Latest News

കോവിഡ് ചികിൽസയുടെയും ആരോഗ്യ രംഗത്ത് കൈവരിക്കുന്ന മുന്നേറ്റത്തിന്റെയും പശ്ചാത്തലത്തിൽ ബ്രിട്ടൺ പോലും കേരളത്തെ പ്രകീർത്തിക്കുന്ന കാലം വരുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. കേരളത്തിൽ ചികിൽസയിൽ കഴിയുന്ന യുകെ പൗരന്റെ മകൾ സംസ്ഥാനത്തെ ചികിൽസാ രീതിക്കെതിരെ രംഗത്തെത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന  ചർച്ചയ്ക്കിടെയായിരുന്നു പരാമർശം.

കഴിഞ്ഞദിവസം ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ പ്രതികരണത്തിലായിരുന്നു യുകെ പൗരന്റെ മകൾ കേരളത്തിലെ ചികിൽസാ രീതിയെ ആക്ഷേപിച്ച് രംഗത്തെത്തിയത്. എന്നാൽ ബ്രിട്ടീഷ് പൗരന്റെ മകൾ അവിടെ ഇരുന്ന് പരാതി പറയുമായിരിക്കാം, പക്ഷേ ചികിൽസ ലഭിച്ച ആ വ്യക്തി അത്തരം പരാമർശങ്ങൾ ഉന്നിയിക്കില്ലെന്നും മന്ത്രി ചർച്ചയിൽ വ്യക്തമാക്കുന്നു.

ബ്രിട്ടീഷുകാർക്കെപ്പോഴും നമ്മുടെ നാട്ടിലെ ജനങ്ങളോടൊരു പുച്ഛമുണ്ടെന്നും അതിന്റെ ഭാഗമായാകാം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ബ്രിട്ടീഷ് പൗരന്റെ മകൾ പരാതി ഉന്നയിച്ചതിന് പിന്നിൽ. പക്ഷേ ആളുകൾ ഭക്ഷണം കിട്ടാൻ ക്യൂ നിൽക്കുകയും സൂപ്പർമാർക്കറ്റുകൾ അടിച്ചുപൊളിക്കുകയും ചെയ്യുന്നൊരു നാട്ടിൽ നിന്നുകൊണ്ടാണ് ചിലർ നമ്മുടെ നാടിനെ കുറ്റം പറയുന്നത്. വരും ദിവസങ്ങളിൽ പക്ഷേ ബ്രീട്ടീഷ് പ്രധാനമന്ത്രി കേരളത്തെ നോക്കി പഠിക്കണം എന്ന പറയും. അത്ര മിടുക്കരാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ എന്നും വിഎസ് സുനിൽ കുമാർ കൂട്ടിച്ചേർത്തു.

കൊവിഡ് 19 വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി മരിയ തെരേസ മരിച്ചു. 86 വയസായിരുന്നു. ലോകത്ത് കൊവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് ഇവർ. സഹോദരൻ സിസ്റ്റസ് ഹെന്ർററിയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. പാരിസിൽവെച്ചായിരുന്നു മരണം. അവിവാഹിതയാണ്. സംസ്കാരച്ചടങ്ങുകൾ വെള്ളിയാഴ്ച മാഡ്രിഡിൽ വെച്ച് നടക്കും.

