Crime

യുവാവ് ഓടുന്ന തീവണ്ടിക്കു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കോളേജ് വിദ്യാര്‍ഥിനിയുടെ അച്ഛന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടിലെ ആതംപക്കം സ്വദേശിയും ബി.ബി.എ. മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയുമായ എം. സത്യയെ സതീഷ് എന്ന ഇരുപത്തിമൂന്നുകാരന്‍ തീവണ്ടിക്കു മുന്നില്‍ തള്ളിയിട്ടത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ സെയ്ന്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനില്‍ ആയിരുന്നു സംഭവം. സബര്‍ബന്‍ ട്രെയിനു മുന്നിലേക്കായിരുന്നു സത്യയെ സതീഷ് തള്ളിയിട്ടത്. മകളുടെ ദുരന്തവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ സത്യയുടെ അച്ഛന്‍ മാണിക്കത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സത്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവില്‍ പോയ സതീഷിനെ തൊരൈപക്കത്തില്‍നിന്നാണ് പോലീസ് പിടികൂടിയത്.

ടി നഗറിലെ സ്വകാര്യകോളേജില്‍ പോകാനായി ട്രെയിനിനുവേണ്ടി കാത്തിരിക്കയായിരുന്നു സത്യ. പ്രണയാഭ്യര്‍ഥനയുമായി ശല്യംചെയ്തിരുന്ന സതീഷും പിന്നാലെയെത്തി. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെച്ചൊല്ലി ഇരുവരും തര്‍ക്കമായി. തുടര്‍ന്ന് സബര്‍ബന്‍ തീവണ്ടി സെയ്ന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലേക്കെത്തുമ്പോള്‍ സത്യയെ സതീഷ് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സത്യ സംഭവസ്ഥലത്ത് മരിച്ചു.

സതീഷിനെ സ്റ്റേഷനിലുണ്ടായിരുന്ന മറ്റുയാത്രക്കാര്‍ പിടികൂടാന്‍ശ്രമിച്ചെങ്കിലും തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. സതീഷ് പ്രണയാര്‍ഭ്യര്‍ഥനയുമായി ശല്യം ചെയ്യുന്നുവെന്ന് സത്യ മൂന്നാഴ്ച മുമ്പ് മാമ്പലം പോലീസില്‍ പരാതി നല്‍കിയിരുന്നു. സതീഷ് ചെന്നൈ വിമാനത്താളത്തിലെ താത്കാലിക ജീവനക്കാരനാണ്.

ഇലന്തൂരില്‍നിന്ന് ഇരട്ട നരബലി വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരേയും പോലെ സുമ ഞെട്ടി. പക്ഷേ, പിന്നീട് ആശ്വാസമായി. ലൈലയെന്ന കുറ്റവാളിയുടെ കൈകളില്‍നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസമായി ഈ നാല്പത്തിയഞ്ചുകാരി അതിനെ കാണുന്നു.ഇലന്തൂരിലെ വീടിന്റെ മുന്നിലൂടെ നടന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ സുമയെ ലൈല ക്ഷണിച്ചതും അസ്വാഭാവികത തോന്നിയതിനാല്‍ സുമ ക്ഷണം നിരസിച്ചതുമാണ് സംഭവം.

അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിലെ കളക്ഷന്‍ ജീവനക്കാരിയാണ് ഇടപ്പോണ്‍ ചരുവില്‍ വീട്ടില്‍ എസ്. സുമ. കഴിഞ്ഞ സെപ്റ്റംബര്‍ 10-ന് ഭഗവല്‍ സിങ്ങിന്റേയും ലൈലയുടേയും വീട് നില്‍ക്കുന്ന കാരംവേലി മണ്ണപ്പുറംഭാഗത്ത് സംഭാവന സ്വീകരിച്ച ശേഷം ഇലന്തൂരേക്ക് നടന്നുവരികയായിരുന്നു സുമ.

ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു ഇത്. റോഡില്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. ഭഗവല്‍സിങ്ങിന്റെ വീടിന്റെ മുന്‍ഭാഗത്തെ കാവ് കണ്ട് അവിടേക്ക് നോക്കിയപ്പോള്‍ ലൈല നില്‍ക്കുന്നുണ്ടായിരുന്നു. മോളേ എന്നുവിളിച്ചപ്പോള്‍ സുമ നിന്നു. ഭക്ഷണം കഴിച്ചോ എന്നായിരുന്നു ചോദ്യം. ഇല്ലെന്നും വീട്ടില്‍ ചെന്നിട്ട് കഴിക്കാനിരിക്കുകയാണെന്നും സുമ പറഞ്ഞപ്പോള്‍ അതുവേണ്ട ഇവിടെനിന്ന് കഴിക്കാമെന്ന് ലൈല.

വേണ്ടെന്ന് സുമ പറഞ്ഞിട്ടും പിന്നേയും നിര്‍ബന്ധിച്ചു. എന്നാല്‍ വീട്ടിലേക്ക് കയറി ഇത്തിരി വെള്ളമെങ്കിലും കുടിച്ചിട്ട് പോകൂ എന്നായി ലൈല. എന്നാല്‍ പരിചയമില്ലാത്ത ഒരാളുടെ അസാധാരണമായ പ്രകൃതംകണ്ട് എത്രയുംവേഗം പോകാന്‍ സുമ തീരുമാനിച്ചു. ജനസേവന കേന്ദ്രത്തിലേക്ക് സംഭാവന വല്ലതും ചെയ്യുന്നെങ്കില്‍ ആവാമെന്ന് സുമ പറഞ്ഞപ്പോള്‍ 60 രൂപ കൊടുക്കുകയുംചെയ്തു. ബാബു എന്ന പേരില്‍ അതിന്റെ രസീതും കൊടുത്തു.

ലൈലയും സുമയും തമ്മിലുള്ള സംഭാഷണത്തിനിടെ മുതിര്‍ന്ന ഒരാള്‍ എത്തിനോക്കിയിരുന്നതായി സുമ ഓര്‍ക്കുന്നു. അത് ഭഗവല്‍സിങ്ങായിരുന്നെന്ന് ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ബോധ്യപ്പെടുകയും ചെയ്തു. ഷാഫിയുടെ നിര്‍ദേശപ്രകാരം രണ്ടാമതൊരു സ്ത്രീയെ ബലി കൊടുക്കാനുള്ള അന്വേഷണത്തിലായിരുന്ന സമയമായിരുന്നെന്നു വേണം ലൈലയുടെ പ്രകൃതത്തില്‍നിന്ന് വായിച്ചെടുക്കാന്‍. സുമയെകണ്ട് രണ്ടരയാഴ്ച കഴിഞ്ഞശേഷമാണ് പദ്മ കൊല്ലപ്പെടുന്നത്.

ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടിലേക്ക് രണ്ടു പെണ്‍കുട്ടികളെയും കൊണ്ടുവന്നിട്ടുണ്ടെന്ന് നരബലി കേസിലെ ഒന്നാം പ്രതിയായ ഷാഫിയുടെ കുറ്റസമ്മതം. കൊച്ചിയിലെ ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെയാണ് ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ചത്.

പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നെന്ന് ഷാഫി അന്വേഷണസംഘത്തോട് പറഞ്ഞു.പെണ്‍കുട്ടികളെ പീഡിപ്പിച്ചതായും ഷാഫി പൊലീസിനോട് സമ്മതിച്ചു. ക്രൂരമായ പീഡനത്തിന് ശേഷം പെണ്‍കുട്ടികളെ തിരികെ കൊച്ചിയില്‍ എത്തിച്ചെന്നും ഷാഫി പറഞ്ഞു. ഷാഫിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഈ പെണ്‍കുട്ടികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇലന്തൂര്‍ നരബലി കേസിലെ മൂന്നു പ്രതികളെയും 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എട്ടാണ് പ്രതികളെ 24 വരെ കസ്റ്റഡിയില്‍ വിട്ടത്. കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവരേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണെന്ന് വിലയിരുത്തിയാണ് കോടതി നിര്‍ദേശം.

