Editorials

ജോജി തോമസ്.

അടുത്തകാലത്ത് കേരളത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് മരടിലെ അനധികൃത ഫ്ലാറ്റ് നിർമ്മാണവും, സുപ്രീം കോടതി വിധിയെ തുടർന്ന് ഫ്ളാറ്റുകളുടെ പൊളിച്ചുനീക്കലും. ചർച്ചകളിലേറെയും നിറഞ്ഞുനിന്നത് നിയമവിരുദ്ധ നിർമ്മാണത്തിൽ ഉണ്ടായ രാഷ്ട്രീയ ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടിലുപരിയായി ഭവനരഹിതരാക്കപെട്ട ഒരു പറ്റം നിരപരാധികളായ കുടുംബങ്ങളുടെ രോദനങ്ങളാണ്. മരടിലെ ഫ്ലാറ്റുടമകൾ കുടിയൊഴിപ്പിക്കപ്പെട്ടപ്പോൾ നിരവധി കുടുംബങ്ങൾ ഭവനരഹിതരാക്കപ്പെടും എന്ന ധാർമിക വശം അതിനുണ്ടായിരുന്നു. എന്നാൽ കേരളത്തിന്റെ തീരപ്രദേശങ്ങളിലും പരിസ്ഥിതി ദുർബല മേഖലകളിലുമുണ്ടായിരിയ്ക്കുന്ന ആയിരക്കണക്കിന് അനധികൃത കൈയേറ്റങ്ങൾക്കും, നിർമാണപ്രവർത്തനങ്ങൾക്കും നേരെ നടപടിയെടുക്കാൻ സർക്കാരിനോ കോടതിക്കോ ഈ ധാർമിക വശം പരിഗണിക്കേണ്ടതില്ല. കാരണം ഈ അനധികൃത കൈയേറ്റങ്ങളിൽ ഏറെയും നടത്തിയിരിക്കുന്നത് സമ്പന്ന രാഷ്ട്രീയ വർഗ്ഗവും, വൻകിട ബിസിനസ് ഗ്രൂപ്പുകളുമാണ്. അതുകൊണ്ടുതന്നെ മരടിലെ ഭവനരഹിതരാക്കപ്പെട്ട കുടുംബങ്ങളുടെ രോധനത്തിന് നേരെ കണ്ണടച്ച സുപ്രീം കോടതിയും സർക്കാരും ഈ നിയമലംഘനങ്ങൾക്കു നേരെ കണ്ണടയ്ക്കുകയാണെങ്കിൽ അത് ചരിത്രത്തോടും വഴിയാധാരമാക്കപ്പെട്ട ഒരുപറ്റം കുടുംബാംഗങ്ങളോടും ചെയ്യുന്ന കടുത്ത അനീതി ആയിരിക്കും.

ലോകപ്രശസ്ത മാനേജ്മെന്റ് വിദഗ്ധനായ ഡഗളസ് മാഗ് ഗ്രിഗോറി നിയമ അച്ചടക്ക ലംഘനങ്ങളെ കൈകാര്യം ചെയ്യുന്നതിനായി “ഹോട്ട് സ്റ്റൗ അപ്പോറോച്ച് “എന്നപേരിൽ വികസിപ്പിച്ചെടുത്ത ഒരു തിയറിയുണ്ട്. നിയമലംഘനങ്ങളുടെ ആധിക്യമനുസരിച്ച് ശിക്ഷയുടെ ആധിക്യം കൂടുമെന്നും , മുഖം നോക്കാതെയുള്ള നടപടികൾ ആയിരിക്കണം നിയമലംഘനം നടത്തുന്നവർക്കെതിരെ സ്വീകരിക്കേണ്ടതെന്നുമാണ് പ്രസ്തുത തിയറിയുടെ രത്നചുരുക്കം . അങ്ങനെയാണെങ്കിൽ മരടി
നേക്കാൾ വലുതും പഴക്കം ചെന്നതുമായ നൂറുകണക്കിന് നിയമലംഘനങ്ങൾ കേരളത്തിലെമ്പാടുമുണ്ട്. അതിനെതിരെ നിയമസംവിധാനങ്ങൾ കണ്ണടയ്ക്കുന്നത് എന്തു കൊണ്ടാണന്ന ചോദ്യം സ്വാഭാവികമായും ഉയരും. മരടിൽ ശിക്ഷ അനുഭവിച്ചതും, വഴിയാധാരമാക്കപ്പെട്ടതും നിയമലംഘനം നടത്തിയവരോ അതിനു കുട പിടിച്ചവരോ അല്ലന്നുള്ളത് ഇവിടെ പ്രസക്തമാണ്.

കേരളത്തിലേ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതും, നിയമങ്ങൾ കർശനമായി നടപ്പാക്കപ്പെടേണ്ടതുമാണ് . അതുകൊണ്ടുതന്നെ നിയമലംഘനങ്ങൾ നടത്തിയിരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ വമ്പൻ സ്രാവുകളുടെ മേൽ കണ്ണടച്ചാൽ മരടിൽ വഴിയാധാരമായ കുടുംബങ്ങളോടു ചെയ്യുന്ന അനീതിയായിരിക്കുമത്. സർക്കാരിനും നിയമവ്യവസ്ഥയ്ക്കും ഈ വമ്പൻ സ്രാവുകളുടെ അനധികൃത കയ്യേറ്റങ്ങളേയും, നിയമലംഘനങ്ങളുടെമേലും നടപടിയെടുക്കാനുള്ള ആർജ്ജവമുണ്ടോയെന്നാണ് ഇനിയും അറിയാനിരിക്കുന്നത്.

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

ജോജി തോമസ്

ഏതാണ്ട് മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന, ലോകത്തിലേ തന്നെ ഏറ്റവും ശക്തമായ രാഷ്ട്രീയ, സാമ്പത്തിക കൂട്ടുകെട്ടിൽ നിന്ന് അതിലേ ഏറ്റവും പ്രമുഖ രാജ്യമായ ഗ്രേറ്റ് ബ്രിട്ടൻ പുറത്തു വരുമെന്ന് ഉറപ്പായതോടുകൂടി യൂറോപ്യൻ യൂണിയനിലാകെയും, പ്രത്യേകിച്ച് ബ്രിട്ടണിലും പരക്കെ അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങളാണ് കാണപ്പെടുന്നത്. 1993, നവംബർ ഒന്നിന് ആണ് യൂറോപ്യൻ യൂണിയൻ ഔപചാരികമായി ആരംഭിച്ചത്. 28 രാജ്യങ്ങളടങ്ങിയ യൂറോപ്യൻ യൂണിയൻ ലോകത്തിലേ ഏറ്റവും ശക്തമായ രാഷ്ട്രീയ-സാമ്പത്തിക കൂട്ടുകെട്ടായും, സിംഗിൾ മാർക്കറ്റായുമാണ് വിശേഷിപ്പിച്ചിരുന്നത്. ഇത്രയും ശക്തമായ രാഷ്ട്രീയ സാമ്പത്തിക കൂട്ടുകെട്ടിൽ നിന്ന് പുറത്തു വരണോ വേണ്ടയോ എന്നതു സംബന്ധിച്ച വിവാദങ്ങളും രാഷ്ട്രീയ ഏറ്റുമുട്ടലുകളുമാണ് യുകെയിൽ കഴിഞ്ഞമാസം നടന്ന പൊതു തെരഞ്ഞെടുപ്പിന് കാരണമായത്. ചരക്കുകളുടെയും, ആളുകളുടെയും നിയന്ത്രണങ്ങളില്ലാതെ അംഗരാജ്യങ്ങളിലെവിടെയുമുള്ള സഞ്ചാരം സാധ്യമാക്കിയിരുന്ന യൂറോപ്യൻ യൂണിയൻ നിലവിൽ വന്നതോടുകൂടി ജീവിതനിലവാരതോതിൽ മുന്നിൽ നിന്നിരുന്ന യുകെയിലേയ്ക്ക് മറ്റ് അംഗരാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ കനത്ത ഒഴുക്കാണ് ഉണ്ടായത്.

വോൾട്ടയർ പറഞ്ഞിട്ടുണ്ട് പണക്കാരന്റെ സുഖസൗകര്യങ്ങൾ നിലനിൽക്കുന്നത് പാവപ്പെട്ടവന്റെ സുലഭമായ ലഭ്യതയെ അനുസരിച്ചാണെന്ന് അതുകൊണ്ട് തന്നെ മുതലാളിത്ത രാഷ്ട്രങ്ങളുടെ പതാക വാഹകരായ ബ്രിട്ടൻ മനുഷ്യവിഭവശേഷിയുടെ ഒഴുക്കിന് ശരിക്കും ആസ്വദിച്ചിരുന്നു. എന്നാൽ ബ്രിട്ടൻ തന്റെ പൗരന്മാർക്കു കൊടുക്കുന്ന ബെനിഫിറ്റുകൾ യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളിൽ നിന്നു വരുന്നവർ കൈപ്പറ്റാൻ തുടങ്ങിയതോടുകൂടിയാണ് യൂറോപ്യൻ യൂണിയൻ എന്ന ആശയത്തിൽ കല്ലുകടി തുടങ്ങിയത്.

