Kerala

വെള്ളപ്പൊക്ക ഭീഷണിയും ഉരുൾപൊട്ടലും വളരെക്കാലമായി തുടർന്നുകൊണ്ടിരിക്കുന്ന മുണ്ടക്കയത്ത് ഒരു വീട്ടമ്മയും കുടുംബവും താമസിക്കുന്നത് പുറംമ്പോക്കിൽ. മുണ്ടക്കയത്തിനടുത്ത് പാലൂർക്കാവിൽ കളത്തിനാനിക്കൽ ജിനു എന്ന വീട്ടമ്മയാണ് തൻ്റെ വിദ്യാർത്ഥികളായ 3 മക്കൾക്കും 72 വയസുള്ള വൃദ്ധമാതാവിനും ഒപ്പം പുറംമ്പോക്കിൽ ഇടിഞ്ഞു പൊളിഞ്ഞ കൂരയിൽ താമസിക്കുന്നത്. ഇവർ താമസിക്കുന്ന സ്ഥലത്തിനു ചുറ്റുമായി പല സ്ഥലങ്ങളിലായി ഇതുവരെ ഉരുൾപൊട്ടിയിട്ടുണ്ട്. എന്നും ഇവർ ഭയത്താലാണ് ഇവിടെ ജീവിക്കുന്നത്.

മഴ ശക്തമാകുമ്പോൾ ഉരുൾപൊട്ടൽ ഭയന്ന് ഈ കുടുംബത്തെയും ക്യാമ്പിൽ മാറ്റി പാർപ്പിക്കാറുണ്ട്.
മറ്റ് വീടുകളിൽ പോയി ചെയ്യാവുന്ന ജോലികൾ ചെയ്തുകിട്ടുന്ന വരുമാനമാണ് ജിനുവിൻ്റെയും കുടുംബത്തിൻ്റെയും ഏക ആശ്രയും. ഇതുകൊണ്ടാണ് കുട്ടികളെയും പഠിപ്പിക്കുന്നത്. കൂടാതെ വൃദ്ധമാതാവിനെയും നോക്കണം. ജിനുവിന് കിട്ടുന്ന വരുമാനം ഈ കുടുംബത്തിൻ്റെ നിത്യ ചെലവുകൾക്ക്
പോലും തികയുന്നില്ലെന്നതാണ് സത്യം.

സ്വന്തമായി ഒരു വീട് എന്നത് ഈ കുടുംബത്തിൻ്റെ ഒരു സ്വപ്നമാണ്. അതിനായി പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ചിലർ പറയുന്നു. ഒരു മൂന്ന് സെൻ്റ് സ്ഥലം ഉണ്ടെങ്കിൽ വീട് വെച്ച് കൊടുക്കാമെന്ന്. ആ പ്രതീക്ഷയിലാണ് ജിനുവും കുടുംബവും . ഈ കുടുംബത്തിന് സ്ഥലം വാങ്ങാൻ അല്ലെങ്കിൽ വീട് വെയ്ക്കാൻ സഹായിക്കാൻ പറ്റുന്ന സന്മനസുള്ളവർ ഇവരെ സഹായിക്കുക.. ഇവരെപ്പറ്റി കൂടുതൽ അറിയാൻ
മുണ്ടക്കയം ടൗൺ സെൻ്റ് മേരിസ് റോമൻ ചർച്ച് പള്ളി വികാരി ഫാദർ ടോം ജോസുമായി ബന്ധപ്പെടാവുന്നതാണ്..

