Health

രണ്ട് കൊവിഡ് രോഗികള്‍ക്ക് ഒരു ബെഡ് നല്‍കുന്ന ദയനീയ കാഴ്ചയാണ് ഡല്‍ഹിയില്‍ നിനനും ഇപ്പോള്‍ പുറത്ത് വരുന്നത്. രോഗികള്‍ തിങ്ങി നിറയുന്ന സാഹചര്യത്തിലാണ് ഈ കാഴ്ച കൊവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്തെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്.

1,500 ലധികം കിടക്കകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രികളിലൊന്നായ ലോക് നായക് ജയ്പ്രകാശ് നാരായണ ആശുപത്രിയില്‍ രണ്ടു കോവിഡ് രോഗികള്‍ക്ക് ഒരു കിടക്കയാണുള്ളത്. ഓക്സിജന്‍ മാസ്‌ക് ധരിച്ച രണ്ടുപേര്‍ ഒരു കിടക്ക പങ്കിടുന്നതിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. മാത്രമല്ല, കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് വാര്‍ഡിന് പുറത്തിട്ടിരിക്കുന്നു.

ആംബുലന്‍സുകളിലും ബസുകളിലും ഓട്ടോറിക്ഷകളിലും രോഗികള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രിയിലെ നവജാത ശിശുവിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഞങ്ങള്‍ അമിത ജോലി ഭാരമുള്ളവരാണെന്നും ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്കായി 300 ല്‍ അധികം കിടക്കകളുണ്ടെന്നും എന്നാല്‍ അതും മതിയാകില്ലെന്നും ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ സുരേഷ് കുമാര്‍ പറഞ്ഞു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ഒരു നവയുഗ ആരോഗ്യലോകം നിർമിതി അതാകണം ഈ ആരോഗ്യദിന സന്ദേശം.
ആരോഗ്യ രക്ഷാരംഗത്തെ, ആയുരാരോഗ്യ പരിപാലനരംഗത്തെ അസമത്വം നിലനിൽക്കുന്നു എന്ന വസ്തുത മനസ്സിലാക്കാൻ ഇട വന്ന ഒരു മഹാമാരിയുടെ കാലത്താണ് നാം ഇന്ന് നിൽക്കുന്നത്.
ലോകരാജ്യങ്ങളിൽ ചില രാജ്യങ്ങൾക്ക് ഈ മഹാമാരി ചെറുത്തു നില്ക്കാൻ ആവശ്യമായ ശേഷി ഉണ്ടായിരുന്നു. എന്നാൽ പല രാജ്യങ്ങൾക്കും ഇതിനാവാതെ വന്നു എന്ന യാഥാർഥ്യം മനസ്സിലാക്കാനായി.
പാർപ്പിടം പരിസരം തൊഴിലിടം വിദ്യഭ്യാസ സ്ഥലങ്ങളിലെ അനാരോഗ്യകരമായ സാഹചര്യം, പരിസരമലിനികരണം, അന്തരീക്ഷ മലിനീകരണം എല്ലാം കൂടി ഒഴിവാക്കാൻ ആവാത്ത ആരോഗ്യ പ്രശ്നങ്ങൾ അസുഖങ്ങൾ അസ്വസ്ഥതകൾ മൂലമുള്ള ജീവപായം വരെ നേരിടേണ്ടി വരുന്നു. ഇത് ലോക രാജ്യങ്ങളിൽ സാമൂഹിക സാമ്പത്തിക അസന്തുലിതാവസ്ഥക്കും ഇടയാക്കും. തടയാൻ ആവുന്ന ഈ ഒരവസ്ഥ ഒരു പരിഷ്കൃത ലോകത്തിന് അഭികാമ്യം അല്ല.

ആരോഗ്യരക്ഷാ പ്രവർത്തന രംഗത്തെ അസമത്വം ഒഴിവാക്കാൻ ആവശ്യം ആയതെല്ലാം ലോകാരോഗ്യ ദിനത്തോടെ ആരംഭിച്ചു. 2021 ഡിസംബറോടെ പരിഹൃതമാകും വിധം ഊർജിത പ്രവർത്തനം ആണ് ഈ ലോകാരോഗ്യ ദിനത്തോടെ ലക്ഷ്യം ആക്കുന്നത്. ലോകത്ത് എവിടെയും നല്ല ആരോഗ്യത്തിന് ആരോഗ്യ മേഖല പ്രതിജ്ഞാ ബദ്ധം.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ലോകമാസകാലം ആരോഗ്യ രംഗത്ത് ഏറ്റവും അധികം ജീവഹാനിക്കിടയാക്കുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനം ആണ് സ്ട്രോക്ക് എന്ന രോഗത്തിനുള്ളത്. മുപ്പത് ശതമാനം സ്ട്രോക്ക് ബാധിതർക്ക് ജീവാപായം സംഭവിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

