Crime

കുടിശ്ശിക മുടങ്ങിയതിന്റെ പേരിൽ ഗർഭിണിയെ ക്രൂരമായി കൊലപ്പെടുത്തി ഫിനാൻസ് കമ്പനി ജീവനക്കാർ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്. മൂന്ന് മാസം ഗർഭിണിയായിരുന്ന യുവതിയെ ട്രാക്ടർ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം ദേഹത്തു കൂടി കയറ്റി ഇറക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം.

വികലാംഗനായ കർഷകന്റെ മകളാണ് ഫിനാൻസ് കമ്പനി ജീവനക്കാരുടെ ക്രൂരതയിൽ പൊലിഞ്ഞത്. 2018ൽ മഹീന്ദ്ര ഫിനാൻസിൽ നിന്ന് മിഥ്‌ലേഷ് ഒരു ട്രാക്ടർ വാങ്ങി. ട്രാക്ടറിന്റെ ആകെ 6 ഗഡുക്കളാണ് അവശേഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. ട്രാക്ടറിന്റെ കുടിശ്ശിക വാങ്ങാൻ ഫിനാൻസ് റിക്കവറി ഏജന്റുമാർ കഴിഞ്ഞ ദിവസം മിഥ്‌ലേഷിന്റെ വീട്ടിലെത്തി.

ട്രാക്ടർ വീണ്ടെടുക്കാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥനും കർഷകനും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ മകൾ ട്രാക്ടർ ചക്രത്തിനടിയിൽ പെട്ടു. തുടർന്ന് യുവതിയുടെ പുറത്തുകൂടി ട്രാക്ടർ കയറ്റി ഇരിക്കുകയായിരുന്നു. യുവതിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അതേസമയം, തങ്ങളെ അറിയിക്കാതെയാണ് കമ്പനി അധികൃതർ വീട്ടിലെത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ട്രാക്ടർ വീണ്ടെടുക്കുന്നതിനായി ഇരയുടെ വസതിയിലേക്ക് പോകുന്നതിന് മുമ്പ് കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നില്ലെന്ന് പോലീസും അറിയിച്ചു. സംഭവത്തിൽ സ്വകാര്യ ഫിനാൻസ് കമ്പനിയുടെ റിക്കവറി ഏജന്റും മാനേജരും ഉൾപ്പെടെ നാല് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടെത്തു.

കൊല്ലം ചെങ്കോട്ടയിലെ ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി ഇടിച്ച് രണ്ടുപേര്‍ മരണപ്പെട്ടു. വിളക്കുടി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ രണ്ടാം വാര്‍ഡ് അംഗവുമായ കുന്നിക്കോട് നദീറ മന്‍സില്‍ (തണല്‍) എം റഹീംകുട്ടി (59), ആവണീശ്വരം കാവല്‍പുര പ്ലാമൂട് കീഴ്ച്ചിറ പുത്തന്‍ വീട് ഷാഹുല്‍ ഹമീദിന്റെ മകള്‍ സജീന (40) എന്നിവരാണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.20-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കൊല്ലത്തേക്ക് പോകാന്‍ തീവണ്ടി കാത്ത് നില്‍ക്കുകയായിരുന്നു ഈ സമയത്ത് ഇരുവരും. അതിനിടെ റഹീംകുട്ടിയുടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു.

ഈ ഫോണെടുക്കാന്‍ റഹീംകുട്ടി ട്രാക്കിലേക്ക് ഇറങ്ങി. ആ സമയം രണ്ടാമത്തെ ട്രാക്കിലൂടെ ചെങ്കോട്ട കൊല്ലം സ്പെഷ്യല്‍ തീവണ്ടി വരുന്നുണ്ടായിരുന്നു. ഇതുകണ്ട സജീന, റഹീംകുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സജീനയുടെ കൈയില്‍ പിടിച്ച് ട്രാക്കില്‍നിന്നും പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ റഹീംകുട്ടി ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇരുവരും തീവണ്ടിക്ക് മുന്നില്‍പ്പെടുകയുമായിരുന്നു. തീവണ്ടിയിടിച്ച സജീന തല്‍ക്ഷണം മരിച്ചു. റഹീംകുട്ടിയുടെ കാലിനാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ കാലുകള്‍ അറ്റുപോയിരുന്നു. കൊട്ടാരക്കര സ്വകാര്യാശുപത്രിയില്‍ വെച്ചാണ് റഹീംകുട്ടി മരണപ്പെട്ടത്.