കഴിഞ്ഞ ദിവസം ബ്രിട്ടനിലെ അടുത്ത കിരീടാവകാശി ചാൾസ് രാജകുമാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് ചാൾസിന് രോഗം സ്ഥിരീകരിച്ചതായി വാർത്താക്കുറിപ്പിലൂടെ ജനങ്ങളെ അറിയിച്ചത്. ഇതിന് മുമ്പ് എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിൽ നിന്ന് മാറ്റിയിരുന്നു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നസാഹര്യത്തിൽ ലോകം കടുത്ത നിയന്ത്രണങ്ങളാണ് സ്വീകരിക്കുന്നത്. 30,891 പേരാണ് രോഗം സ്ഥിരീകരിച്ച് മരിച്ചത്. 142,368 പേർക്ക് രോഗം ഭേദപ്പെട്ടു. കൊവിഡ് കൂടുതൽ നാശം വിതയ്ക്കുന്നത് ഇറ്റലി, അമേരിക്ക, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളെയാണ്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കോട്ടയം : കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യ ലോക്ക്ഡൗണിലൂടെയാണ് കടന്നുപോകുന്നത്. ആളുകൾ ആരും പുറത്തിറങ്ങരുതെന്ന കർശന നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ലോക്ക്ഡൗൺ ലംഘനം നടന്നുവരുന്നു. കോട്ടയം ജില്ലയിലെ പായിപ്പാട്ടിലാണ് ഇതരസംസ്ഥാനതൊഴിലാളികൾ നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നത്. ഇത് വളരെ വലിയ പ്രശ്നത്തിലേക്കാണ് നീങ്ങുന്നത്. തങ്ങൾക്ക് നാട്ടിലേക്ക് പോകണമെന്ന ശക്തമായ ആവശ്യമാണ് അവർ ഉന്നയിക്കുന്നത്. അതിനായി ബംഗാളിലേക്ക് കേരളസർക്കാർ വാഹനം ക്രമീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.

തെരുവിലിറങ്ങിയ തൊഴിലാളികളെ നിയന്ത്രിക്കാനുള്ള തീവ്രശ്രമത്തിലാണ് പോലീസ് സേന. റോഡിലിറങ്ങി കൂട്ടത്തോടെ പ്രതിഷേധിക്കുന്നത് ഈ സാഹചര്യത്തിൽ പല പ്രശ്നങ്ങളിലേക്കും നയിക്കുമെന്ന് പല പ്രമുഖരും പറയുന്നു. പായിപ്പാട്ടിൽ മാത്രം പതിനായിരത്തിൽ അധികം ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതിൽ എണ്ണായിരത്തിൽ അധികം ആളുകൾ യാത്രാനിരോധനം ഏർപ്പെടുത്തുന്നതിനുമുമ്പേ തിരികെപോയിരുന്നു. ബാക്കിയുള്ള 2500ഓളം ആളുകളാണ് കൂട്ടത്തോടെ പ്രതിഷേധം നടത്തുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോലി നഷ്‌ടമായ സാഹചര്യത്തിലാണ് അവർ ഏവരും. ഈയൊരു അവസ്ഥയിൽ ഭക്ഷണവും താമസവും അടക്കമുള്ള സംരക്ഷണം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു. ഭക്ഷണവും താമസവും ഉറപ്പാക്കാമെന്നും ബാക്കിയുള്ള ആവശ്യങ്ങൾക്ക് സമയം ആവശ്യമാണെന്നും കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞദിവസം തഹസിൽദാരുടെ നേതൃത്വത്തിൽ ഭക്ഷണം താമസസ്ഥലത്തു തന്നെ ക്യാമ്പ് നടത്തുന്നവർ നൽകണമെന്ന ധാരണയിലെത്തിയിരുന്നു എന്ന് പഞ്ചായത്ത് മെമ്പർ രാജു കോട്ടപുരയ്‌ക്കൽ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങാനാവാത്തവരാണ് പ്രതിഷേധവുമായി റോഡില്‍ ഇറങ്ങിയത്. സമൂഹ അടുക്കളകളില്‍ നിന്നും ഭക്ഷണം കിട്ടുന്നില്ലെന്ന് ഇവര്‍ പറയുന്നു.ആഹാരവും യാത്രാ സൗകര്യം ആവശ്യപ്പെട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ലോക് ഡൗൺ വിലക്ക് ലംഘിച്ചണ് തൊഴിലാലികൾ കൂട്ടത്തോടെ  പ്രതിഷേധിക്കുന്നത്. ചങ്ങനാശ്ശേരി പായിപ്പാടാണ് സംഭവം.