മിനി സ്ട്രോക്ക് അഥവാ സ്ട്രോക്കിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ അറിയുകയും അതിനനുസൃതമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നത് സ്ട്രോക്ക് മൂലമുള്ള പ്രയാസങ്ങൾ കുറയ്ക്കാൻ സഹായിക്കും.

തലച്ചോറിലേയ്ക്കുള്ള രക്ത പ്രവാഹം ഏതെങ്കിലും കാരണത്താൽ തടസ്സപ്പെടുന്നതാണ് സ്ട്രോക്ക് എന്ന് പറയുന്നത്. കഴുത്തിലെയോ തലച്ചോറിലെയോ രക്ത കുഴലുകളിൽ തടസ്സം അഥവാ ബ്ലോക്ക്‌ ഉണ്ടാവുക, രക്തക്കുഴൽ പൊട്ടി രക്തസ്രാവം എന്നിവയാൽ ആണ് സ്ട്രോക്ക് വരിക.

ചിറികൾ ചുണ്ട് കോടുക, വായിലൊഴിക്കുന്ന വെള്ളം ഒരു വശത്തൂടെ പുറത്തേക്ക് പോവുക,ബലക്കുറവ്, കൈകാൽ മരവിപ്പ്, സംസാരം കുഴയുക വ്യക്തമാകാതെ വരിക, തലകറക്കം,വസ്തുക്കൾ രണ്ടായി കാണുക,ഒരു കണ്ണ് തുറക്കാനോ അടക്കാനോ പ്രയാസം, കാഴ്ച മങ്ങൽ, നടക്കുമ്പോൾ വീഴുക, എന്നിവ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ ആയി കാണാം.

ബോധരഹിതമാകുന്നതും കണ്ണിലെ കൃഷ്ണമണി ഒരു വശത്തേക്ക് മാറുന്നതും, സംസാരിക്കാൻ അകായ്‌കയും, പറയുന്നത് മനസിലാക്കാൻ കഴിയാതെ വരുന്നതും നടക്കുമ്പോൾ വേച്ചു പോകുന്നതും ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നു.

ഒരുവന്റെ നടപ്പിലെ ബാലൻസ് തെറ്റുന്നത്, കണ്ണിന്റെ സ്വഭാവികത മാറുക, മുഖം കോടുക, കൈകൾ ബലഹീനമാകുക. സംസാരം കുഴയുക എന്നിവ കണ്ടാൽ എത്ര വേഗത്തിൽ വൈദ്യ സഹായം തേടുന്നുവോ അത്ര വേഗത്തിൽ രോഗമുക്തിയും നേടാനാവുന്ന രോഗാവസ്ഥ ആണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഇത് ആയുർവേദം വാത രോഗമായി കാണുന്നു. പോസ്റ്റ്‌ സ്ട്രോക്ക് റീഹാബിലിറ്റേഷൻ കൃത്യമായി ചെയ്യുന്നത് സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി എത്താൻ വഴിയൊരുക്കും. ആയുർവേദ പഞ്ചകർമ്മ ചികിത്സകൾ കാലം കരുതിവെച്ച പക്ഷാഘാതാനന്തര ചികിത്സാ മാർഗം ആകുന്നു.

ആയുർവേദ ഔഷധ തൈലം കൊണ്ടുള്ള ഉഴിച്ചിൽ, ഇലക്കിഴി, തൈലധാര, ഞവരക്കിഴി, നസ്യം എന്നിങ്ങനെ രോഗവസ്ഥയ്ക്കനുസരിച്ച് ആവശ്യമായ ചികിത്സാക്രമങ്ങൾ വൈദ്യനിർദേശം അനുസരിച്ച് ചെയ്യുകയാണ് വേണ്ടത്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

മനുഷ്യ ബീജങ്ങളുടെ എണ്ണം കുറയുന്നുവെന്നും ലൈംഗികതയിലെ മാറ്റങ്ങൾ മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നും വിദഗ്ധ മുന്നറിയിപ്പ്. ന്യൂയോർക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുൽപാദന എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാൻ തന്റെ പുതിയ പുസ്തകത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം പോലെ ആഗോള ഭീഷണിയായി ഫെർട്ടിലിറ്റി പ്രതസന്ധി മാറുമെന്ന് പുസ്തകത്തിൽ പറയുന്നു.

