Latest News

മലയാളിയുടെ പ്രിയപ്പെട്ട മണിച്ചേട്ടന്റെ അൻപതാം ജന്മദിനമാണിന്ന്. മറ്റൊരു നടന്റെ വിയോഗത്തിലും കേരളം ഇത്രമാത്രം കണ്ണീരണിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളത്തിൽ ഒരു നടനും കിട്ടാത്ത വിടവാങ്ങലിനാണ് 2016ൽ കേരളം സാക്ഷ്യം വഹിച്ചത്. പുതുവർഷദിനത്തിൽ ജനിച്ച മണിയുടെ പിറന്നാൾ എന്നും ആരാധകർക്ക് ആഘോഷമാണ്.

കലാഭവൻ മണിയുടെ ആരാധകർക്കായി മാഷപ്പ് വിഡിയോയുമായി എത്തിയിരിക്കുകയാണ് ലിന്റോ കുര്യൻ. മണിയുടെ ജീവിതത്തിലെ ആദ്യകാലഘട്ടം മുതൽ ജീവിതാവസാനം വരെയുള്ള നിമിഷങ്ങൾ ലിന്റോ വിഡിയോയിലൂടെ കൊണ്ടുവരുന്നു.ആറു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ മണിയുടെ ആരാധകരെ മാത്രമല്ല മലയാള സിനിമാ പ്രേമികളെയും കണ്ണീരിലാഴ്ത്തും. മലയാളത്തിന്റെ എക്കാലത്തെയും വലിയ നഷ്ടമായിരുന്നു മണിയുടെ വിടവാങ്ങൽ. വിഡിയോ കാണാം.

പെരുമ്പാവൂരിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്ത സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. പതിവായി പാല്‍ നല്‍കിയിരുന്ന അയല്‍പക്കത്തെ വീടിന്റെ മതിലില്‍ രണ്ട് കുറിപ്പുകളാണ് മരിക്കുന്നതിനു മുന്‍പ് ബിജു എഴുതിവച്ചിരുന്നത്.

ഒന്ന് അയല്‍പക്കത്തെ വീട്ടമ്മയ്ക്കും മറ്റൊന്ന് എസ്.എന്‍.ഡി.പി. ശാഖാ സെക്രട്ടറിക്കും. കത്തുകളിലൊന്നില്‍ അമ്പിളിയുടെ താലിയും മകള്‍ ആദിത്യയുടെ രണ്ട് കമ്മലുകളും പൊതിഞ്ഞു വച്ചിരുന്നു. ‘ഞങ്ങള്‍ പോവുകയാണ്’ എന്നും ‘ശവസംസ്‌കാരത്തിനുള്ള പണം സ്വര്‍ണം വിറ്റ് ഉണ്ടാക്കണം’ എന്നും കത്തില്‍ എഴുതിയിരുന്നു.

വീടിന്റെ ഭിത്തിയില്‍ പലയിടത്തും ‘മൃതദേഹങ്ങള്‍ ആരേയും കാണിക്കരുത്’ എന്നും എഴുതിയിട്ടുണ്ട്. കിടപ്പുമുറിയില്‍ നിന്ന് ലഭിച്ച ഡയറിയില്‍ പണം നല്‍കാനുള്ളതും കിട്ടാനുള്ളതുമായ വിവരങ്ങളും ബിജു എഴുവച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ചിട്ടിനടത്തിയും പശുവിനെ വളര്‍ത്തിയും കുടുംബം പുലര്‍ത്തിയ ബിജു, കുറച്ചുകാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. ചിട്ടിയില്‍ പണമിറക്കിയവരും കടം നല്‍കിയവരും പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കുമായിരുന്നു.

31-നകം പണം തിരിച്ചുനല്‍കാമെന്ന് ബിജു പലരോടും വാക്കു പറഞ്ഞിരുന്നതായും കേള്‍ക്കുന്നു. എന്നാല്‍ പണം കൊടുക്കാന്‍ കഴിയാതെ വന്നതോടെ ജീവനൊടുക്കുകയായിരുന്നു. ബന്ധുക്കള്‍ അടുത്തുതന്നെ താമസിക്കുന്നുണ്ടെങ്കിലും ആരുമായും ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നാണ് വിവരം.

ചേലാമറ്റത്ത് എം.സി. റോഡില്‍ നിന്ന് കുന്നേക്കാട്ടു മലയിലേക്കുള്ള വഴിയാണ് ഇവരുടെ വീട്. കുടുംബം വകയായി ലഭിച്ച പത്തര സെന്റ് സ്ഥലത്ത് 10 കൊല്ലം മുന്‍പാണ് ബിജു വീടുവച്ചത്. വീടിന് പിന്നിലെ തൊഴുത്തില്‍ മൂന്ന് പശുക്കളെ വളര്‍ത്തിയിരുന്നു.