നൂറകണക്കിന് തൊഴിലാളികളാണ് ലോക്ക് ഡൗണ വിലക്ക് ലംഘിച്ച് പ്രതിഷേധവുമായി ദേശീയപാതയിൽ കുത്തിരിയിക്കുന്നത്. ആഹാരവും ചികിത്സയും കിട്ടില്ലെന്നാണ് പരാതി. യാത്രാ സൗകര്യം അടക്കം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കൂട്ടംകൂടരുതെന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ചാണ് പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തിറങ്ങിയത്. കൊവിഡ് ജാഗ്രത നിലനൽക്കെ ഇത്രയും അധികം ആളുകൾ റോഡിൽ കൂടി നിൽക്കുന്നത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയും നിലവിലുണ്ട്

കൊവിഡ് വന്നതോടെ ജോലി നഷ്ടമായി. തീര്‍ത്തും പരിമിതമായ സാഹചര്യങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് ആഹാരവും കൂടി കിട്ടാതായതോടെയാണ് പ്രതിഷേധവുമായി റോഡിലേക്ക് ഇറങ്ങിയത്. പായിപ്പാട് മേഖലയിൽ മാത്രം പതിനായിരത്തോളം തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നാണ് പഞ്ചായത്തിന്‍റെ കണക്ക് .കമ്യൂണിറ്റി കിച്ചൻ അടക്കമുള്ള സംവിധാനങ്ങളും ഇവിടെ ഫലം ചെയ്തില്ല. തൊഴിലുടമകൾ തൊഴിലാളുകളുടെ എണ്ണമോ കണക്കോ ഒന്നും കൈമാറാൻ തയ്യാറാകാത്തതും പ്രശ്നം വഷളാക്കി.

അതിഥി തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിച്ച തൊഴിലുടമകളുടെ യോഗം വിളിച്ച പഞ്ചായത്ത് ആഹാരം അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നടപടി വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നിലിത് പാലിക്കാൻ തൊഴിലുടമകൾ തയ്യാറായില്ലെന്നും ആക്ഷേപം ഉണ്ട്. പ്രതിഷേധക്കാര്‍ കൂട്ടത്തോടെ ദേശീയ പാതയിലേക്ക് എത്തുന്ന അവസ്ഥായാണ് ഇപ്പോഴുള്ളത്. നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലേക്ക് കാര്യങ്ങൾ പോകുന്നുമുണ്ട്. തിരുവല്ലയിൽ നിന്ന് അടക്കം കൂടുതൽ പൊലീസ് സേന പായിപ്പാടേക്ക് എത്തുന്നുണ്ട്.

അമ്മ വേഷങ്ങളിലൂടെ മലയാളത്തില്‍ ഇടം നേടിയ താരമാണ് സുകുമാരി അമ്മ. പൊങ്ങച്ചമുള്ള സൊസൈറ്റി ലേഡിയായും സ്നേഹം നിറയെയുള്ള അമ്മയായാലും കുശുമ്പുള്ള അമ്മായിയമ്മയായും വാല്‍സല്യം നിറഞ്ഞ മുത്തശ്ശിയായുമൊക്കെ 2500-ലേറെ ചിത്രങ്ങളില്‍ നിറഞ്ഞാടിയ സുകുമാരിയമ്മയുടെ വേര്‍പാട് 2013 മാര്‍ച്ച് 26-നായിരുന്നു. ചെന്നൈയിലെ പെരുമ്പാക്കത്തെ ഗ്ലോബല്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണം. 2013 ഫെബ്രുവരി 27ന് വീട്ടിലെ പൂജാമുറിയിലെ നിലവിളക്കില്‍ നിന്നും പൊള്ളലേറ്റതിനെത്തുടര്‍ന്നാണ് സുകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുപ്പത് ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് സുകുമാരി മരണപ്പെട്ടത് മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ബംഗാളി, ഹിന്ദി സിനിമകളില്‍ വരെ അവര്‍ വേഷമിട്ടിരുന്നു ദശരഥത്തിലെ മാഗി, തലയണമന്ത്രത്തിലെ സുലോചനതങ്കപ്പന്‍, ബോയിങ് ബോയിങ്ങിലെ കുക്ക് ഡിക്ക് അമ്മായി,പഞ്ചവടി പാലത്തിലെ മെമ്പര്‍ റാഹേല്‍, അരപ്പെട്ട കെട്ടിയ ഗ്രാമത്തിലെ ദേവിക, കാര്യം നിസാരത്തിലെ ആനി,അമ്മ അമ്മായിയമ്മയിലെ വിശാലക്ഷി കേരള കഫേയിലെ നാരായണി അങ്ങനെ അജഗജാന്തര വ്യത്യാസമുള്ള വേഷങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്നതിലെ മികവാണ് സുകുമാരിയെ ഏവര്‍ക്കും പ്രിയപ്പെട്ടവരാക്കിയത്.