ഇതിന്റെ പ്രധാന കാരണം നിലവിലെ പ്രത്യുൽപാദന പ്രശ്നങ്ങാളാണ്. ഇവ മനുഷ്യജീവന് തന്നെ ഭീഷണിയാകും. 1973 നും 2011 നും ഇടയിൽ വെസ്റ്റേൺ രാജ്യങ്ങളിൽ ബീജങ്ങളുടെ എണ്ണം 59% കുറഞ്ഞുവെന്നും ആഗോള തലത്തിൽ തന്നെ ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തു വന്നിരുന്നെന്നും സ്വാൻ പറയുന്നു. നിലവിലെ സ്ഥിതി അനുസരിച്ച് ശരാശരി ബീജങ്ങളുടെ എണ്ണം 2045 ൽ പൂജ്യത്തിലെത്തുമെന്നും സ്വാൻ വ്യക്തമാക്കുന്നു.

ആധുനിക ജീവിതം ബീജങ്ങളുടെ എണ്ണത്തെ എങ്ങനെ ഭീഷണിപ്പെടുത്തുന്നുവെന്നും സ്ത്രീ-പുരുഷ പ്രത്യുത്പാദന രീതിയെ എങ്ങനെ മാറ്റുന്നുവെന്നും മനുഷ്യജീവിതത്തിന് എങ്ങനെ ഭീഷണിയാകുമെന്നും സ്വാനും സഹ-എഴുത്തുകാരൻ സ്റ്റേസി കോളിനോയും പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.

മാറിയ ജീവിതശൈലി, രാസ വസ്തുക്കളുടെ ഉപഭോഗം, ഗർഭനിരോധന മാർഗ്ഗങ്ങൾ, സാംസ്കാരിക മാറ്റം, കുട്ടികളുണ്ടാകുന്നതിനുള്ള ചെലവ്, ശാരീരിക മാറ്റങ്ങൾ എന്നിവ മനുഷ്യനെ വംശനാശ ഭീഷണി നേരിടുന്ന ജീവികളാക്കും. ഗർഭം അലസൽ നിരക്ക് വർദ്ധിക്കുന്നതും ആൺകുട്ടികളിൽ കൂടുതൽ ജനനേന്ദ്രിയ തകരാറുകൾ സംഭവിക്കുന്നതും പെൺകുട്ടികളുടെ നേരത്തെയുള്ള പ്രായപൂർത്തിയാകൽ എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങൾ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. പുകയില ഉപയോഗം, പുകവലി, അമിതവണ്ണം തുടങ്ങിയ ഘടകങ്ങൾക്കും പ്രത്യുത്പാദന തകരാറുകളിൽ പങ്കുണ്ടെന്നും സ്വാൻ പറയുന്നു.

സംസ്ഥാനത്ത് വീണ്ടും ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കേരളത്തില്‍ ഇന്ന് 4034 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 3674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4823 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,604 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.80 ആണ്. തിങ്കളാഴ്ച 5.81 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അഞ്ഞൂറിൽ കുറവ് രോഗബാധകളാണ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 484 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 71 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

കേരളത്തില്‍ ഇന്നലെ 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4823 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 54,665 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,81,835 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

 

ഗ്ലാസ്, പ്ലാസ്റ്റിക് എന്നിവയെ അപേക്ഷിച്ച് തുണിയിലും പേപ്പറിലും കൊറോണവൈറസ് കുറച്ചു സമയം മാത്രമേ തങ്ങി നിൽക്കൂ എന്ന് ബോംബെ ഐ ഐ ടി ഗവേഷകർ.

കോവിഡ് 19 നു കാരണമാകുന്ന സാർസ് കോവ് 2 വൈറസ് ശ്വസന കണികകളിലൂടെയാണ് പ്രേക്ഷണം ചെയ്യപ്പെടുന്നത്. ഇത് പതിക്കുന്ന പ്രതലങ്ങൾ അണുബാധ വ്യാപിക്കാൻ കാരണമാകുന്നു.

