India

ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ഷാര്‍ജയില്‍ പ്രവാസി ജീവനൊടുക്കി. അല്‍ ബുഹൈറയിലാണ് സംഭവം. നാലു വയസ്സുള്ള ആണ്‍കുട്ടി, എട്ടു വയസ്സുള്ള പെണ്‍കുട്ടി എന്നിവരെയും ഭാര്യയെയും കൊലപ്പെടുത്തിയതിന് ശേഷം ഇന്ത്യക്കാരനായ യുവാവ് കെട്ടിടത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നു.

മരണങ്ങള്‍ ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, യുവാവ് എന്തിനാണ് ഈ കൃത്യം ചെയ്തതെന്ന കാര്യം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് 5.30ന് ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് പൊലീസും മെഡിക്കല്‍ സംഘവും സംഭവ സ്ഥലത്ത് എത്തുകയായിരുന്നു.

ആത്മഹത്യ ചെയ്ത യുവാവിന്റെ പക്കല്‍ നിന്നും പൊലീസ് ഒരു കുറിപ്പ് കണ്ടെടുത്തു. തന്റെ ഭാര്യയെയും രണ്ടു മക്കളെയും താന്‍ കൊലപ്പെടുത്തിയെന്നും അവരുടെ മൃതദേഹം മുകളില്‍ നിന്നും താഴെ എത്തിക്കണമെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയപ്പോള്‍ മൃതദേഹങ്ങള്‍ ലഭിച്ചു.

എല്ലാവരുടെയും മൃതദേഹം ആശുപത്രിയിലേക്കും ഫൊറന്‍സിക് പരിശോധനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി മാറ്റുകയും ചെയ്തു. ആറു മാസം മുന്‍പാണ് കുടുംബം ഇവിടെ താമസമാക്കിയതെന്നു അയല്‍ക്കാര്‍ പറഞ്ഞു.

മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തതായി പരാതി. പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മവതിയാണ് മരിച്ചത്.

പത്മവതിയുടെ മകൻ അരുണാണ് 18000 രൂപയുടെ ഫോൺ വാങ്ങിയത്. പത്മവതിയുടെ ആധാർ കാർഡും മറ്റ് രേഖകളും വെച്ചാണ് ഫോൺ വായ്പ്പക്ക് എടുത്തത്.ഒരു തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് കമ്പനിയിലെ വനിത ജീവനക്കാരി വീട്ടിലെത്തി ഭീഷണിപെടുത്തിയതായി പത്മവതിയുടെ കുടുംബം പറയുന്നു.

2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഫിനാൻസ് ജീവനക്കാർ ഭീഷണിപെടുത്തിയതിനെ തുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പൊലീസിൽ പരാതി നൽകി. ഇരുപതാം തിയ്യതിയാണ് അവസാനമായി ജീവനക്കാരി എത്തി ഭീഷണിപെടുത്തിയത്. ഫിനാൻസ് കമ്പനി ജീവനക്കാരി ഭീഷണിയുമായി വീട്ടിൽ തുടർന്നതോടെ പത്മവതി ശുചിമുറിയിൽ പോയി തൂങ്ങി . നാല് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് പത്മവതി മരിച്ചത്.

‘ കണ്ണിന് അസുഖമായതിനാല്‍ ഈ മാസം എനിക്ക് പണിക്കൊന്നും പോകാന്‍ പറ്റിയില്ല. ഒരു ബിസിനസ് ആരംഭിച്ചെങ്കിലും അതും തകര്‍ന്നു. ഇക്കാര്യം ഞാന്‍ മാനേജരെ വിളിച്ചു പറഞ്ഞു. അടുത്തമാസം അടയ്ക്കാമെന്നും പറഞ്ഞു നോക്കി. എന്നാലെന്റെ വാക്ക് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല” – അരുണ്‍ പറയുന്നു.

വീട്ടിലെത്തിയ ബാങ്ക് ഏജന്റ് തന്നോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും പത്മാവതിയോട് മാത്രമെ സംസാരിക്കൂവെന്നും പറഞ്ഞതായി അരുണ്‍ പറയുന്നു. പണം ലഭിക്കാതെ തിരികെ പോകില്ലെന്ന് പറഞ്ഞ് വളരെമോശമായി പെരുമാറിയെന്നും അരുണ്‍ ആരോപിച്ചു.

” എന്റെ അമ്മ ഒരു സാധുവാണ്. നല്ല പേടിയുള്ള കൂട്ടത്തിലാണ് അവര്‍. വീടും ഞങ്ങളും മാത്രമുള്ള ലോകമാണ് അവര്‍ക്കുള്ളത്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ തന്നെ അമ്മയ്ക്ക് പേടിയാകും . ആ അമ്മയോടാണ് അവര്‍ കയര്‍ത്തത്. അവരോട് പല തവണ പറഞ്ഞു ഫോണെടുത്തത് ഞാനാണ്, എന്നോട് സംസാരിക്കാമെന്ന് . പക്ഷേ കേട്ടില്ല . എന്റെ ഓഫീസില്‍ നിന്ന് ഫോണ്‍ വാങ്ങിയത് പത്മാവതിയാണ്, എനിക്ക് സംസാരിക്കാനുള്ളത് പത്മാവതിയോടാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പത്മാവതിയെ വിളിക്ക് എന്ന് ആവര്‍ത്തിച്ചതോടെ ഞാന്‍ അമ്മയെ വിളിച്ചു. എന്നാല്‍ വിളി കേള്‍ക്കാന്‍ അമ്മയില്ലായിരുന്നു.

പത്മാവതി വീട്ടിലെ ശുചി മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു. പല തവണ വിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടര്‍ന്നാണ് മകന്‍ ശുചി മുറിയുടെ വാതില്‍ ചവിട്ടി തുറന്നത്. പ്ലാസ്റ്റിക് കയറില്‍ തൂങ്ങി നില്‍ക്കുന്ന അമ്മയെയാണ് കണ്ടത്. അപ്പോഴും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. അമ്മയെ തോളിലെടുത്ത് വീടിന് മുന്നിലെത്തിച്ചപ്പോഴും ഫിനാന്‍സ് സ്ഥാപനത്തിന്റെ ഏജന്റുമാരായ സ്ത്രീകള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ”അമ്മയുടെ അഭിനയമൊന്നും നടക്കില്ലെന്നാണ് ഇതുകണ്ട് അവര്‍ എന്നോട് പറഞ്ഞത്” – അരുണ്‍ വിഷമത്തോടെ പറയുന്നു.

2014 രൂപയ്ക്ക് ഞാനെന്റെ അമ്മയെ കളഞ്ഞെന്നായിരിക്കും പറയുക . ലോണെടുക്കുമ്പോള്‍ ഇങ്ങനെയൊക്കെ ആകുമെന്ന് ഞാന്‍ കരുതിയിട്ടു പോലുമില്ല.” – അരുണ്‍ പറയുന്നു.