സുകുമാരി മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. അവിടെ ഇരു താരങ്ങളും തമ്മിലുള്ള സ്നേഹബന്ധത്തിന് തുടക്കം കൂടുകയായിരുന്നു. സുകുമാരിയ്ക്ക് മോഹന്‍ലാല്‍ ഒരു പട്ട് സാരിയായിരുന്നു സമ്മാനമായി കൊടുത്തിരുന്നത്.പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് മോഹന്‍ലാല്‍ കൊടുത്ത സമ്മാനം കണ്ട് സുകുമാരി ഒന്ന് ഞെട്ടി പോയിരുന്നു. ശേഷം മോഹന്‍ലാലിനെ കെട്ടിപിടിച്ചു കരയുകയായിരുന്നു.

തന്റെ പിറന്നാളിന്റെ കാര്യം രഹസ്യമായി ഒളിപ്പിച്ച് വെച്ചിരുന്ന സുകുമാരിക്ക് മോഹന്‍ലാലിന്റെ സര്‍്രൈപസ് കണ്ടപ്പോള്‍ തനിക്ക് ഇതുവരെ ആരും ഇങ്ങനെ ഒന്നും തന്നിട്ടില്ലെന്നായിരുന്നു സുകുമാരി പറഞ്ഞിരുന്നത്. മോഹന്‍ലാലും സുകുമാരിയും ഒന്നിച്ചഭിനയിച്ച ഒരുപാട് സിനിമകളുണ്ടായിരുന്നു. ചില സിനിമകളില്‍ കോമഡി കഥാപാത്രമായിരുന്ന സുകുമാരി എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചിരുന്നു.സുകുമാരിയുടെ ചില സിനിമകളിലെ അഭിനയം ആരെയും കരയിപ്പിക്കുന്നവയായിരുന്നു. സുകുമാരി കരഞ്ഞാല്‍ സിനിമ കാണുന്നവരും കരയും. അതായിരുന്നു ആ കലാകാരിയുടെ കഴിവ്.

ലളിത, രാഗിണി, പത്മിനിമാരുടെ നൃത്ത ട്രൂപ്പില്‍ തന്റെ എട്ടാമത്തെ വയസ്സില്‍ സുകുമാരി അരങ്ങേറ്റം കുറിച്ചു. അതുവഴി സിനിമയിലെ ചില നൃത്തരംഗങ്ങളിലും അവസരം ലഭിച്ചു. അങ്ങനെ 10-ാം വയസ്സില്‍ ഇരവ് എന്ന തമിഴ്ചിത്രത്തിലുള്ള ഗാനരംഗത്തിലൂടെ ആദ്യമായി സിനിമയില്‍ മുഖം കാണിച്ചു. കൂടാതെ 4000 ത്തിലധികം സ്റ്റേജുകളില്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. തസ്‌ക്കരവീരന്‍ എന്നതാണ് സുകുമാരി ആദ്യമായി അഭിനയിച്ച മലയാളചിത്രം.ആ സമയത്ത് നിരവധി അമ്മവേഷങ്ങളിലും ഹാസ്യവേഷങ്ങളിലും സുകുമാരി തിളങ്ങി. പത്മശ്രീ അടക്കമുള്ള നിരവധി പുരസ്‌ക്കാരങ്ങളും സുകുമാരിക്കു ലഭിച്ചിട്ടുണ്ട്. 2010 ല്‍ നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കുകയുണ്ടായി. 1974 ,1979, 1983, 1985 ലും മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും സുകുമാരി നേടിയിട്ടുണ്ട്

