India

ഷെറിൻ പി യോഹന്നാൻ

രാജ് ബി ഷെട്ടിയുടെ GGVV ഇറങ്ങിയ സമയം. ആ സിനിമാറ്റിക് ലാംഗ്വേജ് ഇഷ്ടപ്പെട്ട് അതിലെ ഗംഭീര സീനുകളൊക്കെ പിന്നെയും എടുത്ത് കാണുന്ന സമയം. അപ്പോഴാണ് അതിലെ നായകൻ കൂടിയായ ഋഷബ് ഷെട്ടിയുടെ ‘കാന്താര’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുണ്ടെന്ന് അറിഞ്ഞത്. കന്നഡയിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് കേരളത്തിൽ വളരെ ചുരുക്കം റിലീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ആ എക്സ്പീരിയൻസ് നഷ്ടമായല്ലോ എന്നോർത്ത് ഇരിക്കുമ്പോഴാണ് ‘കാന്താര’ മലയാളം വേർഷനുമായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് എത്തുന്നത്. അതൊരു ഒന്നൊന്നര തീരുമാനം തന്നെയായിരുന്നു. ഈ സിനിമയൊക്കെ തിയേറ്ററിൽ നഷ്ടപ്പെടുത്തുന്നത് എങ്ങനെയാണ്!

1847ലെ തുളുനാട്ടുരാജ്യം. തന്റെ പക്കലുള്ള സമ്പത്ത് എന്തുചെയ്യണമെന്നറിയാതെ അസ്വസ്ഥതമായ മനസ്സുമായി രാജ്യം വിട്ട രാജാവ് കാട്ടിലെത്തുന്നു. കാടിന് നടുവിൽ വരാഹരൂപവുമായി നിലയുറപ്പിച്ചിരിക്കുന്ന കല്ലിനോട് തന്റെ കൂടെ വരാമോ എന്ന് ചോദിക്കുന്നു. അവിടുത്തെ ഗോത്രജനത ഒരു ഉടമ്പടിയിന്മേൽ അവരുടെ ദൈവത്തെ നാട്ടിൽ കുടിയിരുത്താൻ അനുവദിച്ചു. കാലചക്രം തിരിഞ്ഞു. രാജാവ് മാറി.. ഇന്ന് മുതലാളിയായി. ആ ഗോത്രജനതയുടെ ആവാസവും അവകാശവുമോ? അതിനെന്ത്‌ സംഭവിക്കും.

വൺലൈനിൽ ഒരു സിംപിൾ കഥയാണ് ‘കാന്താര’. യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ചിത്രം. എന്നാൽ കഥ പറഞ്ഞവസാനിക്കുകയെന്ന ധർമ്മമല്ല ‘കാന്താര’ നിർവഹിക്കുന്നത്. മിത്തോളജിയും ഫോക്ലോറും സംസ്കാരവുമൊക്കെ സംയോജിപ്പിച്ച് അതിതീവ്ര ദൃശ്യാനുഭവമായി മാറിയിട്ടുണ്ട്. ആരംഭത്തിലെ പതിനഞ്ചു മിനിറ്റും അന്ത്യത്തിലെ പതിനഞ്ചു മിനിറ്റും ഇമചിമ്മാതെ കണ്ടിരുന്നുപോകാൻ പ്രേരിപ്പിക്കുന്നത് ആ ദൃശ്യചാരുതയാണ്.

കാടിന്റെ കഥയാണ് കാന്താര. സിസ്റ്റവുമായുള്ള കോൺഫ്ലിക്ട് ആണ് പ്രധാന പ്രമേയം. കന്നഡ സിനിമ കാടിനെ അടയാളപ്പെടുത്തുന്നത് ‘വിക്രാന്ത് റോണ’യിൽ നിന്നുതന്നെ വ്യക്തമാണ്. കാട്ടിൽ തെളിയുന്ന കാഴ്ചകളെ എന്ത് മനോഹരമായിട്ടാണ് കാന്താര സ്ക്രീനിലെത്തിക്കുന്നത്. ആ പ്രകാശമാണ് പ്രധാന ആകർഷണവും. ദൈവക്കോലത്തിന്റെ അലർച്ചയും ക്ലൈമാക്സിലെ ഋഷബ് ഷെട്ടിയുടെ പ്രകടനവും രൗദ്രഗംഭീരമായ നിൽക്കുന്ന സീനുകളും തിയേറ്റർ വിട്ടാലും മനസ്സിലുണ്ടാവും.