 

ഓടികൊണ്ടിരുന്ന ലോറിയിൽ നിന്ന് ഇരുമ്പുഷീറ്റ് റോഡിലേക്ക് തെറിച്ചു വീണ് രണ്ട് മരണം. കൺമുൻപിൽ നടന്ന ദാരുണ അപകടത്തിന്റെ ആഘാതത്തിലാണ് നാട്ടുകാർ. പുന്നയൂർക്കുളം അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണു ദാരുണമായി മരിച്ചത്. ഒരു സ്‌കൂട്ടറും അപകടത്തിൽ തകർന്നിട്ടുണ്ട്.

ഇന്ന് രാവിലെ 7ന് അകലാട് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. ഇവിടെ എത്തിയപ്പോൾ ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകൾ റോഡിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം, ലോറിയുടെ പിറകിൽ സ്‌കൂട്ടറിൽ പോകുകയായിരുന്ന ഷാജിയുടെയും പ്രഭാത സവാരിക്കിറങ്ങിയ മുഹമ്മദലിയുടെയും ദേഹത്തേയ്ക്ക് ഷീറ്റുകൾ വന്ന് അടിക്കുകയായിരുന്നു.

ഇരുവരും തൽക്ഷണം ആണ് മരണപ്പെട്ടത്. നാട്ടുകാരും പോലീസും ഓടിക്കൂടിയാണ് രക്ഷപ്രവർത്തനം നടത്തിയത്. മലപ്പുറത്തുനിന്നു ചാവക്കാടേക്ക് ലോഡുമായി പോവുകയായിരുന്നു ലോറി. മതിയായ സുരക്ഷയില്ലാതെയാണു ഷീറ്റുകൾ കൊണ്ടുവന്നതെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, അപകടമുണ്ടായ ഉടൻ ലോറി ഡ്രൈവർ കടന്നുകളഞ്ഞു. സംഭവത്തിൽ ലോറി ഡ്രൈവർക്കായുള്ള അന്വേഷണം നടത്തി വരികയാണ്.

ബീഹാറിലെ ബെഗുസാരായിയിൽ ഓടുന്ന ട്രെയിനിന്റെ ജനാലയിൽ നിന്ന് ഒരാൾ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ, പിന്നീട് സംഭവിച്ചത് ഒരു ജീവൻ മരണ പോരാട്ടമാണ്. ഇനി ഒരിക്കലും മോഷ്ടിക്കാൻ പോയിട്ട് വെറുതെ പോലും അയാൾ ട്രെയിനിന്റെ അടുത്തേക്ക് വരും എന്ന് തോന്നുന്നില്ല. അങ്ങനെയൊരു അനുഭവമായിരിക്കും അയാൾക്ക് ഉണ്ടായിരിക്കുക.

സംഭവിച്ചത് ഇങ്ങനെ…..

അയാൾ‌ ജനലിലൂടെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചതോടെ ഒരാൾ അയാളുടെ കയ്യിൽ മുറുകെ പിടിച്ചു. അപ്പോൾ തന്നെ വണ്ടി സ്റ്റേഷൻ വിടുകയും ചെയ്തു. യാത്രക്കാരൻ കള്ളന്റെ കൈ വിടാൻ തയ്യാറായില്ല. മറ്റൊരു യാത്രക്കാരനും കള്ളന്റെ മറ്റേ കൈ പിടിക്കുകയും അത് വലിക്കാൻ തുടങ്ങുകയും ചെയ്തു. ട്രെയിൻ സ്റ്റേഷൻ വിട്ടു. അങ്ങനെ ജനാലയ്ക്കൽ തൂങ്ങിക്കിടന്നു കൊണ്ട് കള്ളന് സഞ്ചരിക്കേണ്ടി വന്നത് 15 കിലോമീറ്റർ. യാത്രക്കാരൻ ഇങ്ങനെ ട്രെയിൻ ഓടുമ്പോൾ കള്ളൻ ജനാലയ്ക്കൽ തൂങ്ങി നിൽക്കുന്നതിന്റെ ഒരു വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