കഴിഞ്ഞ മൂന്ന് വർഷമായി ബ്രെക്സിറ്റ് ബ്രിട്ടണിൽ തികഞ്ഞ രാഷ്ട്രീയ അനിശ്ചിതത്വമാണ് സമ്മാനിച്ചത്. ഡേവിഡ് കാമറൂൺ, തെരേസാ മെയ് തുടങ്ങിയ രാഷ്ട്രീയ അതികായകരുടെ പതനത്തിനും മൂന്നോളം പൊതുതെരഞ്ഞെടുപ്പുകൾക്കും വഴിയൊരുക്കിയതും ബ്രെക്സിറ്റ് മാത്രമാണ്. അവസാനം കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലൂടെ ബോറിസ് ജോൺസൺ എന്ന പ്രവചനാതീതമായ നേതാവിന്റെ കീഴിൽ ബ്രെക്സിറ്റ് സാധ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ. ബ്രെക്സിറ്റ് സംബന്ധിച്ച് വ്യക്തമായ നിലപാടുകൾ ഇല്ലാതിരുന്ന ലേബർ പാർട്ടിക്കും അതിന്റെ നേതാവ് ജെർമി കോർബിനും പൊതുതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ യുകെയ്ക്ക് വിജയകരമായ ബ്രെക്സിറ്റ് സാധ്യമാകുമെന്നു തന്നെയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പക്ഷെ ബ്രിട്ടന്റെ അഭിമാനവും, ലോകത്തിനു മാതൃകയുമായ നാഷണൽ ഹെൽത്ത് സർവീസും, ആരോഗ്യ പദ്ധതികളും യു എസിനെ അടിയറ വെയ്ക്കുമോ എന്ന സന്ദേഹം പരക്കെയുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബോറിസ് ജോൺസന്ന് നൽകുന്ന അകമഴിഞ്ഞ പിന്തുണ ഈ കച്ചവടകണ്ണ് ലക്ഷ്യമാക്കിയാണന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ബ്രെക്സിറ്റിനെ തുടർന്ന് യൂറോപ്യൻ യൂണിയനിലേ അംഗരാജ്യങ്ങളുമായിട്ട് മികച്ച ഒരു കരാർ നേടാൻ അമേരിക്കൻ പിന്തുണ ബോറിസ് ജോൺസനേ സഹായിക്കും. പക്ഷെ അതിന് ബ്രിട്ടൻ കൊടുക്കേണ്ട വില ബ്രിട്ടീഷ് ജനതയുടെ അഭിമാനമായ എൻ.എച്ച്.എസ് ആണെങ്കിൽ അതൊരു കനത്ത നഷ്ടമായിരിക്കും. മാത്രമല്ല ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെ ജോലി ചെയ്യുന്ന എൻ.എച്ച്.എസ്സിലേ തൊഴിൽ സാഹചര്യങ്ങളിലും ഒട്ടേറെ മാറ്റങ്ങൾക്ക് ഇത് കാരണമാകും.

എന്തായാലും മനുഷ്യവിഭവശേഷിയുടെ ദൗർലഭ്യമാണ് ഇനി ബ്രിട്ടനിൽ വരാൻ പോകുന്നത്. ഈ ദൗർലഭ്യം ജോലി ചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം കൂടുതൽ തൊഴിൽ സാധ്യതകൾ തുറന്നു തരുമെന്ന് ഉറപ്പാണ്. ഒരു പക്ഷെ ബ്രെക്സിറ്റും പുതിയ ഭരണ നേതൃത്വവും കൊണ്ട് മലയാളിക്കുണ്ടാകാവുന്ന നേട്ടവും അതു തന്നെയായിരിക്കും.

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

ജോജി തോമസ്

കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിലും , കത്തോലിക്കാ സഭയെ തകർക്കാൻ ചില ഹിഡൻ അജണ്ടകളുമുള്ള മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നത് സിസ്റ്റർ ലൂസിയുടെ ആത്മകഥ എന്ന പേരിൽ പുറത്തിറങ്ങുന്ന ഇക്കിളി പുസ്തകം ആണ്. പുസ്തക പ്രസാധകർ കച്ചവട കണ്ണുകളോടും, കത്തോലിക്കാ സഭയെ തകർക്കാൻ ഹിഡൻ അജണ്ടകളുള്ള ചില മാധ്യമങ്ങളും തത്പര കക്ഷികളും ബോധപൂർവ്വം അസത്യങ്ങളും അവാസ്തവങ്ങളും നിറഞ്ഞ ഈ അശ്ലീല പുസ്തകത്തെ പ്രോത്സാഹിപ്പിക്കുകയാണ് . സിസ്റ്റർ ലൂസിയുടെ പല ആരോപണങ്ങളും പൊതുസമൂഹത്തിൽ സാമാന്യ ബോധം ഉള്ളവർക്ക് വിശ്വസിക്കാൻ സാധിക്കുന്നതല്ല . സെമിനാരികളും മഠങ്ങളും ഇത്തരത്തിൽ ആഭാസത്തരങ്ങളും , ലൈഗിക വൈകൃതങ്ങളും നിറഞ്ഞതായിരുന്നെങ്കിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സംവിധാനങ്ങൾ എപ്പോഴെ തകർക്കപെടുമായിരുന്നു . രണ്ടായിരം വർഷങ്ങളോളം പഴക്കമുള്ള ഈ സംവിധാനങ്ങളിൽ ഇത്രയധികം ആഭാസത്തരങ്ങൾ അരങ്ങേറിയിരുന്നു എന്ന് ലോകത്തോട് വിളിച്ചു പറയാൻ ഒരു ലൂസിക്ക് വേണ്ടി ഇത്രയധികം വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തും. ഇതിലുപരിയായി താൻ മാത്രം പതിവൃതയും തന്റെ കൂടെയുള്ള സഹോദരിമാരെല്ലാം വ്യഭിചാരികളുമായി ചിത്രീകരിക്കാൻ ശ്രമിച്ച സിസ്റ്റർ ലൂസി അപമാനിച്ചത് കത്തോലിക്കാ സഭയേ ക്കാൾ ഉപരിയായി തന്റെ സഹോദരിമാരെയും , അവരുടെ കുടുംബങ്ങളെയും ആണ് .എന്തിന് അശരണർക്കും ആലംബഹീനർക്കും ആയി സ്വജീവിതം ഉഴിഞ്ഞു വെച്ച് ലോകത്തെ സ്നേഹത്തിന്റെ മാതൃകകൾ സൃഷ്ടിച്ച ആയിരക്കണക്കിന് സന്യസ്തരെ ആണ് സിസ്റ്റർ ലൂസി അപമാനിക്കുന്നത് .സിസ്റ്റർ ലൂസിയുടെ പല ആരോപണങ്ങളും അവർ ആരുടെയൊക്കെയോ കയ്യിലെ ചട്ടുകമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയം ബലപ്പെടുത്തുന്നതാണ്.

കത്തോലിക്കാസഭയിലെ പുരോഹിതരുടെയും, സന്യസ്തരുടെയും ബ്രഹ്മചര്യത്തെയും സഭയിലെ പുരോഹിത സമൂഹത്തിൻറെ മൊത്തത്തിലുള്ള സംഭാവനകളെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമർശനങ്ങൾക്ക് അടുത്തിടെയുണ്ടായ ചില ഒറ്റപ്പെട്ട സംഭവങ്ങൾ കാരണമായിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല . സഭാ വിരുദ്ധരായിട്ടുള്ള ഒരു ന്യൂനപക്ഷം പ്രസ്‌തുത സംഭവങ്ങളെ ഒരു ആഘോഷം ആക്കാനായിട്ടുള്ള സന്ദർഭമായിട്ടാണ് ഉപയോഗിക്കുന്നത് . വ്യവസ്ഥാപിതമോ , വ്യക്തിപരമോ ആയ ഏത് അക്രമങ്ങളെയും ,തിന്മകളെയും ന്യായികരിക്കുകയോ അതിക്രമം ചെയ്തവർക്ക് കൂട്ടു നിൽക്കുകയോ ചെയ്യേണ്ട ബാധ്യത സഭയ്‌ക്കോ വിശ്വാസ സമൂഹത്തിനോ ഇല്ല . പക്ഷെ സഭയെയും പുരോഹിതസമൂഹത്തെയും മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്ന ഇത്തരക്കാരുടെ പ്രചാരണങ്ങളെ മുഖവിലയ്ക്കെടുക്കും മുമ്പ് സത്യവും മിഥ്യയും പൊതുസമൂഹവും പ്രത്യേകിച്ച് വിശ്വാസികളും തിരിച്ചറിയേണ്ടിയിരിക്കുന്നു .