ബുധനാഴ്ച രാത്രി 11 മണി വരെ വീട്ടില്‍ വെളിച്ചമുണ്ടായിരുന്നതായി അടുത്ത് താമസിക്കുന്നവര്‍ പറഞ്ഞു. രണ്ടുദിവസം മുന്‍പ് അടുത്ത് താമസിക്കുന്ന അനുജനുമായി അതിര്‍ത്തിയില്‍ നില്‍ക്കുന്ന മാവിന്റെ ചില്ല വെട്ടുന്നതു സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഇതുസംബന്ധിച്ച് അന്വേഷിക്കുന്നതിന് ഇരുവരേയും വെള്ളിയാഴ്ച പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതായും പറയുന്നു.

മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തുജോസഫ് ചിത്രം ദൃശ്യം2 ഒടിടി റിലീസായി എത്തും. ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് പുതുവത്സര ദിനത്തിൽ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ആമസോൺ പ്രൈമിൽ ആയിരിക്കും ചിത്രത്തിന്റെ റിലീസ്.

ചിത്രത്തിന്റെ ആഗോള പ്രീമിയർ ഞങ്ങളിലൂടെ എന്ന് ആമസോൺ പ്രൈം വീഡിയോ പ്രഖ്യാപിക്കുകയും ചെയ്തു. ആരാധകർ തീയ്യേറ്ററിലെത്തി കാണാമെന്ന ആകാംക്ഷയിൽ കാത്തിരിക്കുകയായിരുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ എത്തുമെന്ന അമ്പരപ്പിക്കുന്ന പ്രഖ്യാപനത്തോടൊപ്പം മോഹൻലാലും ആമസോൺ പ്രൈം വീഡിയോയും ചേർന്ന് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.

ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 ചിത്രത്തിൽ ആദ്യഭാഗത്തിലെ താരങ്ങളോടൊപ്പം മുരളി ഗോപി, സായ്കുമാർ തുടങ്ങിയവർ കൂടി എത്തും. ദൃശ്യത്തിലെ താരങ്ങളായ മീന, സിദ്ദിഖ്, ആശ ശരത്, അൻസിബ ഹസൻ, എസ്തർ അനിൽ, എന്നിവരെല്ലാം ദൃശ്യം2വിലും ഉണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്.

‘ദൃശ്യം ഒരു തരത്തിലുള്ള ത്രില്ലർ ചിത്രമായിരുന്നു, അതിന്റെ സമയത്തിന് അത് എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു. ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ എവിടെ നിർത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വീഡിയോയുമായി സഹകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.

ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ദൃശ്ത്തിന്റെ തുടർച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം – ദൃശ്യം 2 സ്‌നേഹത്തിന്റെ അധ്വാനമാണ്. അതിനാൽ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ.’ ചിത്രത്തെക്കുറിച്ച് മോഹൻലാലിന്റെ വാക്കുകളിങ്ങനെ.

 

28 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ അഭയ കേസിലെ പ്രതികളെ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. കേസില്‍ ശിക്ഷിക്കപ്പെട്ട ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫോറന്‍സിക് വിദഗ്ധനായ കൃഷ്ണന്‍ ബാലേന്ദ്രന്‍.

അഭയ കേസിന്റെ വിധി നിര്‍ണയിച്ചത് രണ്ടു കന്യാസ്ത്രീകളുടെ ദേഹപരിശോധനയുടെ അടിസ്ഥാനത്തിലുള്ള വൈദ്യശാസ്ത്രപരമായ തെളിവുകളാണ്. ഇതില്‍ ഒന്നില്‍ മെഡിക്കല്‍ തെളിവുകളേക്കാള്‍ സാക്ഷിമൊഴിക്കു കോടതി പ്രാധാന്യം നല്കിയെന്നും രണ്ടാമത്തേത് തീര്‍ത്തും അശാസ്ത്രീയാണെന്നും കൃഷ്ണന്‍ ബാലേന്ദ്രന്‍ പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കൃഷ്ണന്‍ ബാലേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. സിസ്റ്റര്‍ അഭയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസിന്റെ വിധി നിര്‍ണയിച്ച ഒന്നാമത്തെ മെഡിക്കല്‍ തെളിവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനേക്കാള്‍ മൃതദേഹം ഫോട്ടോയെടുത്തയാളുടെ മൊഴിയാണ് കോടതി വിശ്വസിച്ചത്.

