Latest News

കാരൂർ സോമൻ

കൊച്ചി തൃപ്പുണിത്തറയിൽ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി.ജയൻ അന്തരിച്ചു (90). ലോകമെങ്ങും സംഗീത കച്ചേരികൾ നടത്തി സിനിമയിലും മികച്ച ഗാനങ്ങൾ സമ്മാനിച്ച ജയന്റെ വേർപാട് സംഗീത പ്രേമികൾക്ക് ഒരു തീരാനഷ്ടം തന്നെ. ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത് ലണ്ടനിലെ മലയാള സാഹിത്യവേദിയിൽ വെച്ചാണ്. സംഗീത കച്ചേരിക്കൊപ്പം എന്നെ ആദരിക്കുന്ന ഒരു ചടങ്ങ് കുടിയായിരിന്നു. ജയവിജയ സഹോദരങ്ങൾ നട്ടുവളർത്തിയ സംഗീതം ജനങ്ങളുടെയിടയിൽ മാത്രമല്ല അനക്ഷര മനസ്സിൽപോലും സ്ഥാനം പിടിച്ചു. മാനുഷ സത്തയുടെ സംഗീത സദസ്സിൽ ലോകമെങ്ങും അദ്ദേഹം സംഗീതത്തെ പാടിപുകഴ്ത്തി. ആ താള സ്വര ഈരടികൾ സംഗീതത്തിന് പുതുജീവൻ നൽകി. ഇവരുടെ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ നിറഞ്ഞു തുളുമ്പുന്നത് ഈശ്വര ചൈതന്യമാണ്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി സംഗീത കച്ചേരികളിൽ മനസ്സിന്റെ അടിത്തട്ടിൽ തട്ടുംവിധം സംഗീതത്തിന്റെ തീഷ്ണതയും സൂഷ്മതയും ചോർന്നുപോകാതെ സംഗീതത്തെ അവർ സവിശേഷമാക്കിയാണ് വിടപറഞ്ഞത്.

ഇരട്ട സഹോദരനായ വിജയനൊപ്പം കർണാട സംഗീതത്തിലും, ഗാനമേളകളിലും ശാസ്ത്രീയ ഗാന രംഗത്തും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിനിമയിലും അവരുടെ സാന്നിധ്യം കണ്ടു. നിറകുടം, തെരുവുഗീതം, സ്‌നേഹം ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്.

കാരാപ്പുഴ ഗവ.എൽ പി സ്കൂൾ അധ്യാപക ജോലി ഉപേക്ഷിച്ചിട്ടാണ് സംഗീത ലോകത്തേക്ക് കടന്നു വന്നത്. ആർ.ശങ്കറും എൻ.എൻ.എസ്.ആചാര്യൻ മന്നത്തുപത്മനാഭനും ജയവിജയന്മാരുടെ അമ്പലത്തിൽ നടക്കുന്ന ഈശ്വര പ്രാത്ഥനയിൽ ആകർഷകരായിരിന്നു. അവരുടെ നിർബന്ധമാണ് തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽ നിന്ന് ഗണനഭൂഷണം ഒന്നാം ക്ലാസോടെ പാസ്സായി. ഉപരിപഠനം നടത്തിയത് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്റെ സ്കോളർഷിപ്പിലായിരിന്നു. കേരള സംഗീത നാടക അക്കാദമി, ഹരിവരാസനം തുടങ്ങി പല പുരസ്‍കാരങ്ങളും നേടിയിട്ടുണ്ട്. ജയൻ അയ്യപ്പ ഗാനങ്ങൾ പാടുക മാത്രമല്ല സംഗീത സംവിധാനവും നൽകി സംഗീതപ്രേമികളുടെ ഇഷ്ട താരങ്ങളായി. ശബരിമല നട തുറന്നാൽ ആദ്യം കേൾക്കുക ഇവരുടെ പാട്ടാണ് “ശ്രീകോവിൽ നട തുറന്നു” . മലയാളത്തിൽ മാത്രമല്ല തമിഴ് ചിത്രങ്ങൾക്കും ഈ ഇരട്ട സഹോദരങ്ങൾ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. പരേതയായ വി.കെ.സരോജിനി (സ്കൂൾ അധ്യാപിക) ഭാര്യ, മക്കൾ ബിജു കെ.ജയൻ, നടൻ മനോജ് കെ.ജയൻ. മരുമക്കൾ പ്രിയ ബിജു, ആശ മനോജ്.