സുഷിരങ്ങളുള്ളതും ഇല്ലാത്തതുമായ (impermeable – വായുവും ജലവും കടക്കാത്ത പ്രതലം) പ്രതലങ്ങളിൽ ഈ കണികകൾ പതിച്ചാൽ അവ ഡ്രൈ ആകുന്നതിനെക്കുറിച്ച് ‘ഫിസിക്സ് ഓഫ് ഫ്‌ളൂയിഡ്‌സ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം വിശകലനം ചെയ്‌തു.

സുഷിരങ്ങളുള്ള പ്രതലങ്ങളിൽ ദ്രാവക രൂപത്തിൽ കണികകൾ വളരെ കുറച്ചു സമയം മാത്രമേ നിൽക്കുന്നുള്ളൂ എന്നു കണ്ടു. അതുകൊണ്ടുതന്നെ വൈറസ് ഏറെ നേരം ഈ പ്രതലങ്ങളിൽ നിലനിൽക്കില്ല.

എന്നാൽ ഗ്ലാസ് പ്രതലത്തിൽ നാലു ദിവസവും പ്ലാസ്റ്റിക്കിലും സ്റ്റെയ്ൻലെസ് സ്റ്റീലിലും ഏഴു ദിവസവും വൈറസിന് നിലനിൽക്കാനാകുമെന്നും പഠനത്തിൽ കണ്ടു. പേപ്പറിൽ മൂന്നു മണിക്കൂറും വസ്ത്രത്തിൽ രണ്ടു ദിവസവും മാത്രമാണ് വൈറസ് നിലനിന്നതെന്നും പഠനം പറയുന്നു.

ഹോസ്പിറ്റലുകളിലെയും ഓഫീസുകളിലെയും ഗ്ലാസ്, സ്റ്റെയ്ൻലെസ്സ്റ്റീൽ അല്ലെങ്കിൽ ലാമിനേറ്റഡ് വുഡ് എന്നിവ കൊണ്ടുണ്ടാക്കിയ ഫർണിച്ചറുകൾ തുണി കൊണ്ട് മൂടുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ബോംബെ ഐഐടി ഗവേഷകനായ സംഘമിത്രോ ചാറ്റർജി പറയുന്നു. പൊതു സ്ഥലങ്ങളായ പാർക്കുകൾ, ഷോപ്പിങ് മാളുകൾ, റസ്റ്ററന്റുകൾ, റെയിൽവേ, എയർ പോർട്ട് കാത്തിരുപ്പ് മുറികൾ തുടങ്ങിയ സ്ഥലങ്ങളിലെ സീറ്റുകളും രോഗ വ്യാപനം തടയാൻ തുണി കൊണ്ട് മൂടണമെന്ന് പഠനം നിർദേശിക്കുന്നു.

ശ്വസന കണികകളിലെ ദ്രാവക അംശം 99.9 ശതമാനവും എല്ലാ പ്രതലങ്ങളിൽ നിന്നും ഏതാനും മിനിറ്റ് കൊണ്ട് ബാഷ്‌പീകരിച്ചു പോകുമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ സൂക്ഷ്‌മമായ ദ്രാവക പാളി ഈ പ്രതലങ്ങളിൽ അവശേഷിക്കും. ഇതിൽ വൈറസിന് നില നിൽക്കാനാകുമെന്ന് കണ്ടു.

സുഷിരങ്ങളുള്ള പ്രതലങ്ങളിൽ impermeable ആയ പ്രതലങ്ങളെ അപേക്ഷിച്ച് ബാഷ്‌പീകരണ തോത് വളരെ കൂടുതലാണെന്ന് ജനനി ശ്രീമുരളീധരൻ, അമിത് അഗർവാൾ, രജനീഷ് ഭരദ്വാജ് എന്നിവരടങ്ങിയ ഗവേഷക സംഘം കണ്ടെത്തി.

സ്‌കൂളുകൾ തുറക്കുമ്പോൾ നോട്ട് ബുക്കുകൾ കൈമാറുമ്പോഴും കറൻസി നോട്ടുകൾ കൈമാറുമ്പോഴും എല്ലാം മതിയായ സുരക്ഷാ മാർഗങ്ങൾ അവലംബിക്കണമെന്ന് ഗവേഷകർ പറയുന്നു. അതുപോലെ ഇ കൊമേഴ്‌സ് കമ്പനികൾ ഉപയോഗിക്കുന്ന കാർഡ് ബോർഡ് പെട്ടികൾ താരതമ്യേന സുരക്ഷിതമാണ് എന്നും പഠനം പറയുന്നു.