ആഗോള കത്തോലിക്കാ സഭയിലെ പുരോഹിതരുടെ എണ്ണം ഏതാണ്ട് അഞ്ച് ലക്ഷത്തിനടുത്ത് വരും . ഏഴുലക്ഷത്തോളം സന്യസ്തരും ഉണ്ട്.വളരെ ദൈർഘ്യമേറിയതും , ആഴത്തിൽ ഉള്ളതുമായ പരിശീലനമാണ് വൈദിക വിദ്യാർഥികൾക്ക് നൽകുന്നത്. പത്തു വർഷത്തിനു മുകളിൽ ദൈർഘ്യമുള്ള പരിശീലന കാലയളവിൽ മറ്റ് ജീവിതാന്തസ്സ്‌ തേടിപ്പോകാനുള്ള സ്വാതന്ത്ര്യം വൈദിക വിദ്യാർഥികൾക്ക് ഉണ്ട് . പൗരോഹിത്യം ആരിലും അടിച്ചേൽപ്പിക്കുന്നില്ല . ചുരുക്കത്തിൽ വളരെ സൂക്ഷ്മമായ പരിശീലനത്തിലൂടെയാണ് വൈദിക വിദ്യാർത്ഥികൾ കടന്നു പോകുന്നതും വാർത്തെടുക്കപ്പെടുന്നതും . എങ്കിലും ചിലപ്പോഴെങ്കിലും ചില കരടുകൾ വൈദികസമൂഹത്തിൽ കടന്നുവരാറുണ്ട്. അതിൻറെ അനുപാതം വളരെ ചെറുതാണന്നുള്ളതാണ് വസ്തുത . ഒരു വ്യക്തിയെന്ന നിലയിൽ സ്വഭാവ വിശേഷങ്ങളിൽ കാലാന്തരങ്ങളായി സംഭവിക്കുന്ന വ്യതിയാനങ്ങൾ ആവാം വൈദികർക്ക് സംഭവിക്കുന്ന വീഴ്ചകൾക്ക് മറ്റൊരു കാരണം.

കത്തോലിക്കാ വൈദികരുടെ ബ്രഹ്മചര്യമാണ് പലരുടെയും വിമർശനങ്ങൾക്കും പരിഹാസത്തിനും കേന്ദ്രബിന്ദു. ജീവശാസ്ത്രപരമായ ആവശ്യങ്ങളെ നിരാകരിച്ചുകൊണ്ടുള്ള ബ്രഹ്മചര്യത്തിൻെറ പ്രസക്തിയാണ് ചോദ്യം ചെയ്യാൻ പലരെയും പ്രേരിപ്പിക്കുന്നത് . തനിക്ക് സാധിക്കാത്തത് ഇവർക്കെങ്ങനെ സാധിക്കും എന്ന സംശയമാണ്. വൈദികർക്കുണ്ടാകുന്നവീഴ്ചകളിൽ പ്രധാന കാരണമായി ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത് ബ്രഹ്മചര്യത്തെയാണ്. പക്ഷേ ഇവിടെ കാണാതെ പോകുന്ന വസ്തുത വേലി ചാടുന്നവർ ഏത് ജീവിതാവസ്ഥയിലാണെങ്കിലും അതിനു മുതിരുമെന്നതാണ് . വൈവാഹിക ജീവിതം നയിക്കുന്നവരുടെ വിവാഹേതരബന്ധങ്ങൾ വച്ചുനോക്കുമ്പോൾ ബ്രഹ്മചാരികളായ വൈദികർക്കുണ്ടാകുന്ന വീഴ്ചകൾ വളരെ തുച്ഛമാണ് . കുടുംബബന്ധങ്ങൾ വളരെ ശക്തമായ നമ്മുടെ കേരളത്തിലും വിവാഹേതരബന്ധങ്ങൾ പെരുകുന്നതായിട്ടാണ് വാർത്തകളും, കണക്കുകളും സൂചിപ്പിക്കുന്നത്.കത്തോലിക്ക വൈദികരുടെ ബ്രഹ്മചര്യത്തെ ചോദ്യം ചെയ്യുന്നവർ വിവാഹിതരായ പുരോഹിതർക്ക് ഉണ്ടായ വിവാദപരമായ വീഴ്ചകൾക്ക് നേരെ കണ്ണടയ്ക്കുന്നു.

യാഥാസ്ഥികത്വത്തിന്റെയും , കുരിശുയുദ്ധങ്ങളുടെയും മതമായിരുന്ന ക്രിസ്തുമതത്തെ ക്രിസ്തു പ്രതിനിധാനം ചെയ്ത സ്നേഹത്തിന്റെയും , കരുണയുടെയും മതം ആക്കാൻ കത്തോലിക്കാസഭയിലെ സന്യസ്തർ വഹിച്ച പങ്ക് ചെറുതല്ല .അനാഥ ആലംബ ഹീനർക്കുവേണ്ടി അവർ ചെയ്ത സേവനങ്ങളെ ഒരു സുപ്രഭാതത്തിൽ ചരിത്രത്തിൻെറ ചവറ്റുകൊട്ടയിൽ തള്ളാനാവില്ല . ഫാദർ ഡാനിയൽ, മദർ തെരേസ എന്നിവരെല്ലാം ഇതിന് ഉദാഹരണമാണ് . കുഷ്ഠരോഗികൾക്കായി ജീവിച്ച് അവസാനം കുഷ്ഠരോഗം വന്നാണ് ഫാദർ ഡാനിയേൽ മരണമടയുന്നത്. ആഫ്രിക്കയിലെ പട്ടിണി പാവങ്ങൾക്കായി സേവനം ചെയ്ത് അക്രമികളുടെ കൈകളിൽ നരകയാതന അനുഭവിച്ച ഫാ .ടോം ഉഴുന്നാലിന് ഈ അവസരത്തിൽ സ്മരിക്കേണ്ടതാണ്. അറിയപ്പെടാത്ത ഡാനിയേലും, തെരേസയും ആയിരക്കണക്കിനാണ്. ഇവരുടെയൊക്കെ നിസ്വാർത്ഥ സേവനം സാധ്യമായത് കുടുംബബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് മാറി നിന്നതുകൊണ്ടാണ്.

ക്രിസ്തു നേരിട്ട് തൻെറ ശിഷ്യരായി തെരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾക്ക് വഴിതെറ്റി . അവിടെ വഴിതെറ്റിയവരുടെ ശതമാനം എടുക്കുകയാണെങ്കിൽ മൊത്തം ശിഷ്യഗണത്തിൻെറ 8 ശതമാനത്തിലധികം വരും. എങ്കിലും കത്തോലിക്കാസഭ രണ്ടായിരം വർഷത്തിലധികം ക്രിസ്തുവിൻറെ സ്നേഹത്തിൻറെയും , സമാധാനത്തിൻെറയും ,കരുണയുടെയും സന്ദേശവാഹകരായി നിലകൊണ്ടു . അതുകൊണ്ട് തന്നെ വളരെ ചെറിയ ശതമാനം അഭിഷിക്തരുടെ വീഴ്ചകളെ അതിജീവിക്കാനും നാളെയും ലോകത്തെ ധാർമ്മികതയുടെ പതാഹവാഹകരാകാനും സഭയ്ക്ക് സാധിക്കും. ലൂസിമാർക്കോ അവരെ ചട്ടുകമായി ഉപയോഗിക്കുന്നവർക്കോ തകർക്കാവുന്നതല്ല സഭയുടെ വിശ്വാസ്യത .

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്

ജോജി തോമസ്

വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളാണ് കേരളത്തെ ഇന്ത്യയിലെ മുൻനിര സംസ്ഥാനങ്ങളിൽ ഒന്നാക്കിയതും ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കാൻ പ്രാപ്തമാക്കിയതും. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളിലൂടെ മനുഷ്യവിഭവശേഷിയിലുണ്ടായ വികസനങ്ങളാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തെ ജീവിതനിലവാരത്തിലും സാമ്പത്തിക പുരോഗതിയിലും മുൻനിരയിൽ എത്തിച്ചത്. എന്നാൽ അടുത്തിടെയുണ്ടായ ചില സംഭവങ്ങൾ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ നമ്മൾ കൈവരിച്ച നേട്ടങ്ങളെ ചോദ്യം ചെയ്യുന്നതും പുരോഗതിയുടെ കാലോചിതമായ മുന്നേറ്റത്തിന്റെ അഭാവം ചോദ്യം ചെയ്യുന്നതുമാണ്. മരണാസന്നരായ രോഗികൾക്ക് അടിയന്തിരചികിത്സകൾ നൽകാൻ പര്യാപ്തമല്ലാത്ത സർക്കാർ ആശുപത്രികളും, പാമ്പുകൾ മേയുന്ന സ്കൂളുകളും കേരളത്തിന്റെ വിദ്യാഭ്യാസ ആരോഗ്യമേഖലകളിലെ അപര്യാപ്തതയുടെ നേർകാഴ്ചകളായി മാറിയിരിക്കുകയാണ്. സുൽത്താൻ ബത്തേരിയിലെ സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഷഹ്‌ല ഷെറിന്റെ ദാരുണ മരണം , കേരളം വിദ്യാഭ്യാസ ആരോഗ്യമേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ പിന്നോട്ട് അടിക്കുന്നതാണ് .