ഋഷബ് ഷെട്ടിയെന്ന നടനും സംവിധായകനും ഇവിടെ ഒരുപോലെ കൈയടി നേടുന്നു. കഥപരിസരത്തിലേക്ക് അദ്ദേഹം കൊണ്ടുവരുന്ന എലമെന്റുകൾ ശ്രദ്ധിക്കുക; നാടോടിക്കഥ, ആചാരങ്ങൾ, നായാട്ട്, പോത്തോട്ടം, പ്രണയം, പ്രതികാരം… ഇതൊക്കെ ബിഗ് സ്‌ക്രീനിൽ അനുഭവിക്കുമ്പോൾ ലോക്കൽ ഈസ്‌ ഇന്റർനാഷണൽ എന്നത് അക്ഷരംപ്രതി ശരിയെന്നു സമ്മതിക്കേണ്ടി വരും.

റിഷബ് ഷെട്ടി, രാജ് ബി ഷെട്ടി, രക്ഷിത് ഷെട്ടി

അരവിന്ദ് എസ് കാശ്യപിന്‍റെ ഛായാഗ്രഹണവും അജനീഷ് ലോകനാഥിന്‍റെ സംഗീതവും കലാസംവിധാനവും ചിത്രത്തിന്റെ ജീവവായുവാണെന്ന് പറയാം. രസചരട് പൊട്ടാതെ കഥപറച്ചിലിനെ മുന്നോട്ട് നയിക്കുന്നത് ഈ ഘടകങ്ങളാണ്. വരാഹ രൂപം എന്ന ഗാനത്തിന് തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസ’ത്തിനോട് വളരെ അടുത്ത സാമ്യം തോന്നി. സംവിധായകന്റെ ക്രാഫ്റ്റ് മാത്രമല്ല, കലാബോധവും സിനിമയെ സ്വാധീനിച്ചിട്ടുണ്ട്. ക്ലൈമാക്സിൽ ഋഷബ് ഷെട്ടിയുടെ പരകായപ്രവേശത്തിനാണ് നാം സാക്ഷിയാവുന്നത്. ചില സീനുകളിൽ അനുഭവപ്പെടുന്ന വിരസത പെട്ടെന്നു പരിഹരിച്ചാണ് കഥയുടെ പോക്ക്. ആർട്ടും ക്രാഫ്റ്റും ചേർന്ന് വരുന്ന മാജിക്‌ ആണ് കാന്താര.

🔥Bottom Line – പ്രാദേശികതയിലൂന്നിയുള്ള കഥപറച്ചിലിൽ ഉൾച്ചേർന്നിരിക്കുന്ന ഘടകങ്ങൾ പ്രേക്ഷകനിൽ ആവേശം നിറയ്ക്കുന്നു. കാലിക പ്രസക്തിയുള്ള വിഷയത്തോടൊപ്പം ടെക്നിക്കൽ പെർഫെക്ഷൻ കൂടി ചേരുന്നതോടെ കാന്താര, ബിഗ് സ്‌ക്രീനിൽ കാണേണ്ട കാഴ്ചയാവുന്നു.

 

യുഎഇയിലെ ഫുജൈറയിലുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ രാമന്തളി സ്വദേശി എം.എന്‍.പി. ജലീല്‍ (43), പയ്യന്നൂര്‍ പെരളം സ്വദേശി സുബൈര്‍ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്.

ദുബായ് റോഡില്‍ മലീഹ ഹൈവേയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിനിടയാക്കിയത്. ഫുജൈറ കേന്ദ്രീകരിച്ച് ഫാന്‍സി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ജലീലും സുബൈറും. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നു.

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് പതിനയ്യായിരത്തോളം താറാവുകളെ കൊന്നു. ഇനിയും പതിനായിരത്തോളം താറാവുകളെ കൊല്ലാനുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് അടങ്ങുന്ന അപ്പര്‍ കുട്ടനാട് മേഖലയിലാണ് താറാവുകളെ കൂട്ടത്തോടെ കൊന്ന് കത്തിച്ചത്.

പക്ഷിപ്പനി പകരുന്നത് പഠിക്കാനായി വിദഗ്ധ സംഘം ഉടന്‍ ആലപ്പുഴയിലെത്തും . ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബര്‍കുലോസിസ് ആന്‍ഡ് റെസ്പിറേറ്ററി ഡിസീസസ്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങുന്നതാണ് സംഘം. ബാംഗ്‌ളൂരിലെ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ റീജിയണല്‍ ഓഫീസിലെ സീനിയര്‍ ആര്‍ഡി ഡോ. രാജേഷ് കെദാമണിയാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞവര്‍ഷവും ഇതേ സമയത്ത് ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥീരീകരിച്ചിരുന്നു. ക്രിസ്തുമസ് കാലമടുത്തതോടെ താറാവുകളെ കൂട്ടത്തോടെ കൊല്ലേണ്ട സ്ഥിതിവിശേഷമുണ്ടായത് കര്‍ഷകരെ ആശങ്കയിലാഴ്തിയുട്ടുണ്ട്.