കോവിഡ് രോഗം പടർത്തുന്ന വൈറസിൽ ഉണ്ടായിരിക്കുന്ന ജനിതക വകഭേദത്തെ അൽപ്പം ഭയപ്പാടോടെ തന്നെയാണ് കാണുന്നതെന്ന് വിദഗ്ധർ. യുകയിലെ കെന്റിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം നിലവിൽ ഉത്പാദിപ്പിച്ചിരിക്കുന്ന വാക്‌സിൻ നൽകുന്ന സംരക്ഷണത്തെ ദുർബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നുമാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

വൈറസിന് സംഭവിച്ച ജനിതക മാറ്റം തുടർന്നുവരുന്ന വാക്‌സിനേഷനും ഭീഷണിയാണ്. ബ്രിട്ടൺ വകഭേദത്തിന് കൂടുതൽ വ്യാപന ശേഷിയുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക, ബ്രസീലിയൻ വകഭേദങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നും പീകോക്ക് പറഞ്ഞു. കോവിഡിനെ മറികടക്കാൻ സാധിക്കുകയോ അല്ലെങ്കിൽ ജനിതക മാറ്റം സംഭവിച്ച് ഈ വൈറസ് സ്വയം അപകടകാരിയല്ലാതെ മാറുകയോ ചെയ്താൽ മാത്രമേ കോവിഡ് ഭീതി ഒഴിയുകയുള്ളു.

പക്ഷെ, ഇതിനായി പത്ത് വർഷങ്ങളെങ്കിലും എടുത്തേക്കാമെന്നാണ് യുകെ ജനിറ്റിക് സർവൈലൻസ് പ്രോഗ്രാം മേധാവി ഷാരോൺ പീകോക്ക് മുന്നറിയിപ്പ് നൽകുന്നത്. ബ്രിട്ടണിൽ ഇതിനോടകം വ്യാപിച്ച പുതിയ യുകെ വകഭേദം ലോകത്താകമാനം പടർന്നുപിടിച്ചേക്കാമെന്നും ഷാരോൺ പീകോക്ക് മുന്നറിയിപ്പ് നൽകി.

കോവിഡ് വാക്‌സിൻ ബ്രിട്ടണിൽ ഇതുവരെ വളരെ ഫലപ്രദമായിരുന്നു. കൂടുതൽ വ്യാപന ശേഷിയുള്ള കോവിഡിന്റെ 1.1.7 എന്ന വകഭേദമാണ് ബ്രിട്ടണിൽ മാസങ്ങളായി വ്യാപിച്ചിരുന്നത്. എന്നാൽ ഇതിന് വീണ്ടും ജനിതക മാറ്റം സംഭവിച്ചു. ഇത് പ്രതിരോധ ശേഷിയേയും വാക്‌സിന്റെ ഫലപ്രാപ്തിയേയും ബാധിച്ചേക്കാമെന്നും ഷാരോൺ പീകോക്ക് വ്യക്തമാക്കി.

കോവിഡ് ഏറ്റവുമധികം മറ്റുള്ളവരിലേക്ക് പരത്തുന്നത് 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവരാണെന്ന് പുതിയ പഠനം. രോഗവ്യാപനം കുറയ്ക്കാനായി ഈ പ്രായവിഭാഗത്തിലുള്ളവര്‍ക്ക് എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കണമെന്നും സയന്‍സ് മാഗസീനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

അമേരിക്കയിലെ രോഗബാധയില്‍ 72.2 ശതമാനവും 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവര്‍ പരത്തുന്നതാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. 20 മുതല്‍ 34 വയസ്സ് വരെയുള്ളവര്‍ 34 ശതമാനം അണുബാധയ്ക്ക് കാരണമാകുമ്പോള്‍ 35 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവര്‍ മൂലം 38.2 ശതമാനം രോഗബാധയുണ്ടാകുന്നു. 9 വയസ്സ് വരെയുള്ള കുട്ടികള്‍ ആകെ രോഗബാധയുടെ 2.7 ശതമാനത്തിന് മാത്രമാണ് കാരണക്കാരാകുന്നതെന്നും 10 മുതല്‍ 19 വയസ്സ് വരെയുള്ളവര്‍ 7.1 ശതമാനം അണുബാധയുണ്ടാക്കുന്നെന്നും പഠന റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