ഒരു സർക്കാർ എയ്ഡഡ് സ്കൂളും കാടുപിടിച്ച പരിസരവും

സ്വകാര്യ ആശുപത്രികളിലും സ്കൂളുകളിലും പോകാൻ സാമ്പത്തികശേഷിയില്ലാത്തവരുടെ മാത്രം ആശ്രയ കേന്ദ്രമായി മാറിയിരിക്കുകയാണ് കേരളത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങൾ. ഇതിനു പ്രധാന കാരണങ്ങൾ വിഭവശേഷിയുടെ ദുരുപയോഗവും, പ്രൊഫഷണൽ മാനേജ്മെന്റിന്റെ അഭാവവുമാണ്. സർക്കാർ സംവിധാനങ്ങളിൽ ജോലി ലഭിച്ചാൽ സംഘടിത ശേഷി വർദ്ധിപ്പിക്കുന്നതിലും, ജോലി ചെയ്യാതെ ശമ്പളം മേടിക്കുന്നതിലുമാണ് എല്ലാവരുടെയും ശ്രദ്ധ. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ വികസനത്തിനായി വകയിരുത്തിയിരിക്കുന്ന ബഡ്ജറ്റ് വികിതത്തിന്റെ നല്ലൊരു ശതമാനം ഉദ്യോഗസ്ഥ രാഷ്ട്രീയനേതൃത്വങ്ങൾ തട്ടിയെടുക്കുന്നതാണ് കേരളം ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മുൻകാലങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ തുടർന്നു പോകാത്തതിന്റെ പ്രധാനകാരണം. ഇതിനു പുറമെ വിദ്യാഭ്യാസ ആരോഗ്യ മേഘലകളിലെ ബഡ്ജറ്റ് വിഹിതം ഓരോ വർഷവും കുറഞ്ഞു വരുന്നത് ആശങ്കയുളവാക്കുന്നതാണ് .

ശരിയായ രീതിയിലുള്ള മാനേജ്മെന്റും വിഭവശേഷിയുടെ ഫലപ്രദമായ വിനിയോഗവും ഉണ്ടെങ്കിൽ സർക്കാർ സ്കൂളുകളും, ആശുപത്രികളും അതതു മേഖലകളിലെ മികവിന്റെ കേന്ദ്രങ്ങളായി തീരും. സർക്കാർ സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കാത്തവർ മാത്രം സ്വകാര്യ മേഖലകളിലേയ്ക്ക് പോകുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ വളരെ വലിയ ഭരണനൈപുണ്യം ഒന്നും ആവശ്യമില്ല. ഉന്നത വിദ്യാഭ്യാസ മേഖലകളിൽ മിടുക്കരായ വിദ്യാർഥികൾ പ്രവേശനത്തിനായി പ്രഥമ പരിഗണന നൽകുക ഐഐടി പോലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണന്നത് ഇവിടെ പ്രസക്തമാണ്. ഐഐടികളുടെയും, ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ചെറിയ പതിപ്പുകൾ പ്രാദേശികതലത്തിൽ രൂപപ്പെടുത്താൻ ആവശ്യമായത് ഭരണ നേതൃത്വത്തിന്റെ ഇച്ഛാശക്തി മാത്രമാണ്.

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

ജോജി തോമസ്‌

കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലെ വാർത്താ മാധ്യമങ്ങളുടെ തലക്കെട്ടിലിൽ നിറയുന്ന പല വാർത്തകളും കേരളത്തിന്റെ മാനസികാരോഗ്യം വഴിതെറ്റുന്നുവോ എന്ന ഗുരുതര ചോദ്യമുയർത്തുന്നതാണ് . പ്രണയപകകളും കൂട്ടക്കൊലകളും തുടർക്കഥയാകുകയും മലയാളിയുടെയും കേരളത്തിൻെറയും അഹങ്കാരമായിരുന്ന കുടുംബബന്ധങ്ങൾക്ക് വിള്ളലുകളുണ്ടാകുകയും ചെയ്യുമ്പോൾ കേരളത്തിൽ എന്തൊക്കയോ അസ്വാഭാവികമായി സംഭവിക്കുന്നുണ്ടെന്ന് നിസംശ്ശയം പറയാം. കേരളത്തിലെ ഒരു ചെറിയ ഗ്രാമമായിരുന്ന കൂടത്തായിലെ ഒരു ഭർത്താവിന് സ്വന്തം ഭാര്യ എവിടെയാണ് ജോലി ചെയ്യുന്നത്, എന്തു ജോലിയാണ് ചെയ്യുന്നതെന്ന് വർഷങ്ങളായി അറിയത്തില്ലായിരുന്നു എന്നത് വർദ്ധിച്ചു വരുന്ന വിവാഹമോചനങ്ങളുടെയും, വിവാഹേതര ബന്ധങ്ങളുടെയും വെളിച്ചത്തിൽ ഒരു ഒറ്റപ്പെട്ട സംഭവമായി കരുതാൻ സാധിക്കില്ല. കൂട്ടക്കൊലകളെക്കാൾ ഭയപ്പാടുളവാക്കുന്നതാണ് പ്രണയ പകകൾ. ഇഷ്ട്ടപെട്ടതിനെ ലഭിക്കാതാകുമ്പോഴോ, നഷ്ടപെടുമ്പോഴും ഇല്ലാതാക്കാനുള്ള പ്രവണതകൾ വർദ്ധിച്ചു വരുകയാണ്. അണുകുടുംബങ്ങളിൽ കുട്ടികളെ വളർത്തുമ്പോൾ അവരിൽ നാമറിയാതെ നട്ടുവളർത്തുന്ന സ്വാർത്ഥതയെന്ന വികാരം സമൂഹത്തെയാകെ എത്ര ഗുരുതരമായി ബാധിച്ചിരിക്കുന്നു എന്നതിൻെറ ഏറ്റവും വലിയ ഉദാഹരണമാണ് പ്രണയ പകകൾ കാരണമുള്ള കൊലപാതകങ്ങൾ. പെൺകുട്ടികളെ ധൈര്യമായി പുറത്തു അയക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുന്നു സാംസ്കാരിക കേരളം.

ഒക്ടോബർ പത്താം തീയതി ലോകമെങ്ങും, “World Mental Health Day” ആയി ആഘോഷിച്ചിരുന്നു.
മാനസികരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് “ലോകമാനസികാരോഗ്യദിനം ” ആചരിക്കുന്നത്. ആത്മഹത്യാ പ്രവണതകൾ തടയേണ്ടതിന്റെ ആവശ്യകഥയായിരുന്നു ഈ വർഷത്തെ ലോകമാനസികാരോഗ്യദിനത്തിൻെറ ചിന്താവിഷയം. കേരളം ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മേഖലകളിൽ ഒന്നാണ് വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണതകൾ. ലോകത്തു നടക്കുന്ന ആത്മഹത്യകളിൽ 20 ശതമാനവും ഇന്ത്യയിലാണെന്നതും, ഇന്ത്യയിൽ കേരളവും തമിഴ്‌നാടുമാണ് ആത്മഹത്യനിരക്കിൽ മുൻപന്തിയിലുള്ളതെന്നതും ഇവിടെ ശ്രദ്ധേയമാണ്.

കേരളത്തിന്റെ മാനസികാരോഗ്യം വഴിതെറ്റാൻ നിരവധി കാരണങ്ങളുണ്ട് . കുട്ടിക്കാലത്തു തന്നെ മാതാപിതാക്കളുടെ അമിത പ്രതീക്ഷകൾ കുട്ടികളിൽ നൽകുന്ന സമ്മർദ്ദം വളരെ വലുതാണ്. ഒരു വ്യക്തിയുടെ വ്യക്തിത്വവും, മാനസികാരോഗ്യവും രൂപപ്പെടുന്ന കാലഘട്ടത്തിൽ തന്നെ താളം തെറ്റാൻ ഈ അമിതപ്രതീക്ഷകൾ കാരണമാകുന്നു. മാനസികാരോഗ്യത്തിന് വിദ്യാഭ്യാസസമ്പ്രദായത്തിൽ നൽകുന്ന അവഗണന, അമിതമായ മദ്യപാനം, ആയുർനിരക്കിൽ നേട്ടം ഉണ്ടാക്കിയെങ്കിലുംവൃദ്ധ ജനങ്ങളെ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും വരുന്ന വീഴ്ചകൾ, വിവാഹേതരബന്ധങ്ങളും, തുടർകഥകളാകുന്ന വിവാഹമോചനങ്ങളും വിദേശങ്ങളിൽ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ കേരളത്തിലെ കുട്ടികൾക്ക് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ തുടങ്ങി കേരളത്തിന്റെ മാനസികാരോഗ്യം തകരാറിലാക്കുന്ന കാരണങ്ങൾ നിരവധിയാണ്. ഈ കാരണങ്ങളെ ശരിയായ വിധത്തിൽ പഠിക്കുകയും തിരുത്തലുകൾ വരുത്തുകയും സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്യുന്നില്ലെങ്കിൽ പ്രണയ പകകളും കൂടത്തായ്കളും ഇനിയും ആവർത്തിച്ചു കൊണ്ടിരിക്കും.