ഫാദർ ടോം ജോസ്, (vicar),സെൻ്റ് മേരീസ് ചർച്ച്, മുണ്ടക്കയം – മൊബൈൽ നമ്പർ :-9495333878

തിരുവല്ലയിൽ നിന്ന് കാണാതായ പതിനഞ്ചു വയസ്സുകാരി ഇന്നു പുലർച്ചെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തി. കോട്ടയത്തുനിന്ന് ബസ് മാർഗം തിരുവല്ലയിൽ എത്തിയ ശേഷം അവിടെനിന്ന് ഓട്ടോ വിളിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയെന്നാണ് വിവരം. പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങാൻ ശ്രമിച്ച രണ്ടു തൃശൂർ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്. ഒരാളേക്കൂടി തൃശൂരിൽനിന്ന് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അതുലിനെയും അജിലിനെയും സഹായിച്ചയാളാണ് ഇതെന്നാണ് വിവരം.

അറസ്റ്റ് ചെയ്ത യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പെൺകുട്ടിയെ ഉടൻതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. പെൺകുട്ടിയുടെയും തട്ടിക്കൊണ്ടു പോയെന്ന് സംശയിക്കുന്ന രണ്ടു യുവാക്കളുടെയും ചിത്രം ഇന്നലെ വൈകിട്ട് തിരുവല്ല പൊലീസ് പുറത്തുവിട്ടിരുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് അഭ്യർഥിച്ചായിരുന്നു ഇത്. ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉൾപ്പെടെ ഇത് വൻതോതിൽ പ്രചരിച്ചതോടെയാണ് പെൺകുട്ടിയെ തിരിച്ചെത്തിച്ചതെന്നാണ് സൂചന.

ഇരുവരും വെള്ളിയാഴ്ച തിരുവല്ലയിലെത്തി പെൺകുട്ടിയെ കൊണ്ടുപോവുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയുടെയും യുവാക്കളുടെയും ചിത്രം സഹിതം കാണാതായ വാർത്ത പൊലീസ് പുറത്തുവിട്ടതോടെയാണ് ഇവർ തിരിച്ചെത്താൻ നിർബന്ധിതരായത്. തുടർന്ന് ബസ് മാർഗം തിരുവല്ലയിലെത്തി പെൺകുട്ടിയെ ആരുമറിയാതെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മുങ്ങാനായിരുന്നു ശ്രമം. ഇതിനിടെയാണ് ഒരാൾ പിടിയിലായത്. രണ്ടാമനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയും ചെയ്തു.

കോട്ടയം: കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ആയിരം കോടിയോളം രൂപയുടെ വികസനം റെയിൽവേയുമായി ബന്ധപ്പെട്ട് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കിയതിനൊപ്പം നാല് റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾക്കും തുടക്കമാകുന്നു. റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ച

കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂർ റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനാണ് തുടക്കം. കൂരീക്കാടിന് 36.89 കോടി, കടുത്തുരുത്തിക്ക് 19.33 കോടി, കുറുപ്പന്തറയ്ക്ക് 30.56 കോടി, കോതനെല്ലൂരിൽ സ്ഥലം ഏറ്റെടുക്കലിന് അഞ്ച് കോടി എന്നിങ്ങനെ 91.78 കോടി രൂപയാണ് ലഭ്യമാക്കിയിട്ടുള്ളത്. കാരിത്താസിൽ 13.55 കോടിയുടേയും മുളന്തുരുത്തിയിൽ 24.98 കോടിയുടേയും മേൽപ്പാലങ്ങളുടെ നിർമ്മാണം നടക്കുന്നതായും എംപി അറിയിച്ചു.

റെയിൽ പദ്ധതികളുമായി ബന്ധപ്പെട്ട് 925.796 കോടി രൂപ മണ്ഡലത്തിൽ വിനിയോഗിച്ചതായി തോമസ് ചാഴികാടൻ എം.പി പറഞ്ഞു. 2001ൽ ആരംഭിച്ച പാത ഇരട്ടിപ്പിക്കൽ നിരന്തരമായ ഇടപെടലിൽ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കായംകുളം-കോട്ടയം-എറണാകുളം റെയിൽപാതയിൽ വേഗം 110 കിലോമീറ്ററാക്കാനുള്ള പരിശ്രമങ്ങൾ നടക്കുന്നതായും തോമസ് ചാഴികാടൻ എംപി അറിയിച്ചു. മെമു, വന്ദേ ഭാരത് ട്രെയിനുകൾ കോട്ടയം വഴി സർവീസ് ആരംഭിച്ചത് റെയിൽ വികസനരംഗത്ത് ജില്ലയ്ക്ക് ഏറെ നേട്ടമായി. പാലരുവി എക്‌സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചതും എംപിയുടെ നിരന്തര ഇടപെടലിലാണ്.