ഏറ്റവുമധികം രോഗവ്യാപനം ഉണ്ടാക്കുന്ന 20 മുതല്‍ 49 വരെ പ്രായവിഭാഗത്തിലുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കുന്നത് രോഗവ്യാപനം കുറയ്ക്കാന്‍ സഹായകമാകുമെന്നും പഠനം നിരീക്ഷിക്കുന്നു. ഇത്തരത്തില്‍ കുത്തിവയ്പ്പ് നല്‍കിയാല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ളവ സുരക്ഷിതമായി പുനരാരംഭിക്കാമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

പുതിയ കൊറോണവൈറസ് മനുഷ്യരിലേക്ക് എത്തിയത് മൃഗങ്ങളിൽനിന്നായിരിക്കാമെന്ന് നിഗമനം. അതിൽത്തന്നെ വവ്വാലിനാണ് ഏറെ സാധ്യത. ചൈനീസ് ലാബറട്ടറിയിൽനിന്നു പുറത്തുചാടിയ രോഗാണുവാണ് കോവിഡ് രോഗത്തിനു കാരണമായതെന്ന സിദ്ധാന്തത്തെ തള്ളിക്കളയുന്നതാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വിദഗ്ധരുടെ ഈ പ്രാഥമിക നിഗമനം. ചൈനീസ് വാദങ്ങളെ പിന്തുണയ്ക്കുന്നതാണ് ഒരു മാസത്തോളം നീണ്ട ഡബ്ല്യുഎച്ച്ഒ സംഘത്തിന്റെ പരിശോധനയിലെയും കണ്ടെത്തലുകൾ.

നേരത്തേ കരുതിയിരുന്നതുപോലെ മൃഗങ്ങളിൽനിന്നു തന്നെയാണ് കൊറോണവൈറസ് മനുഷ്യരിലേക്ക് പകർന്നതെന്ന വാദത്തിനു ശക്തിപകരുന്ന കാര്യങ്ങളാണ് വുഹാനിൽനിന്നു ലഭിച്ചതെന്ന് ലോകാരോഗ്യ സംഘടന സംഘത്തലവൻ പീറ്റർ ബെൻ എംബാറെക്ക് പറഞ്ഞു. വുഹാനിലെ മാംസച്ചന്തയിൽനിന്നാണ് ആദ്യമായി പുതിയ കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നാണു കരുതുന്നത്.

ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ സൂക്ഷിച്ചിരുന്ന കൊറോണവൈറസാണു പുറത്തു ചാടിയതെന്നായിരുന്നു നേരത്തേയുള്ള ആരോപണം. ഇക്കാര്യത്തിൽ തുടരന്വേഷണം പോലും ആവശ്യമില്ലെന്നും പീറ്റർ കൂട്ടിച്ചേർത്തു. നാലാഴ്ച നീണ്ട പരിശോധനയ്ക്കു ശേഷം ചൈനയിൽനിന്നു മടങ്ങുന്നതിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് പീറ്റർ ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണവൈറസ് വവ്വാലിൽനിന്നു മറ്റൊരു ജീവിയിലെത്തുകയും അവിടെനിന്നു മനുഷ്യരിലെത്തുകയും ചെയ്തെന്നാണു കരുതുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണം വേണമെന്നും ഡബ്ല്യുഎച്ച്ഒയുടെ ഭക്ഷ്യസുരക്ഷ–മൃഗജന്യ രോഗ വിദഗ്ധൻ കൂടിയായ പീറ്റർ പറഞ്ഞു. വവ്വാലിൽനിന്ന് ഈനാംപേച്ചിയിലേക്കോ ബാംബൂ റാറ്റ് എന്നറിയപ്പെടുന്ന ചുണ്ടെലികളിലേക്കോ വൈറസ് കടക്കുകയും അവയിൽനിന്നു മനുഷ്യരിലേക്കു പ്രവേശിച്ചതാകാമെന്നുമാണു കരുതുന്നത്.