റോഡില്‍ പരുക്കേറ്റ് കിടന്നയാളെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം ചാക്കയില്‍ വെച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് അതുവഴിയെത്തിയ മന്ത്രി അടിയന്തിര സഹായം ലഭ്യമാക്കിയത്.

വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.ദേശീയപാതയില്‍ ചാക്കയില്‍ അജ്ഞാത വാഹനം തട്ടി റോഡില്‍ കിടന്ന മധ്യവയസ്‌കനാണ് മന്ത്രി രക്ഷകനായത്. അപകടം കണ്ട് മന്ത്രിയുടെ വാഹന വ്യൂഹം നിര്‍ത്തി.

ആക്കുളം ടൂറിസ്റ്റ് വില്ലേജ് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് മന്ത്രി ഈ കാഴ്ച കണ്ടത്. സാരമായ പരുക്കേറ്റ് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന അവസ്ഥയിലായിരുന്നു മധ്യവയസ്‌കന്‍. ഉടന്‍ വാഹനം നിര്‍ത്തി ഒപ്പം ഉണ്ടായിരുന്ന പോലീസ് കാറില്‍ പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിക്ക് എസ്‌കോര്‍ട്ട് വന്ന വാഹനത്തിലാണ് പരിക്കേറ്റയാളെ കൊണ്ടുപോയത്.

ഇയാളെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. മന്ത്രിയുടെ രക്ഷാ പ്രവര്‍ത്തന വീഡിയോയില്‍ ‘നീല ബലേനോ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയി’ എന്ന് പറയുന്നത് കേള്‍ക്കാം. പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തിടുക്കത്തില്‍ മന്ത്രി സ്റ്റാഫിനോട് ദേഷ്യപ്പെടുകയും ചെയ്തു.

‘വണ്ടി വേഗം എടുക്കാന്‍ പറ, അയാളെന്താ കളിക്കുന്നേ. വണ്ടി റിവേഴ്സെടുക്കാന്‍ പറ.’ പരുക്കേറ്റ ആളുടെ സമീപത്ത് ചെന്ന് ആശ്വസിപ്പിക്കാനും മന്ത്രി ശ്രമിച്ചു, ‘ഒന്നും പേടിക്കേണ്ട. സെയ്ഫാണ്. കണ്ണാടിയൊന്നും നോക്കണ്ടാ,’ മന്ത്രി റിയാസ് പറഞ്ഞു. പരുക്കേറ്റയാളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.

തന്റെ പേരില്‍ വരുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് നടി ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ തന്റെത് എന്ന പേരില്‍ കറങ്ങി നടക്കുന്ന പ്രസ്താവന കണ്ടപ്പോള്‍ ഷോക്ക് ആയിപ്പോയി എന്നാണ് ഹണി റോസ് പറയുന്നത്. ലാല്‍ സാറിന് ഇതുകൊണ്ട് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാകും എന്നാണ് താന്‍ ചിന്തിച്ചിരുന്നത് എന്നാണ് ഹണി പറയുന്നത്.

”ലാല്‍ സാര്‍ എന്റെ ജീവിതത്തില്‍ പല ഘട്ടങ്ങളിലും ഒരു കൈതാങ്ങ് ആയിരുന്നു” എന്ന് താന്‍ പറഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടു. ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ ആരൊക്കെയോ തനിക്ക് ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അയയ്ക്കുകയാണ്. ഇത് കണ്ട് ഷോക്കില്‍ ആയിപ്പോയി.

ഇങ്ങനെ ഒരു സ്റ്റേറ്റ്‌മെന്റ് താന്‍ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു സാഹചര്യവും തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഇതൊക്കെ ആര് ഉണ്ടാക്കി വിടുന്നു എന്നറിയില്ല. ഒരുപാടു കഷ്ടപ്പെട്ടും പ്രയത്‌നിച്ചുമാണ് ഇവിടെ വരെ എത്തി സ്വന്തം കാലില്‍ നില്‍ക്കുന്നത്.