പാത ഇരട്ടിപ്പിക്കലും കോട്ടയം റെയിൽവേ സ്‌റ്റേഷൻ റീ മോഡലിംഗിനുമായി 750 കോടി രൂപയുടെ പദ്ധതിയാണ് യാഥാർത്ഥ്യമാക്കിയത്. രണ്ടാം പ്രവേശനകവാടം, പാർക്കിംഗ് ഏരിയ, പിൽഗ്രിം സെന്റർ, മൾട്ടി ലെവൽ ടൂവീലർ പാർക്കിംഗ്, സ്റ്റേഷൻ മോടിപിടിപ്പിക്കൽ, കാൽനട മേൽപ്പാലം, ലിഫ്റ്റ്, ശീതികരിച്ച കാത്തിരിപ്പ് കേന്ദ്രം എന്നിവ നടപ്പിലാക്കാൻ കഴിഞ്ഞത് കോട്ടയത്ത് റെയിൽവേ സ്‌റ്റേഷന്റെ മുഖഛായതന്നെ മാറ്റി.

അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് ലഭ്യമായത് 4.49 കോടി രൂപയാണ്. ചോറ്റാനിക്കര, മുളന്തുരുത്തി, കാഞ്ഞിരമറ്റം, പിറവം റോഡ്, കടുത്തുരുത്തി, ഏറ്റുമാനൂർ, കുമാരനെല്ലൂർ സ്‌റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ഉയർത്തൽ, ലിഫ്റ്റ്, സീറ്റ്, കുടിവെള്ള സൗകര്യം എന്നിവയ്ക്കായി 14.676 കോടി രൂപയാണ് വിനിയോഗിച്ചത്. പിറവം റോഡ് റെയിൽവേ സ്‌റ്റേഷനിൽ .53 കോടി രൂപ വിനിയോഗിച്ച് അപ്രോച്ച് റോഡ് ടാറിംഗ് നടത്തിയതായും എംപി അറിയിച്ചു.

ജനകീയ ആവശ്യം പരിഗണിച്ച് ലക്ഷ്യമിട്ട നാല് റെയിൽമേൽപ്പാലങ്ങളുടെ നിർമ്മാണം ആരംഭിക്കാൻ കഴിയുന്നത് കോട്ടയം പാർലമെന്റ് മണ്ഡലത്തിന്റെ റോഡ്, റെിയൽ ഗതാഗതരംഗത്ത് ഏറെ നേട്ടമാകുമെന്നും തോമസ് ചാഴികാടൻ എംപി പറഞ്ഞു.

പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറാന ദേവാലയത്തിലെ അസിസ്റ്റന്റ് വികാരി ഫാദർ തോമസ് ആറ്റുച്ചാലിനെ പള്ളിമുറ്റത്ത് അക്രമകാരികളായ ഒരുപറ്റം സാമൂഹ്യ വിരുദ്ധർ വാഹനമിടിച്ച് വീഴ്ത്തി അപായപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സ്വദേശികളായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

നോമ്പുകാല ആരാധന തടസപ്പെടുത്തുകയും വൈദികനെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിൽ പാലാ രൂപതയും പൂഞ്ഞാർ സെന്റ് മേരീസ് ഇടവകയും ശക്തമായി പ്രതിഷേധിച്ചു. പള്ളിയങ്കണത്തിൽ അതിക്രമിച്ച് കടക്കുകയും വൈദികനെ ആക്രമിക്കുകയും ചെയ്‌ത സംഭവമറിഞ്ഞ് ആയിരക്കണക്കിന് വിശ്വാസികളും രൂപതയിലെ നിരവധി വൈദികരും സന്യസ്തരും പള്ളി അങ്കണത്തിൽ എത്തിച്ചേർന്നു. വൈകിട്ട് പൂഞ്ഞാര്‍ ടൗണില്‍ നടന്ന പ്രതിഷേധ റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ഉച്ചയോടെ പള്ളിയിൽ ആരാധന നടന്ന് കൊണ്ടിരിക്കേ കുരിശടിയിലും മൈതാനത്തും പതിനഞ്ചോളം വരുന്ന സംഘം വലിയ ശബ്ദത്തോടെ വാഹന അഭ്യാസപ്രകടനം നടത്തിയതിനെ ഫാദർ ജോസഫ് ആറ്റുചാലിൽ തടയുകയും അവരോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ആക്രമണം.

വൈദികനും പള്ളി അധികാരികൾക്കും നേരേ സംഘം അസഭ്യവർഷം ചൊരിയുകയും കൈയേറ്റത്തിന് മുതിരുകയുമായിരിന്നു. പള്ളിയുടെ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചപ്പോൾ അമിത വേഗത്തിൽ കാർ ഓടിച്ച് വൈദികനെ ഇടിച്ച് വീഴ്ത്തി. സാരമായി പരിക്കേറ്റ ഫാ. ജോസഫ് ആറ്റുചാലിലിനെ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആശുപത്രിയിൽ കഴിയുന്ന ഫാദർ തോമസ് ആറ്റുച്ചാലിനെ സന്ദർശിച്ചു.

പാലാ ഡിവൈഎസ്‌പി പി.കെ. സദൻ, ഈരാറ്റുപേട്ട എസ്എച്ച്‌ഒ എ.പി. സു ബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പള്ളിയിലെത്തി അന്വേഷണം ആരംഭിച്ചു. പള്ളിയിലെ നിരീക്ഷണ കാമറകൾ സംഭവ സമയത്ത് ഓഫായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം അക്രമി സംഘമെത്തിയ വാഹനങ്ങളുടെ ചിത്രങ്ങൾ പൊലീസിന് നാട്ടുകാർ കൈമാറിയിട്ടുണ്ട് .

വൈറസ്ബാധ കാരണമുള്ള മാറാത്ത ചുമ വ്യാപകമാവുന്നു. ബാക്ടീരിയ ഉണ്ടാക്കുന്ന വില്ലൻചുമയെപ്പോലെ ‘100 ദിന ചുമ’ എന്നാണിപ്പോൾ ഇതിനെ വിളിക്കുന്നത്. കിടത്തിച്ചികിത്സ വേണ്ടിവരുന്നില്ലെങ്കിലും ദൈനംദിന ജീവിതത്തെ ഇത് വല്ലാതെ ബാധിക്കുന്നു.

അനിയന്ത്രിത ചുമ പ്രായമായവരിൽ പ്രത്യേകിച്ച് സ്ത്രീകളിൽ അറിയാതെ മൂത്രംപോകാൻ ഇടയാക്കുന്നു. പലരും ഇതിനും ചികിത്സതേടി എത്തുന്നുണ്ട്. ചുമ കാരണം നെഞ്ചിൻകൂടിൽ വേദന അനുഭവിക്കുന്നവരുണ്ട്. ചുമച്ച് തലകറക്കം വരുന്നവരുമുണ്ട്.

ചെറിയ പനിയും ജലദോഷവുമായാണ് രോഗം തുടങ്ങുന്നത്. പനി മാറിയാലും പലരിലും ചുമയും ശ്വാസംമുട്ടലും വലിവും മാറാതെ നിൽക്കുകയാണ്. ആസ്ത്മയുള്ളവരിൽ സ്ഥിതി വഷളാവുന്നു. മറ്റു ചിലരിൽ ആസ്ത്മയ്ക്ക് സമാന ലക്ഷണങ്ങളും ഉണ്ടാകുന്നു.

വിവിധതരം ഇൻഫ്ലുവൻസ വൈറസ്, പാര ഇൻഫ്ലുവൻസ വൈറസ്, റെസ്പിരേറ്ററി സിൻസീഷ്യൽ വൈറസ്, അഡിനോ വൈറസ് എന്നിവയെല്ലാം രോഗകാരണമാവുന്നു. വൈറസ്ബാധ ശ്വാസനാളികളുടെ നീർക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു. അതുമൂലമുണ്ടാകുന്ന ബ്രോങ്കൈറ്റിസ്, ഫാരിൻജൈറ്റിസ്, ബ്രോങ്കിയോലൈറ്റിസ് എന്നിവയൊക്കെ വിട്ടുമാറാത്ത ചുമയ്ക്ക് കാരണമാവാം.

ഡോക്ടറുടെ നിർദേശമില്ലാതെ ചുമ മരുന്നുകൾ വാങ്ങിക്കഴിക്കരുത്. വൈറസ് രോഗമായതിനാൽ ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല. പൊടിപടലങ്ങളിൽനിന്ന്‌ മാറിനിൽക്കണം.

മാസങ്ങളായിട്ടും ചുമ മാറാതെ അനവധി രോഗികൾ എത്തുന്നുണ്ട്. പിടിച്ചുനിർത്താൻ കഴിയാത്ത ചുമ ആളുകളെ വല്ലാത്ത ബുദ്ധിമുട്ടിലാക്കുന്നു. വൈറസ്ബാധ ആസ്ത്മ വഷളാകാനും ആസ്ത്മ ഇല്ലാത്തവരിൽ സമാന ലക്ഷണങ്ങൾ വരാനും വഴിയൊരുക്കുന്നു.

എടവണ്ണപ്പാറയിലെ പതിനേഴുകാരിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി അദ്ധ്യാപകൻ. കരാട്ടെ മാസ്റ്ററിൽ നിന്ന് പീഡനം നേരിട്ടതിനെത്തുടർന്ന് പെൺകുട്ടി കടുത്ത മാനസിക പ്രയാസത്തിലായിരുന്നെങ്കിലും ഇതിനെ അതിജീവിച്ച് പരാതിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായി അദ്ധ്യാപകൻ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

പരാതിയുമായി മുന്നോട്ടുപോകുമെന്ന് കഴിഞ്ഞ ആറാം തീയതി പെൺകുട്ടി വാട്സാപ്പിൽ മെസേജ് ചെയ്തിരുന്നു. ഇത്രയും ആത്മവിശ്വാസം പ്രകടിപ്പിച്ച വിദ്യാർത്ഥിനി ജീവനൊടുക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അദ്ധ്യാപകൻ സിദ്ധിഖ് അലി കരാട്ടെ ക്ലാസിനിടെ നിരന്തര പീഡനത്തിന് ഇരയാക്കിയെന്ന് കഴിഞ്ഞ ദിവസം മുൻ വിദ്യാർത്ഥിനി വെളിപ്പെടുത്തിയിരുന്നു. പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് അദ്ധ്യാപകൻ ദേഹത്ത് സ്പർശിക്കാറുണ്ടെന്നും പെൺകുട്ടി പറഞ്ഞിരുന്നു.

എട്ട് വയസ് മുതലുള്ള കുട്ടികളെയാണ് സ്ഥാപനത്തിൽ വച്ച് ഉപദ്രവിക്കുന്നത്. പീഡനം അസഹനീയമായപ്പോൾ പരിശീലനം മതിയാക്കി, അദ്ധ്യാപകനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് സിദ്ധിഖ് അലിയുടെ ഭീഷണിപ്പെടുത്തലിനെ തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നുവെന്നായിരുന്നു മുൻ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ.