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

 

ജോജി തോമസ്

കേരളചരിത്രം കണ്ട മഹാപ്രളയത്തിൻെറ ഓർമകൾക്ക് മലയാളിയുടെ മനസ്സിലെ ആയുസ്സ് കേവലം ഒരു വർഷത്തിൽ താഴെ മാത്രമായിരുന്നെങ്കിൽ , പ്രകൃതിയോടു കാണിക്കുന്ന ക്രൂരതയ്ക്ക് അനിവാര്യമായ പരിണിതഫലങ്ങളും ,തിരിച്ചടികളുമുണ്ടാകും എന്ന ഓർമപ്പെടുത്തലുകളുമായി മഹാപ്രളയത്തിൻെറ വാർഷികത്തിൽ തന്നെ വീണ്ടുമൊരു പ്രകൃതി ദുരന്തം നേരിട്ടപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നതിൻെറ ആവശ്യകതയാണ് . മഹാപ്രളയത്തിൽ നിന്ന് നമ്മൾ പഠിച്ച പാഠങ്ങളും , തിരുത്തൽ നടപടികളുമെന്താണെന്ന് പരിശോധിച്ചാൽ ഒരു പക്ഷെ ചാനൽ ചർച്ചകളിലും ,പത്ര താളുകളിലെ എഴുത്തിനുമപ്പുറം നമ്മൾ ഒരു പടി പോലും മുന്നോട്ടു പോയിട്ടില്ലാ എന്നുള്ളതാണ് വാസ്തവം . പ്രകൃതിയേയും പശ്‌ചിമഘട്ട മലനിരകളേയും സംരക്ഷിക്കാതുള്ള വികസനപ്രവർത്തനങ്ങൾ സർവ്വനാശത്തിലേയ്ക്കേ പരിണമിക്കൂ എന്ന തിരിച്ചറിവുണ്ടാകുന്നടത്താണ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൻെറ പ്രസക്തിയുദിക്കുന്നത് .

പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നെന്നും ഇനിയും കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് ഏതാനും വർഷങ്ങൾ മാത്രം മതിയെന്ന ആശങ്ക 2012 – ൽ മാധവ് ഗാഡ്ഗിൽ എന്ന പശ്‌ചിമഘട്ട പരിസ്ഥിതി വിദഗ്ധൻ മുന്നറിയിപ്പു നൽകിയപ്പോൾ അതിന് പരിഹസിച്ചു തള്ളിയവരാണ് രാഷ്ട്രീയക്കാരും ഉദ്യോഗവൃന്ദങ്ങളും അടങ്ങുന്ന സമൂഹത്തിലെ ബഹുഭൂരിപക്ഷവും . എന്നാൽ തുടർച്ചയായ രണ്ടാം വർഷവും കേരളം പ്രകൃതി ദുരന്തങ്ങൾ കൊണ്ട് വലഞ്ഞപ്പോൾ മാധവ് ഗാഡ്ഗിൽ എന്ന പ്രകൃതി സ്നേഹിയായ പരിസ്ഥിതി വിദഗ്ധൻെറ മുന്നറിയിപ്പ് യഥാർത്ഥ്യമാകുകയായിരുന്നു .

2011 ആഗസ്റ്റിൽ സമർപ്പിച്ച മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിൽ അതീവ പരിസ്ഥിതി സംവേദക മേഖലകളായി കേരളത്തിൽ 18 സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും ഈ മേഖലകളിലെല്ലാം ക്വാറികളും , നിർമാണപ്രവർത്തനങ്ങളും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തുടരുന്നതിൻെറ പരിണിതഫലമാണ് കേരളം നേരിടുന്ന ദുരന്തങ്ങളുടെ പ്രധാന കാരണം . നാല്പതിലധികം പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ദുരന്തത്തിലടക്കം പ്രകൃതിക്കുമേലുള്ള നിയന്ത്രണമില്ലാത്ത പ്രവർത്തനങ്ങൾക്കു നേരേ വളരെ സാധാരണക്കാരായ പൊതുജനങ്ങളടക്കം മുന്നറിയിപ്പു നല്കിയിരുന്നെങ്കിലും സർക്കാരടക്കമുള്ള ബന്ധപ്പെട്ട ഏജൻസികൾ ഗൗനിച്ചില്ലാ എന്നുള്ളത് ഇവിടെ പ്രസക്തമാണ് .

പശ്ചിമഘട്ട സംരക്ഷണത്തിൽ കാലാകാലങ്ങളായി നമ്മൾ വരുത്തിയ വീഴ്‌ചയാണ് പ്രളയ , ഉരുൾപൊട്ടൽ ദുരന്തങ്ങൾക്ക് കാരണമെന്ന് വ്യക്തമായ സ്ഥിതിയ്ക്ക് പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിയ്ക്കുവാൻ അടിയന്തരനടപടിയാണ് ആവശ്യം . പരിസ്ഥിതിലോല പ്രദേശങ്ങളിൽ ക്വാറികൾ ഇപ്പോഴും ഒരു നിയന്ത്രണവും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് . വളരെ ചെറിയ വിഭാഗം വരുന്ന നിർമ്മാണ ലോബിയുടെ താത്പര്യ സംരക്ഷണത്തിനായി കേരള ജനതയെ മുഴുവൻ ആപത്തിലേയ്ക്ക് തള്ളി വിടാൻ സാധിക്കില്ല .പ്രകൃതി ദുരന്തങ്ങൾ ആവർത്തിച്ചാൽ വിദേശമലയാളികളിൽനിന്നടക്കമുള്ള നിക്ഷേപങ്ങളെ അത് പ്രതികൂലമായി ബാധിക്കുകയും കേരളത്തിൻെറ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമുണ്ടാകുകയും ചെയ്യും .അതുകൊണ്ടു തന്നെ മനുഷ്യനും പ്രകൃതിയ്ക്കും ദോഷം വരാത്ത സന്തുലിതവികസനനയം രൂപികരിക്കാൻ ഇനിയും നാം വൈകി കൂടാ . മനുഷ്യ നിർമ്മിത ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും ,മലയാളത്തിൻെറ തിലകമായ പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുന്നതിനും , പരിസ്ഥിതിമേഖലകളിലെ അറിവിൻ ലോകത്തു തന്നെ മുൻനിരയിൽ നിൽക്കുന്ന മാധവ് ഗാഡ്ഗിൽ ൻെറ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട് നടപ്പാക്കാൻ നാമിനിയും അമാന്തിച്ചു കൂടാ .

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

 

ജോജി തോമസ്

അടുത്ത കാലത്തു കേന്ദ്ര ഗവൺമെന്ററിൻെറ ഭാഗത്തുനിന്നുണ്ടായ രണ്ട് നിർണ്ണായ നീക്കങ്ങൾ വളരെ ശ്രദ്ധേയമായി . ആദ്യത്തേത് ജമ്മു കാശ്മീരിൻെറ പ്രത്യേക പദവി എടുത്തുകളഞ്ഞു കൊണ്ട് വിഘടന വാദത്തിനതിരെയുള്ള ശക്തമായ നീക്കമായിരുന്നെങ്കിൽ രണ്ടാമത്തേത് പ്രമുഖ കോൺഗ്രസ് നേതാവും യു .പി .എ ഗവൺമെന്റിൽ നിർണ്ണായ സ്ഥാനങ്ങൾ വഹിച്ചതുമായ പി . ചിദംബരത്തെ അഴിമതികേസിൽ സി .ബി .ഐ അറസ്റ്റ് ചെയ്തതുമാണ് . ഈ രണ്ടു സംഭവങ്ങളിലൂടെ രാജ്യം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളായ അഴിമതിക്കും , വിഘടനാവാദത്തിനുമെതിരെ വളരെ വ്യക്തമായ സന്ദേശമാണ് ഇന്ത്യൻ ഗവൺമെന്ററിൻെറ ഭാഗത്തുനിന്ന് ഉണ്ടായത് .