 

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേഷ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം.

വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘തോറ്റു പോയി, എല്ലാ അര്‍ഥത്തിലും’ എന്ന് ചുവരില്‍ എഴുതിവെച്ചിട്ടുണ്ട്. മഷിയില്‍ കൈ മുക്കി ചുവരില്‍ പതിച്ചതായും കണ്ടെത്തി. ചൊവ്വാഴ്ച രാത്രി പത്ത് മണിവരെ സമീപത്തെ ഇന്‌ഡോര്‍ സ്‌റ്റേഡിയത്തില്‍ സഹഡോക്ടര്‍മാരോടൊപ്പം ഇദ്ദേഹം ഫുട്‌ബോള്‍ കളിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

തിരുവനന്തപുരം കൈമനം സ്വദേശിയാണ് ഗണേഷ് കുമാര്‍. രാവിലെ പ്രഭാത ഭക്ഷണവുമായി വീട്ടിലെത്തിയ സുഹൃത്ത് വിളിച്ചപ്പോള്‍ ഡോക്ടര്‍ വാതില്‍ തുറന്നിരുന്നില്ല. ശേഷം വീട്ടുടമയും സുഹൃത്തും നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കായംകുളത്ത് ജീവനൊടുക്കിയ പ്രവാസി യുവാവിന്റെ അവസാന കത്തിനുള്ള വികാരനിര്‍ഭരമായ മറുപടി വൈറല്‍. നടനും സംവിധായകനുമായ എം.ബി.പദ്മകുമാറാണ് പ്രവാസിയുടെ സംസ്‌കാരച്ചടങ്ങുകളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വികാരനിര്‍ഭരമായ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ന്യൂസിലാന്‍ഡില്‍ ജോലിചെയ്തിരുന്ന കറ്റാനം സ്വദേശി ബൈജുരാജുവിനെ കഴിഞ്ഞയാഴ്ചയാണ് കായംകുളത്തെ ലോഡ്ജില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. ഇതിന് മുന്‍പ് താന്‍ ജീവനൊടുക്കാനുള്ള കാരണം വ്യക്തമാക്കി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. ഒട്ടേറെപേര്‍ക്ക് ഇ-മെയിലിലൂടെ ആത്മഹത്യാക്കുറിപ്പ് അയക്കുകയും ചെയ്തു.

ഭാര്യയും ഭാര്യവീട്ടുകാരും ചതിച്ചെന്നും മകളെ തന്നില്‍നിന്ന് അകറ്റിയെന്നുമായിരുന്നു ബൈജുരാജു വീഡിയോയില്‍ ആരോപിച്ചിരുന്നത്. ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രവാസിയെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബൈജുവിന്റെ അവസാന ഇ-മെയില്‍ സന്ദേശം ലഭിച്ച വ്യക്തികളില്‍ ഒരാളായിരുന്നു നടനും സംവിധായകനുമായ പദ്മകുമാര്‍. എന്നാല്‍ ഇ-മെയില്‍ കണ്ട് ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോഴേക്കും ബൈജു കടുംകൈ ചെയ്തിരുന്നുവെന്നാണ് പദ്മകുമാര്‍ പറയുന്നത്.

” അദ്ദേഹത്തെ എനിക്കറിയില്ല, അദ്ദേഹം ഫെയ്‌സ്ബുക്കില്‍ എന്റെ ഫോളോവറാണെന്ന് തോന്നുന്നു. അദ്ദേഹം നാട്ടിലെത്തിയിട്ട് ആറുദിവസമായിരുന്നു. നാട്ടിലെത്തി കായംകുളത്ത് ഒരു ലോഡ്ജില്‍ മുറിയെടുത്ത് ആറുദിവസമായി മകളെ കാണാന്‍ ശ്രമിക്കുകയായിരുന്നു. അങ്ങനെ അവസാനത്തെ ശ്രമമായിരുന്നു. കുട്ടിയെക്കുറിച്ച് വളരെ ടെന്‍ഷനിലായിരുന്നു. അവസാനനിമിഷം വരെയും എന്തൊക്കെയോ ചെയ്യാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ അവസാന ഇ-മെയില്‍ സന്ദേശം വന്ന ഒരാള്‍ താനായിരുന്നു. ബാങ്കിലെ ലോക്കറിന്റെ വിവരങ്ങള്‍ അടക്കം ആ മെയിലിലുണ്ടായിരുന്നു. രാവിലെ വന്ന ഇ-മെയില്‍ ഉച്ചയ്ക്ക് മെയില്‍ പരിശോധിച്ചപ്പോളാണ് കണ്ടത്. അങ്ങനെയൊരു തീരുമാനം എടുക്കരുതെന്ന് മെയിലിന് മറുപടി നല്‍കി. പിന്നീട് അതിലുണ്ടായിരുന്ന നമ്പറിലേക്ക് വിളിച്ചു. അങ്ങേത്തലയ്ക്കല്‍ അച്ഛനായിരുന്നു. അപ്പോഴേക്കും ബൈജു ആത്മഹത്യ ചെയ്തിരുന്നു എന്നായിരുന്നു മറുപടി.

ബൈജുവിന് പറയാനുള്ളത് എന്റെ പ്ലാറ്റ്‌ഫോമിലൂടെ പറയാന്‍ശ്രമിച്ചതാണ് വീഡിയോ. അവിടെച്ചെന്ന് ഞാന്‍ കണ്ടത്. അച്ഛന് മകളെ കാണാനുള്ള അവകാശത്തെ ചോദ്യംചെയ്തപ്പോള്‍ എനിക്കത് വേദനിച്ചു. സംസ്‌കാരത്തിന്റെ അവസാനം വരെ ഞാന്‍ അവിടെയുണ്ടായിരുന്നു. അവിടെകണ്ടത് ഞാന്‍ പകര്‍ത്തി. അവിടെ കണ്ടതും മെന്‍സ് റൈറ്റ്‌സ് ഫൗണ്ടേഷന്റെ ഇടപെടലും അവരുടെ ടെന്‍ഷനും അങ്ങനെ എല്ലാം. ഒരു കാഴ്ചക്കാരനായിട്ട് മാത്രമേ ഞാന്‍ ഉണ്ടായിരുന്നുള്ളൂ. അവസാനം ഞങ്ങളെ പുറത്താക്കിയതിന്റെ പൊരുള്‍ എനിക്ക് മനസിലായില്ല. അത് എന്തിനാണെന്ന് മാത്രം മനസിലായില്ല”- പദ്മകുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

പദ്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ഏഴായിരത്തിലേറെപേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. 40,000-ലേറെ റിയാക്ഷന്‍സും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