അതുപോലെ തന്നെ താന്‍ ഏറെ ബഹുമാനിക്കുന്ന ലാല്‍ സാറിനെ പോലെ ഒരാളിന് ഈ പ്രസ്താവന കൊണ്ട് എന്തുമാത്രം ബുദ്ധിമുട്ട് ഉണ്ടാകും എന്ന ചിന്തയും തന്നെ വിഷമിപ്പിച്ചു. ഈ കുട്ടി എന്താണ് പറയുന്നതെന്ന്, ഈ വാര്‍ത്ത കാണുമ്പോള്‍ അദ്ദേഹം കരുതില്ലേ. ഇതിനെതിരെ പരാതി കൊടുക്കാം എന്നാണ് ആദ്യം കരുതിയത്.

പിന്നെ ലാല്‍ സര്‍ കൂടി ഉള്‍പ്പെടുന്ന കാര്യമായത് കൊണ്ട് ആ ചിന്ത ഉപേക്ഷിച്ചു. അദ്ദേഹത്തിന് ഒരു മെസ്സേജ് അയച്ചു, ”സര്‍ ഇങ്ങനെ ഒരു വാര്‍ത്ത വരുന്നുണ്ട്. പക്ഷേ ഞാന്‍ അങ്ങനെ പറഞ്ഞിട്ടേ ഇല്ല, ഞാന്‍ അറിഞ്ഞിട്ടുകൂടി ഇല്ല” എന്ന്. ‘അത് വിട്ടേക്കൂ കുട്ടി, ഇതൊക്കെ പാര്‍ട്ട് ഓഫ് ദ് ഗെയിം ആണ്, ഇതൊന്നും ശ്രദ്ധിക്കാന്‍ പോകേണ്ട” എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതുപോലെ എത്ര വാര്‍ത്തകള്‍ കണ്ടു മടുത്ത വ്യക്തിയായിരിക്കും അദ്ദേഹം. എന്നെ ഒരുപാടു വിഷമിപ്പിച്ച ഒരു കാര്യമാണ് അത്. സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ പോലും അതിനടിയില്‍ വന്നു ഈ കമന്റ് ഇടുന്ന ആളുകളുണ്ട് എന്നും ഹണി റോസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചങ്ങനാശേരി കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു. കറുകച്ചാൽ പൊലീസ് സ്റ്റേഷന്‌ മുന്നിലാണ് സംഭവം. പാമ്പാടി കുറ്റിക്കൽ സ്വദേശിനിയ്ക്കാണ് കുത്തേറ്റത്. പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിറ്റിലെടുത്തു.

സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിലെത്തിയതായിരുന്നു പെൺകുട്ടി. ഇതിനിടയിൽ കയ്യിൽ കരുതിയ കത്തിയുമായെത്തിയ അഖിൽ പെൺകുട്ടിയെ കുത്തി. ഇടത് കൈ തണ്ടയിലാണ് കുത്തേറ്റത്. തുടർന്ന് പെൺകുട്ടി പ്രാണരക്ഷാർത്ഥം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഓടി കയറിയാണ് ജീവൻ രക്ഷിച്ചത്.

തുടർന്ന് പൊലീസ് തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കണ്ണൂര്‍ പാനൂരില്‍ കാമുകന്‍ കൊല്ലപ്പെടുത്തിയ വിഷ്ണുപ്രിയയുടെ അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. കുസാറ്റ് പോളിമര്‍ ആന്റ് റബ്ബര്‍ ടെക്‌നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ പോസ്റ്റാണ് വിവാദത്തിലായത്.

‘അവള്‍ തേച്ചു അവന്‍ ഒട്ടിച്ചു’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. അധ്യാപകന്റേത് ലജ്ജാവഹമായ സമീപനമെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അധ്യാപകന്‍ മാപ്പ് പറയണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

ഇതിനിടെ വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാം ജിത്തിനെ നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായിട്ടാണ് പോലീസിന്റെ ഈ ആവശ്യം. പ്രതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ആയുധങ്ങള്‍ ഉള്‍പ്പെടെ എല്ലാം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ച് പ്രതിയുടെ തെളിവെടുപ്പ് നടത്തും.

അതിനായിട്ടാണ് പോലീസ് കസ്റ്റഡി അപേക്ഷ കൊടുത്തിട്ടുള്ളത്. ഇന്ന് അപേക്ഷ പരിഗണിക്കും.ഇവര്‍ തമ്മില്‍ എത്ര വര്‍ഷത്തെ പരിചയമുണ്ടായിരുന്നു, എപ്പോള്‍ മുതലാണ് ശ്യാംജിത്തിന്റെ മനസ്സില്‍ പക തോന്നിത്തുടങ്ങിയത്, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്തും. ഒപ്പം മറ്റ് ശാസ്ത്രീയ തെളിവുകളെല്ലാം ശേഖരിക്കും. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ സാക്ഷിയാക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. അയാളെ ഇവിടെക്ക് എത്തിക്കാനുള്ള നടപടികളെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്.

അയല്‍വാസികളെയും സാക്ഷിയാക്കാനാണ് ആലോചന. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. മാതൃകപരമായ ശിക്ഷ വാങ്ങിക്കൊടുക്കുന്ന രീതിയിലേക്ക് എത്താനാണ് പോലീസ് നീക്കം.

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ വേര്‍പാടില്‍ വിവിധ നേതാക്കള്‍ അനുശോചിച്ചു. ഊര്‍ജസ്വലനായ നേതാവിനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നഷ്ടമായത് ഭാവി വാഗ്ദാനത്തെയാണെന്ന് എ കെ ആന്റണി പ്രതികരിച്ചു.

നിസ്വാര്‍ഥമായ പ്രവര്‍ത്തന ശൈലിയായിരുന്നു സതീശന്‍ പാച്ചേനിയുടെതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അനുസ്മരിച്ചു. ഏറെ അടുപ്പമുണ്ടായിരുന്ന നേതാവെന്ന് പി ജയരാജന്‍. പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ള നേതാവായിരുന്നു പാച്ചേനിയെന്ന് വി ടി ബല്‍റാം പറഞ്ഞു.

മസ്തിഷ്‌കാഘാതം സംഭവിച്ച് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍ കുഴഞ്ഞുവീണ സതീശന്‍ പാച്ചേനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

കെഎസ്‌യുവിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്. സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പാച്ചേനി 1999 ല്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷനായിരുന്നു. പിന്നീട് കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

എന്നാല്‍ സതീശന്‍ പാച്ചേനിക്ക് പക്ഷേ തിരഞ്ഞെടുപ്പുകളിലെ വിജയം അന്യമായിരുന്നു. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുള്ള അദ്ദേഹം നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് മാറി കുത്തിവച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.

സിന്ധുവിനെ കഴിഞ്ഞ ദിവസം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പനിയായി പ്രവേശിപ്പിക്കുകയായിരുന്നു. പനിക്ക് അവിടുന്ന് പ്രാഥമികമായി ചികിത്സ നല്‍കിയപ്പോള്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകണം എന്ന് പറഞ്ഞു. മെഡിക്കല്‍ കോളജില്‍ എത്തി ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. ഡെങ്കി ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

അതിനുശേഷം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു കുത്തിവയ്പ്പ് എടുത്തു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആ കുത്തിവയ്പ്പ് എടുത്ത ശേഷം സിന്ധുവിന് പൂര്‍ണ്ണമായും ആരോഗ്യം നഷ്ടപ്പെടുന്ന രീതിയില്‍ ശരീരം തളര്‍ന്നു പോകുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ മരണപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

തിരുവനന്തപുരം കാട്ടായിക്കോണത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാൾ സ്വദേശി മുപ്പതുകാരന്‍ ഗോവിന്ദ് ആണ് കൊല്ലപ്പെട്ടത്. കൊലപാതമെന്ന നിഗമനത്തില്‍ കൂടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

മങ്ങാട്ടുകോണത്ത് മഠത്തിൽമേലയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാഴി സംഘത്തിലെ ഒരാളാണ് മരിച്ച ഗോവിന്ദ്. ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പതിനൊന്ന് പേര്‍ താമസികുന്ന വീട്ടില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു.

ഇതില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. ഗോവിന്ദാണ് മൊബൈൽ മോഷ്ടിച്ചതെന്നാരോപിച്ച് മറ്റുള്ളവർ ഗോവിന്ദിനെ മർദ്ദിച്ചതിന് ശേഷം കെട്ടിതൂക്കിയിയെന്നാണ് പൊലീസ് സംശയിക്കുന്നത് . രാവിലെ തൂങ്ങിയ നിലയിൽ കണ്ട ഗോവിന്ദിനെ തുണി മുറിച്ചിട്ടെങ്കിലും മരിച്ചെന്നാണ് കസ്റ്റഡിയിലുള്ളവർ പറയുന്നത്.

എന്നാല്‍ കൊലപാതകത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ചവരെ തടഞ്ഞ് പോത്തൻകോട് പോലീസിനു നാട്ടുകാര്‍ കൈമാറുകയായിരുന്നു.പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവു എന്നാണ് പോലീസ് പറഞ്ഞു . ജില്ലാ പോലീസ് മേധാവിയും നെടുമങ്ങാട് Dysp യും സ്ഥലത്തെത്തി.

RECENT POSTS
Copyright © . All rights reserved