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഉണങ്ങാത്ത മുറിവാണ് കാശ്മീരിലെ വിദേശ പിന്തുണയോടുള്ള വിഘടനവാദ പ്രസ്ഥാനങ്ങൾ . കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയിൽ കാശ്മീരിലെ വിഘടന വാദപ്രസ്ഥാനങ്ങൾ  ഇന്ത്യൻ ജനതയ്ക്ക് ഉണ്ടാക്കിയ ആൾ , ധന നഷ്ടത്തിൻെറ കണക്ക് അതിഭീകരമാണ് .ജമ്മു കാശ്മീർ നയത്തിൽ കാലാകാലങ്ങളായുള്ള സർക്കാരുകൾ ഇരുട്ടിൽ തപ്പുന്ന പ്രതീതിയാണ് ഉണ്ടായിരുന്നത് .എന്നാൽ അടുത്തയിടെ ഉണ്ടായ കേന്ദ്ര സർക്കാർ നടപടി കാശ്മീർ നയത്തിൽ വ്യക്തമായ ദിശാബോധം നൽകുന്നതും കാശ്മീരിലെ വിഘടനവാദത്തോടുള്ള പ്രീണനനയം അവസാനിപ്പിക്കുന്നതുമാണ് . ഭരണഘടനയുടെ 370 -)o വകുപ്പ് റദ്ദാക്കി ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞതിലൂടെ ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാവ്യവസ്ഥകളും ജമ്മു കശ്‌മീരിനും ബാധകമാകും . ജമ്മു കാശ്മീരിനെ ലഡാക്ക് ,കാശ്മീർ എന്നായി വിഭജിച്ച കേന്ദ്ര സർക്കാർ ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമായി മാറ്റുകയും ചെയ്തു .1950 -ൽ ഭരണഘടന നിലവിൽ വന്നതു മുതൽ ജമ്മു കാശ്മീരിന് പ്രത്യേക പദവി ലഭ്യമായിരുന്നു .ഭരണഘടനാ അസംബ്ലിയുടെ കാലാവധി 6 വർഷം , കാശ്മീരിനു പുറത്തുള്ള ഇന്ത്യക്കാർക്ക് സ്ഥാവര ജംഗമവസ്തുക്കൾ കാശ്മീരിൽ വാങ്ങാൻ സാധിക്കാത്ത സാഹചര്യമെല്ലാം ഭരണഘടനയുടെ 370 -)o വകുപ്പ് റദ്ദാക്കിയതിലൂടെ ഇല്ലാതാകും .ഇന്ത്യൻ പീനൽ കോഡിനു പകരം രൺബീർ സിങ്ങ് രാജാവിൻെറ കാലത്തേ രൺബീർ പീനൽകോഡ്‌ ആയിരുന്നു കാശ്മീരിൽ നിലവിൽ ഉണ്ടായിരുന്നത് .

കാശ്മീർ നയത്തിലുള്ളതു പോലെ തന്നെ കേന്ദ്ര സർക്കാരിൻെറ ഭാഗത്തുനിന്ന് ഉണ്ടായ ശ്രദ്ധേയമായ നീക്കമാണ് കടുത്ത അഴിമതി ആരോപണം നേരിടുന്ന പി . ചിദംബരത്തിൻെറ അറസ്റ്റിലൂടെ ഉണ്ടായത് .കേന്ദ്ര ഗവൺമെന്ററിൽ യു . പി . എ ഭരണകാലത്ത് ധനകാര്യ ആഭ്യന്തര വകുപ്പുകൾ കൈയ്യാളിയിരുന്ന ചിദംബരത്തിൻെറ അറസ്റ്റ് അഴിമതിക്കെതിരെയുള്ള പോരാട്ടമായി മാറണമെങ്കിൽ മോദി ഗവൺമെന്റ് വളരെയധികം മുന്നോട്ട്പോകേണ്ടിയിരിക്കുന്നു . സമൂഹത്തിൻെറയും ഭരണത്തിൻെറയും താഴെത്തട്ടിൽ നിന്ന് ഉന്നതങ്ങളിൽ വരെ വ്യാപിച്ചിരിക്കുന്ന അഴിമതി ഇല്ലാതാക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടാകണം . കഴിഞ്ഞ കാലഘട്ടങ്ങളിൽ ഉണ്ടായ വിവിധ അഴിമതി ആരോപണങ്ങളുടെ മേൽ ശക്തമായ നടപടികൾ ആവശ്യമാണ് .അല്ലെങ്കിൽ ചിദംബരത്തിനെതിരായ നടപടികൾ രാഷ്ട്രീയ പക പോക്കലിനപ്പുറം മറ്റൊരു സന്ദേശവും സമൂഹത്തിന് നൽകില്ല .

അഴിമതിയും , വിഘടനവാദവുമാണ് ദശകങ്ങളായി ഇന്ത്യയുടെ പുരോഗതിയേ പിന്നോട്ടടിക്കുന്ന പ്രധാന ഘടകങ്ങൾ . ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിധത്തിലാണ് അഴിമതിയുടെയും , വിഘടനവാദത്തിൻെറയും വളർച്ച .കേരളം കണ്ട മഹാപ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് സർക്കാരിൽ നിന്ന് അനുവദിച്ച സഹായധനം കിട്ടുന്നതിനു പോലും ഉദ്യോഗവൃന്ദത്തിന് പടി കൊടുക്കേണ്ട അവസ്ഥയിലേയ്ക്ക് എത്തി നിൽക്കുന്നു അഴിമതിയുടെ ഭീകരത .അതുകൊണ്ടു തന്നെ അഴിമതിയുടെയും വിഘടന വാദത്തിൻെറയും ഭീകരത തിരിച്ചറിഞ്ഞ് ഇന്ത്യൻ ജനത ഒന്നിച്ചു നിൽക്കേണ്ട അവസരമാണിത് .

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

മലയാളം യുകെ ന്യൂസ് ബ്യൂറോ

രാജ്യം എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കേരളം തുടർച്ചയായ രണ്ടാം വർഷവും പ്രകൃതിഷോഭങ്ങളുടെ പിടിയിലാണ് . കേരളം ദൈവത്തിൻെറ സ്വന്തം നാട് , ഭീതികരമായ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് മുക്തം എന്നൊക്കെ അഭിമാനിക്കാവുന്ന ദിനങ്ങൾ പോയി മറഞ്ഞോ ? ദുരന്തമുഖങ്ങളിൽ അനുഭവപാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാൻ നമ്മൾക്ക് കഴിയട്ടെ.

വിദേശഭരണത്തിൽ നിന്ന് സ്വതന്ത്രമായ ഒരു ജനത 72 വർഷം കൊണ്ട് പുരോഗമനപാതയിൽ എത്ര മാത്രം മുന്നേറിയെന്ന് നാം വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു . ഇന്നും രാജ്യത്തിൻെറ ജനസംഖ്യയുടെ പകുതിയോളം ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നുള്ളത് സാമ്പത്തിക അടിമത്വം തുടരുന്നു എന്നതിൻെറ അളവുകോലായി കണക്കാക്കേണ്ടിയിരിക്കുന്നു .

കടുത്ത വിഭാഗീയതയുടെ അതിപ്രസരം രാഷ്ട്രീയത്തിൻെറയും , മതത്തിൻെറയും , പ്രദേശത്തിൻെറയും അടിസ്ഥാനത്തിൽ വേരോടുന്നു . സോഷ്യൽ മീഡിയ പോലുള്ള നവമാധ്യമങ്ങളുടെ സാന്നിധ്യം ഇത്തരക്കാർക്ക് വേരോടാൻ എല്ലാ സാഹചര്യവും ഒരുക്കുന്നു . സോഷ്യൽ മീഡിയയിൽ പല മെസേജുകളും വായിക്കുമ്പോൾ എത്രമാത്രം സ്വാർത്ഥതാപരമായി ആണ് പലരും കാര്യങ്ങളെ കാണുന്നത് എന്നത് നിഷ്പക്ഷമതികളെ ആശങ്കയിലാക്കും . ദുരന്തങ്ങളെ ഒരു വിഭാഗത്തിൻെറയോ , പ്രദേശത്തിൻെറയോ അല്ലാതെ മനുഷ്യ സങ്കടങ്ങളായി കാണാൻ നമ്മൾക്ക് കഴിയട്ടെ .നിസ്വാർത്ഥരായി രാജ്യ പുരോഗതിക്കു വേണ്ടി , മനുഷ്യനന്മയ്ക്കു വേണ്ടി പ്രവർത്തിക്കാൻ ഓരോ ഭാരതീയനും കഴിയട്ടെ .

നമ്മുടെ വിമർശനങ്ങൾ ക്രിയാത്മകമാകട്ടെ , മറിച്ച്‌ വിമർശനങ്ങൾ വിഷം പുരട്ടിയ അമ്പുകളായി സമൂഹ മനഃസാക്ഷിയെ മുറിപ്പെടുത്താതിരിക്കട്ടെ. കേരള പുരോഗതിയ്ക്ക് പ്രവാസി മലയാളിയുടെ പങ്ക് എല്ലാവരും അംഗീകരിക്കുമ്പോഴും ജന്മനാട്ടിലേയ്ക്ക് തിരിച്ചു വരുന്ന പ്രവാസികൾ നേരിടുന്ന കയ്പുനീരണിഞ്ഞ അനുഭവങ്ങൾക്ക് അറുതി വരുത്തേണ്ട ഉത്തരവാദിത്വം നമ്മുടെ ഭരണ നേതൃത്വത്തിനുണ്ട്.

എല്ലാ വായനക്കാർക്കും മലയാളം യുകെ ന്യൂസ് ടീമിൻെറ 73 -)o സ്വതന്ത്ര്യദിനാശംസകൾ .

വായനക്കാരുടെ എണ്ണത്തിൽ മലയാളം യുകെ ബ്രിട്ടനിൽ ഒന്നാമതെത്തി . ഈ ഒരു നേട്ടത്തിലേയ്ക്ക് ഞങ്ങളെ എത്തിച്ച എല്ലാ പ്രിയ വായനക്കാർക്കും മലയാളം യുകെ ന്യൂസ് ടീം സ്നേഹാദരവോടെ നന്ദി അറിയിക്കുകയാണ്. കാരണം ഞങ്ങളുടെ നന്ദിയും കടപ്പാടും മുഴുവൻ പ്രിയ വായനക്കാരോടാണ്.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിൻെറ കാര്യത്തിൽ ബഹുദൂരം മുന്നിലാണ്. തൊട്ടടുത്ത എതിരാളിയായ ഓൺലൈൻ പോർട്ടലിനോട് താരതമ്യം ചെയ്യുമ്പോൾ 2600 റിൽ കൂടുതൽ റാങ്കിങ് നേട്ടം  കൈവരിച്ച മലയാളം യുകെ യുടെ റേറ്റിങ്ങ് മികച്ചു നിൽക്കുന്നു. ഇന്ത്യയിൽ റേറ്റിങ്ങിൻെറ കാര്യത്തിൽ തൊട്ടടുത്ത എതിരാളിയായ പോർട്ടലിനെ മറികടന്നിട്ട് വളരെ കാലമായിരിന്നു. ബ്രിട്ടനിലെയും ഇന്ത്യയിലെയും മലയാളം യുകെയുടെ അലെക്‌സാ (www.alexa.com) റേറ്റിങ്ങ് ആണ് ഈ വാർത്തയോടൊപ്പമുള്ള ചിത്രത്തിൽ കൊടുത്തിരിക്കുന്നത് .

എന്താണ് ഈ അലെക്‌സാ (www.alexa.com)

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നത് ഇന്നത്തെപ്പോലെ ജനപ്രിയമല്ലാത്ത കാലത്താണ് ബ്രൂസ്റ്റര്‍ കാള്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയത്. 1982ല്‍ പഠനം പൂര്‍ത്തിയാക്കിയ കാള്‍, ‘തിങ്കിങ് മെഷീന്‍സ്’ എന്നൊരു സൂപ്പര്‍ കംപ്യൂട്ടര്‍ കമ്പനി തുടങ്ങി. പിന്നീട് 1989ല്‍ ‘വൈഡ് ഏരിയ ഇന്‍ഫര്‍മേഷന്‍ സെര്‍വര്‍’ എന്ന് അറിയപ്പെട്ട ഇന്റര്‍നെറ്റിലെ തന്നെ ആദ്യത്തെ പബ്ലിഷിങ് സിസ്റ്റം നിര്‍മിക്കുകയും ആ കമ്പനി എ.ഒ.എല്ലിന് വില്‍ക്കുകയും ചെയ്തു. 1996ല്‍ ‘അലെക്‌സ’ എന്ന ഇന്റര്‍നെറ്റ് കാറ്റലോഗ് ആയിരുന്നു കാളിന്റെ സൃഷ്ടി. സംഭവം ഇന്റര്‍നെറ്റിലെ സൈറ്റുകളുടെ ഒരു ലീഡര്‍ ബോഡ് പോലെയായിരുന്നു. അതായത് ലോകത്തുള്ള എല്ലാ വെബ്സൈറ്റുകളുടെയും പ്രീതി കണക്കുകൂട്ടാൻ ഉള്ള ഒരു സൂപ്പർ കമ്പ്യൂട്ടർ ആയാണ് ഇത് പ്രവർത്തിക്കുന്നത്. വളരെ ലഘുവായി പറഞ്ഞാൽ ഒരു വെബ്‌സൈറ്റിൽ എത്ര പേർ ഓരോ ദിവസവും എത്തുന്നു എന്നതിന്റെ കണക്ക് സൂക്ഷിപ്പുകാരനാണ് ഈ അലെക്‌സാ എന്ന വെബ്സൈറ്റ്. ഇന്നും സൈറ്റുകളെ താരതമ്യം ചെയ്യുമ്പോള്‍ അലക്‌സ റാങ്കിങ് പറയുന്നത് സര്‍വസാധാരണം. 1999ല്‍ അലക്‌സയെ ആമസോണിന് കാൾ വിൽക്കുകയും ചെയ്‌തു. 

മറ്റൊന്ന്… ഏറ്റവും കുറഞ്ഞ നമ്പർ കാണിക്കുബോൾ… ഉദാഹരണമായി ഒരു വെബ്സൈറ്റിന്റെ അലെക്‌സാ റാങ്കിങ് നമ്പർ 300 ഉം മറ്റൊന്നിന്റേത് 500 ഉം ആണെന്ന് കരുതുക. ഈ രണ്ട് വെബ്സൈറ്റുകളിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് റാങ്കിങ് നമ്പർ 300 ഉള്ള സൈറ്റിൽ ആണെന്ന് സാരം. അലെക്‌സ നൽകുന്നത് ഒരു അന്താരാഷ്ട്ര നമ്പറും അതിനോടൊപ്പം ഓരോ രാജ്യത്തെ റാങ്കിങ് നമ്പറും ആണ്.  അങ്ങനെ അലക്‌സ റാങ്കിങ് അനുസരിച്ച് ബ്രിട്ടനിൽ മലയാളം യുകെയുടെ റാങ്കിങ് 5547 ഉം ഇന്ത്യയിലേത് 28714 ഉം, വർഷങ്ങളായി യുകെയിൽ പ്രവർത്തനം ഉള്ള തൊട്ടടുത്ത എതിരാളി വെബ്സൈറ്റിന്റെ ബ്രിട്ടനിലെ റാങ്കിങ് 7792 ഉം ഇന്ത്യയിലേത് 175267 ഉം ആണ്. (02/08/2019) അതായത് മലയാളംയുകെ ബ്രിട്ടനിലും ഇന്ത്യയിലും വളരെ മുന്നിലാണ് എന്ന് സാരം. ഇത് ഞങ്ങളുടെ നേട്ടമല്ല മറിച്ച് വായനക്കാരായ നിങ്ങൾ ഞങ്ങൾക്ക് നൽകിയ വിശ്വാസമായാണ് ഇതിനെ മലയാളം യുകെ കാണുന്നത്. 

മലയാളം യുകെയുടെ റാങ്കിങ് കാണുക

യുകെയിൽ ആദ്യം തുടങ്ങിയ ഓൺലൈൻ പത്രത്തിന്റെ റാങ്കിങ് താഴെ കാണുക..

ഓൺ ലൈൻ പത്ര പ്രവർത്തന രംഗത്ത് മലയാളം യുകെ എന്ന സൂര്യോദയമുണ്ടായിട്ട് 4 വർഷങ്ങൾ പിന്നിടുകയാണ് . ബാലാരിഷ്ടതകളിലെ പ്രതിസന്ധികളിൽ കൂടിയും പ്രതിബന്ധങ്ങളിൽകൂടിയും കടന്നു പോകുമ്പോൾ പ്രിയ വായനക്കാർ നൽകിയ പിന്തുണയും ആത്മബലവും മാത്രമായിരുന്നു കൈമുതൽ. കാലാകാലങ്ങളിൽ മലയാളം യുകെയുമായി സഹകരിച്ച എല്ലാവരെയും ഈ അവസരത്തിൽ നന്ദി പൂർവം അനുസ്മരിക്കുകയാണ്. മലയാളം യുകെയുടെ ആരംഭം മുതൽ സ്ഥിരം പംക്തികൾ കൈകാര്യം ചെയ്യുന്ന ബേസിൽ ജോസഫ് – വീക്കെൻഡ് കുക്കിംഗ്, ജോജി തോമസ് – മാസാന്ത്യം എന്നിവർ ഓൺലൈൻ പത്രപ്രവർത്തനരംഗത്ത് സ്ഥിരം പംക്തി എന്ന ആശയം പ്രാവർത്തികമാക്കാൻ മലയാളം യുകെയെ സഹായിച്ചവരാണ്. ഫാ. ബിജു കുന്നക്കാടിൻെറ 60 ആഴ്ചകൾക്കുമുകളിൽ പ്രസിദ്ധീകരിച്ച ഞായറാഴ്ച്ചയുടെ സങ്കീർത്തനം മലയാളികൾക്ക് വായനയുടെ വേറിട്ട അനുഭവം നൽകിയ പംക്തിയായിരുന്നു.