ലണ്ടൻ മലയാളി കൗൺസിൽ പ്രസിഡന്റ് സണ്ണി പത്തനംതിട്ടയും ലണ്ടൻ മലയാള സാഹിത്യവേദി കോർഡിനേറ്റർ റജി നന്തികാട്ട് ജയന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ചു.

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരുമാസത്തോളം നീണ്ട കാടിളക്കിയുള്ള പ്രചാരണത്തിനൊടുവിൽ കലാശക്കൊട്ട് അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ. വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ അവസാനവട്ട കണക്ക് കൂട്ടലുകളിലാണ് സ്ഥാനാർഥികൾ. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടത്തിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനവും കേരളമാണ്.

ഇന്ന് വൈകുന്നേരം ആറുമണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക. അവസാന 48 മണിക്കൂറിൽ നിശ്ശബ്ദപ്രചാരണത്തിന് മാത്രമാണ് അനുവാദമുള്ളത്. നിശബ്ദ പ്രചാരണത്തിന് മാത്രം അനുവാദമുള്ള സമയങ്ങളിൽ നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി മദ്യവിതരണം, സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, പണംകൈമാറ്റം തുടങ്ങിയ നിയമവിരുദ്ധ ഇടപെടലുകൾ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള അവസാന 48 മണിക്കൂറുകളില്‍ മദ്യനിരോധനവും ഏർപ്പെടുത്തും. ഈ സമയങ്ങളിൽ മദ്യവിതരണത്തിനും വിൽപ്പനയ്ക്കും നിരോധനമുണ്ട്.

വാക്പോരും നിയമ പോരാട്ടവുമൊക്കെയായി കൊണ്ടും കൊടുത്തും മുന്നേറിയ വാശിയേറിയ പ്രചാരണത്തിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്. പ്രചാരണ രംഗത്തെ ഒരു മാസക്കാലം കണ്ട ശക്തി പ്രകടനത്തിൻ്റെ അവസാന വട്ട മാറ്റുരക്കൽ വേദിയായി ഇന്നത്തെ കലാശക്കൊട്ട് മാറും. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലെ കൊട്ടിക്കലാശം മുന്നണികളുടെ ബലാബലത്തിൻ്റെ പരീക്ഷണം കൂടിയായി മാറും. നാളെ നിശബ്ദ പ്രചരണത്തിന്റെ ദിനമാണ്. കാടിളക്കിയുള്ള പ്രചാരണത്തിന് കൊടിയിറങ്ങുമ്പോൾ മുന്നണികള്‍ക്ക് ആത്മവിശ്വാസത്തിനൊപ്പം ആശങ്കയും ബാക്കിയാണ്.

ഒന്നരമാസത്തിനിടെ മാറിമറിഞ്ഞ പ്രചരണ വിഷയങ്ങളിൽ വോട്ടർമാരെ സ്വാധീനിച്ചത് എന്തൊക്കെയെന്നത് ഏറെ പ്രധാനം. വെള്ളിയാഴ്ച സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ പ്രവചനാതീതമായ അടിയൊഴുക്കുകൾ തന്നെയാകും തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാവുക. ആ സസ്പെൻസ് ത്രില്ലറിനായി ജൂൺ നാല് വരെ കാത്തിരിക്കുകയും വേണം.