കോടതിയില്‍ ഹാജരാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഫോട്ടോകളിലോ ഒന്നും ഫോട്ടോഗ്രാഫറുടെ മൊഴിയില്‍ പറയുന്ന മുറിവുകള്‍ ഇല്ല. വിധിയില്‍ എടുത്തു പറയുന്ന ഡോ. കന്തസ്വാമിയുടെ മൊഴിയിലെ നിര്‍ണായകമായ പലതും തെറ്റാണെന്ന് നിസ്സംശയം തെളിയിക്കാനാവും.

വിധിയില്‍ പറഞ്ഞിരിക്കുന്ന, രണ്ടു ഡോക്ടര്‍മാരുടെ നിഗമനങ്ങളില്‍ മിക്കതും അശാസ്ത്രീയവും അപ്പാടെ തെറ്റുമാണ്. ശാസ്ത്രീയതയുടെ അളവുകോല്‍ പോയിട്ട്, സാമാന്യ ബുദ്ധിയുടെ പരിശോധനയില്‍ പോലും നില്ക്കാത്തവയാണ് അവയെന്ന് കുറിപ്പില്‍ പറയുന്നു.

സിസ്റ്റര്‍ സെഫിയുടെ നാര്‍ക്കോ അനാലിസിസ് റിപ്പോര്‍ട്ടും കന്യാചര്‍മ പരിശോധനാ ഫലവുമാണ് രണ്ടാമത്തെ മെഡിക്കല്‍ തെളിവുകള്‍. സിബിഐ ആവശ്യപ്പെട്ട പ്രകാരം നാര്‍ക്കോ അനാലിസിസിന് വിധേയയാവും മുമ്പ് കൂടുതല്‍ വിശ്വസനീയമായ പോളിഗ്രാഫ് ടെസ്റ്റിനും ബ്രെയിന്‍ ഫിംഗര്പ്രിന്റിങ്ങിനും സിസ്റ്റര്‍ സെഫി വിധേയയായിരുന്നു.

ഈ രണ്ടു പരിശോധനകളിലും അവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റകൃത്യവുമായി ബന്ധപ്പെട്ട യാതൊന്നും കിട്ടിയില്ല. അതിനു ശേഷമാണ്, കൂടുതല്‍ ഭാവനാത്കകത നിറഞ്ഞതും കൃത്രിമത്വത്തിനു സാധ്യതയുമുള്ള നാര്‍ക്കോ അനാലിസിസിന് അവരെ വിധേയയാക്കിയത്.

നിരന്തരമായ എഡിറ്റിങ്ങിനു വിധേയമാക്കിയ ആ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട് സിസ്റ്റര്‍ സെഫിയെ കൊടുംകുറ്റവാളിയായി ചിത്രീകരിച്ച് പൊതുബോധം നിര്‍മിച്ചെടുക്കുകയായിരുന്നെന്ന് കൃഷ്ണന്‍ ബാലേന്ദ്രന്‍ കുറിപ്പില്‍ പറയുന്നു. ഒടുവില്‍ സ്വന്തം നിരപരാധിത്വം സ്ഥാപിച്ചെടുക്കാനായി, സിബിഐ ആവശ്യപ്പെട്ടതു പ്രകാരം അവര്‍ ക്രൂരവും മനുഷ്യവിരുദ്ധവുമായ കന്യകാത്വ പരിശോധനയ്ക്കും തയാറായി.

ആധുനിക പൗര സമൂഹത്തില്‍ ഒരിടത്തും നടക്കാത്ത പരിശോധനയാണിത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന രണ്ടു വനിതാ ഡോക്ടര്‍മാരുടെ ‘വിദഗ്ധ’ സംഘമാണ് അവരെ പരിശോധിച്ചത്.

പരിശോധനയില്‍ അവരുടെ കന്യാചര്‍മം കേടുപാടൊന്നും കൂടാതെ അക്ഷതമായ നിലയില്‍ കണ്ടിരുന്നു. അത് അങ്ങനെ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം കന്യാചര്‍മം സര്‍ജറിയിലൂടെ വച്ചുപിടിപ്പിച്ചതാണെന്നു റിപ്പോര്‍ട്ട് നല്കുകയാണ് പരിശോധന നടത്തിയവര്‍ ചെയ്തത്.