ഡോ. എ. സി. രാജീവ്‌കുമാറിൻെറ ആയുരാരോഗ്യം , ഷിജോ തോമസ് ഇലഞ്ഞിക്കലിൻെറ മിനിക്കഥകൾ, ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ “ഒരു മണ്ടന്റ് സ്വപ്നങ്ങൾ”, കാരൂർ സോമൻെറ കന്യാസ്ത്രീ കാർമ്മേൽ, നമ്മളെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ, ടെക്‌നോളജി ഫോർ ഈസി ലൈഫ് തുടങ്ങിയവയാണ് മലയാളം യുകെയിലെ മറ്റ് സ്ഥിരം പംക്തികൾ. കൂടാതെ നോമ്പുകാലങ്ങളിൽ വിശ്വാസികളെ ആത്മീയതയുടെ പുതിയ തലങ്ങളിലേയ്ക്ക് നയിക്കാൻ ഉതകുന്ന ഹാപ്പി ജേക്കബ് അച്ചൻെറ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. പരസ്യവരുമാനത്തിലൂടെ മലയാളം യുകെയെ സാമ്പത്തികമായി സഹായിക്കുന്ന ബിസിനസ് സ്ഥാപനങ്ങളെയും, സുഹൃത്തുക്കളെയും, മലയാളം യുകെ യ്ക്കു വേണ്ടി കേരള ന്യൂസ് റൂമിലും പുറത്തും കഠിനാധ്വാനം ചെയ്യുന്ന മലയാളം യുകെ കുടുംബാംഗങ്ങളെയും ഈ അവസരത്തിൽ നന്ദിയോടെ അനുസ്മരിക്കുന്നു. എല്ലാറ്റിലും ഉപരിയായി ഞങ്ങളുടെ നന്ദിയും കടപ്പാടും മലയാളം യുകെ യുടെ പ്രിയ വായനക്കാരോടാണ്…………

മലയാളം യുകെ
ന്യൂസ് ടീം

മലയാളം യുകെ ന്യൂസ് എഡിറ്റോറിയൽ

ആധുനിക ലോകത്തിന്റെ സ്പന്ദനങ്ങൾ വിശ്വാസ്യതയോടെ ജനങ്ങളിലെത്തിക്കുന്ന മലയാളം യുകെ ഓൺലൈൻ ന്യൂസ് പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഇന്ന് നാല് വർഷം പൂർത്തിയാവുന്നു. എളിയ രീതിയിൽ പ്രവർത്തനമാരംഭിച്ച മലയാളം യുകെയ്ക്ക് പൂർണ പിന്തുണ നല്കിയ ലോകമെമ്പാടുമുള്ള പ്രിയ വായനക്കാരോട് മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയംഗമമായ  നന്ദി അറിയിക്കുന്നു.

പ്രവാസികളുടെ മനസിന്റെ പ്രതിബിംബമായി, ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകളിലൂടെ സമൂഹത്തോട് നേരിട്ട്  സംവദിക്കുന്ന ഓൺലൈൻ ന്യൂസിന് വായനക്കാർ നല്കിയത് അഭൂതപൂർവ്വമായ പിന്തുണയാണ്. ബഹുമാനപ്പെട്ട വായനക്കാരും അഭ്യുദയകാംക്ഷികളും നല്കിയ നിർദ്ദേശങ്ങളും വിമർശനങ്ങളും പടിപടിയായ വളർച്ചയ്ക്ക് മലയാളം യുകെ ന്യൂസിനെ സഹായിച്ചു.

കേരള ജനത മഹാപ്രളയത്തെ അഭിമുഖീകരിച്ചപ്പോൾ അവർക്ക് പിന്തുണ നല്കാനും സഹായമെത്തിക്കാനുള്ള സംരംഭങ്ങളിൽ ഭാഗഭാക്കാകുവാൻ മലയാളം യുകെയ്ക്ക് കഴിഞ്ഞു. ഐഇഎൽടിഎസിന് വേണ്ടത്ര സ്കോർ ലഭിക്കാത്തതിനാൽ എൻഎംസി രജിസ്ട്രേഷൻ ലഭിക്കാതെ കെയറർ പോസ്റ്റുകളിൽ യുകെയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന, ഇന്ത്യയിൽ ക്വാളിഫൈ ചെയ്ത നഴ്സുമാരുടെ  കാര്യത്തിൽ അനുഭാവ പൂർണമായ നടപടി അഭ്യർത്ഥിച്ച് അധികാരികളെ സമീപിക്കാനുള്ള പ്രവർത്തനങ്ങളിൽ മലയാളം യുകെ പൂർണമായ പിന്തുണ നല്കുന്നുണ്ട്. യുകെയിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച മലയാളം യുകെ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വായനക്കാരുള്ള ഓൺലൈൻ പോർട്ടലായി മാറിക്കഴിഞ്ഞിരിക്കുന്നു. സംഘടനകളും വ്യക്തികളും നടത്തിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കാനും നിരവധി പ്രതിഭകളെ ലോകത്തിനു പരിചയപ്പെടുത്താനും മലയാളം യുകെയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ജനങ്ങളോടൊപ്പം… സമൂഹത്തിനു വേണ്ടി … ജനതയുടെ നന്മക്കായി.. സാമൂഹിക പ്രതിബദ്ധതയോടെ… സാമൂഹ്യ നീതിക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന… സാധാരണക്കാരന്റെ ശബ്ദമായി മാറിയ മലയാളം യുകെ, എന്നും നീതിയ്ക്കായി നിലകൊണ്ടു. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും തങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും ന്യൂസിലൂടെ പങ്കുവെയ്ക്കുവാൻ മലയാളം യുകെ ഓൺലൈൻ അവസരങ്ങൾ ഒരുക്കി വരുന്നു. വിജ്ഞാനപ്രദവും വിനോദകരവുമായ നിരവധി പംക്തികളും സമൂഹത്തിന്റെ നേർക്കാഴ്ചയായ വാർത്തകളും ഉത്തരവാദിത്വത്തോടെ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമാണ് മലയാളം യുകെ നടപ്പിലാക്കുന്നത്.

ജനാധിപത്യത്തിന് സർവ്വ പിന്തുണയും നല്കിക്കൊണ്ട് എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനതയുടെ മനസറിഞ്ഞ് സമൂഹത്തിൽ വികസനത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെയും പുതുനാളങ്ങൾക്ക് ജീവൻ നല്കുന്ന ആധുനിക ഓൺലൈൻ മാദ്ധ്യമമായി പ്രവർത്തിയ്ക്കുവാൻ മലയാളം യുകെ ന്യൂസ് ടീം പ്രതിജ്ഞാബദ്ധമാണ്. സ്വതന്ത്രമായ പത്രപ്രവർത്തനത്തിലൂടെ സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുക എന്ന മനോഭാവമാണ് മലയാളം യുകെ എന്നും സ്വീകരിച്ചു വരുന്നത്.

വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിൽ സത്യസന്ധതയോടെയും കാർക്കശ്യത്തോടെയും സമൂഹത്തിലെ ചൂഷണങ്ങൾക്കെതിരെയും അനാരോഗ്യകരമായ പ്രവണതകൾക്കെതിരെയും പ്രതികരിക്കാൻ മലയാളം യുകെ ന്യൂസ് എന്നും സമൂഹത്തോടൊപ്പം ഉണ്ടാവും. മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കാൻ മലയാളം യുകെ എന്നും മുൻകൈയെടുക്കും.

ബ്രിട്ടീഷ് ജനത ബ്രെക്സിറ്റിനായി  ഒരുങ്ങുമ്പോൾ… ഇന്ത്യ, ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലൂടെ തങ്ങളുടെ ഭരണകൂടത്തെ തെരഞ്ഞെടുക്കുന്ന ഈ വേളയിൽ… നേർവഴിയിൽ… ജനങ്ങളുടെ വിശ്വാസമാർജിച്ച്.. ജനങ്ങളോടൊപ്പം.. വായനക്കാർക്കൊപ്പം .. ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസിന് എല്ലാ പ്രിയ വായനക്കാരുടെയും പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

നന്ദിയോടെ

ബിനോയി ജോസഫ്, എഡിറ്റർ, മലയാളം യുകെ.

RECENT POSTS
Copyright © . All rights reserved