കേരളമടക്കം 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ്. 1206 സ്ഥാനാർത്ഥികൾ രണ്ടാം ഘട്ടത്തിൽ മത്സരിക്കും. കേരളത്തിലെ 20 മണ്ഡലങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം മണ്ഡലങ്ങളിൽ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് കർണാടകയിലാണ്. കർണാടകയിലെ 14 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ബിഹാറിലെ പൂർണിയ, ഉത്തർ പ്രദേശിലെ മഥുര, ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ്, രാജസ്ഥാനിലെ ജോദ്പൂർ എന്നിവ പ്രധാന മണ്ഡലങ്ങളാണ്. വാശിയേറിയ പ്രചാരണം നടന്ന മണ്ഡലങ്ങളിൽ ശുഭപ്രതീക്ഷയിലാണ് പാർട്ടികൾ.

എല്ലാമാസവും ഒന്നിനുള്ള മദ്യനിരോധനമായ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. ബിവറേജ് വിൽപ്പനശാലകൾ ലേലംചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്. സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞമാസം വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. ഇങ്ങനെ വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് യോഗം വിലയിരുത്തി. കൂടാതെ, ഇത് ദേശീയ-അന്തർദേശീയ കോൺഫറൻസുകളിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഈ നിർദേശത്തെക്കുറിച്ച് കുറിപ്പ് സമർപ്പിക്കണമെന്നാണ് നിർദേശം. ഇതിന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മൈക്രോ വൈനറികൾ പ്രോത്സാഹിപ്പിക്കും. മസാലചേർത്ത വൈനുകൾ ഉൾപ്പെടെയുള്ളവ തയ്യാറാക്കാനുള്ള സാധ്യതകളും പരിശോധിക്കും. നിർദേശങ്ങൾ സമർപ്പിക്കാൻ കൃഷിവകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാനവർധനയ്ക്കുള്ള ശുപാർശകളിൽ വീഞ്ഞുനിർമാണം പ്രോത്സാഹിപ്പിക്കാൻ പിന്തുണ നൽകണമെന്നാണ് നിർദേശം. ഹോർട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും ഉത്‌പാദനം പ്രോത്സാഹിപ്പിക്കും.

കയറ്റുമതിക്കും ചില്ലറ വിൽപ്പനവിപണികൾക്കുമായി മധുരപലഹാരങ്ങളും കേക്കുകളും നിർമിക്കാൻ ഉപയോഗിക്കുന്ന മദ്യഉത്‌പന്നങ്ങൾക്കും പ്രോത്സാഹനം നൽകും. കയറ്റുമതിക്കായി മദ്യം ലേബൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ദേശീയ, അന്തർദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനഃപരിശോധിക്കാനും നിർദേശമുണ്ട്.

നികുതിവരുമാനം കൂട്ടാൻ നിശ്ചിതയെണ്ണം ചില്ലറ മദ്യവിൽപ്പനശാലകളുടെ നടത്തിപ്പ് ലേലംചെയ്യാനുള്ള സാധ്യതയും പരിശോധിക്കും.

മറ്റു നിർദേശങ്ങൾ

* വ്യവസായസ്ഥാപനങ്ങൾ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ഇൻസെന്റീവ് ഏർപ്പെടുത്തുക.

* തേയില, കാപ്പി തുടങ്ങിയ വിളകളുടെ ഉത്‌പാദനക്ഷമത ഉയർത്താൻ ശാസ്ത്രീയപഠനം

* പൊതുമേഖലാസ്ഥാപനങ്ങളുടെ ഉപയോഗിക്കാത്ത ഭൂമി ഫലപ്രദമായ പദ്ധതികൾക്ക് ഉപയോഗിക്കുക

* കൂടുതൽ വ്യവസായശാലകൾക്ക് ഇടമൊരുക്കാൻ വ്യവസായ എസ്‌റ്റേറ്റുകളിൽ ബഹുനിലസൗകര്യമൊരുക്കുക

* വിവിധവകുപ്പുകളുടെ കീഴിൽ സമാന ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും സൊസൈറ്റികളെയും ലയിപ്പിക്കുക

* നികുതിചോർച്ച തടയാൻ എല്ലാ സ്വർണാഭരണങ്ങൾക്കും ഹാൾമാർക്ക് ഐ.ഡി. ഉറപ്പാക്കുക

* വനഭൂമിയുടെ പാട്ടനിരക്ക് ഉയർത്തുക

* കാരുണ്യപദ്ധതിയിലൂടെയുള്ള ആനുകൂല്യം ലഭിക്കാൻ ചില ചികിത്സകളും ശസ്ത്രക്രിയയും സർക്കാർ ആശുപത്രികളിൽതന്നെ ചെയ്യണമെന്ന നിബന്ധന ഏർപ്പെടുത്തുക.

