തേക്കു ചാടിയ യുവതിക്ക് വീഴ്ചയില്‍ വാരിയെല്ലിന് ഗുരുതര പരിക്ക്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം പൂവാര്‍ റോഡിലെ പള്ളം പെട്രോള്‍ പമ്പിന് സമീപം ആണ് സംഭവം. പുല്ലുവിള സ്വദേശിനിയായ 20 വയസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയെ ആക്രമിച്ച വെള്ളറട പനച്ചമൂട് സ്വദേശി അശോകനെ (45) കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു.

പുല്ലുവിളയില്‍ നിന്നാണ് യുവതി അശോകന്റെ ഓട്ടോറിക്ഷയില്‍ കയറുന്നത്. കരുംകുളത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കാണ് യുവതിക്ക് പോകേണ്ടിയിരുന്നത്. യാത്രക്കിടയില്‍ അശോകന്‍ യുവതിയോട് നമുക്ക് കള്ള് കുടിക്കാന്‍ പോകാം എന്ന് പറഞ്ഞു. യുവതി മറുപടി നല്‍കിയില്ല.

തുടര്‍ന്ന് അശോകന്‍ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും കയ്യില്‍ കയറി പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പേടിച്ച പെണ്‍കുട്ടി ഓട്ടോറിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അശോകന്‍ തയ്യാറായില്ല. തുടര്‍ന്നാണ് യുവതി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടിയത്.

യുവതി ഓട്ടോറിക്ഷയില്‍ നിന്നും ചാടിയത് കണ്ട നാട്ടുകാര്‍ ഓട്ടോ തടഞ്ഞുവെച്ചു ഡ്രൈവറെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ദേഹമാസകലം പരിക്ക് പറ്റിയ യുവതിയെ നാട്ടുകാര്‍ ഇതേ ഓട്ടോറിക്ഷയില്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പ്രതിയെയും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പനിക്ക് കുത്തിവയ്‌പ്പെടുത്ത ആറു വയസുകാരന്‍ മരിച്ചു. രാജപാളയം സ്വദേശി മഹേശ്വരന്റെ മകന്‍ കവി ദേവനാഥനാണ് മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടറായ കാതറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വ്യാജ ഡോക്ടറാണെന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നവംബര്‍ നാലിനാണ് പനി ബാധിച്ച ദേവനാഥനെ പിതാവ് മഹേശ്വരന്‍ കാതറിന്റെ ക്ലിനിക്കിലെത്തിച്ചത്.

കുത്തിവെപ്പെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി. കാലില്‍ നീരും കഠിനമായ വേദനയും അനുഭവപ്പെട്ടതോടെ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് പാരസെറ്റാമോള്‍ കുത്തിവയ്‌പ്പെടുത്തു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുട്ടി കുഴഞ്ഞുവീണു.

ഉടന്‍തന്നെ കുട്ടിയെ രാജപാളയം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാതറിന്‍ കുത്തിവെപ്പ് നല്‍കിയ ഭാഗത്തുണ്ടായ അണുബാധയാണ് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. കാതറിന്റെ ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തുകയായിരുന്നു.

ദിവസം മുഴുവനും ഇൻസ്റ്റാഗ്രാം റീല്‍സിൽ ജീവിക്കുന്ന ഭാര്യയെ വഴക്കിനൊടുവിൽ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ ആണ് ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ഏറെ നേരം ചെലവഴിക്കുന്നതിൽ രോഷാകുലനായാണ് ഭർത്താവ് ക്രൂരകൃത്യം ചെയ്യുന്നത്. സംഭവത്തിൽ ദിണ്ടിഗൽ സ്വദേശിയായ 38കാരനായ അമൃതലിംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

ദിണ്ഡിഗൽ സ്വദേശിയായ അമൃതലിംഗം ഭാര്യ ചിത്രയുമായി തിരുപ്പൂരിലെ സെല്ലം നഗറിൽ താമസിക്കുകയായിരുന്നു. തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ കൂലിക്ക് ജോലിനോക്കി വരുകയായിരുന്നു അമൃതലിംഗം. തുണി ഫാക്ടറിയിലെ തൊഴിലാളിയായ ചിത്ര റീൽസ് ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിലും മറ്റു സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുമായിരുന്നു.

ഇതേക്കുറിച്ചും മൊബൈല്‍ ഫോണിൽ ഏറെ നേരം ചെലിവഴിക്കുന്ന തിനെയും ചൊല്ലി ദമ്പതിമാർക്കിടയിൽ കലഹം പതിവായിരുന്നു. ഇൻസ്റ്റഗ്രാമിന്റെ പേരിൽ ഏറെ നേരം ചിലവിടുന്നത് കണ്ടപ്പോൾ ഇതൊഴിവാക്കണമെന്ന് ഭർത്താവ് പലതവണ ഭീഷണിപ്പെടുത്തി. ഇക്കാര്യം ചിത്ര അവഗണിച്ചു. 33,000ത്തിലധികം ഫോളോവേഴ്‌സുള്ള ചിത്ര ഫാക്ടറി ജോലി നിർത്തി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

ഫോളോവേഴ്സ് വർധിച്ചതോടെ അഭിനയ മോഹവുമായി ചിത്ര രണ്ടു മാസം മുമ്പ് ചെന്നൈയിലേക്ക് പോയി. കഴിഞ്ഞാഴ്ചയാണ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വീട്ടിൽ തിരിച്ചെത്തുന്നത്. വിവാഹ ചടങ്ങുകൾക്കു ശേഷം തിരികെ ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ അമൃതലിംഗം തടയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇതേക്കുറിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ ഇയാൾ ഷാൾ കഴുത്തിൽ മുറുക്കി ചിത്രയെ കൊലപ്പെടുത്തുകയായിരുന്നു.

ചിത്രയുടെ ബോധം നഷ്ടപ്പെട്ടതോടെ പരിഭ്രാന്തനായ അമൃതലിംഗം വീട്ടിൽനിന്ന് പോകുകയും മകളെ വിളിച്ച് താൻ ചിത്രയെ അടിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. മകൾ വീട്ടിലെത്തിയപ്പോഴേക്കും ചിത്ര മരിച്ചിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിക്കുകയാണ് ഉണ്ടായത്. പെരുമാനല്ലൂരിൽ വെച്ചാണ് അമൃതലിംഗം അറസ്റ്റിലായത്. ചിത്രയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ 33.3 കെ ഫോളോവേഴ്സ് ആണ് ഉള്ളത്.

RECENT POSTS
Copyright © . All rights reserved