ഇലന്തൂരില്‍ പ്ലാസ്റ്റിക് കവറില്‍ ഉപ്പിട്ട് സൂക്ഷിച്ച നിലയില്‍ മനുഷ്യമാംസം കണ്ടെത്തി. കേസിലെ പ്രതിയായ ഭഗവല്‍ സിംഗിന്റെ പറമ്പില്‍ നടത്തിയ പരിശോധനയിലാണ് കുഴിച്ചിട്ട നിലയില്‍ മനുഷ്യമാംസം കണ്ടെത്തിയത്. കൊല്ലപ്പെട്ട പത്മത്തിന്റേതാണ് ഈ ശരീരഭാഗങ്ങള്‍ എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

കൊല്ലപ്പെട്ട റോസ്‌ലിന്റെ ശരീരഭാഗങ്ങള്‍ പാകം ചെയ്ത് ഭക്ഷിച്ചെന്ന് പ്രതിയായ ലൈല നേരത്തെ മൊഴി നല്‍കിയിരുന്നു. പത്മത്തിന്റെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചിട്ടില്ലെന്നും സൂക്ഷിച്ചു വച്ചതായും ലൈല പൊലീസിനോട് പറഞ്ഞിരുന്നു. പാചകം ചെയ്ത് പിന്നീട് ഭക്ഷിക്കാന്‍ വേണ്ടിയാണ് മാംസം സൂക്ഷിച്ചുവച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

അതേസമയം, മനുഷ്യമാംസം കഴിച്ചെന്ന ആരോപണം നിഷേധിച്ച് ഭഗവല്‍ സിംഗും ലൈലയും രംഗത്തെത്തി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികളുടെ പ്രതികരണം.ജയിലില്‍ നിന്ന് ഇറക്കുമ്പോള്‍ മനുഷ്യമാസം കഴിച്ചോ എന്ന് ഭഗവല്‍ സിംഗിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. ലൈലയും ഇല്ല എന്നായിരുന്നു മറുപടി പറഞ്ഞത്. മൂന്ന് പ്രാവശ്യം ഇല്ല എന്ന മറുപടി അവര്‍ നല്‍കി.

എന്നാല്‍ ഭര്‍ത്താവ് ഭഗവല്‍ സിംഗിനെ കൊലപ്പെടുത്താന്‍ ആലോചിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് ലൈല പ്രതികരിച്ചില്ല. നരബലിക്ക് പിന്നില്‍ ഷാഫി മാത്രമാണോ എന്ന ചോദ്യത്തോടും പ്രതികരിക്കാന്‍ ലൈല തയ്യാറായില്ല. ഷാഫിയോടും ഇതേ കാര്യങ്ങള്‍ ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല.

കേസിലെ മൂന്നു പ്രതികളെയും 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എട്ടാണ് പ്രതികളെ 24 വരെ കസ്റ്റഡിയില്‍ വിട്ടത്. കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവരേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണെന്ന് വിലയിരുത്തിയാണ് കോടതി നിര്‍ദേശം.

കാഞ്ഞങ്ങാട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്ത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ വീഴ്ചയാണ് ചെറുവത്തൂർ സ്വദേശിനി നയന മരിക്കാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഗർഭ പാത്രത്തിലെ പാട നീക്കൽ ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച രാവിലെയാണ് നയനയെ കാഞ്ഞങ്ങാട് ശശിരേഖ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ശസ്ത്രക്രിയയ്ക്കിടെ ഗുരുതര നിലയിലായ യുവതിയെ ഉടൻ മംഗളൂരുവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റണെന്ന് നിർദേശിച്ചു. എന്നാൽ യാത്രാമധ്യേ തന്നെ യുവതി മരണപ്പെടുകയും ചെയ്തു.