‘വിദഗ്ധ’ സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടു പേരും കന്യാചര്‍മം വച്ചുപിടിപ്പിക്കുന്ന ഹൈമനോപ്ലാസ്റ്റി കാണുകയോ അതില്‍ സഹായിക്കുകയോ അതേക്കുറിച്ചു പഠിക്കുകയോ ചെയ്തിട്ടുള്ളവരല്ലെന്ന്, കൃഷ്ണന്‍ ബാലേന്ദ്രന്‍ പറയുന്നു.
ഹൈമനോപ്ലാസ്റ്റി എങ്ങനെയാണ് ചെയ്യുന്നത് എന്നുപോലും അറിയാത്ത, അങ്ങനെയുള്ള ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത രണ്ടു പേര്‍ക്ക് കേടുപാടില്ലാത്ത കന്യാചര്‍മം കണ്ടപ്പോള് അത് ഹൈമനോപ്ലാസ്റ്റി ചെയ്തതാണെന്നു പറയാന് കഴിഞ്ഞു.

അവര്‍ കണ്ട സത്യത്തെ തുറന്നുപറഞ്ഞില്ലെന്നു മാത്രമല്ല, അതിനെ ദുര്വ്യാഖ്യാനം ചെയ്ത് തങ്ങള്‍ക്കു യാതൊരു വൈദഗ്ധ്യവും ഇല്ലാത്ത കാര്യത്തില്‍ തെറ്റും അശാസ്ത്രീയവുമായ അഭിപ്രായം എഴുതിവയ്ക്കുകയാണ് ചെയ്തത്. ഈ അഭിപ്രായം കോടതിയില്‍ എത്തുന്നതിനു മുമ്പു തന്നെ തല്‍പ്പരകക്ഷികള്‍ സിസ്റ്റര്‍ സെഫിയെ തെറ്റായി ജീവിക്കുന്നവളും പെരുങ്കള്ളിയും ആയി പൊതുമണ്ഡലത്തില്‍ ചിത്രീകരിക്കുകയായിരുന്നെന്ന് കുറിപ്പില്‍ പറയുന്നു.

ന്യൂഡല്‍ഹി ആസ്ഥാനമായ ഹെംപ് സ്ട്രീറ്റ് കമ്പനിയാണ് ‘ത്രിലോക്യ വിജയവാടി’ എന്ന പേരില്‍ ആര്‍ത്തവവേദന കുറയ്ക്കുന്ന ഈ മരുന്ന് വിപണിയില്‍ ഇറക്കാന്‍ തയ്യാറെടുക്കുന്നത്.കഠിനമായ വയറുവേദന, കാലുകടച്ചില്‍, ഛര്‍ദ്ദി, നടുവേദന ഇവയെല്ലാം ആര്‍ത്തവ കാലത്ത് ഒട്ടുമിക്ക സ്ത്രീകളും അനുഭവിച്ച് വരുന്ന ബുദ്ധിമുട്ടുകളാണ്. ‘ഓരോ മാസവും സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് നമ്മുടെ സമൂഹത്തില്‍. മാത്രമല്ല വേദനക്കുള്ള അലോപതി മരുന്നുകള്‍ പലതും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്.’ അതിനാലാണ് ശാസ്ത്രീയമായി ആയുര്‍വേദ മരുന്നു തയ്യാറാക്കാന്‍ തീരുമാനിച്ചതെന്ന് ഹെംപ് സ്ട്രീറ്റ് സ്ഥാപകരിലൊരാളായ ശ്രെയ് ജെയിന്‍ പറയുന്നു.   ഇപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായ കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്നുകള്‍ എത്തുന്നുവെന്നാണ് പുതുതായി ലഭിക്കുന്ന വിവരം.

കഞ്ചാവ് ഉപയോഗിച്ചുള്ള 15 മരുന്നുകള്‍ നിലവില്‍ കമ്പനി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതിന് എല്ലാവിധ അനുമതികളുമുണ്ടെന്നും ശ്രേയ് പറയുന്നുണ്ട്. ലോകത്തെ 85 ശതമാനം സ്ത്രീകളും പിരീഡ്‌സ് കാലത്ത് വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുണ്ടെന്നും ഇതിന് പരിഹാരമായി കഞ്ചാവില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാമെന്നുമാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനവും വ്യക്തമാക്കുന്നത്.