മലയാള സിനിമയുടെ നാലാമത്തെ നൂറ് കോടിയും ഇതാ എത്തിയിരിക്കുകയാണ്, അതും കാത്തിരുന്നത് പോലെ ആ നേട്ടത്തിന് ആവേശം നൽകിയ രംഗ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. ഏപ്രിൽ 11 ന് റിലീസ് ചെയ്ത ചിത്രം 12-ാം ദിവസമാണ് 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നത്. മലയാള സിനിമയ്ക്ക് ഇത് എക്കാലത്തെയും അഭിമാനനേട്ടം കൂടിയാവുകയാണ്.

ചിത്രം എല്ലാ ദിവസവും മൂന്ന് കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് അനലിസ്റ്റുകൾ പറയുന്നത്. ആഗോളതലത്തിലും സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെർഫോമൻസാണ് ചിത്രത്തിലേത്. മേക്കിങ്ങിൽ ഗംഭീരമാക്കിയ സിനിമയുടെ കാതൽ സുഷിൻ ശ്യാമിന്റെ സംഗീതമാണ്. ചിത്രത്തിലെ പാട്ടിന് തന്നെ ആരാധകരേറെയാണ്. ആവേശം വീണ്ടും തിയേറ്ററിൽ കാണാൻ പോകുന്നത് സുഷിന്റെ പാട്ടിന് ചുവട് വെയ്ക്കാനാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത്. നിര്‍മ്മാണത്തില്‍ നസ്രിയയും പങ്കാളിയാണ്. സിനിമയില്‍ ആശിഷ്, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്.

വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്ക്കും സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദനുമെതിരേ പരാതി നല്‍കി വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍.തെറ്റായ പ്രചരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കെ.കെ ശൈലജ പറഞ്ഞതോടെയാണ് പരാതിയുമായിഷാഫി മുന്നോട്ടുപോയത്.

ഏപ്രില്‍ 16-ന് കെ.കെ ശൈലജ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്റെ അശ്ലീല വീഡിയോ പ്രചരിക്കുന്നുണ്ടെന്നാണ് ആരോപിച്ചത്. ഈ വീഡിയോകളും ഫോട്ടോകളും വോട്ടര്‍മാരെ പ്രത്യേകിച്ച് മുസ്ലിം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പറഞ്ഞിരുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയും അനുയായികളും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമാണെന്നും അവര്‍ പറഞ്ഞു. എംവി ഗോവിന്ദന്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് വടകര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നാണ് പറഞ്ഞത്. ആരോപണങ്ങള്‍ നിഷേധിക്കുകയും അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും 24-മണിക്കൂറിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും അറിയിച്ച് വക്കില്‍ നോട്ടീസ് അയച്ചു. എന്നാല്‍ ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് അവര്‍ പ്രതികരിച്ചത്.

ഇത് എതിര്‍ സ്ഥാനാര്‍ഥിയ്‌ക്കെതിരേ വ്യാജപ്രചാരണം നടത്തിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ടത്തിന്റെ ലംഘനം മാത്രമല്ലെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള കുറ്റകൃത്യമാണെന്നുമാണ് ഷാഫി പരാതിയില്‍ പറയുന്നത്.