പിന്നാലെയാണ് ആരോപണവുമായി കുടുംബം രംഗത്ത് വന്നത്. മംഗളൂരുവിൽ യുവതിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷം, ആംബുലൻസിലുണ്ടായിരുന്ന ശശിരേഖ ആശുപത്രിയിലെ ഡോക്ടർ മുങ്ങിയതായും കുടുംബം ആരോപിച്ചു. അതേസമയം, ശസ്ത്രക്രിയക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയും മൂന്നാം പ്രതി ലൈലയും ചേര്‍ന്ന് ഭഗവല്‍ സിംഗിനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ലൈലയാണ് ചോദ്യം ചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. റോസ്ലിയെ കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. അതിനാല്‍ പത്മത്തിന്റെ കൊലയ്ക്ക് ശേഷം ഭഗവല്‍ സിംഗ് ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തുമോ എന്ന ഭയമായിരുന്നു ഷാഫിക്കും ലൈലക്കും. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഭഗവല്‍ സിംഗിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു.

സ്വത്തുക്കള്‍ തട്ടിയെടുത്ത് ലൈലുമായി നാടുവിടാന്‍ ഷാഫി പദ്ധതിയിട്ടതായും പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയിലാണ്, പത്മത്തിന്റെ തിരോധാനം അന്വേഷിക്കുന്നതിനിടെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ട നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഷാഫിയിലേക്ക് എത്തുകയായിരുന്നു. പിന്നാലെയാണ് നരബലിയുടെ ഞെട്ടിക്കുന്ന നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്.

നരബലി കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷാഫി അടക്കം മൂന്നുപ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മൂവരെയും ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ ആവശ്യം. പ്രതികളെ രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊല്ലപ്പെട്ട സ്ത്രീകളെ കൊണ്ടുപോയത് എറണാകുളത്ത് നിന്നായതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ സമാന രീതിയില്‍ മറ്റാരെയെങ്കിലും കെണിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധന വേണമെന്നും പോലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. റോസ്ലിയുടെയും പത്മത്തിന്റെയും ആഭരണങ്ങളും പ്രതികള്‍ പണയപ്പെടുത്തിയതായി വ്യക്തമായിട്ടുണ്ട്. അതിനാല്‍ ഇവ കണ്ടെടുക്കുന്നതിനുളള നടപടികളും പോലീസ് സ്വീകരിക്കും.

നരബലിയുടെ പേരിൽ പത്മയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ സ്വർണം അപഹരിച്ച് പണയം വെച്ച് കിട്ടിയ പണം ഷാഫി ഭാര്യക്ക് നൽകിയതായി കണ്ടെത്തൽ. എറണാകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് പത്മയുടെ സ്വർണം പണയപ്പെടുത്തിയത്. ഒരു ലക്ഷത്തി പതിനായിരം രൂപ മുഹമ്മദ്‌ ഷാഫി സ്വർണ്ണം പണയം വെച്ച് കൈക്കലക്കി.

പത്മയുടെ സ്വർണ വളയും കമ്മലുമടക്കം 39 ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. എറണാകുളം നഗരത്തിൽ ഷാഫി താമസിച്ചിരുന്ന വീടിന് തൊട്ടടുത്ത മാളിയേക്കൽ ഗോൾഡ് ഫിനാൻസ് എന്ന സ്ഥാപനത്തിലാണ് ഷാഫി സ്വർണം പണയം വെച്ചത്.

ഒക്ടോബർ നാലിന് വൈകീട്ട് ജീപ്പിലെത്തിയാണ് ഷാഫി സ്വർണം പണയപ്പെടുത്തിയത്. അന്ന് തന്നെ 40000 രൂപ തന്റെ ഭാര്യയായ നബീസയ്ക്ക് നൽകിയെന്നാണ് ഷാഫി മൊഴി നൽകിയത്. ഷാഫിയുടെ പേരിലുള്ളതല്ല സ്വർണം പണയം വെച്ച ദിവസം ഉപയോഗിച്ച ജീപ്പ്. പ്രതി സ്വർണം പണയം വെക്കാൻ എത്തുന്ന സിസിടിവി ദൃശ്യം പൊലീസിന് കിട്ടി.

ഷാഫി പണത്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്തതെങ്കിൽ ആ പണം എവിടെയെന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ഷാഫിയുടെ ഭാര്യയായ നബീസ പറഞ്ഞത്. വീട്ടിൽ പണം കൊണ്ടുവന്നില്ലെന്നും നബീസ പറഞ്ഞിരുന്നു. എന്നാൽ പത്മയുടെ സ്വർണം പണയം വെച്ച് കിട്ടിയ പണത്തിന്റെ ഒരു ഭാഗം ഭാര്യക്ക് നൽകിയെന്നാണ് ഷാഫി തന്നെ പൊലീസിനോട് പറഞ്ഞിരിക്കുന്നതെന്നാണ് വിവരം.

പത്മയെ അറിയാമെന്നും കാണാതാകുന്ന ദിവസം അവർ ഹോട്ടലിൽ വന്നിരുന്നുവെന്നും നേരത്തെ നബീസ പറഞ്ഞിരുന്നു. ഹോട്ടലിൽ വെച്ച് പത്മയുടെ ഫോൺ കാണാതായപ്പോൾ തന്റെ ഫോണിൽ നിന്ന് പത്മയുടെ നമ്പറിലേക്ക് വിളിച്ചെന്നും ഫോൺ കണ്ടെത്തിയെന്നും അവർ പറഞ്ഞിരുന്നു.

എന്നാൽ തന്റെ ഭർത്താവിനെ കുറിച്ച് തീരെ നല്ല അഭിപ്രായമല്ലായിരുന്നു നബീസയ്ക്ക്. ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ലെന്നും മദ്യപിച്ചാൽ പ്രശ്നമുണ്ടാക്കുന്ന ആളാണെന്നും നബീസ പറഞ്ഞിരുന്നു. ഇത്രയും ക്രൂരമായ കൊലപാതകം ഷാഫി നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും തൻ്റെ മൊബൈൽ ഫോൺ ഷാഫി ഉപയോഗിച്ചിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. മദ്യപിച്ച് തന്നെയും ഉപദ്രവിക്കാറുണ്ടെന്ന് പറഞ്ഞ നബീസ കൊല്ലപ്പെട്ട പത്മയും റോസ്‌ലിയും ലോഡ്ജിൽ വരാറുണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഓടുന്ന ട്രെയിനിന് മുന്നിൽ പെൺകുട്ടിയെ തള്ളിയിട്ട് കൊന്നു. ചെന്നൈ സബർബൻ ട്രെയിനിന്‍റെ മൗണ്ട് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്വകാര്യ കോളേജ് വിദ്യാർഥിനിയായ സത്യ (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ആദമ്പാക്കം സ്വദേശിയായ സതീഷ് എന്ന യുവാവ് പെൺകുട്ടിയെ തള്ളിയിട്ട് കൊന്ന ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്.

ഇന്ന് ഉച്ചയ്ക്ക് മുന്നേ ആയിട്ടാണ് സംഭവം നടന്നത്. പെൺകുട്ടിയും ആദമ്പാക്കം സ്വദേശിനിയാണെന്നാണ് വ്യക്തമാകുന്നത്. പ്രതിയായ സതീഷ്, സത്യയെ പിൻതുടർന്ന് സംസാരിക്കുന്നതിനിടയിലാണ് ക്രൂരത ചെയ്തതെന്നും വിവരമുണ്ട്. സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്‌റ്റേഷനിൽ സംസാരിക്കവെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. തർക്കത്തിനിടെ ട്രെയിൻ പാഞ്ഞുവന്നപ്പോളാണ് പ്രതി, സത്യയെ തള്ളിയിട്ടതെന്ന് കണ്ടുനിന്നവർ പറയുന്നു. യാത്രക്കാരുടെ ഞെട്ടൽ മാറും മുന്നേ തന്നെ സത്യ കൊല്ലപ്പെടുകയായിരുന്നു. ട്രാക്കിൽ തല തകർന്നാണ് സത്യ മരിച്ചത്. റെയിൽവേ പൊലീസ് എത്തും മുന്നേ തന്നെ സതീഷ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അന്ധവിശ്വാസത്തിന്റെ മറവിൽ ഇലന്തൂരിൽ നടന്ന നരബലി പരിഷ്‌കൃത സമൂഹത്തെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. കൊടുംക്രൂരതകൾ പുറത്ത് വന്നതിന് പിന്നാലെ പത്തനംതിട്ടയിലെ മന്ത്രവാദം നടത്തുന്ന ‘വാസന്തിയമ്മമഠം’ യുവജനസംഘടനകൾ അടിച്ചുതകർത്തു. ഇവിടെ മന്ത്രവാദചികിത്സ നടത്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞുവീണതിന്റെ ദൃശ്യങ്ങൾ വ്യാപകമായതോടെയാണ് കേന്ദ്രം യുവജന സംഘടന അടിച്ചുപൊളിച്ചത്.