മരുന്ന് വാങ്ങിക്കാനായി ഇളയ കുഞ്ഞിനെ ഉറക്കി കിടത്തിയാണ് ഷെഹനുൽ ഉസ്‌ന മരുന്ന് വാങ്ങിക്കാൻ പോയത്, ഇപ്പോൾ രണ്ട് മാസം പിന്നിട്ടിരിക്കുന്നു; ഇതുവരെ ഒരു വിവരവും കുടുംബത്തിന് ലഭിച്ചിട്ടില്ല. കോഴിക്കോട് അത്തോളി കൊടശ്ശേരി സ്വദേശി സൗമേഷിന്റെ ഭാര്യ ഷെഹനുൽ ഉസ്‌നയെയാണ് രണ്ടുമാസം മുൻപ് ഒക്ടോബർ 29ന് രാവിലെ കാണാതായത്. കാണാതായ അന്നുതൊട്ട് പോലീസ് സ്‌റ്റേഷനിൽ നിരന്തരം കയറി ഇറങ്ങുന്ന ഷെഹനുലിന്റെ ഭർത്താവ് സൗമേഷിനെ വിവരം കിട്ടിയാൽ അറിയിക്കാം എന്ന വാക്കിനപ്പുറത്തേക്ക് ഒരു വിവരം നൽകാൻ പോലീസും തയ്യാറല്ല.

ഷെഹനുലിനെ കാണാതായ അന്നുതൊട്ട് കണ്ണീരോടെ കാത്തിരിക്കുകയാണ് മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും. പതിനൊന്ന് മാസം പ്രായമായ ഇളയകുഞ്ഞിനെ പാലുകൊടുത്ത് ഉറക്കി കിടത്തിയാണ് ഷെഹനുൽ പോയത്. ഇപ്പോൾ ഉമ്മയെന്ന് അവ്യക്തമായി ഉച്ചരിച്ച് കരയുന്ന ഒരു വയസുകാരനായിരിക്കുന്നു ഈ കുഞ്ഞ്. മൂന്നും അഞ്ചും വയസുള്ള രണ്ട് മൂത്ത കുട്ടികളും ഷെഹനുൽ-സൗമേഷ് ദമ്പതികൾക്കുണ്ട്. മൂന്ന് പിഞ്ചുപൈതലുകളേയും മാറോട് അടക്കി പിടിച്ച് അവരുടെ ഉമ്മയ്ക്കായി കാത്തിരിക്കുകയാണ് സൗമേഷ്.

സൗമേഷും ഷെഹനുലും ആറുവർഷം മുമ്പാണ് വിവാഹിതരായത്. പ്രണയിച്ച് വിവാഹം കഴിച്ച ഷെഹനുൽ തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം ജീവിതത്തിന് ഒരു അർത്ഥമുണ്ടായതെന്ന് സൗമേഷം പറയുന്നു. എങ്ങനെയെങ്കിലും ഷെഹനുലിനെ കമ്‌ടെത്തി തരണമെന്നും അവൾ തിരിച്ചുവന്നാൽ സ്വീകരിക്കാൻ തയ്യാറായി കാത്തിരിക്കുകയാണ് എന്നും സൗമേഷ് പറയുന്നു.

ഷെഹനുൽ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പോലീസ് പറയുന്നത്. ആരെങ്കിലും ഷെഹനുലിനെ കണ്ടെത്തിയാൽ പോലീസിൽ വിവരമറിയിച്ചു സഹായിക്കണമെന്നാണ് സൗമേഷിന്റെ അഭ്യർഥന.

പതിനാറുകാരി പെൺകുട്ടിയെ നിർബന്ധിച്ച് 56കാരനെ കൊണ്ട് വിവാഹം കഴിപ്പിച്ച ബന്ധുവായ സ്ത്രീയും കൂട്ടുനിന്നവരും അറസ്റ്റിൽ. മലയാളിയായ അബ്ദുൽ ലത്തീഫ് പറമ്പൻ എന്നയാളാണ് ഇടനിലക്കാരുടെ സഹായത്തോടെ ഹൈദരാബാദിലെ 16കാരിയെ വിവാഹം കഴിച്ചത്. പെൺകുട്ടിയെ പോലീസെത്തി മോചിപ്പിച്ചു. അബ്ദുൽ ലത്തീഫ് പറമ്പൻ ലക്ഷങ്ങൾ നൽകിയാണ് ഇടനിലക്കാർ മുഖേനെ പെൺകുട്ടിയെ കണ്ടെത്തിയതും വിവാഹം ചെയ്തതും.

വിവാഹം നടത്താനായി അബ്ദുൽ ലത്തീഫിന്റെ കൈയ്യിൽ നിന്നും പെൺകുട്ടിയുടെ ബന്ധുവായ ഹൂറുന്നീസ 2.5 ലക്ഷം രൂപ വാങ്ങിയിരുന്നു. 1.5 ലക്ഷം എടുത്ത ശേഷം ബാക്കി തുക ഇടനിലക്കാർക്കും വിവാഹം നടത്തിയ പുരോഹിതനും വീതിച്ചുനൽകി.