കോവിഡ് രോഗിയെ വധശിക്ഷയ്ക്കു വിധേയനാക്കാനുറച്ച് സൗദി ഭരണകൂടം. കഴിഞ്ഞ ദിവസമാണ് ഇതിനാധാരമായ സംഭവം നടന്നത്.ഹെയ്‌ലി പ്രവിശ്യയിലെ ഒരു ഷോപ്പിംഗ് മാളിലെത്തിയ ഒരു വ്യക്തി അവിടത്തെ ട്രോളികളിലും വാതിലുകളിലുമൊക്കെ തുപ്പുന്നു ഇത് ശ്രദ്ധയില്‍ പെട്ട മാള്‍ ജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഒരു വിദേശപൗരന്‍ എന്നല്ലാതെ ഏത് രാജ്യത്തെ പൗരനാണ് എന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയില്‍ ഇരിക്കവേ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കൊറോണാ ബാധിതനാണെന്ന് വെളിപ്പെട്ടത്.തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ബാല്‍ജുറാഷി നഗരത്തില്‍ താമസിക്കുന്ന ഇയാള്‍ എന്തിനാണ് ഇപ്രകാരം ചെയ്തതെന്ന വിവരം ലഭ്യമല്ല.

ഇങ്ങനെ പ്രവര്‍ത്തിക്കുന്ന സമയത്ത് തനിക്ക് രോഗബാധയുണ്ടോ എന്ന കാര്യം അയാള്‍ക്ക് അറിയാമായിരുന്നോ എന്നും വ്യക്തമല്ല.ഇയാള്‍ രോഗിയാണെന്ന് തിരിച്ചറിഞ്ഞ ഉടനെ അന്ന് ആ മാള്‍ സന്ദര്‍ശിച്ച എല്ലാവരോടും കോവിഡ് 19 പരിശോധനക്ക് വിധേയരാകാന്‍ സൗദി ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

അയാള്‍ വേറെയിടങ്ങളിലും ഇപ്രകാരം ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.ഇയാള്‍ക്ക് താന്‍ രോഗബാധിതനാണെന്ന കാര്യം അറിയാമായിരുന്നുവെന്നും മനഃപൂര്‍വം രോഗം പടര്‍ത്താനുള്ള ശ്രമമായിരുന്നു ഇയാള്‍ മാളില്‍ നടത്തിയതെന്നും ആരോപിച്ചാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിക്കണം എന്ന ആവശ്യവുമായി സൗദി പോലീസ് എത്തിയത്.

ചികിത്സയ്ക്കു ശേഷമായിരിക്കും ഇയാളുടെ വധശിക്ഷ നടപ്പാക്കുക. ഇതുവരെ 1012 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ള സൗദിയില്‍ മൂന്നു മരണങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

‘കൊവിഡ് 19’ എന്ന മഹാമാരിക്കെതിരെ പൊരുതുകയാണ് ലോകം. രാജ്യങ്ങളെല്ലാം അതീവ ജാഗ്രതയില്‍. കൊറോണ വൈറസ് ലോകമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. എന്നാല്‍ ലോകത്ത് ഇത് ആദ്യമായല്ല മഹാമാരി പൊട്ടിപ്പുറപ്പെടുന്നത്. ഭയപ്പെടുത്തുന്ന തരത്തിലുള്ള പലതരം വൈറസ് രോഗങ്ങള്‍ മുന്‍പ് പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു മഹാമാരിയുടെ കാലത്താണ് ഐസക് ന്യൂട്ടണ്‍ എന്ന ശാസ്ത്രജ്ഞന്‍ ഗുരുത്വാകര്‍ഷണ ബലം കണ്ടെത്തിയതും.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ലണ്ടനില്‍ പ്ലേഗ് പടര്‍ന്നു പിടിച്ച കാലം. അന്ന് തന്റെ യൗവനത്തിലായിരുന്നു ഐസക് ന്യൂട്ടണ്‍. ഗണിത ഭൗതിക ശാസ്ത്ര വിദഗ്ധന്‍. അക്കാലത്ത് ആശുപത്രികള്‍ അത്ര സജീവമായിരുന്നില്ല. മരുന്നുകളും കുറവ്. പ്ലേഗിന്റെ വ്യാപനം തടയാന്‍ ലണ്ടനില്‍ എല്ലാവരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കി. രോഗം കൂടുതല്‍ ആളുകളിലേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ അതായിരുന്നു പോംവഴി.