പദ്മകുമാര്‍ തയ്യാറാക്കിയ വീഡിയോയിലെ വാക്കുകളിലൂടെ:-

”പ്രിയപ്പെട്ട ബൈജു, അവസാനമായി കഴുത്തില്‍ കുരുക്ക് മുറുകുന്നതിന് മുന്‍പായി ലോകത്തോട് ചിലത് വിളിച്ചുപറയാന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തികളില്‍ ഞാനുമുണ്ടായിരുന്നല്ലോ. ഒരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങളെ എനിക്ക് കാണണമെന്ന് തോന്നിയത് കൊണ്ടാണ് ഇന്ന് ഞാന്‍ നിങ്ങളുടെ ശവസംസ്‌കാരചടങ്ങിനെത്തിയത്. വലിയ ആള്‍ക്കൂട്ടമൊന്നും വീട്ടുമുറ്റത്തില്ലായിരുന്നു. ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ വീട്ടുകാരുടെയും പീഡനത്താല്‍ ആത്മഹത്യചെയ്ത ഒരുസ്ത്രീയുടെ വീടായിരുന്നെങ്കില്‍ ഇന്നവിടെ ജനസമുദ്രമായേനെ. മരണമൂകത തളംകെട്ടി കിടക്കുന്ന ആ വീടിന്റെ പരിസരത്ത് എല്ലാവരും ആരെയോ കാത്തിരിക്കുന്നതായി തോന്നി. മരണത്തെ വിളിച്ച് അടുത്തിരുത്തിയപ്പോഴും ഏഴുവര്‍ഷം ജീവനെപോലെ സ്‌നേഹിച്ച മകളെ ഒരുനോക്ക് കാണാന്‍ നിങ്ങള്‍ ഒരുപാട് ശ്രമിച്ചെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അന്ന് കുരുക്ക് മുറുകി പിടഞ്ഞുതീര്‍ന്നപ്പോഴും മകളെ കാണണമെന്ന ആഗ്രഹം മായാതെ ശരീരത്തില്‍ ഉറഞ്ഞുകിടക്കുന്നുണ്ടല്ലേ. ഉരുളുന്ന ഈ മൊബൈല്‍മോര്‍ച്ചറിയില്‍ ആ ആഗ്രഹവും പേറിയാണ് ബൈജു കിടക്കുന്നതെന്ന് എനിക്കറിയാം.

തലയ്ക്കമുകളില്‍ ഞാന്‍ കണ്ടു, മകളുമൊത്തുള്ള ആ ഫോട്ടോകള്‍. അന്വേഷിച്ചപ്പോള്‍ നിങ്ങളുടെ ഭാര്യയും ഭാര്യവീട്ടുകാരും മകളെ അവസാനമായി നിങ്ങളുടെ അടുത്തെത്തിക്കില്ലെന്ന വാശിയിലാണ് പോലും. പക്ഷേ, അവസാനം അവര്‍ നിങ്ങളുടെ മകളെ നിങ്ങളെ കാണിക്കുന്നതില്‍നിന്ന് എന്തിന് തടഞ്ഞു എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു ബൈജു. എന്നെ മാത്രമല്ല, അവിടെനിന്ന ഓരോരുത്തരെയും. അവരുടെ വാദം നിങ്ങളെ കിടത്തിയിരിക്കുന്ന ഈ സ്ഥലം സംഘര്‍ഷഭരിതമാണെന്നാണ്. സംഘര്‍ഷമുള്ള സ്ഥലത്ത് കുട്ടിയെ അയക്കില്ലെന്നാണ്. കുട്ടി പേടിക്കും പോലും. ഒരുസംഘര്‍ഷവും ഇല്ലായിരുന്നു ബൈജു. ഞാന്‍ പറഞ്ഞില്ലേ, നല്ലവരായ കുറച്ച് ആള്‍ക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ. ബൈജുവിനെപ്പോലെ എല്ലാവരും ആഗ്രഹിച്ചതും മകളെ നിങ്ങളുടെ അരികിലെത്തിച്ച് കവിളില്‍ അവസാനമുത്തം തരുവാനായിരുന്നു. പലരും കാലുപിടിച്ചു, അവര്‍ സമ്മതിച്ചില്ല. പോലീസില്‍ പരാതിപ്പെട്ടു, അവര്‍ കൈയൊഴിഞ്ഞു. മകള്‍ വരും കവിളില്‍ അന്ത്യചുംബനം തരും എന്നോര്‍ത്ത് നിങ്ങള്‍ തണുത്തുറഞ്ഞ് കിടന്നപ്പോള്‍ പുറത്തെല്ലാവരും ശ്രമിക്കുകയായിരുന്നു.

മകള്‍ വരുന്നത് വരെ നിങ്ങള്‍ക്കൊപ്പം കാത്തിരിക്കാന്‍ എല്ലാവരും തയ്യാറുമായിരുന്നു. പക്ഷേ, കൊണ്ടുവരില്ലെന്ന് അവര്‍ പലരെക്കൊണ്ടും ആവര്‍ത്തിച്ച് പറയിച്ചു. അവസാനം മകളെ കാണാതെ മടക്കിയക്കാന്‍ എല്ലാവരും നിര്‍ബന്ധിതരായി. വിറങ്ങലിച്ച നിങ്ങളുടെ ശരീരം പുറത്തെടുത്ത് വൈദികശുശ്രൂഷ ആരംഭിച്ചു. എല്ലാവരും വിങ്ങുന്ന ഹൃദയത്തോടെ നിങ്ങള്‍ക്ക് അന്ത്യചുംബനം നല്‍കി.

ഞാന്‍ നിങ്ങളുടെ മുഖത്തേക്കൊന്ന് നോക്കി, ഞാന്‍ കണ്ടു, നിങ്ങളുടെ കണ്ണിന്റെ ഓരത്തെ ആ നനവ്. എല്ലാവരും ഹൃദയംതേങ്ങി കരയുകയായിരുന്നു ബൈജു. തീരുമാനിച്ച സമയത്ത് നിങ്ങളുടെ ശരീരം മണ്ണിട്ട് മൂടാന്‍ കുഴി തയ്യാറായി കഴിഞ്ഞു പള്ളിയില്‍. മകള്‍ വരില്ല, ആരുംകൊണ്ടുംവരില്ല എന്ന് തിരിച്ചറിഞ്ഞ് ആളുകള്‍ നിസ്സഹായരായി നിങ്ങളെ എടുത്ത് ആംബുലന്‍സില്‍ കിടത്തിയത് ഓര്‍മയില്ലേ. കുട്ടിയെ വിട്ടുതരില്ലെന്ന വാശിയില്‍ അമ്മയും കൂട്ടരും. കൊണ്ടുവരാനുള്ള അവസാനശ്രമം നടത്തുന്ന ബന്ധക്കാരും സ്വന്തക്കാരും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുട്ടിയെ കൊണ്ടുവരില്ലെന്ന വാശി വിജയിക്കുന്നഘട്ടത്തിലെത്തി. പിന്നെ വാശിയായി. വാശിയല്ല, നിങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം. അവിടെ ചുവന്ന ബനിയനിട്ട കുറച്ച് ആള്‍ക്കാര്‍ ഉണ്ടായിരുന്നു. ബൈജുവിനെപ്പോലെ പെണ്ണിന്റെ വാശിയില്‍ സ്വയം കുരുക്ക് മുറുകുന്നതിന് മുന്‍പ് ജീവിതത്തിലേക്ക് തിരിച്ചുകയറി ജീവിച്ചുകാണിച്ചവരുടെ കൂട്ടായ്മ, മെന്‍സ് റൈറ്റ്‌സ് ഫൗണ്ടേഷന്‍. എല്ലാവരും കൈയൊഴിഞ്ഞിടത്ത് അവര്‍ നിലകൊണ്ടു. വിളിക്കേണ്ടവരെ വിളിച്ചു. നിയമത്തിന്റെ എല്ലാവശങ്ങളും കൊണ്ട് പോരാടി. പോരാട്ടത്തില്‍ അവര്‍ പെണ്ണിന്റെ വാശിക്ക് മുന്നില്‍ വേലികെട്ടി അടച്ചു. അവരെ സഹായിച്ച മേലധികാരികളുടെ വാദത്തിന് ശക്തമായി തടയിട്ടു. അധികാരത്തിന്റെ പിടി അയഞ്ഞുതുടങ്ങി ബൈജു. നിങ്ങളെ പുറത്തെടുത്ത് ആംബുലന്‍സില്‍ കയറ്റിയില്ലേ. അവിടെ വീണ്ടും കാത്തുനിന്നില്ലേ. അപ്പോള്‍ പൊട്ടിമുളച്ചത് പോലെ ചില ശബ്ദങ്ങള്‍ നിങ്ങളെ അസ്വസ്ഥമാക്കി പള്ളിയിലേക്ക് നിങ്ങളെ പറഞ്ഞയക്കാന്‍ തയ്യാറെടുത്തില്ലേ. അപ്പോള്‍ അതാ ഒരാള്‍ ഓടിവന്നു പറയുന്നു. പോകാന്‍ വരട്ടെ, മകള്‍ വരുന്നുണ്ടെന്ന്. ബാലാവകാശകമ്മീഷന്റെയും പോലീസ് മേലധികാരികളുടെയും ശക്തമായ ഇടപെടലില്‍ മകളെ എത്തിക്കാമെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടിവന്നു. ജയിച്ചു ബൈജു, നിങ്ങള്‍ ജയിച്ചു. നിങ്ങളുടെ അരികിലേക്ക് മകള്‍ എത്തുന്നു.

ബൈജുവിന് അവസാനം ഉറങ്ങേണ്ട ആറടി മണ്ണിനരികില്‍ മകളെ എത്തിക്കാമെന്ന ഉറപ്പില്‍ ആംബുലന്‍സ് മുന്നോട്ടുനീങ്ങി. പള്ളിയില്‍ നിങ്ങള്‍ക്കുവേണ്ട അവസാനശുശ്രൂഷ നടക്കുകയാണ്. എനിക്കറിയാം നിങ്ങള്‍ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മകളെ കാണാനായിരുന്നു തിടുക്കം. പുറത്ത് ആള്‍ക്കാരും അക്ഷമരായി കാത്തിരിക്കുകയാണ്. സമയം നീളുന്നു. അങ്ങകലെ നിങ്ങളെകാത്ത് അനന്തവിഹായസ്സും താഴെ മണ്ണും കാത്തിരിക്കുന്നു. മകള്‍ ഇനിയും എത്തിയിട്ടില്ല. എല്ലാവരുടെയും ഹൃദയമിടിപ്പ് കൂടി. ആരൊക്കെയോ എവിടെനിന്നോ ചില ആജ്ഞകള്‍ പുറപ്പെടുവിക്കുന്നു. ഒരച്ഛന്റെ അരികില്‍ മകളെ എത്തിക്കാന്‍ എന്തിനാണ് ഇത്ര ആജ്ഞകള്‍. എന്തിനാണ് ഇത്ര ഒരുക്കുങ്ങള്‍. ഓ, നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് നിങ്ങളുടെ ശബ്ദം മറ്റാരൊക്കെയോ ഏറ്റെടുത്ത് സംസാരിക്കുകയാണ്. അവസാനം ഒരു അറിയിപ്പ് വന്നു. ഞങ്ങളാരും നിങ്ങളുടെ കാണരുത്. അച്ഛന് മകള്‍ കൊടുക്കുന്ന അവസാനചുംബനം ലോകത്തെ കാണിക്കരുത്. മകള്‍ പേടിക്കുംപോലും. ക്യാമറയ്ക്ക് പിറകിലുള്ള ശരീരങ്ങള്‍ പുറത്ത്. അവര്‍ മനസിലാക്കിയില്ല, ഞങ്ങളാണ് ഇത്രയൊക്കെ എത്തിച്ചതെന്ന്. ശരി, ഞങ്ങള്‍ മകളെ കാണില്ലാ എന്നുപറഞ്ഞു. അവസാനം അവര്‍ എത്തി. നിങ്ങളുടെ ഭാര്യയുടെ ബന്ധുക്കള്‍ തീര്‍ത്ത സംരക്ഷണവലയത്തില്‍ മകളെയും കൊണ്ട്. ഞങ്ങളെ പുറത്താക്കി പള്ളി ട്രസ്റ്റിയും കാവല്‍നിന്നു. എനിക്ക് കാണണമെന്നുണ്ടായിരുന്നു ബൈജു. പക്ഷേ, കാണിച്ചില്ല. ശരിക്കും പുറത്താക്കി നിര്‍ത്തി.