ട്രെയിനിലെ യാത്രക്കാർ ഈ മോഷ്ടാവിനെ ബെഗുസാരായിയിലെ സാഹെബ്പൂർ കമാൽ സ്റ്റേഷനിൽ നിന്ന് ഖഗാരിയയിലേക്കാണ് കൊണ്ടുപോയത്. അതുവരെയും അയാൾ ജനലിലൂടെ തൂങ്ങിക്കിടക്കുകയായിരുന്നു. ബെഗുസരായിലെ സാഹെബ്പൂർ കമാൽ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങിയ ഉടനെയാണ് പ്ലാറ്റ്‌ഫോമിന്റെ അടുത്ത് വന്ന് നിന്ന് ട്രെയിനിന്റെ ജനലിലൂടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ഇയാൾ ശ്രമിച്ചത് എന്ന് യാത്രക്കാർ പറയുന്നു. അപ്പോൾ ഒരു യാത്രക്കാരൻ അവന്റെ കൈ പിടിച്ചു. ആ യാത്രക്കാരനെ സഹായിക്കാൻ സമീപത്തുള്ള യാത്രക്കാർ കള്ളന്റെ ഇരുകൈകളും പിടിക്കുകയായിരുന്നു.

ട്രെയിൻ നീങ്ങുമ്പോൾ കള്ളൻ ആകെ ഭയന്ന് നിലവിളിക്കുന്നുണ്ട്. തന്റെ കൈ പൊട്ടിപ്പോകുമെന്നും താൻ മരിച്ചു പോകുമെന്നും അയാൾ പറയുന്നു. ഒപ്പം തന്നെ തന്റെ കൈകൾ വിട്ടുകളയരുതേ എന്ന് അയാൾ യാത്രക്കാരോട് അപേക്ഷിക്കുന്നും ഉണ്ട്.

പിന്നീട് ഖഗാരിയ സ്റ്റേഷനിലെ ജിആർപിക്ക് ഇയാളെ കൈമാറി. അയാളുടെ പേര് പങ്കജ് കുമാർ എന്നാണ് എന്നും തിരിച്ചറിഞ്ഞു. ബെഗുസരായിലെ സാഹേബ്പൂർ കമാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണ് ഇയാൾ. ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ശിക്ഷയ്ക്കെതിരെ പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി ശിക്ഷ ശരിവെച്ചു.

അതേസമയം, ജീവപര്യന്തം തടവിന് പകരം പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ചന്ദ്രബോസിനെ കൊല്ലാന്‍ നിഷാം ഉപയോഗിച്ച ആഡംബര കാറായ ഹമ്മള്‍ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് വാഹനത്തിന്റെ ഉടമ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിട്ടുണ്ട്.

2015 ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. തൃശൂരിലെ ഫ്ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് വ്യവസായി മുഹമ്മദ് നിഷാം, സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിന് നേരെ ആഢംബര കാറിടിച്ച് കയറ്റിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചതോടെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. പണത്തിന്റെയും അധികാരത്തിന്റെയും അഹന്തയില്‍ ക്രൂരകൃത്യം ചെയ്ത ശേഷം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതുവരെ വിവാദമായി. വിയ്യൂരും, കണ്ണൂര്‍ ജയിലിലും ശിക്ഷ അനുഭവിച്ച നിഷാമിപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലാണ് കഴിയുന്നത്.

കൊല്ലം ചടയമംഗലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഇട്ടിവ സ്വദേശിനി ഐശ്വര്യ ഉണ്ണിത്താനാണ് ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.തുടയന്നൂര്‍ മംഗലത്ത് വീട്ടില്‍ ഷീല അരവിന്ദാക്ഷന്‍ ദമ്പതികളുടെ മകളായ 26 വയസുളള ഐശ്വര്യ ഉണ്ണിത്താനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചയോടെ ഐശ്വര്യ കിടപ്പുമുറിയിലെ ഫാനില്‍ സാരിയില്‍ കെട്ടിതൂങ്ങി മരിക്കുകയായിരുന്നു.