പെൺകുട്ടിയുടെ പിതൃസഹോദരിയാണെന്ന് അവകാശപ്പെട്ട സ്ത്രീ, രണ്ട് ഇടനിലക്കാർ, പുരോഹിതൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഹൂറുന്നീസ, അബ്ദുൽ റഹ്മാൻ, വസീം ഖാൻ, ഖാസി മുഹമ്മദ് ബദിയുദീൻ ക്വാദ്രി എന്നിവരാണു പിടിയിലായത്. വിവാഹം ചെയ്ത അബ്ദുൽ ലത്തീഫിനെ ഇതുവരെ പിടികൂടിയിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്. പോക്‌സോ നിയമപ്രകാരം വരനെതിരെ പോലീസ് കേസെടുത്തു.

ഇയാൾക്കെതിരെ ബാലവിവാഹ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്ക് ഹൂറുന്നീസയ്‌ക്കെതിരെയും കേസെടുത്തു. ഇളയ പെൺകുട്ടിയുടെ വിവാഹം നടത്തുന്നതിനായി മൂത്ത സഹോദരിയുടെ രേഖകളാണ് ഹൂറുന്നീസ ഉപയോഗിച്ചത്.

പെൺകുട്ടിയുടെ അമ്മ നേരത്തേ മരിച്ചുപോയതാണ്. പിതാവ് കിടപ്പ് രോഗിയാണ്. ഈ ദുരിതാവസ്ഥ മുതലെടുത്താണ് ബന്ധുവായ സ്ത്രീ പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചത്. പെൺകുട്ടിയുടെ മറ്റൊരു ബന്ധു തന്നെയാണ് പോലീസിൽ പരാതി നൽകിയത്.

സ്വന്തം ലേഖകൻ 

ഡെൽഹി : ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഈ കഴിഞ്ഞയാഴ്ച ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്നത് . ലോകത്തെ ആദ്യ സ്വകാര്യ ക്രിപ്റ്റോ കറൻസിയായ ബിറ്റ്‌കോയിൻ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് നികുതി ചുമത്താൻ ഇന്ത്യൻ ധനകാര്യ മന്ത്രാലയം ഒരുങ്ങുന്നു എന്ന വർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ക്രിപ്റ്റോ കറൻസികളെ ഡിജിറ്റൽ സ്വത്തായി തരംതിരിക്കാമെന്നും അതുകൊണ്ടുതന്നെ ക്രിപ്റ്റോ കറൻസികൾ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് 18% ജിഎസ്ടി ഏർപ്പെടുത്താമെന്നും ധനമന്ത്രാലയം നിർദ്ദേശിച്ചു. 

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗമായ സാമ്പത്തിക ഇന്റലിജൻസ് ബ്യൂറോ (സിഇഐബി) ബിറ്റ്‌കോയിൻ ഇടപാടുകൾക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനുള്ള നിർദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത് . ക്രിപ്റ്റോ കറൻസി ട്രേഡിംഗിലൂടെ സർക്കാരിന് പ്രതിവർഷം 7,200 കോടി രൂപ നേടാൻ കഴിയുമെന്ന് സിഇഐബിയും , കേന്ദ്ര നികുതി വകുപ്പും അറിയിച്ചു. ക്രിപ്‌റ്റോ കറൻസികൾക്ക് ജിഎസ്ടി ഈടാക്കുന്നതിനെക്കുറിച്ച് സിഇഐബി ഒരു വിശദമായ പഠനം നടത്തിയിരുന്നു.

2018 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസി വ്യാപാരം പൂർണ്ണമായും നിരോധിച്ചിരുന്നു . എന്നാൽ വിശദമായ പഠനങ്ങൾക്ക് ശേഷം ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് 2020 മാർച്ചിൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു . അതോടൊപ്പം ക്രിപ്റ്റോ കറൻസിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന് ടാക്സ് ഏർപ്പെടുത്തുക , ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുക ( KYC  ) പോലെയുള്ള നടപടികൾ സ്വീകരിച്ച് ക്രിപ്‌റ്റോ കറൻസി വ്യാപാരത്തിന് വ്യക്തമായ നിയന്ത്രണങ്ങളും , നയങ്ങളും കൊണ്ടുവരാൻ കഴിഞ്ഞ വർഷം സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എല്ലാ ക്രിപ്റ്റോ കറൻസി ഉപഭോക്താക്കളുടെയും വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുവാൻ ( KYC  ) ഇന്ത്യയിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ഗവണ്മെന്റ് നിർദ്ദേശം നൽകിയിരുന്നു. അടുത്ത നടപടിയായ നികുതി ഏർപ്പെടുത്തുക എന്ന പ്രധാനപ്പെട്ട പ്രക്രീയയ്ക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത് . 

ഇതോടു കൂടി വ്യാജമല്ലാത്ത എല്ലാ സ്വകാര്യ ക്രിപ്റ്റോ കറൻസികളും പൂർണ്ണമായ നിയമപരിരക്ഷയോടു കൂടി ഇന്ത്യയിൽ വാങ്ങി സൂക്ഷിക്കുവാനും , വിൽക്കുവാനും , മറ്റ് ലോകരാജ്യങ്ങളിലെ പോലെ പണത്തിന് പകരം ഉപയോഗിക്കാനും കഴിയുന്ന സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തിയാൽ നിയമപരമായ നടപടികളിൽ കുടുങ്ങും , രാജ്യം സാമ്പത്തികമായി തകരും എന്നൊക്കെയുള്ള വ്യാജ പ്രചാരണങ്ങളാണ് ധനമന്ത്രാലയത്തിന്റെ ഈ നടപടിയിലൂടെ ഇല്ലാതായത്.

ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് ഏറ്റവും സന്തോഷകരമായ ഈ വാർത്ത പുറത്ത് വന്നതോട് കൂടി ഇന്ത്യൻ ക്രിപ്റ്റോ കറൻസി വിപണിയിൽ വലിയ വളർച്ചയാണ് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ വിലയിൽ ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ച് വച്ച് വരും വർഷങ്ങളിൽ ലാഭം ഉണ്ടാകുവാനുള്ള തിരക്കിലാണ് ഇപ്പോൾ ഇന്ത്യൻ നിക്ഷേപകർ.

ജോസിലിൻ തോമസ്

കഷ്ടപ്പാടിന്റെ കനലിൽ ചവിട്ടി നിൽക്കുമ്പോഴും ഹൃദയം നിറയെ കാരുണ്യത്തിന്റെ കടൽ സൂക്ഷിച്ചിരുന്ന രാജൻ യാത്രയായി. കുബേരന്മാർ പോലും കാശില്ലെന്ന ന്യായം പറഞ്ഞ് കാരുണ്യ പ്രവൃത്തികളിൽ നിന്ന് മാറി നിൽക്കുന്ന ഇന്നത്തെ കാലത്ത്, സ്വന്തമായി കിടപ്പാടം ഇല്ലാതെ ഇരുന്നിട്ടും കുടുംബം നോക്കാൻ കഠിനമായി അദ്ധ്വാനിച്ചു കിട്ടിയ പണത്തിൽ നിന്ന് ഒരു വിഹിതം മിച്ചം പിടിച്ച് സഹജീവികൾക്ക് ഭക്ഷണം നൽകിയിരുന്ന രാജൻ. ഹൃദയത്തിൽ ഇത്രയും നന്മ ഉണ്ടായിരുന്ന രാജൻ സമ്പന്നൻ അല്ലെന്ന് പറയാൻ ആർക്ക് കഴിയും ?. എന്നാൽ ജീവിതത്തിൽ രാജൻ കണ്ട പലരും കരുണവറ്റിയ കണ്ണുകളും കല്ലായ ഹൃദയവും ഉള്ളവർ ആയിരുന്നു.

മൂന്ന് സെന്റ് സ്ഥലത്തിന്റെ അവകാശത്തിനായി രാജന്റെയും ഭാര്യയുടെയും വിയോഗത്തിനു ശേഷം വീറോടെ വാദിക്കുന്ന അയൽക്കാരി. വിശന്ന് വന്ന് ഭക്ഷണം കഴിക്കാൻ ഇരുന്ന രാജന് ഊണ് കഴിക്കാൻ പോലും സാവകാശം കൊടുക്കാതെ നിയമം നടപ്പിലാക്കാൻ ശ്രമിച്ച നിയമപാലകർ. പെട്രോൾ ഒഴിച്ച് നിൽക്കുന്ന ആളുടെ അടുത്തേയ്ക്ക് തീ പടരാൻ സഹായിക്കുന്ന യാതൊന്നും ചെയ്യരുതെന്ന സാമാന്യബോധം പോലും പിന്നീട് അവർ കാണിച്ചില്ല.