ഒന്നുചോദിക്കട്ടെ, മകള്‍ നിങ്ങള്‍ക്ക് തന്ന ചുംബനം നിങ്ങള്‍ അറിഞ്ഞോ. അനുഭവിച്ചോ? മകള്‍ നിങ്ങളെ കണ്ടോ ബൈജു. എന്തായാലും പെട്ടെന്ന് തന്നെ അവര്‍ മകളെയുംകൊണ്ട് പോയത് ഞാന്‍ കണ്ടു. ഒരുപാട് പേരുറങ്ങുന്ന മണ്ണിന്റെ കോണില്‍ മനുഷ്യനടച്ച പേടകത്തില്‍ നിങ്ങള്‍ യാത്രയായി. എല്ലാവരും മടങ്ങിത്തുടങ്ങി. പള്ളിയില്‍ ചായസല്‍ക്കാരമുണ്ടായിരുന്നു. ചായ കുടിച്ച് എല്ലാവരുടെയും ദാഹവും ക്ഷീണവും തീര്‍ന്നു. എനിക്കറിയാം, മനുഷ്യര്‍ എന്തൊക്കെ നിങ്ങള്‍ക്കിനി നല്‍കിയാലും നിങ്ങളുടെ ദാഹം ഒരിക്കലും തീരില്ലെന്ന്. മടങ്ങുന്ന വഴി വീണ്ടും ബൈജുവിന്റെ വീട് ഞാനൊന്ന് നോക്കി. അവിടെ ആരും ഉണ്ടായിരുന്നില്ല. അവിടെ കെട്ടിയിരുന്ന ദുഃഖത്തിന്റെ അടയാളം കാറ്റിലിളകുന്നുണ്ട്. എപ്പോളോ നിങ്ങള്‍ ചിരിച്ചപ്പോള്‍ എടുത്ത ആ മുഖംപേറിയ പോസ്റ്റര്‍ ചലനമില്ലാതെ അവിടെയുണ്ട്. പക്ഷേ, അപ്പുറത്തെ വാഴകള്‍ കാറ്റില്‍ ഉലയുന്നുണ്ടായിരുന്നു. മഴ പൊടിയുന്നുണ്ടായിരുന്നു. മഴയായി, കാറ്റായി, വെയിലായി, മഞ്ഞായി ഇവിടെ ഉണ്ടാകുമോ ബൈജു നിങ്ങള്‍. കാത്തിരിക്കാം. ഞങ്ങള്‍ മടങ്ങുകയാണ് ബൈജു. ഗുഡ് ബൈ”

 

അദ്ധ്യാപികയായ ഭാര്യ അനുമോളെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിൽ പ്രതി വിജേഷ് കുടുങ്ങിയതോടെ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. പ്രതിയുടെ അമിത ആത്മവിശ്വാസം മൂലമാണ് ഒടുവിൽ വിജേഷ് പൊലീസിൻ്റെ പിടിയിൽ ചെന്ന് വീണതും. കൊലപാതകം നടത്തിയ ശേഷം മൂന്ന് ദിവസം വിജേഷ് നാട്ടിലുണ്ടായിരുന്നു. ഇക്കാലയളവിൽ ആരും അയാളെ സംശയിച്ചില്ല. അനുമോളെ കുറിച്ച് അന്വേഷണമുണ്ടായെങ്കിലും മൃതദേഹം കണ്ടെത്താതെ വന്നതോടെ സംഭവം പുറത്ത് വരില്ലെന്ന വിശ്വാസത്തിലായിരുന്നു വിജേഷ്. ഭാര്യ അനുമോൾ നാടു വിട്ടെന്നാണ് വിജേഷ് പുറത്ത് പറഞ്ഞിരുന്നത്. താൻ പറഞ്ഞ കളവ് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുമെന്നും ഇയാൾ കരുതി.

അതേസമയം മൃതദേഹത്തിൽ നിന്നും ദുർഗന്ധം പുറത്ത് വരാതിരിക്കാനുള്ള വിദ്യകളും വിജേഷ് മുറിക്കുള്ളിൽ ചെയ്തിരുന്നു. മുറിയിൽ സാമ്പ്രാണിത്തിരി കത്തിച്ച് വച്ച് ഫാൻ ഇട്ടിരിക്കുകയായിരുന്നു. അഞ്ചുമിനിട്ട് കൊണ്ട് കത്തിത്തീരുന്ന സാമ്പ്രാണി തിരിയാണ് ദുർഗന്ധം പുറത്തറിയാതിരിക്കാൻ വിജേഷ് ഉപയോഗിച്ചതെന്നുള്ളത് പൊലീസുകാരെയും അമ്പരപ്പിച്ചു. മാത്രമല്ല താൻ കുറച്ച് ദിവസം മാറി നിന്നാൽ എല്ലാം കെട്ടടങ്ങുമെന്നായിരുന്നു ഇയാളുടെ വിശ്വാസം. ഈ പദ്ധതിയും മനസ്സിലിട്ട് ചൊവ്വാഴ്ച്ച തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി ശനിയാഴ്ച്ച വരെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു. വിജേഷിൻ്റെ കൈയിൽ മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാലും വാർത്തകൾ കാണാതിരുന്നതിനാലും അനുമോളുടെ മൃതദേഹം കണ്ടെത്തിയതും തന്നെ പൊലീസ് അന്വേഷിക്കുന്നതുമായ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല.

വളരെ വിചിത്രമായ പദ്ധതികൾ ആയിരുന്നു വിജേഷിൻ്റെ മനസ്സിലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന് ഒരാഴ്ച്ച കഴിഞ്ഞതിനാൽ മൃതദേഹം അഴുകി ദ്രവിച്ചിട്ടുണ്ടാകുമെന്നാണ് ഇയാൾ കരുതിയിരുന്നത്. തിരികെ വീട്ടിലെത്തി കട്ടിലിനടിയിൽ ബാക്കി വന്ന അസ്ഥികൾ പെറുക്കിയെടുത്ത് ഉപേക്ഷിക്കുന്നതോടെ താൻ സ്വതന്ത്രനാകുമെന്നും കണക്കുകൂട്ടി. അസ്ഥികൾ പെറുക്കി ഉപേക്ഷിക്കാനാണ് ഞായറാഴ്ച്ച പുലർച്ചെ നാട്ടിലേക്ക് തിരിച്ചത്. എന്നാൽ കുമളിയിലെത്തിയ ഇയാൾ സിസി ടിവി ക്യാമറയിൽ പതിയുകയായിരുന്നു. ഇതിനെ തുടർന്നാണ് കുമളി പൊലീസ് വിജേഷിനെ പിടികൂടുന്നത്.

തന്നെ പൊലീസ് അന്വേഷിക്കുന്നത് അറിയാത്തതിനാൽ കുമളിയിലെ തമിഴ്‌നാട് ബസ് സ്റ്റാൻഡിൽ നിന്നും നടന്നാണ് ഇയാൾ കേരളത്തിലേക്ക് വന്നത്. തുടർന്ന് റോസാപൂക്കണ്ടം ഭാഗത്ത് പോയി. അവിടെ ചെന്ന് വേഷം മാറി ടൗണിലേക്ക് ഇറങ്ങിയപ്പോഴാണ് പൊലീസ് വിജേഷിനെ പിടികൂടുന്നത്. ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയ രീതിയും കൊല നടത്താനുപയോഗിച്ച ഷാൾ അടക്കമുള്ള സാധനങ്ങൾ കത്തിച്ചു കളഞ്ഞ സ്ഥലവും അവശിഷ്ടങ്ങളും വിജേഷ് പൊലീസിന് കാണിച്ചു കൊടുത്തു. ഷാൾ അടക്കമുള്ള സാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ കൊലപാതകത്തിനു ശേഷം താൻ അത്മഹത്യക്ക് ശ്രമിച്ചെന്നും വിജേഷ് പൊലീസിനോട് പറഞ്ഞു.

അതിജീവിത ആക്രമിക്കപ്പെട്ടപ്പോള്‍ നിശ്ശബ്ദനായിരുന്ന ഇന്നസെന്റിന് മാപ്പില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. അതിലുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു. കാന്‍സറിനെ രണ്ടു തവണ തോല്‍പ്പിച്ച ചിരിയാണ് തങ്ങളെ കൂട്ടിയിണക്കിയതെന്നും കാന്‍സര്‍ ബാധിതനായ സമയത്ത് ഇന്നസെന്റിനെ വിളിച്ചു സംസാരിച്ചിരുന്നെന്നും അങ്ങനെയാണ് ബന്ധം സുദൃഢമാകുന്നതെന്നും ദീദി പങ്കുവെച്ചു.

സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ ഇന്നസെന്റിനെ പോലൊരാള്‍ ഉണ്ടായിട്ടും അവള്‍ക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ലെന്നും അത് പ്രതിഷേധാര്‍ഹമായിരുന്നുവെന്നും ദീദി ദാമോദരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

പണ്ടു തൊട്ടേ മിക്ക മലയാളികളെയും പോലെ എൻ്റെയും ഇഷ്ട നടനായിരുന്നു ഇന്നസെൻ്റ് .
സിനിമ ശ്രദ്ധിക്കാൻ തുടങ്ങിയ കാലത്ത് ” ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ” നിർമ്മിച്ച ആൾ എന്ന ആദരവും തോന്നി.
എന്റെ വിവാഹത്തിന് വീട്ടിൽ വന്ന് ആശിർവദിക്കാനെത്തിയ അച്ഛന്റെ സുഹൃത്തുക്കളിൽ അദ്ദേഹവും ഉണ്ടായിരുന്നു .
പിന്നെ അമ്മ പോയപ്പോൾ റീത്തുമായി ആദരവർപ്പിക്കാനെത്തി അച്ഛനെ ആശ്വസിപ്പിക്കാൻ ഒപ്പമിരുന്നിരുന്നു .
അമ്മക്ക് പിറകെ അച്ഛനും പോയപ്പോൾ ഞങ്ങളെ ആശ്വസിപ്പിക്കാനും അദ്ദേഹം വീട്ടിലെത്തി .
അച്ഛന്റെ ആവനാഴി , അദ്വൈതം , തുടങ്ങി അവസാനം എഴുതിയ യെസ് യുവർ ഓണർ വരെ നിരവധി സിനിമകളിൽ ഓർമ്മിക്കത്തക്ക വേഷങ്ങൾ ചെയ്ത നടനായും ഇന്നസെന്റ് ഓർമ്മയിലുണ്ട്.
എന്നാൽ അതൊന്നുമായിരുന്നില്ല വ്യക്തിപരമായ ഓർമ്മ .
അതൊരു വേദനയുടെ ചിരിയാണ് .
കാൻസറിനെ രണ്ടു തവണ തോല്പിച്ച ചിരി.
അതാണ് ഞങ്ങളെ കൂട്ടിയിണക്കിയ കണ്ണി.
അവിടെ ഞാനായിരുന്നു ആദ്യമെത്തിയത് .
ഇന്നസെന്റ് പിറകെയെത്തി.
ചിരി നിലച്ച ഇടമായിരുന്നു അത്.
അടക്കിപ്പിടിച്ച കരച്ചിലിന്റെ മുഴക്കങ്ങളിൽ ചിരിയുടെ ഓർമ്മ പോലും എത്തി നോക്കാൻ ഭയന്ന അവിടേക്ക് ചിരി കടത്തിക്കൊണ്ടുവന്നു ഇന്നസെന്റ് .
“കാൻസർ വാർഡിലെ
ചിരി ” ആ കടത്തലിന്റെ ബാക്കിപത്രമാണ് . ഇന്നസെന്റിന്റെ മാത്രമല്ല, അർബുദം ജീവിതത്തിൽ ഇരുട്ടു പരത്തിയ ഓരോരുത്തരുടെയും കണ്ണീരും കിനാവും ആ പുസ്തകത്തിലുണ്ട് –
എല്ലാം തികഞ്ഞു എന്ന് കരുതി നിൽക്കുന്ന നിമിഷത്തിലേക്ക് എല്ലാം റദ്ദാക്കിക്കൊണ്ട് കടന്നുവരുന്ന മെഡിക്കൽ റിപ്പോർട്ട്.
എന്നാൽ അതിനെ അതിജീവനത്തിന്റെ ചിരിയാക്കി മാറ്റി ഇന്നസെന്റ്.
അതൊരു ആയുധമായിരുന്നു .
മരുന്നിനേക്കാൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാപ്തമാക്കുന്ന ശക്തി.
ഒരു ദിവസമെങ്കിൽ ഒരു ദിവസം , ഒരു നിമിഷമെങ്കിൽ ഒരു നിമിഷം , അതെത്രയും പ്രിയപ്പെട്ടതാണ് , കരഞ്ഞു കൊണ്ടിരിക്കാനുള്ളതല്ല എന്ന സന്ദേശം.
ഞങ്ങളെ കൂട്ടിയിണക്കിയ ഒരു കണ്ണി കൂടിയുണ്ട്.
അമേരിക്കയിലെ പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോക്ടർ ജെയിം ബ്രഹാം .
കാൻസർ ജീവിതത്തിന്റെ അവസാനമല്ല എന്ന് പഠിപ്പിച്ച ഞങ്ങളുടെ പ്രിയ ഡോക്ടർ.
ഇന്നസെന്റ് രോഗം നേരിടുന്ന വേളയിൽ അദ്ദേഹത്തെ വിളിച്ചു സംസാരിക്കണം എന്ന് എന്നെ ഉപദേശിച്ചത് ജെയിമാണ് .
വിളിച്ചപ്പോൾ അച്ഛന്റെ മകൾ എന്ന വിലാസമൊന്നും വേണ്ടി വന്നില്ല.
നേരത്തെ കാൻസർ നേരിട്ട ഒരാളോടെന്ന ആദരവോടെ തുടങ്ങിയ അദ്ദേഹത്തിന്റെ സംസാരം പിന്നെ മറക്കാനാവാത്ത ചിരിയുടെ നിരവധി പാഠങ്ങൾ പകർന്നു തന്നാണ് അവസാനിച്ചത്.
ആ ഫോൺ വിളികൾ തുടർന്നു.
ഞാനെന്തിന് ഇത് മറച്ചുവയ്ക്കണം , ഞാനിത് ആരുടെ കയ്യിൽ നിന്നും കട്ടോണ്ടു പോന്നതൊന്നുമല്ലല്ലോ എന്ന ആ ചിരി പുസ്തകമായപ്പോൾ അദ്ദേഹം അറീയിച്ചു.
സ്നേഹത്തോടെ ക്ഷണിച്ചപ്പോൾ ഞാനും മാതൃഭൂമിയുടെ പ്രകാശനവേദി പങ്കിട്ടു. അതിജീവനപ്പോരാട്ടത്തിന്റെ വഴിയിലെ സഖാക്കളായിരുന്നു അപ്പോൾ ഞങ്ങൾ .
കാൻസർ വാർഡിൽ വേദനിക്കുന്നവരുടെ പിടിവള്ളിയായി മാറി ഹൃദയം നുറുങ്ങുന്ന ആ ചിരി.
അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ല.
സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റ്നെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ല.
അത് പ്രതിഷേധാർഹമായിരുന്നു.
ദുരവസ്ഥകളിൽ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല.
അർബുദത്തേക്കാൾ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി .
അവിടെ ഇന്നസെന്റ് നിശബ്ദനായി.
അതിലെനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല.
മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല.
ആ ഇന്നസെന്റിന് മാപ്പില്ല.
ആ കൂടെനിൽക്കായ്ക ചിരിയ്ക്ക് വക നൽക്കുന്നതല്ല.
കാൻസർ വാർഡിലെ ചിരിയായി മാറിയ ഓർമ്മയിലെ സ്നേഹനിധിയായ ഇന്നസെന്റിന് ,
പ്രിയ സഖാവിന് വിട .
ദീദി

മലയാളികളെ നടുക്കിയ സംഭവമായിരുന്നു ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവാവിന്റെ മരണവും പിന്നീട് ഭാര്യ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുകളും.സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയക്കും കാമുകന്‍ അരുണ്‍ കമലാസനസും ആണ് പിടിക്കപ്പെട്ടത്.പതിവ്രതയായ ഭാര്യയായി അഭിനയിച്ച് കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം ഭര്‍ത്താവിനെ ഇല്ലാതാക്കിയ സോഫിയയെന്ന സുന്ദരിക്രിമിനല്‍ ഇപ്പോള്‍ തടവറയിലാണ്.

സോഫിയ 22 വര്‍ഷത്തെയും കരുണ്‍ 27 വര്‍ഷത്തെയും തടവ് അനുഭവിക്കണം. വിക്ടോറിയന്‍ സുപ്രീം കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.2015 ഒക്ടോബറിലാണ് മെല്‍ബണിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചശേഷം ഭാര്യ സോഫിയ മെല്‍ബണിലേക്കു മടങ്ങി.

എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെ സോഫിയയുടെയും അരുണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് സോഫിയയ്ക്ക് ജയിലില്‍ വച്ച് മാരകരോഗം സ്ഥിരീകരിച്ചെന്നാണ്.18 വര്‍ഷത്തേക്ക് പരോള്‍ പോലും ലഭിക്കാത്ത ശിക്ഷ ലഭിച്ച സോഫിയ വിഷാദ രോഗത്തിലേക്കും വഴുതിവീണിട്ടുണ്ട്.

ജീവിതത്തിലെ നല്ലകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരുന്ന സോഫിയയുടെ അവസ്ഥ ദയനീയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ബന്ധുക്കളാരും ഇവരെ തിരിഞ്ഞു പോലും നോക്കുന്നില്ല. മറ്റൊരു ജയിലില്‍ 27 വര്‍ഷം തടവുശിക്ഷ ലഭിച്ച കാമുകന്‍ അരുണ്‍ കമലാസനന്‍ ആകട്ടെ സോഫിയെ തള്ളിപ്പറയുകയും ചെയ്തു.സോഫിയയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്ന് അരുണ്‍ കേസിനിടെ വാദിച്ചിരുന്നു.

ഭാര്യ സോഫിയും കാമുകന്‍ അരുണ്‍ കമലാസനനും ചേര്‍ന്ന് സാമിനെ സയനൈഡ് നല്കി കൊലപ്പെടുത്തുകയായിരുന്നു.ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്.എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്.

മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് സാമിന്റെ ഭാര്യ സോഫിയെയും (32) കാമുകന്‍ അരുണ്‍ കമലാസനനെയും (34) പോലീസ് അറസ്റ്റ് ചെയ്തത്.സാമിന്റെ മരണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അതൊരു കൊലപാതകമാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്നുമുള്ള മറുപടിയാണ് സോഫിയ നല്‍കിയിരിക്കുന്നത്.

കൊലപാതകത്തിലുള്ള പങ്കു സോഫിയ പൂര്‍ണമായും നിഷേധിച്ചു. എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് എനിക്കറിയില്ല.ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ കൊലപാതകം നടത്തിയിട്ടില്ല’ എന്ന് വിതുമ്പിക്കൊണ്ട് സോഫിയ പോലീസിനോട് പറഞ്ഞു.സാമിന്റെ മരണകാരണം സയനേഡ് ആണെന്ന് പോലീസ് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞതെന്നും സയനേഡ് എങ്ങനെ കിട്ടിയെന്ന് അറിയില്ലെന്നും സോഫിയ പോലീസിനോട് പറയുന്നുണ്ട്.

അതേസമയം കൊല്ലപ്പെടുന്നതിന് തലേ ദിവസം രാത്രി സാം വളരെയധികം അസ്വസ്ഥനായാണ് കാണപ്പെട്ടതെന്നും അത്താഴം കഴിക്കാന്‍ മടി കാണിച്ച സാമിന് അവോക്കാഡോ ഷേക്ക് നല്‍കിയെന്നും സോഫിയ പറഞ്ഞു.ഇത് സാമിനൊപ്പം താനും മകനും കഴിച്ചെന്നും സോഫിയ വ്യക്തമാക്കി. അതിനുശേഷം സാമിന് കുടിക്കാനായി ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് നല്‍കിയെന്നും പിന്നീട് കുടിക്കാനായി ഒരു ഗ്ലാസ് ജ്യൂസ് കൂടി അടുക്കളയില്‍ തന്നെ വച്ചിരുന്നതായും സോഫിയ പറഞ്ഞിരുന്നു.

വധശിക്ഷ നിരോധിച്ച രാജ്യമാണ് ഓസ്ട്രേലിയ. 1973 ലെ ഡെത്ത് പോനാലിറ്റി അബോളിഷന്‍ ആക്ട് പ്രകാരമാണ് ഓസ്ട്രേലിയയില്‍ വധശിക്ഷ ഒഴിവാക്കിയത്.ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഏറ്റവും കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്. ഓസ്ട്രേലിയയില്‍ അനിശ്ചിത കാലത്തേക്കാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്.

റംസാന്‍ നോമ്പ് തുറക്കുന്ന സമയത്ത് സൈറണ്‍ മുഴക്കണമെന്ന ചങ്ങനാശ്ശേരി നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് വിവാദമാകുന്നു. റംസാന്‍ നോമ്പ് തുടങ്ങിയ 23 മുതല്‍ നോമ്പ് അവസാനിക്കുന്ന ഏപ്രില്‍ 21 വരെ സൈറണ്‍ മുഴക്കണമെന്നാണ് സെക്രട്ടറി നല്‍കിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.കൃത്യസമയത്ത് സൈറൺ മുഴങ്ങുന്നുവെന്ന് സോൺസുന്ദർ ഉറപ്പാക്കണം. സൈറൺ തകരാറിലായാൽ നഗരസഭാ എൻജിനീയറിങ് വിഭാഗവുമായി ഏകോപിപ്പിച്ച് പരിഹാരം കാണാൻ തുടർനടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.ഉത്തരവ് നടപ്പിലായതോടെ വിവാദവും തുടങ്ങി.

നഗരസഭയിൽ ചര്‍ച്ച ചെയ്യാതെയാണ് ഉത്തരവ് ഇറക്കിയത് എന്നാരോപിച്ച് ബിജെപി കൌണ്‍സിലര്‍മാര്‍ രംഗത്ത് വന്നു. ഹിന്ദു ഐക്യവേദിയും കൃസ്ത്യന്‍ സംഘടനയായ കാസയും പ്രതിഷേധിച്ചു.വിചിത്രമായ ഉത്തരവിനെതിരെ കാസ ഹൈക്കോടതിയെ സമീപിച്ചിവിശ്വഹിന്ദു പരിഷത്ത് ഇന്നലെ ചങ്ങനാശ്ശേരി നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

പുതൂര്‍ പള്ളി ജമാഅത്താണ് നോമ്പ് തുറയ്ക്ക് മുനിസിപ്പാലിറ്റി സൈറണ്‍ മുഴക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. ഇവര്‍ രേഖാമൂലം അപേക്ഷയും നല്‍കി. തുടർന്ന് അപേക്ഷ പരിഗണിച്ച നഗരസഭാ സെക്രട്ടറി അനുവദിച്ച് ഉത്തരവിറക്കിയത്. ഉത്തരവ് വിവാദമായപ്പോഴാണ് കൌണ്‍സിലര്‍മാരിൽ പലരും അറിയുന്നത് തന്നെ.

ഉത്തരവ് വിവാദമായതോടെ ചെയര്‍ പേഴ്സണ്‍ അടിയന്തിര യോഗം വിളിച്ചുകൂട്ടി. ബിജെപി ഉത്തരവ് റദ്ദ് ചെയ്യണം എന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്-സിപിഎം കൌണ്‍സിലര്‍മാര്‍ മൗനം പാലിച്ചു. പക്ഷെ ഉത്തരവ് പിന്‍വലിക്കാന്‍ നഗരസഭാ തയ്യാറായില്ല. ഇതോടെ ബിജെപി കൌണ്‍സിലര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോന്നു. മൂന്ന് കൌണ്‍സിലര്‍മാരാണ് നഗരസഭയില്‍ ബിജെപിയ്ക്ക് ഉള്ളത്.

വര്‍ഷങ്ങളായി നഗരസഭ നോമ്പ് തുറ സമയത്ത് സൈറണ്‍ മുഴക്കാറുണ്ടെന്ന് പൂതൂര്‍ പള്ളി അടങ്ങിയ വാര്‍ഡ്‌ കൌണ്‍സിലറായ സിപിഎമ്മിന്റെ ഉഷാ മുഹമ്മദ്‌ ഷാജി പറയുന്നു. അനാവശ്യ വിവാദം ബിജെപി കോൺസിലമാർ സൃഷ്ഠിക്കുകയാണെന്ന് അവർ പറഞ്ഞു.

ചങ്ങനാശ്ശേരിയിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും 45% വീതവും കൂടുതലാണ്. കഴിഞ്ഞ സെൻസസ് പ്രകാരം മുസ്ലീം ജനസംഖ്യ 7% ൽ താഴെയാണ്. ഈ അലാറം മണി മുഴങ്ങുന്നത് കേരളത്തിലങ്ങോളമിങ്ങോളം വരാനിരിക്കുന്ന സമ്പൂർണ ‘താലിബാനൈസേഷനും’ ജനസംഖ്യാപരമായ ജിഹാദും ആരോപിക്കുന്നു.’ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ ഹൈക്കോടതി തീരുമാനം വരട്ടെ. ” നഗരസഭാ യോഗത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോന്ന ബിജെപി കൌണ്‍സിലര്‍ പറയുന്നു.

മലയാളം യുകെ ന്യൂസ് ചങ്ങനാശേരി

പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നിലയ്ക്കലിന് സമീപം ഇലവുങ്കലാണ് അപകടം. ബസില്‍ 62 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള ഭക്തരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ ഏഴു കുട്ടികളും ഉള്‍പ്പെടുന്നു. എരുമേലി-ഇലവുങ്കല്‍ റോഡില്‍ വെച്ച് ബസ് നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്തതായി ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ഗുരുതരമായ പരിക്കുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാനും ബാക്കിയുള്ളവരെ പത്തനംതിട്ട ജില്ലാ, താലൂക്ക് ആശുപത്രികളില്‍ പ്രവേശിപ്പിക്കാനും നിര്‍ദേശം നല്കിയതായി കലക്ടര്‍ പറഞ്ഞു.

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അതേസമയം ബസിലെ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് നാട്ടുകാര്‍ സൂചിപ്പിക്കുന്നത്.

 

വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പേട്ട സ്വദേശി അനിൽ കുമാർ (48) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഹൈ മാസ്സ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം നടന്നത്.

റൺവേയ്ക്ക് സമീപത്തുള്ള ഹൈ മാസ്സ് ലൈറ്റ് അഴിച്ച് റോപ്പ് ഉപയോഗിച്ച് താഴേക്കിറക്കുന്നതിനിടെ റോപ്പ് പൊട്ടി ഹൈ മാസ്സ് ലൈറ്റ് താഴേക്ക് പതിക്കുകയായിരുന്നു. ലൈറ്റിന്റെ പാനൽ താഴെ നിൽക്കുകയായിരുന്ന അനിൽകുമാറിന്റെ തലയിൽ വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അനിൽകുമാർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

RECENT POSTS
Copyright © . All rights reserved