ചാലിയാർ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ആറിന് കാണാതായ കുട്ടിയെ രാത്രി എട്ടോടെ ചാലിയാർ പുഴയിൽ അധികം വെള്ളമില്ലാത്ത ഭാഗത്ത് കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ മേൽവസ്ത്രം ഉണ്ടായിരുന്നില്ല.

കഴിഞ്ഞദിവസം ചാലിയാർ മുട്ടുങ്ങൽ കടവിൽ നടത്തിയ തെരച്ചിലിൽ മൃതദേഹം കിടന്നിരുന്നതിന് സമീപത്ത് പെൺകുട്ടിയുടെ ചുരിദാർ ടോപ്പും ഷാളും കണ്ടെത്തിയിരുന്നു. സംഭവം നടന്ന ദിവസം അപരിചിതരായ രണ്ടു പേരെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. ചിലർ ഇവരുടെ അടുത്തേക്ക് ചെന്നപ്പോൾ മുഖം നൽകാതെ ബൈക്കോടിച്ച് പോയെന്നായിരുന്നു അയൽവാസികൾ പറഞ്ഞത്. ഈ യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്ക് മരണവുമായി ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

മദ്യപിച്ച് ബഹളംവെച്ചതിന് കസ്റ്റഡിയില്‍ എടുത്ത യുവാവ് പോലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരിക്കേല്‍പിച്ചു. റാന്നി താലൂക്ക് ആശുപത്രിയിലാണ് സംഭവം. റാന്നി സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ശ്രീജിത്തിനെയാണ് പ്രതി അജീഷ് ബാലന്‍(34) കടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അക്രമം.

മദ്യപിച്ച് ബഹളം വയ്ക്കുന്നുവെന്ന് നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ, സ്റ്റേഷനിലേക്കുള്ള യാത്രയിലും പിന്നീട് സ്റ്റേഷനിലും ഇയാള്‍ ബഹളം വച്ചു.

രാവിലെ വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ അജീഷ് ഡോക്ടറെ അസഭ്യം വിളിച്ചു. ഇതോടെ അക്രമസാധ്യത കണക്കിലെടുത്താണ് പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ചുവച്ചത്. ഇതിനിടയിലാണ്, കൈ പിടിച്ചിരുന്ന ശ്രീജിത്തിനെ പ്രതി കടിച്ചത്.

മദ്യപിച്ച് ബഹളംവെച്ചത് കൂടാതെ, പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചുവെന്ന വകുപ്പും അജീഷിനെതിരേ പോലീസ് ചുമത്തിയിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

ഏഴുവയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് എട്ടുവർഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുന്നയൂര്‍ക്കുളം പാപ്പാളി ബീച്ചില്‍ കണ്ണൊത്തു വീട്ടില്‍ അനീഷിനെയാണ് (31) കുന്നംകുളം അതിവേഗ പോക്‌സോ പ്രത്യേക കോടതി ജഡജ് എസ്. ലിഷ ശിക്ഷിച്ചത്.

2022-ലാണ് കേസിനാസ്പദമായ സംഭവം. അനീഷ് നടത്തിയ അതിക്രമം കുട്ടി വീട്ടില്‍ പറയുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ വടക്കേക്കാട് പോലീസാണ് കേസെടുത്തത്. എസ്.ഐ. പി.ആര്‍. രാജീവ്, ആര്‍.പി. സുജിത്ത്, എസ്.സി.പി.ഒ. ബിന്ദു എന്നിവരാണ് കേസ് അന്വേഷിച്ചത്.

കേസില്‍ 17 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ് ഹാജരായി. അഭിഭാഷകരായ അശ്വതി, രഞ്ജിക കെ. ചന്ദ്രന്‍, സി.പി.ഒ. രതീഷ് എന്നിവര്‍ സഹായികളായി.

സി.പി.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനെ കൊലപ്പെടുത്തിയതിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് സൂചന. കൊലപാതകം സംബന്ധിച്ച് രാഷ്ട്രീയാരോപണത്തിന് സി.പി.എം. മുതിർന്നിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഏതെങ്കിലും രാഷ്ട്രീയസംഘടനയ്ക്ക് പങ്കുണ്ടെന്നോ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നോ പറയുന്നില്ലെന്ന് സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനൻ പ്രസ്താവനയിൽ പറഞ്ഞു.

കീഴടങ്ങിയ പ്രതി പെരുവട്ടൂർ പുറത്തോന അഭിലാഷി (30)നെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഉത്തരമേഖലാ ഐ.ജി. സേതുരാമൻ ഉൾപ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥർ വ്യാഴാഴ്ച അർധരാത്രിയോടെ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവർ പ്രതിയെ ചോദ്യംചെയ്യുന്നതായാണ് വിവരം.

പെരുവട്ടൂരിനും മുത്താമ്പിക്കും ഇടയിലുള്ള ചെറിയപ്പുറം പരദേവതാ ക്ഷേത്രോത്സവത്തിനിടയിൽ ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണം. ആൾക്കൂട്ടത്തിൽനിന്ന് മാറി ഗാനമേള കേൾക്കുന്നതിനിടെ അക്രമിയെത്തി പിറകിലൂടെ വെട്ടി വീഴ്ത്തുകയായിരുന്നു. ഗാനമേളയിലെ ശബ്ദംകാരണം അക്രമം നടന്നത് ജനങ്ങൾ പെട്ടെന്ന് അറിഞ്ഞിരുന്നില്ല. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്ഷേത്രത്തിലെ സി.സി.ടി.വി.യിൽ അക്രമംനടന്ന കുറച്ചുഭാഗം പതിഞ്ഞതായി അറിയുന്നു. സി.സി.ടി.വി.യുള്ള മുറി പോലീസ് പൂട്ടി സീൽചെയ്തു. കൊയിലാണ്ടി സി.ഐ. മെൽവിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.

സംഘർഷം വ്യാപിക്കാതിരിക്കാൻ എല്ലാ ജാഗ്രതയും പുലർത്തുന്നതായി പോലീസ് അറിയിച്ചു. സ്ഥലത്തേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ, മുൻ എം.എൽ.എ. എ.പ്രദീപ്കുമാർ തുടങ്ങിയ നേതാക്കൾ വിവരമറിഞ്ഞ് കൊയിലാണ്ടിയിലെത്തി. നാടിനുവേണ്ടി നിരന്തരം പ്രവർത്തിക്കുന്ന വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ആണ്‍ കുഞ്ഞ് ജനിക്കാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ട രീതി എഴുതി തയാറാക്കി വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ കൈമാറിയ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍ ‘ കൊല്ലം സ്വദേശിനിയായ 39 കാരിയാണ് ഹര്‍ജി നല്‍കിരിക്കുന്നത്.

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം വിലക്കുന്ന നിയമ പ്രകാരം നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാറിന്റെ വിശദീകരണം തേടി.

2012 ഏപ്രില്‍ 12 നായിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി ഹര്‍ജിക്കാരിയുടെ വിവാഹം. ഇംഗ്ലീഷ് മാസികയില്‍ വന്ന കുറിപ്പ് മലയാളത്തിലാക്കി അന്ന് വൈകിട്ട് ഭര്‍ത്താവും മാതാപിതാക്കളും കൂടി തനിക്ക് നല്‍കി. ഇത് തയാറാക്കിയത് ഭര്‍ത്താവിന്റെ പിതാവാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടും ഹര്‍ജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

ഭര്‍ത്താവുമൊന്നിച്ച്‌ ലണ്ടനില്‍ താമസിച്ചു വരുമ്പോള്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഹര്‍ജിക്കാരി നാട്ടിലേക്ക് മടങ്ങി. 2014 ല്‍ പെണ്‍കുട്ടി ജനിച്ചതോടെ ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും ഉപദ്രവം വര്‍ധിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

RECENT POSTS
Copyright © . All rights reserved