രാജന്റെ വിയോഗശേഷം ആംബുലൻസ് വിളിക്കാൻ ഉള്ള പണം പോലും കൊടുത്ത് സഹായിക്കാൻ സന്മനസ് കാണിക്കാതെ ആ മക്കളെ കടം മേടിക്കുന്ന അവസ്ഥയിൽ എത്തിച്ച ഞാനും കൂടി ഉൾപ്പെടുന്ന പൊതുജനം. സ്വന്തം പിതാവിനായി കുഴിവെട്ടിയ 18 കാരൻ രഞ്ജിത്ത് രാജ് വെട്ടിയ വെട്ടുകൾ എല്ലാം ഹൃദയമുള്ളവരുടെ മനസിലേയ്ക്ക് ആഞ്ഞു തറച്ച കരിങ്കൽ ചീളുകൾ ആയി മാറി. പാവപ്പെട്ടവന് നീതി കിട്ടണമെങ്കിൽ അവൻ മരിക്കണമെന്ന സ്ഥിതിയാണ് ഇന്ന് നിലവിൽ ഉള്ളത്. ചില ചെറിയ വിട്ടുവീഴ്ചകൾ, അല്പം മനുഷ്യത്വത്തിന്റെ സ്നേഹസ്പർശം ഇതൊക്കെയുണ്ടായിരുന്നെങ്കിൽ രാഹുലിനും രഞ്ജിത്തിനും സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെടില്ലായിരുന്നു.

കുട്ടികൾക്ക് സാമ്പത്തികസഹായം കൊടുക്കാൻ നമ്മൾക്ക് കഴിയുമെങ്കിലും അവരുടെ എല്ലാമെല്ലാമായിരുന്ന അച്ഛനെയും അമ്മയെയും തിരികെ കൊടുക്കാൻ ആർക്ക് കഴിയും. കുഞ്ഞുങ്ങൾക്ക് ആദ്യമായി മനുഷ്യത്വത്തിന്റെ പാഠങ്ങൾ പറഞ്ഞു കൊടുക്കാൻ രാജനെപ്പോലെ എല്ലാവർക്കും കഴിയട്ടെ എന്നാഗ്രഹിക്കുന്നു. എങ്കിൽ മാത്രമേ പണത്തിന് പരമപ്രാധാന്യം കൽ‌പ്പിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കാതിരിക്കാനും ഇത്തരം ഹൃദയഭേദകമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഒരു പരിധിവരെ കഴിയുകയുള്ളു. ജീവിതകാലത്ത് എത്ര പടവെട്ടിയാലും ആറടി മണ്ണിൽ കൂടുതൽ അവകാശം ഒന്നും അവസാനകാലത്ത് അടക്കം ചെയ്യപ്പെടുമ്പോൾ ആർക്കും കിട്ടില്ല എന്ന സത്യം നമ്മൾക്ക് മറക്കാതെയിരിക്കാം.

 ജോസിലിൻ തോമസ്, ഖത്തർ

ലോകം പുതുവത്സരത്തെ ആഘോഷത്തോടെ വരവേറ്റു. പുതുവർഷമായ 2021 പുതുവർഷത്തെ ആദ്യം സ്വാഗതം ചെയ്തത് പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളാണ്. കിരിബാത്തിക്ക് പിന്നാലെ ന്യൂസീലാൻഡിലും പുതുവർഷം എത്തി.

കോവിഡ് പ്രതിസന്ധിയിലാക്കിയ 2020 അവസാനിച്ചതിന്റെ ആഘോഷത്തിലാണ് പുതുവർഷത്തെ ന്യൂസീലൻഡ് വരവേറ്റത്. പതിവ് ന്യൂഇയർ ആഘോഷത്തിന്റേതായ എല്ലാ ആർപ്പുവിളികളോടെയും വെടിക്കെട്ടോടെയുമാണ് ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

ന്യൂസിലാൻഡിൽ ഓക്‌ലാൻഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവർഷം പിറന്നത്. സെൻട്രൽ ഓക്‌ലാൻഡിലെ വിക്ടോറിയ സെന്റ് വെസ്റ്റിൽ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടിയാണ് പുതുവർഷ പുലരിയെ വരവേറ്റത്. സ്‌കൈടവറിൽ വെടിക്കെട്ടും നടന്നു.

ന്യൂസിലാൻഡിനു ശേഷം ഓസ്‌ട്രേലിയയിലാണ് പുതുവർഷമെത്തുക. പിന്നീട് ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവർഷ ദിനം കടന്നുപോകുക. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം ഏറ്റവും അവസാനമെത്തുക. എന്നാൽ ഇവിടെ മനുഷ്യവാസം ഇല്ല.

ഗ്രീനിച്ച് രേഖ കണക്കാക്കുന്ന ലണ്ടനിൽ ജനുവരി ഒന്ന് പകൽ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളിൽ പുതുവർഷം എത്തുക.

RECENT POSTS
Copyright © . All rights reserved