കെട്ടിടത്തിന്റെ ചിലഭാഗങ്ങൾ പ്രതിഷേധക്കാർ തകർത്തു. വിളക്കുകളും മറ്റും തകർത്തിട്ടുണ്ട്. പിന്നീട് പോലീസെത്തി മന്ത്രവാദ ചികിത്സ നടത്തിയിരുന്ന വാസന്തി എന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ, ഡി.വൈ.എഫ്.ഐ, കോൺഗ്രസ്, ബിജെപി പ്രവർത്തകരും പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നു.

മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പൊതീപാട് എന്ന സ്ഥലത്താണ് വാസന്തിയമ്മമഠം നടത്തി വന്നിരുന്നത്. ആറ് വർഷത്തോളമായി മന്ത്രവാദം ഇവിടെ നടത്തി വരികയാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പുരോഗതി, സാമ്പത്തിക ഐശ്വര്യം, രോഗ ചികിത്സ തുടങ്ങിയ കാര്യങ്ങൾ തേടി ജനങ്ങളും ഇങ്ങോട്ട് എത്തുന്നുണ്ട്.

നേരത്തെയും ഈ സ്ഥാപനത്തിനെതിരെ വിവധ കോണുകളിൽനിന്ന് പ്രതിഷേധവും പരാതിയും ഉയർന്നിരുന്നെങ്കിലും പോലീസും അധികൃതരും ഒരുതരത്തിലുള്ള നടപടികളും എടുത്തിരുന്നില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. പിന്നാലെയാണ് കേരളത്തെ ഞെട്ടിച്ച നരബലി വാർത്ത എത്തിയത്. ശേഷം കേന്ദ്രം അടിച്ചുതകർക്കുകയായിരുന്നു.

ഇടുക്കിയില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുന്നം കൊല്ലപ്പള്ളി മാത്യൂസ് സാബുവിന്റെ ഭാര്യ അനുഷ (24) യാണ് മരിച്ചത്. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല മണ്ഡപത്തില്‍ ഡോ. ജോര്‍ജിന്റെയും ഐബിയുടെയും മകളാണ്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. ഒന്‍പതുമണിയോടെ അനുഷയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സമയം ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

വൈകാതെ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച പോസ്റ്റ് മോര്‍ട്ടം ചെയ്യും. സംസ്‌കാരം പിന്നീട്.

ഓഗസ്റ്റ് 18-നാണ് അനുഷയുടേയും മാത്യൂസിന്റേയും വിവാഹം നടന്നത്. പ്രണയിച്ചായിരുന്നു വിവാഹംം ചെയ്തത്. അതേസമയം, പെണ്‍കുട്ടി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പറഞ്ഞതെന്ന് പോലീസ് അറിയിച്ചു.

പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. തൊടുപുഴ ഡിവൈ എസ്.പി. മധു ആര്‍ ബാബുവിനാണ് അന്വേഷണച്ചുമതല.

RECENT POSTS
Copyright © . All rights reserved