മെട്രിസ് ഫിലിപ്പ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം “ഇന്ത്യ”. വിവിധ ജാതി മത വർഗ്ഗ വർണ്ണ ഭാഷ സംസ്കാരം ഉള്ള രാജ്യം. സ്വന്തമായി എഴുതി തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടന ഉള്ള രാജ്യം. വിവിധ സംസ്ഥാനങ്ങളാൽ കോർത്തിണങ്ങി കിടക്കുന്ന, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ, നമ്മുടെ ഭാരതം തിരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തി കഴിഞ്ഞു. 543 പേരടങ്ങുന്ന ലോക് സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ചു കഴിഞ്ഞു. ലോകത്തിൽ ഇത്രയധികം രാക്ഷ്ട്രീയ പാർട്ടികൾ ഉള്ളത്, ഇന്ത്യയിൽ മാത്രം ആയിരിക്കും. ചെറുതും വലുതും പാരമ്പര്യവും ഉള്ള രാഷ്ട്രിയ പാർട്ടികൾ, തങ്ങളുടെ നേതാക്കളെ മുന്നിൽ നിർത്തിയുള്ള പ്രചരണങ്ങളുടെ അവസാന ലാപ്പിലേക്ക് എത്തി കൊണ്ടിരിക്കുന്നു. ഭരിച്ചു കൊണ്ടിരിക്കുന്നവർ അവരുടെ ഭരണം നേട്ടത്തെക്കാൾ എതിർ പാർട്ടികളുടെ കുടുംബ പാരമ്പര്യങ്ങളെ ഇല്ലാതാകുവാൻ വേണ്ടിയുള്ള പ്രചരണങ്ങൾ അതിന്റെ ഉച്ചസ്ഥയിൽ എത്തിച്ചിരിക്കുന്നു.

ഈ തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യം ഏറിയതാണ്. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. എല്ലാ മതങ്ങൾക്കും അതിന്റെതായ പ്രാധാന്യം ഉണ്ട്. എല്ലാ മതങ്ങൾക്കും തുല്യ പരിഗണന നൽകി മുന്നോട്ട് പോയാലെ രാജ്യത്തിൽ സമാധാനം ഉണ്ടാകു. എന്റെ മതം മാത്രം മതി ഈ രാജ്യത്ത് എന്ന് പറഞ്ഞുകൊണ്ട് പ്രചാരണം അഴിച്ചു വിടുന്ന നേതാക്കൾക്ക്, ചില താൽപ്പര്യങ്ങൾ ഉണ്ടോ എന്ന് മറ്റുള്ളവർ ചിന്തിച്ചാൽ അതിനെ കുറ്റം പറയുവാൻ പറ്റുമോ. ഇന്ത്യയിൽ നിന്നും ഒരു മതത്തെയും പുറത്താക്കുവാൻ സാധിക്കില്ല. അത്രയധികം പ്രാധാന്യത്തോടെ ഓരോ മതങ്ങളെ കുറിച്ചും, അവയുടെ സംരക്ഷണത്തേ കുറിച്ചും വ്യക്തമായി ഭരണഘടനയിൽ എഴുതി വെച്ചിട്ടുണ്ട്. ഇനി അവ തിരുത്തി എഴുതി മുന്നോട്ട് പോകുവാൻ സാധിക്കുമോ എന്ന് പറയുവാൻ പറ്റുകയില്ല.

ജനാധിപത്യ പ്രക്രിയയിൽ, വോട്ട് ചെയ്യുക എന്നത് ഒരു വ്യക്തിയുടെ കടമയാണ്, അവകാശമാണ്. അതുകൊണ്ട് തന്നെ നിലവിൽ,വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള എല്ലാവരും 26ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ, രാവിലെ തന്നെ പോയി വോട്ട് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ലിസ്റ്റിൽ പേരുണ്ടായിട്ടും, വോട്ട് ചെയ്യുവാൻ സാധിക്കാത്ത, ലക്ഷകണക്കിന് പ്രവാസികൾ ഉണ്ട്, എന്ന് നമ്മൾ മനസിലാക്കേണ്ടിയിരിക്കുന്നു. വരിവരിയായി, വോട്ടർ ID യുമായി നിന്ന്, ബൂത്തിനുള്ളിൽ, പ്രവേശിച്ചു,പേരും ചിഹ്നവും, നോക്കി ഉറപ്പ് വരുത്തി കൃത്യമായി വോട്ട് ചെയ്യുക. നോട്ടക്ക് കുത്തി വോട്ട് പാഴാക്കരുത്. നിങ്ങൾക്ക് ഇഷ്ടം ഉള്ള ആർക്കും പേടിയില്ലാതെ വോട്ട് ചെയ്യുക. കാരണം, വോട്ട് ചെയ്യാൻ സാധിക്കാത്ത പ്രവാസികൾ ഉണ്ട് എന്ന് ഓർമ്മിക്കുക. കള്ള വോട്ട് ചെയ്യാൻ വരുന്നവരെ പിടിച്ചു പോലീസിൽ ഏൽപ്പിക്കുക. അങ്ങനെ, ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗഭാക്കാകുവാൻ ആശംസിക്കുന്നു. വിജയം ആർക്കായാലും, അവർ വഴി രാജ്യത്തിന്റെ ഉയർച്ചക്ക്, നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ടി അവർ പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കാം. ഒരു നല്ല നാളേക്ക് വേണ്ടി കരുതലോടെ വോട്ട് ചെയ്യാം.
ആശംസകൾ…