വവ്വാലിൽനിന്നു നേരിട്ടു മനുഷ്യരിലേക്കും ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ വഴിയും വൈറസ് പടരാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ലെന്നും പീറ്റർ വ്യക്തമാക്കി. ‘കോൾഡ് ചെയിൻ ട്രാൻസ്‌മിഷൻ’ എന്നാണ് പീറ്റർ ഇതിനെ വിശേഷിപ്പിച്ചത്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ വിതരണവും വിൽപനയുമാണ് കോൾഡ് ചെയിൻ എന്നറിയപ്പെടുന്നത്. ഇതേ നിലപാടു തന്നെയാണ് ചൈന നേരത്തേ സ്വീകരിച്ചിരുന്നതും. ശീതീകരിച്ച ഭക്ഷണ പായ്ക്കറ്റുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പലതവണ ചൈന റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
‘തണുത്ത, ശീതീകരിക്കപ്പെട്ട അന്തരീക്ഷത്തിൽ വൈറസുകൾ നിലനിൽക്കുമെന്നത് തെളിഞ്ഞിട്ടുണ്ട്.

എന്നാൽ അത്തരം സാഹചര്യങ്ങളിൽനിന്ന് വൈറസ് മനുഷ്യരിലേക്ക് പടരുമോയെന്ന് ഇപ്പോഴും മനസ്സിലാക്കാനായിട്ടില്ല…’ പീറ്റർ പറഞ്ഞു. വൈറസ് പടരാൻ പാകത്തിൽ കൃത്യമായ തണുപ്പിൽ ശീതീകരിച്ചു സൂക്ഷിക്കപ്പെട്ട ഏതെങ്കിലും കാട്ടുമൃഗത്തിന്റെ ഇറച്ചിയിൽനിന്ന് വൈറസ് പടരുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ ഇത്തരം ‘സംശയവിടവുകൾ’ നികത്താനാണു ശ്രമിക്കുകയെന്നും പീറ്റർ വ്യക്തമാക്കി.

ചൈനീസ് സർക്കാർ കോവിഡ് വ്യാപനത്തെപ്പറ്റി കാര്യമായി അന്വേഷിക്കുന്നില്ലെന്നും ഗവേഷകരുടെ വായ്മൂടിക്കെട്ടിയിരിക്കുകയാണെന്നുമുള്ള വിമർശനവും ശക്തമാണ്. മാധ്യമപ്രവർത്തകരോടു സംസാരിക്കാൻ പോലും ചൈനീസ് ഗവേഷകർക്കു വിലക്കുണ്ട്. എന്നാൽ എവിടെ വേണമെങ്കിലും പരിശോധന നടത്താനും ആരുമായി വേണമെങ്കിലും സംസാരിക്കാനും ‌സര്‍ക്കാർ അനുമതി നൽകിയെന്നായിരുന്നു സംഘത്തിലെ ബ്രിട്ടിഷ് സുവോളജിസ്റ്റ് പീറ്റർ ഡസ്സാക്ക് പറഞ്ഞത്.

രാജ്യാന്തര സമൂഹം നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ചൈന രാജ്യത്തിന്റെ വാതിലുകൾ ഡബ്ല്യുഎച്ച്ഒ സംഘത്തിനു തുറന്നു നൽകിയത്. ഇപ്പോഴും സ്വതന്ത്ര അന്വേഷണത്തിന് ചൈന തയാറായിട്ടുമില്ല. ജനുവരി 14നാണ് 10 രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരുമായി ഡബ്ല്യുഎച്ച്ഒ സംഘം ചൈനയിലെത്തിയത്. രണ്ടാഴ്ചത്തെ ക്വാറന്റീനു ശേഷം വുഹാനിലെ ഹ്വാനനിലെ സീഫൂഡ് മാർക്കറ്റ് ഉൾപ്പെടെ സന്ദർശിച്ചായിരുന്നു അന്വേഷണത്തിനു തുടക്കമിട്ടത്.

പൊതുജനത്തിന് ഇപ്പോഴും ഹ്വാനൻ ചന്തയിലേക്കു പ്രവേശനമില്ല. ചന്ത അടച്ചുപൂട്ടിയ നിലയിലാണ്. ഇവിടെയുള്ളവരെ മറ്റൊരു ചന്തയിലേക്കു പുനരധിവസിപ്പിക്കുകയും ചെയ്തു. ചന്തയിലുണ്ടായിരുന്ന മുയൽ, ബാംബൂ റാറ്റ് എന്നിവയായിരിക്കാം വൈറസ്‌വാഹകരായതെന്ന് സംഘത്തിലെ ഡച്ച് വൈറോളജിസ്റ്റ് മാരിയോൺ കൂപ്മാൻസ് പറഞ്ഞു.