യുവതിയ്ക്ക് നേരെ ഗാര്‍ഹിക പീഡനം ഉണ്ടായെന്ന് ആരോപിച്ച് സഹോദരന്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കി. ചടയമംഗലം മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായരാണ് ഐശ്വര്യ ഉണ്ണിത്താന്റെ ഭര്‍ത്താവ്. മൂന്നുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. വിവാഹം കഴിഞ്ഞതിന് ശേഷം ഒരു വര്‍ഷത്തോളം ഇരുവരും പിണങ്ങി താമസിക്കുകയും പിന്നീട് കൗണ്‍സിലിംഗ് നടത്തി ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. എന്നാല്‍ തന്റെ സഹോദരിക്ക് ഭര്‍ത്താവില്‍ നിന്നും ശരീരികവും മാനസികവുമായിട്ടുള്ള പീഡനം സഹിക്കാതെയാണ് ആത്മഹത്യ ചെയ്തതെന്നും മരണത്തില്‍ സംശയം ഉണ്ടെന്നും കാട്ടി ചടയമംഗലം പോലീസില്‍ മരിച്ച ഐശര്യയുടെ സഹോദരന്‍ പരാതി നല്‍കി. തുടര്‍ന്ന് ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭര്‍ത്താവ് കണ്ണന്‍ നായര്‍ അഭിഭാഷകനാണ്.

ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ ദലിത് സഹോദരിമാരെ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറു പേർ അറസ്റ്റിൽ. ഇരുവരെയും ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പൊലീസ് അറിയിച്ചു. സൊഹൈൽ, ജുനൈദ്, ഹഫീസുൾ, റഹ്മാൻ, കരീമുദ്ദീൻ, ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ ഇവർക്കു പരിചയപ്പെടുത്തിയ അയൽവാസി ഛോട്ടുവും അറസ്റ്റിലായിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ച ജൂനൈദിനെ എൻകൗണ്ടറിലൂടെയാണ് പിടിച്ചത്. ഇയാളെ കാലിൽ വെടിവച്ചു വീഴ്ത്തുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

സുഹൈലും ജൂനൈദുമായി പെൺകുട്ടികൾ സൗഹൃദത്തിലായിരുന്നു. ഇരുവരും ചേർന്ന് പെൺകുട്ടികളെ കരിമ്പുപാടത്തു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി. പെൺകുട്ടികൾ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കഴുത്തുഞെരിച്ചു കൊന്ന് അവർ ധരിച്ചിരുന്ന ഷാളിൽ കെട്ടിത്തൂക്കി. ആത്മഹത്യയാണെന്ന തോന്നിക്കാനായിരുന്നു ഇത്. സൊഹൈലും ജുനൈദും ഹഫീസുള്ളും പേർന്നാണ് ഇവരെ കൊലപ്പെടുത്തിയത്. പിന്നീട് ഇവരെ കെട്ടിത്തൂക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനുമായി കരീമുദ്ദീനെയും ആരിഫിനെയും സഹായത്തിനു വിളിച്ചു.

പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വമേധയാ പ്രതികളുടെ കൂടെ ബൈക്കിൽ കയറി പോയതാണെന്നും പൊലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 302, 376, പോക്സോ നിയമം എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പതിനേഴും പതിനഞ്ചും വയസ്സുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്.

ഹത്രസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് ലഖിംപുർ ഖേരിയിൽ ഉണ്ടായിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും എസ്പി നേതാവ് അഖിലേഷ് യാദവും ആരോപിച്ചു. ഉത്തർപ്രദേശിൽ സ്ത്രീകൾക്കും പട്ടിക ജാതിക്കാർക്കും ഒരു സുരക്ഷയുമില്ലെന്നും ഇരുവരും ആരോപിച്ചു.