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.  കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore

മുൻ ഇടത് എം.പി.യും നടനുമായിരുന്ന ഇന്നസെന്റിനൊപ്പമുള്ള ചിത്രവുമായി എൻ.ഡി.എ. സ്ഥാനാർഥി സുരേഷ്ഗോപിയുടെ പ്രചാരണ ബോര്‍ഡ്. സംഭവത്തില്‍ എല്‍.ഡി.എഫ്. ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി കളക്ടർക്ക് പരാതി നൽകി. ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. ബസ്സ്‌ സ്‌റ്റാന്റ് എ.കെ.പി. റോഡിനടുത്ത് സ്ഥാപിച്ച ബോർഡുകൾ വിവാദമായതോടെ എൻ.ഡി.എ.നേതൃത്വം ഇടപെട്ട് നീക്കംചെയ്യിച്ചു.

ഒരുമാസംമുമ്പ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സുനില്‍കുമാറിന്റെ ഇന്നസെന്റിനൊപ്പമുള്ള ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരുന്നു. പിന്നീടാണ് തൊട്ടപ്പുറത്ത് അതിലും വലുപ്പത്തില്‍ ഇന്നസെന്റും സുരേഷ് ഗോപിയുംകൂടി നില്‍ക്കുന്ന ബോര്‍ഡ് എന്‍.ഡി.എ. സ്ഥാപിച്ചത്. കൂടല്‍മാണിക്യം ഉത്സവ ആശംസകളോടെ എന്നെഴുതിയ ബോര്‍ഡിൽ ‘എല്ലാത്തിനുമപ്പുറം സൗഹൃദം’ എന്നും എഴുതിയിരുന്നു.

ചാലക്കുടി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ്. എം.പി.യും ഇടതു സഹയാത്രികനുമായിരുന്നു ഇന്നസെന്റ്. ഒരു സിനിമാനടനെന്നനിലയില്‍ ബോര്‍ഡുവെക്കുന്നതുകൊണ്ട് തെറ്റില്ലെന്നും എന്നാല്‍, എല്‍.ഡി.എഫ്. നേതാവും എം.പി.യുമായിരുന്ന ഇന്നസെന്റിന്റെ ചിത്രംവെച്ച് വോട്ടുതേടുന്നത് ശരിയല്ലെന്നും എല്‍.ഡി.എഫ്. പ്രതികരിച്ചു.

അനുമതിയില്ലാതെയാണ് ചിത്രം സ്ഥാപിച്ചതെന്ന് ഇന്നസെന്റിന്റെ കുടുബം പറഞ്ഞു.‌ സുരേഷ് ഗോപിയുടെ ബോര്‍ഡിന്റെ കാര്യത്തില്‍ ഇടതുമുന്നണിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കുടുംബം വ്യക്തമാക്കി. അനുവാദത്തോടെയാണ് സുനില്‍കുമാറുമൊത്തുള്ള ബോര്‍ഡ് സ്ഥാപിച്ചതെന്നും അവർ വ്യക്തമാക്കി.

അതേസമയം, സുരേഷ്ഗോപിയും ഇന്നസെന്റും തമ്മിലുള്ള സൗഹൃദം അടയാളപ്പെടുത്താന്‍വെച്ച ബോര്‍ഡുകളാണവയെന്ന് എന്‍.ഡി.എ. പ്രതികരിച്ചു.

കളരി പഠിക്കാനെത്തിയ 9 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പരിശീലകന് 64 വർഷം തടവും 2.85 ലക്ഷം രൂപ പിഴയും. എരൂർ എസ്എംപി കോളനിയിൽ താമസിക്കുന്ന എംബി സെൽവരാജിനാണ് ശിക്ഷ.

എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിച്ചത്. പോക്സോ, ബലാത്സം​ഗം തുടങ്ങി ശെൽവരാജിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.

സ്വയം പ്രതിരോധത്തിനായി കളരി അഭ്യസിക്കാനാണ് മാതാപിതാക്കൾ കുട്ടിയെ കളരിയിൽ ചേർത്തത്. 2016 ഓ​ഗസ്റ്റ് മുതൽ 2018 ഓ​ഗസ്റ്റ് വരെ സെൽവരാജൻ കുട്ടിയെ പല തവണ പീഡിപ്പിച്ചു. ഫോണിൽ അശ്ലീല വീഡിയോകൾ കുട്ടിയെ കാണിച്ച കുറ്റവും തെളിഞ്ഞിട്ടുണ്ട്.

എരൂരിൽ പ്രതി നടത്തിയ കളരി പരിശീലന കേന്ദ്രത്തിൽ വച്ചായിരുന്നു പീഡനം. വിവരമറിഞ്ഞ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതിരമ്പുഴ : എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ആനമല ജംഗ്ഷന് സമീപമുള്ള പൂവന്നികുന്നേൽ അപ്പച്ചന്റെ ഭവനത്തിൽ നടത്തിയ കുടുംബസംഗമം കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്കുട്ടി അഗസ്തി ഉദ്ഘാടനം ചെയ്തു.

കോട്ടമുറി ജംഗ്ഷൻ മുതൽ ആനമല ജംഗ്ഷൻ വരെ എൽ ഡി എഫ് നേതാക്കളുടെ നേതൃത്വത്തിൽ ഭവനസന്ദർശനം നടത്തിയതിന് ശേഷമാണ് കുടുംബസംഗമം ആരംഭിച്ചത്. 22, 23, 24 ലെ ബൂത്തുകളിലെ എൽ ഡി എഫ് കുടുംബങ്ങളിൽ നിന്നായി 200 ഓളം പ്രവർത്തകർ പങ്കെടുത്തു. സി പി ഐ എം ലോക്കൽ സെക്രട്ടറി പി. എൻ സാബു അദ്ധ്യക്ഷത വഹിച്ചു. എൽ ഡി ഫ് നേതാക്കളായ ജോസ് ഇടവഴിക്കൽ, ബെന്നി തടത്തിൽ, സിനി ജോർജ് കുളംകുത്തിയിൽ, നെറ്റോ, സി. ജെ. മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.

കുണ്ടായിത്തോട്ടിൽ ട്രെയിൻ ഇടിച്ച് അമ്മയും മകളും മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി ചാലിൽവീട്ടിൽ നസീമ (43), ഫാത്തിമ നെഹല (15) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ഏകദേശം അഞ്ചുമണിയോടെയാണ് സംഭവം. കുണ്ടായിത്തോട്ടിൽ ഒരു വിവാഹ സർക്കാരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. കൊല്ലേരിപ്പാറ ഭാ​ഗത്തുവെച്ച് പാളം മുറിച്ചുകടക്കാനായി ഇറങ്ങവെ കൊച്ചുവേളി- സമ്പർക് ക്രാന്തി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.

വളവ് ആയതിനാൽ ട്രെയിൻ വരുന്നത് കണ്ടില്ലെന്നാണ് വിവരം. നിസാറാണ് നസീമയുടെ ഭർത്താവ്.

Copyright © . All rights reserved