അങ്ങനെ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജില്‍ പഠിച്ചുകൊണ്ടിരുന്ന ഐസക് ന്യൂട്ടണും തന്റെ വീട്ടിലെത്തി. ഒരു വര്‍ഷക്കാലമാണ് ഇത്തരത്തില്‍ വീട്ടില്‍ കഴിഞ്ഞത്. എന്നാല്‍ വീട്ടിലിരുന്നപ്പോഴും പഠനത്തെക്കുറിച്ചായിരുന്നു അദ്ദേഹം ചിന്തിച്ചതു മുഴുവന്‍. കേംബ്രിഡ്ജില്‍ നിന്നും 60 മൈല്‍ ദൂരെയുള്ള വൂള്‍സ്റ്റേര്‍പ് മാനര്‍ എന്ന ഫാമിലി എസ്‌റ്റേറ്റിലായിരുന്നു ഐസക് ന്യൂട്ടന്‍റെ താമസം.

ഒരു ദിവസം വീട്ടിലെ കിടപ്പുമുറയില്‍ വിശ്രമിക്കുന്നതിനിടെ ജനാലയിലൂടെ പ്രകാശം വരുന്നത് അദ്ദേഹം കണ്ടു. ഉടനെ കൈയിലുണ്ടായിരുന്ന പ്രിസത്തിലൂടെ ആ സൂര്യപ്രകാശത്തെ അദ്ദേഹം നിരീക്ഷിച്ചു. ഒരു ചെറിയ ദ്വാരത്തിലൂടെ ഒരു ബീം മാത്രമാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ഇതില്‍ നിന്നുമാണ് ഒപ്റ്റിക്‌സിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തിയത്.

മറ്റൊരു ദിവസം ജനാലയിലൂടെ നോക്കിയപ്പോഴാണ് സമീപത്തുള്ള മരത്തില്‍ നിന്നും ആപ്പിള്‍ താഴേയ്ക്ക് പതിക്കുന്നത് ശ്രദ്ധിച്ചത്. എന്തുകൊണ്ടാണ് അത് മുകളിലേയ്ക്ക് പോകാതെ താഴേയ്ക്ക് പതിച്ചത് എന്ന ചിന്തയില്‍ നിന്നുമാണ് ഗുരുത്വാകര്‍ഷണത്തെക്കുറിച്ചും ചലനത്തെക്കുറിച്ചുമുള്ള സിദ്ധാന്തങ്ങള്‍ ഐസക് ന്യൂട്ടണ്‍ രൂപപ്പെടുത്തിയത്. ഒരു വര്‍ഷക്കാലം വീട്ടിലിരുന്ന അദ്ദേഹം ആ വര്‍ഷത്തെ അത്ഭുതങ്ങളുടെ വര്‍ഷം എന്നാണ് പിന്നീട് വിശേഷിപ്പിച്ചത്.

മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കുടിച്ച യുവാവ് മരിച്ചു. ആലപ്പുഴ കറ്റാനം ഇലിപ്പക്കുളം തോപ്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പുത്തൻതെരുവ് പനച്ചമൂട് സ്വദേശി യൂനുസിന്റെ മകൻ നൗഫലാണ് (38) മരിച്ചത്.

ബിവറേജ് പൂട്ടിയതോടെ നൗഫൽ സ്ഥിരമായി ഷേവിംഗ് ലോഷൻ ഉപയോഗിച്ചിരുന്നതായാണ് സൂചന.ശനിയാഴ്ച രാവിലെ അസ്വസ്ഥത തോന്നിയ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണർമുക്കിലെ സലൂൺ ജീവനക്കാരനായിരുന്നു. ഭാര്യ: സബീന. മക്കൾ: നാസിയ, നാസിക്, നൗറിൻ.

കേരളത്തില്‍ കൊറോണയുടെ സമൂഹപ്പകര്‍ച്ച സംഭവിച്ചിട്ടുണ്ടോയെന്നറിയാന്‍ കൂടുതല്‍ കാര്യക്ഷമമായ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതായി പ്രഖ്യാപനം. ദ്രുതപരിശോധനകളിലേക്ക് (Rapid testing) കടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.

കൊറോണയുടെ സമൂഹവ്യാപനം തിരിച്ചറിയാന്‍ ഏകമാര്‍ഗം ടെസ്റ്റിങ്ങുകളുടെ അളവ് കൂട്ടുകയാണ്. ഈയാവശ്യം ലോകാരോഗ്യ സംഘടന പലതവണയായി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടെസ്റ്റുകളുടെ അളവ് വര്‍‌ധിപ്പിക്കാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.

കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ റാപിഡ് ടെസ്റ്റിങ്ങിന് വിധേയമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ രക്ത സാമ്പിള്‍ ശേഖരിക്കുകയും റാപിഡ് ടെസ്റ്റ് നടത്തുകയും ചെയ്യും. ഇതുവഴി സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കും. നിലവിൽ ആറ്‌ മണിക്കൂർ എടുക്കുന്ന പരിശോധന ഇതോടെ 45 മിനിറ്റിൽ പൂർത്തിയാക്കാം. തൊണ്ടയിലും മൂക്കിലുംനിന്നുള്ള സ്രവത്തിന്‌ പകരം രക്തം പരിശോധിക്കും. ‘ഫാൾസ്‌ പോസിറ്റീവ്‌’ ഫലത്തിന്‌ സാധ്യത ഉള്ളതിനാൽ വ്യക്തികളിലെ രോഗനിർണയത്തിന്‌ ഇത്‌ ഫലപ്രദമായേക്കില്ല. അധികമായി രോഗികളുള്ള സ്ഥലങ്ങളിൽ സമൂഹവ്യാപനം ഉണ്ടോ എന്നറിയാനാണ്‌ റാപിഡ്‌ ടെസ്‌റ്റ്‌ ഉപയോഗിക്കുക.

റാപിഡ് ടെസ്റ്റ് നടത്താന്‍ കേന്ദ്ര ഏജന്‍സിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി ആവശ്യമായിരുന്നു. ഇതിനായ് കേരളം അപേക്ഷ ചെയ്ത് കാത്തിരിക്കുകയായിരുന്നു.

സംസ്ഥാനത്ത്‌ ആലപ്പുഴ എൻഐവി, തിരുവനന്തപുരം, കോഴിക്കോട്‌, തൃശൂർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം സ്‌റ്റേറ്റ്‌ പബ്ലിക്‌ ഹെൽത്ത്‌ ലാബ്‌, ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട്‌, രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, മലബാർ ക്യാൻസർ സെന്റർ, റീജ്യണൽ ക്യാൻസർ സെന്റർ, കോട്ടയം ഇന്റർ യൂണിവേഴ്‌സിറ്റി ലാബ്‌ എന്നിവിടങ്ങളിലാണ്‌ കോവിഡ്‌ പരിശോധന ഉള്ളത്‌. അഞ്ച്‌ സ്വകാര്യ ലാബുകളിൽ സംവിധാനം ഏർപ്പെടുത്താനുള്ള നടപടി അന്തിമഘട്ടത്തിലാണ്‌.

ഷാർജയിൽ നിന്നും നാട്ടിലെത്തി കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശി കുഴ‍ഞ്ഞ് വീണ് മരിച്ചു. ചേലേരി സ്വദേശിയായ അബ്ദുള്‍ ഖാദര്‍ (65) ആണ്‌ മരിച്ചത്. വിമാനത്താവളത്തില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ഇന്നലെ രാത്രിയില്‍ കുഴഞ്ഞ് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.

പതിവ് പരിശോധനകൾക്കായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നാട്ടിലെത്തിയപ്പോഴായിരുന്നു ഇദ്ദേഹത്തെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാദമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൃദ്രോഗത്തെ തുടര്‍ന്ന് നേരത്തെ ചികിത്സതേടിയിരുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. ഈമാസം 21-ന് നാട്ടിലെത്തിയ സമയം മുതല്‍ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു അബ്ദുൾ ഖാദര്‍.

അതേസമയം, നീരീക്ഷണത്തിൽ ഉണ്ടായിരുന്നതിനാൽ തന്നെ ഇദ്ദേഹത്തിന്റെ ശരീര ശ്രവങ്ങൾ പരിശോധിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. മൃതദേഹം പരിയാരം മെഡിക്കല്‍ കേളേജിലേക്ക് മാറ്റി

കേരളത്തിൽ ഇന്നലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ അബ്ദുള്‍ ഖാദര്‍ അസ്വസ്ഥനായിരുന്നു എന്നും വിവരമുണ്ട്. ഇതിന്റെ ഭാഗമായി ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം കൗൺസിലിങ്ങ് ഉൾപ്പെടെ നൽകുകയും ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved