Kerala

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ എത്തിച്ചു തെളിവെടുത്തു. ഈ ഫ്‌ളാറ്റില്‍വെച്ചും വിജയ് ബാബു തന്നെ പീഡിപ്പിച്ചതായി നടി പരാതിയില്‍ പറഞ്ഞിരുന്നു.

വിജയ് ബാബുവിനു ഹൈക്കോടതിയില്‍ ജാമ്യം അനുവദിച്ചതിനെതിരെ പോലീസ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നുണ്ട്. ഈ ഘട്ടത്തില്‍ കൂടുതല്‍ തെളിവുകള്‍ സുപ്രീംകോടതിക്ക് മുന്നില്‍ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ചും തെളിവെടുപ്പു നടത്തിയത്.

പീഡനം നടന്ന ദിവസം ഫ്ളാറ്റുകളില്‍ വിജയ് ബാബു എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ അടക്കമുളള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു വരുകയാണ്. മൂന്നാം തിയതി വരെ പോലീസിന് മുന്നില്‍ വിജയ് ബാബു ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിനുള്ളില്‍ ചോദ്യംചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കാനാണ് പോലീസ് ശ്രമം.

വിതുരയില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. വിതുര സ്വദേശി ബെഞ്ചമിനെയാണ് (68) പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്പ് കുട്ടിയുടെ കൂട്ടുക്കാരിയുമായി ബെഞ്ചമിന്റെ വീട്ടില്‍ പോയ കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ബെഞ്ചമിന്‍ പിടിയിലായത്.

നടന്ന കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് പാസ്റ്റര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം സഹോദരിയോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ സഹോദരിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് 12 വയസ്സുകാരിയുടെ ദുരനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സി.ഡബ്ല്യു.സി വിതുര പോലീസിന് പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.

എകെജി സെന്ററിന് നേരേ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് സിപിഎം നടത്തിയ പ്രകടനത്തില്‍ പ്രകോപന പ്രസംഗം. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗമായ ഒ.എം ഭരദ്വാജാണ് പ്രകോപനപരമായ പ്രസംഗം നടത്തിയത്. കോണ്‍ഗ്രസുകാരെ വെള്ളപുതപ്പിച്ച് കിടത്തുമെന്നാണ് പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കിയത്‌. കെ സുധാകരന് ഭ്രാന്താണെങ്കില്‍ ചങ്ങലക്കിടണമെന്നും ഭരദ്വാജ് പ്രസംഗത്തില്‍ പറഞ്ഞു.

‘ആറ് വര്‍ഷമായി അധികാരമില്ലാത്തതിന്റെ ഭ്രാന്താണ് സുധാകരന്. അദ്ദേഹത്തിന് ഭ്രാന്താണെങ്കില്‍ ചങ്ങലക്കിടണം. അതല്ലാതെ ഗുണ്ടാ സംഘങ്ങളെ സിപിഎമ്മിന്റെ ആസ്ഥാനം ആക്രമിക്കാന്‍ പറഞ്ഞയക്കുകയല്ല ചെയ്യേണ്ടത്. നിങ്ങളെ പോലെ പിപ്പിടികാട്ടി മതിലില്‍ ബോംബെറിഞ്ഞ് പോവുകയല്ല ഞങ്ങള്‍ ചെയ്യുക. മറിച്ച് ഞങ്ങളെക്കൊണ്ട് അത്തരമൊരു പ്രവര്‍ത്തി ചെയ്യിച്ചാല്‍ എല്ലാവരേയും വെള്ളപുതപ്പിച്ച് കിടത്താന്‍ പ്രസ്ഥാനത്തിന്‌ അറിയാം’, ഭരദ്വാജ് പറഞ്ഞു.

നേരത്തെ അമ്പലപ്പുഴയില്‍ സിപിഎം നടത്തിയ പ്രകടനത്തിലും പ്രകോപന മുദ്രാവാക്യം ഉയര്‍ന്നിരുന്നു. പ്രസ്ഥാനത്തിന് നേരെ വന്നാല്‍ കൈവെട്ടും കാല്‍വെട്ടും തലവെട്ടി ചെങ്കൊടി കെട്ടുമെന്നായിരുന്നു മുദ്രാവാക്യം. എച്ച് സലാം എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിലാണ് ഈ പ്രകോപനമായ മുദ്രാവാക്യം ഉയര്‍ന്നത്.

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ശിവ്യ പതാനിയ. ഇപ്പോഴിതാ അവസരങ്ങള്‍ക്ക് വേണ്ടി നിര്‍മ്മാതാവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി, വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് നടി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ശിവ്യ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

‘ഹംസഫര്‍’ എന്ന ഷോയുടെ സംപ്രേക്ഷണം മുടങ്ങിയതോടെ എട്ട് മാസത്തോളം ജോലിയില്ലായിരുന്നുവെന്നും തന്റെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടമായിരുന്നു ഇതെന്നും ശിവ്യ പറയുന്നു. ‘ഇതിനിടയിലാണ് മുംബൈയിലെ സാന്താക്രൂസില്‍ ഒരു ഓഡിഷന് വിളി വരുന്നത്.

പ്രശസ്തനായ ഒരു നടനോടൊപ്പം പരസ്യം ചെയ്യണമെങ്കില്‍ വിട്ടു വീഴ്ച്ച ചെയ്യേണ്ടിവരുമെന്ന് അയാള്‍ പറഞ്ഞു’, ശിവ്യ പറയുന്നു.എന്നാല്‍, ഇക്കാര്യം പറയുമ്പോള്‍ അയാള്‍ ലാപ്‌ടോപ്പില്‍ ഹനുമാന്‍ ചാലിസ കേട്ടുകൊണ്ടിരിക്കുകയായിരുന്നു.

എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത രസകരമായ അനുഭവമാണ് ഇത്. എനിക്ക് ചിരിവന്നു.. ചിരിച്ചുകൊണ്ട് ഞാന്‍ അയാളോട് ചോദിച്ചു, നിങ്ങള്‍ക്ക് നാണമില്ലേ? ഭജന കേട്ടുകൊണ്ട് നിങ്ങള്‍ എന്താണ് പറയുന്നത്?’ ശിവ്യ കൂട്ടിച്ചേര്‍ത്തു. പിന്നീട്, നിര്‍മ്മാതാവ് എന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ വ്യാജനാണെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ അറിഞ്ഞതെന്നും ശിവ്യ പറയുന്നു.

തന്റെ വിവാഹത്തെ കുറിച്ചും പെണ്ണ് കാണലിനെക്കുറിച്ചും വെളിപ്പെടുത്തി് ജോണി ആന്റണി. നടന്‍ ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ജോണിയുടെ വെളിപ്പെടുത്തല്‍.

അന്നത്തെ്ക്കാലത്ത ഒരു സിനിമാക്കാരന് പെണ്ണ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. പെണ്ണുകാണാന്‍ പോയതില്‍ പത്തൊന്‍പതാമത്തെ ആളാണ് ഷൈനി. അക്കാലത്ത് സമ്പന്ന കുടുംബം ഒന്നുമല്ല. സാധാരണക്കാരന്‍ ആണ്. എനിക്ക് ഇരുപത്തിരണ്ട് വയസുള്ളപ്പോള്‍ പപ്പ മരിച്ചു. പിന്നെ ഞാനും അമ്മച്ചിയും മാത്രം. ഞാന്‍ സിനിമയ്ക്ക് പോവും വരും, കമ്പനി കൂടും അങ്ങനെ ആ പ്രായത്തിലുള്ള ഒഴപ്പൊക്കെ ഉണ്ട്. ഞാന്‍ നല്ലവനാണെന്ന് എനിക്കും അമ്മച്ചിയ്ക്കും അറിയാം. പക്ഷേ നാട്ടുകാര്‍ക്ക് അറിയില്ലല്ലോ’.

അന്നത്തെ ബ്രോക്കര്‍മാരുടെ പറ്റിക്കലുണ്ട്. ചില നല്ല സുന്ദരിമാരുടെ ഫോട്ടോ കൊണ്ട് വന്ന് കാണിക്കും. എന്നിട്ട് ഞായറാഴ്ച പെണ്ണ് കാണാന്‍ പോവാമെന്ന് പറഞ്ഞ് ഇരുന്നൂറ് രൂപയും വാങ്ങി പോവും. ശേഷം രണ്ടീസം കഴിയുമ്പോള്‍ ആ പെണ്ണിന്റെ കല്യാണം കഴിഞ്ഞ് പോയെന്ന് പറയും. അങ്ങനെ കുറേ പറ്റിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതൊരു രസമായിട്ടാണ് തോന്നിയതെന്ന് ജോണി പറയുന്നു. ഒരു ദിവസം മൂന്ന് പെണ്ണുങ്ങളെ വരെ പോയി കണ്ടിട്ടുണ്ട്.

ഒരു ക്രിസ്തുമസ് ദിനത്തിലാണ് ഷൈനിയെ പെണ്ണ് കാണാന്‍ പോവുന്നത്. പോയി കണ്ടു, എനിക്ക് ഇഷ്ടപ്പെട്ടു. കാരണം ഇവരുടെ ഭാഗത്ത് നിന്ന് ഒരു പച്ചക്കൊടി നേരത്തെ ഉണ്ടായി. നമ്മുടെ സമ്മതം ഉണ്ടെങ്കില്‍ കല്യാണം നടക്കുമെന്ന് തോന്നി. അദ്ദേഹം പറഞ്ഞു.

തിരുവല്ല സ്റ്റേഷനിൽ ട്രെയിനിൽ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച അധ്യാപികയുടെ മരണത്തിൽ ദുരൂഹത. കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി (35)യാണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്.

വർക്കല വെട്ടൂർ ജിഎച്ച്എസ് അധ്യാപികയായ ജിൻസി കോട്ടയത്തായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ തിരുവല്ല സ്‌റ്റേഷനിൽ നിന്നും കോട്ടയം പാസഞ്ചർ ട്രെയിൻ എടുത്ത് വേഗത കൂട്ടുന്നതിനിടെ ജിൻസി പ്ലാറ്റ്‌ഫോമിലേക്ക് ചാടാൻ ശ്രമിച്ചത് ദുരൂഹമാണെന്നാണ് പരാതി ഉയരുന്നത്.

സ്ഥിരം യാത്രക്കാരിയായ ജിൻസി ട്രെയിൻ എടുത്തതിന് ശേഷം ഇറങ്ങാൻ ശ്രമിക്കുന്നത് സ്വാഭാവികമല്ലെന്ന് ട്രെയിൻ യാത്രികരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതികരിക്കുന്നു.

അധ്യാപികയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ട്രെയിൻ നല്ല സ്പീഡ് ആയതിനുശേഷം പ്ലാറ്റ്‌ഫോം തീരുന്ന ഭാഗത്ത് വെച്ചാണ് യാത്രക്കാരി പാളത്തിലേക്ക് വീഴുന്നതായി കാണുന്നത്.

അതേസമയം സംഭവത്തിൽ ദുരൂഹത വർധിപ്പിച്ച് സ്‌റ്റേഷനിൽ നിന്നും പാസഞ്ചർ ട്രെയിൻ എടുത്ത സമയത്ത് മുഷിഞ്ഞ വസ്ത്രധാരി ആയ ഒരാൾ ലേഡീസ് കംപാർട്ട്‌മെന്റിലേക്ക് ഓടി കയറുന്നത് കണ്ടതായി ട്രെയിനിൽ ഉണ്ടായിരുന്നവർ പറയുന്നുണ്ട്.

ജിൻസി ടീച്ചർ കംപാർട്ട്‌മെന്റിൽ തനിച്ചായിരുന്നു. പിന്നീടാണ് ട്രെയിനിൽ നിന്നും ജിൻസി ടീച്ചർ വീഴുന്നത്. കോട്ടയം ഇറങ്ങേണ്ട ആൾ തിരുവല്ല സ്റ്റേഷനിൽ ട്രെയിൻ നല്ല സ്പീഡ് ആയതിനു ശേഷം വീണത് ദുരൂഹമാണെന്ന് സഹയാത്രികർ പറയുന്നുണ്ട്. വീഴുന്നതിന് കുറച്ചു മുൻപ് ബന്ധുക്കളുമായി ജിൻസി ടീച്ചർ സംസാരിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

ജിൻസി ടീച്ചറുടെ മരത്തിലെ ദുരൂഹത നീക്കണം എന്ന് ആവശ്യപ്പെട്ട് സോഷ്യൽമീഡിയയിലും ക്യാംപെയിൻ നടക്കുന്നുണ്ട്. പ്രമുഖരടക്കം ഇതിന്റെ ഭാഗമായിട്ടുണ്ട്.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉൾപ്പെടുന്ന ഭക്തസംഘത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് വൈദികൻ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്ത് ആണ് അശ്ലീല വീഡിയോ അയച്ചതെന്ന പരാതി ഉയർന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതൻ കൂടിയാണ് ഫാദർ സബാസ്റ്റ്യൻ കീഴേത്ത്.

അതേസമയം, വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് ഗ്രൂപ്പിലുണ്ടായിരുന്ന വീട്ടമ്മമാർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു. സംഭവത്തിൽ പിശക് പറ്റിയതെന്നാണ് ഫാദർ സബാസ്റ്റ്യൻ കീഴേത്തിന്റെ വിശദീകരണം. മറ്റൊരു വൈദികൻ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോൾ പറ്റിയ പിശകെന്നാണ് വൈദികൻ പറയുന്നത്.

നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്റെ വാട്സ്ആപ്പിലേക്കാണ് വീഡിയോ അയച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ വൈദികനെ ചുമതലകളിൽ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടർ നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. പാലക്കാട മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (18) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളജിലേക്ക് പോവുമ്പോൾ അയൽവീട്ടിലെ നായയുടെ കടിയേറ്റിരുന്നു. ആരോഗ്യ വകുപ്പ് നിർദേശിച്ച എല്ലാ വാക്സീനുകളും ശ്രീലക്ഷ്മി എടുത്തിരുന്നു.

രണ്ട് ദിവസം മുൻപ് പനി ബാധിച്ചു സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലും ചികിൽസ നടത്തി. ഇന്ന് പുലർച്ചെ 3 ന് മരിച്ചു. കോയമ്പത്തുർ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയാണ്. അമ്മ സിന്ധു. സഹോദരങ്ങൾ സനത്ത്, സിദ്ധാർത്ഥൻ. സംസ്കാരം നടത്തി.

ഗർഭം നിലനിറുത്തുന്നതിനുള്ള മരുന്നിന് പകരം ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് മാറിനൽകിയതിന് എടവണ്ണയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പിനെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാട്ടുകാരിയായ യുവതിയാണ് ഗർഭം അലസിയതിനെ തുടർന്ന് പരാതി നൽകിയത്. രണ്ട് ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പരിശോധനയിലാണ് മരുന്ന് മാറിയ കാര്യം വ്യക്തമായത്.

ഡോക്ടറുടെ നിർദ്ദേശപ്രകാരം കുറിപ്പടിയോടെ മാത്രം വിൽക്കേണ്ട ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന ഗർഭച്ഛിദ്ര മരുന്നാണ് സ്ഥാപനം വിറ്റതെന്നും രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിലായിരുന്നില്ല മരുന്ന് വിൽപ്പനയെന്നും വ്യക്തമായതായി ജില്ലാ ഡ്രഗ്സ് ഇൻസ്‌പെക്ടർ ഡോ. എം.സി. നിഷിത് പറഞ്ഞു. സ്ഥാപനം വിറ്റ ഗർഭച്ഛിദ്ര മരുന്നുകളും ബില്ലുകളും മറ്റു രേഖകളും കസ്റ്റഡിയിലെടുത്ത് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഡ്രഗ്സ് ആന്റ് കോസ്‌മെറ്റിക്സ് നിയമപ്രകാരമാണ് സ്ഥാപനത്തിനെതിരെ കേസെടുത്തത്. തുടരന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയുടെ വീട്ടിലും സ്വകാര്യ ആശുപത്രിയിലും പരിശോധന നടത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു.

ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസിൽ മലയാളി യുവാവിന് സൗദി അറേബ്യയില്‍ 11 കോടിയോളം രൂപ പിഴ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിനാണ് (26) ബഹ്‌റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസില്‍ ദമ്മാം ക്രിമിനല്‍ കോടതി കനത്ത പിഴയും നാടുകടത്തലും ശിക്ഷിച്ചത്.

52,65,180 സൗദി റിയാല്‍ (11 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് കോടതി ചുമത്തിയിരിക്കുന്ന പിഴ. മൂന്ന് മാസം മുമ്പാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. സൗദി അറേബ്യയേയും ബഹ്റൈനിനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയില്‍ കസ്റ്റംസ് പരിശോധനക്കിടെ ഇയാള്‍ പിടിയിലാകുകയായിരുന്നു. നാലായിരത്തോളം മദ്യകുപ്പികളാണ് ഇയാളുടെ ട്രെയിലറില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചത്. എന്നാല്‍ ട്രെയിലറില്‍ മദ്യക്കുപ്പികളായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് യുവാവ് കോടതിയില്‍ വാദിച്ചെങ്കിലും തെളിവുകള്‍ അദ്ദേഹത്തിന് എതിരായിരുന്നു.

കേസില്‍ അപ്പീല്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കോടതി ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്. നാലു വര്‍ഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ശിക്ഷിക്കപ്പെട്ട മലയാളി യുവാവ്. പിഴയടച്ചാല്‍ കരിമ്പട്ടികയില്‍ പെടുത്തി നാടുകടത്തും. പിടികൂടിയ മദ്യത്തിന്റെ വിലക്കനുസരിച്ചാണ് ഇത്തരം കേസുകളില്‍ പിഴ ചുമത്തുന്നത്. പിഴ അടച്ചില്ലെങ്കില്‍ പിഴക്ക് തുല്യമായ കാലയളവില്‍ ജയിലില്‍ കഴിയേണ്ടി വരും. പിന്നീട് സൗദി അറേബ്യയിലേക്ക് തിരിച്ചുവരാനാകില്ല. ഇത്തരം കേസില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ പിഴ ശിക്ഷയാണിത്.

RECENT POSTS
Copyright © . All rights reserved