വളകോട്ടില്‍ ഭര്‍തൃവീട്ടില്‍ ഇരുപത്തിയെട്ടുകാരി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് വളകോട് പുത്തന്‍ വീട്ടില്‍ ജോബിഷിനെ പീരുമേട് പൊലീസ് അറസ്റ്റു ചെയ്തു. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ജോബിഷിന്റെ ഭാര്യ ഷീജയുടെ ആത്മഹത്യയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഏലപ്പാറ ഹെലിബറിയ സ്വദേശി എംകെ ഷീജ വെള്ളിയാഴ്ചയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. സ്ത്രീധന ബാക്കിയെച്ചൊല്ലി ഭര്‍ത്താവ് ജോബീഷും മാതാപിതാക്കളും പീഡിപ്പിച്ചതാണ് അത്മഹത്യക്ക് കാരണമെന്ന് കാണിച്ച് ഷീജയുടെ വീട്ടുകാര്‍ ഉപ്പുതറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പീരുമേട് ഡിവൈ എസ്പി ജെ കുര്യാക്കേസ് അന്വേഷണം ഏറ്റെടുത്തു. ഷീജയുടെ വീട്ടുകാരുടെ മൊഴികള്‍ രേഖപ്പെടുത്തി ശേഷം ജോബിഷിനെ ചോദ്യം ചെയ്തു. തുടന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്ത്രീധന ബാക്കിയായ രണ്ടു പവന്‍ സ്വര്‍ണത്തെച്ചൊല്ലി പലതവണ ജോബീഷ് ഷീജയെ മര്‍ദ്ദിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഷീജക്ക് നല്‍കിയ സ്വര്‍ണ്ണത്തില്‍ ഒരു ഭാഗം ഉപ്പുതറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോബീഷ് പണയം വെച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജോബീഷിന്റെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷം ഇവരെയും അറസ്റ്റ് ചെയ്യും. അറസ്റ്റ് ചെയ്ത ജോബീഷിനെ പീരുമേട് ഹാജരാക്കി റിമാന്റ് ചെയ്തു.

പൂണെയിലെ പിംപ്രിയില്‍ സ്‌കൂട്ടറില്‍ ട്രക്ക് ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളിഡോക്ടര്‍ മരിച്ചു. യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപന്‍ മോര്‍ ഐറേനിയോസ് പൗലോസ് മെത്രാപ്പൊലീത്തയുടെ സഹോദരിയുടെ മകളും മാളിയേക്കല്‍ റിമിന്‍ ആര്‍ കുര്യാക്കോസിന്റെ ഭാര്യയുമായ ഡോ. ജെയ്ഷ (27) ആണ് മരണപ്പെട്ടത്.

ജെയ്ഷ ഉച്ചഭക്ഷണത്തിനുശേഷം ക്ലിനിക്കിലേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ട്രക്ക് നിര്‍ത്താതെ പോയി.

മംഗളൂരു ചിറയില്‍ ജോണ്‍ തോമസിന്റെയും ഉഷ ജോണിന്റെയും മകളാണ്. സഹോദരന്‍: ജെയ്. ജെയ്ഷയുടെ മൃതദേഹം പൂണെയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം റോഡ് മാര്‍ഗം മംഗളൂരുവിലേക്ക് കൊണ്ടുപോയി.

സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിലെ അന്ത്യശുശ്രൂഷകള്‍ക്കുശേഷം മംഗളൂരു ജേപ്പു സെയ്ന്റ് ആന്റണീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.

ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ നടപടിയെടുത്ത് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ഥിനി പഠിച്ചിരുന്ന ദോഹ അല്‍ വക്റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.

കെജി 1 വിദ്യാര്‍ത്ഥിയായ മിന്‍സ മറിയത്തിന്റെ മരണത്തില്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ സൗമ്യ ചാക്കോ ദമ്പതികളുടെ ഇളയ മകളാണ് മിന്‍സ.

ഞായറാഴ്ചയാണ് കുട്ടി മരിച്ചത്. രാവിലെ ആറുമണിക്ക് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സില്‍ കുട്ടി ഉറങ്ങിപ്പോയെന്നും വിദ്യാര്‍ത്ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാരന്റെ ശ്രദ്ധയില്‍ പെട്ടില്ല. ബസ് പരിശോധിക്കാതെ ഡ്രൈവര്‍ വാഹനം ഡോര്‍ ലോക്ക് ചെയ്ത് പോയി. തുറസായ സ്ഥലത്താണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്.

രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിക്കാന്‍ ബസില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാര്‍ കുട്ടിയെ ബസ്സിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. അതേസമയം മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

RECENT POSTS
Copyright © . All rights reserved