മുയലും ചുണ്ടെലികളും പോലുള്ള ജീവികളെ ഫാമുകളിൽ കൂട്ടത്തോടെ വളർത്തുന്ന പ്രദേശങ്ങളും ഹ്വാനൻ ചന്തയ്ക്കു സമീപത്തുണ്ടായിരുന്നു. ഇവയെ വിൽപനയ്ക്ക് എത്തിക്കുന്ന സംഘങ്ങളുമുണ്ടായിരുന്നു. ഫാമുകൾക്കു സമീപമാകട്ടെ കൊറോണവൈറസ് വാഹകരായേക്കാവുന്ന വവ്വാലുകളുടെ വൻതോതിലുള്ള സാന്നിധ്യവും തിരിച്ചറിഞ്ഞിരുന്നു. അടുത്ത ഘട്ടത്തിൽ ഫാമുകൾ‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണമെന്നും മാരിയോൺ പറഞ്ഞു.

ഹ്വാനൻ മാർക്കറ്റിനേക്കാൾ രാജ്യത്തെ മറ്റു പലയിടത്തും കൂട്ടത്തോടെ കൊറോണവൈറസ് ബാധയുണ്ടായിരുന്നതായി ചൈനീസ് ഗവേഷകൻ ലിയാങ് വാന്യാൻ പറഞ്ഞു. ഒരുപക്ഷേ വുഹാനിൽനിന്നല്ലാതെ മറ്റിടങ്ങളിൽനിന്നു വൈറസ് പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ചൈനീസ് സംഘത്തലവൻ കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ഡിസംബറിലാണ് വ്യാപകമായ വൈറസ് ബാധയുണ്ടായതെന്നും ചൈനീസ് സംഘം പറയുന്നു. അതിനു മുൻപേതന്നെ വൈറസ് വ്യാപിച്ചിരുന്നുവെന്ന വാദത്തിനും അതോടെ ചൈന അവസാനം കുറിച്ചു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണത്തിന്റെ സാധ്യതകൾ ഡബ്ല്യുഎച്ച്ഒ തള്ളിക്കളയുന്നില്ല. ഡിസംബറിനു മുൻപ് രോഗം പടർന്നിരുന്നോയെന്ന് അറിയണമെങ്കിൽ രോഗം ബാധിച്ചതായി സംശയിക്കുന്നവരുടെ രക്തസാംപിൾ ഉൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും ഡബ്ല്യുഎച്ച്ഒ സംഘം പറഞ്ഞു.

വർഷങ്ങളെടുത്തു മാത്രമേ കൊറോണവൈറസിന്റെ ഉറവിടം കണ്ടെത്താനാവുകയുള്ളൂവെന്നാണ് സംഘാംഗമായ ഡൊമിനിക് ഡ്വൈയറിന്റെ വാക്കുകൾ. 2021 ഫെബ്രുവരി 9 വരെയുള്ള കണക്കു പ്രകാരം രാജ്യാന്തരതലത്തിൽ ഏകദേശം 10.5 കോടി പേരെയാണ് കോവിഡ് ബാധിച്ചത്. 22 ലക്ഷത്തിലേറെപ്പേർ മരിച്ചു.

പോളിയോ വാക്‌സിന് പകരം കുട്ടികള്‍ക്ക് നല്‍കിയത് സാനിറ്റൈസര്‍. മഹാരാഷ്ട്രയിലാണ് ദാരുണ സംഭവം. സാനിറ്റൈസര്‍ തുള്ളി നല്‍കിയതിനെ തുടര്‍ന്ന്, അഞ്ച് വയസിന് താഴെയുള്ള 12 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ നില തൃപ്തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.

’12 കുട്ടികള്‍ക്ക് യവത്മാലില്‍ പോളിയോ വാക്‌സിനുപകരം ഹാന്‍ഡ് സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കി. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യ പ്രവര്‍ത്തകന്‍, ഡോക്ടര്‍, ആശ വര്‍ക്കര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യും. അന്വേഷണം നടക്കുകയാണ്’ യവത്മാല്‍ ജില്ലാ കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീകൃഷ്ണ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved