Latest News

ഒഡിഷയില്‍ ഫ്‌ളൈ ഓവറില്‍നിന്ന് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം. 38 പേര്‍ക്ക് പരിക്കേറ്റു. കട്ടക്കില്‍നിന്ന് വെസ്റ്റ് ബംഗാളിലെ ദിഘയിലേക്ക് പുറപ്പെട്ട ബസ് ഒഡിഷയിലെ ഫ്‌ളൈ ഓവറില്‍നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഒഡിഷയിലെ ജജ്പുര്‍ ജില്ലയിലെ ദേശീയപാത 16-ല്‍ ബരാബതിക്ക് സമീപമാണ് അപകടം നടന്നത്. ബസ്സിന്റെ ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കട്ടക്കിലെയും ജജ്പുരിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ച പ്രദേശവാസികള്‍ പറയുന്നു. ബസ് അശ്രദ്ധമായും ക്രമരഹിതമായുമാണ് മുന്നോട്ടുനീങ്ങിയിരുന്നതെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് രാജസ്ഥാനിലെ സിക്കാർ ജില്ലയിലാണ് സംഭവം. ട്രക്കില്‍ ഇടിച്ച കാറിന് തീപിടിച്ചാണ് ഒരു കുടുംബത്തിലെ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഏഴ് പേരാണ് ജീവനോടെ വെന്തു മരിച്ചത്.

ഉത്തർപ്രദേശിലെ മീററ്റ് നിവാസികളാണ് കാർ യാത്രക്കാർ . രാജസ്ഥാനിലെ സലാസറിലെ സലാസർ ബാലാജി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്നു.

ചുരു ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഡ്രൈവർ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.എതിർ ദിശയിൽ നിന്ന് മറ്റൊരു വാഹനം വന്നപ്പോൾ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിക്കുകയായിരുന്നു,.

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതി കൂടി ഉൾപ്പെട്ടിട്ടുള്ളതായി കുടുംബം. തൃശ്ശൂർ സ്വദേശിനി ആൻ ടെസ ജോസഫും ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ ഉണ്ടായിരുന്നതായി പിതാവ് എബ്രഹാം പറഞ്ഞു. എന്നാൽ തന്റെ മകളുടെ പേര് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിക്കുകയും മകളുടെ പേര് ഉൾപ്പെടുത്തിയതായി അറിയിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് (32), വയനാട് കാട്ടിക്കുളം പാൽവെളിച്ചം പൊറ്റെങ്ങോട്ട് പി.വി. ധനേഷ് എന്നീ മൂന്ന് മലയാളികളാണ് ഉൾപ്പെട്ടിരുന്നതെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ തന്റെ മകളും കപ്പലിൽ ഉണ്ടെന്നും ഇക്കാര്യം ക‍ൃത്യമായി കേന്ദ്രത്തെ അറിയിക്കാത്തതിൽ തനിക്ക് വിഷമമുള്ളതായും അദ്ദേഹം പറഞ്ഞു. സർക്കാർ തലത്തിൽ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപ്പെടലുകൾ നടത്തണമെന്നും എബ്രഹാം ആവശ്യപ്പെട്ടു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ബന്ധപ്പെടുകയും വിവരങ്ങള്‍ ആരായുകയും ചെയ്തത്.

ട്രെയിനിങിന്റെ ഭാ​ഗമായി ഒൻപത് മാസമായി കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു ആൻ ടെസ. വെള്ളിയാഴ്ച രാത്രിയാണ് മാതപിതാക്കളുമായി അവസാനം സംസാരിച്ചത്. തുടർന്ന് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടർന്ന് കമ്പനി അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. കമ്പനിയാണ് മകൾ സുരക്ഷിതയാണെന്നുള്ള വിവരം കുടുംബത്തെ അറിയിച്ചത്. മകളെ സുരക്ഷിതയാക്കി തിരികെയെത്തിക്കുന്നതിന് സർക്കാർ തലത്തിൽ നടപടിയുണ്ടാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളി സഹോദരിമാരായ സിനിയുടെയും( ഗ്ലോസ്റ്റർ) റാണിയുടെയും(സ്റ്റോക്ക് ഓൺ ട്രെൻഡ് ) പിതാവ് ദേവസ്യ ജോസഫ് (79 ) നിര്യാതനായി . പൂഞ്ഞാർ ആണ് സ്വദേശം. മാർച്ച് അവസാനം വിശപ്പില്ലായ്മ അനുഭവപ്പെട്ടതിന് തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്യാൻസർ തിരിച്ചറിഞ്ഞത് . രോഗം തിരിച്ചറിഞ്ഞ് 3 ആഴ്ചയ്ക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.

മക്കൾ : ബെന്നി, ജെസ്സി, ബിജി, വിൽസൺ, ജോണി, സിനി (യുകെ ), റാണി(യുകെ ).
സിനിയും ഭർത്താവ് ടോബിയും ഗ്ലോസ്റ്ററിലും റാണിയും ഭർത്താവ് ജോബിൻസ് മേമനയും സ്റ്റോക്ക് ഓൺ ട്രെൻഡിലും ആണ് താമസിക്കുന്നത്.

മൃതസംസ്‌കാരം ബുധനാഴ്ച ചോലത്തടം സെൻ്റ് മേരീസ് പള്ളിയിൽ 3 മണിക്ക് നടക്കും.

ദേവസ്യ ജോസഫിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

 

ബോളിവുഡിലെ താരസുന്ദരിയാണ് വിദ്യാ ബാലന്‍. ശക്തമായ വേഷങ്ങളിലൂടെ അമ്പരപ്പിക്കാറുള്ള താരം തന്റെ നിലപാടുകള്‍ വ്യക്തമാക്കാനും മടികാണിക്കാറില്ല. ഇപ്പോള്‍ ശ്രദ്ധനേടുന്നത് തന്റെ ആദ്യത്തെ കാമുകനെക്കുറിച്ചുള്ള വിദ്യാ ബാലന്റെ തുറന്നു പറച്ചിലാണ്. ആദ്യ കാമുകന്‍ തന്നെ ചതിച്ചെന്നാണ് താരം പറഞ്ഞത്. തന്നെ ഏറ്റവും വേദനിപ്പിച്ചിട്ടുള്ള ആളാണ് ആദ്യ കാമുകനെന്നും താരം വ്യക്തമാക്കി.

ഞാന്‍ ചതിക്കപ്പെട്ടിട്ടുണ്ട്. എന്റെ ആദ്യത്തെ കാമുകനാണ് എന്നെ ചതിച്ചത്. അവനൊരു വൃത്തികെട്ടവനായിരുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു, വാലന്റൈന്‍സ് ഡേയ്ക്ക് കോളജില്‍ വച്ച് അപ്രതീക്ഷിതമായി അവനെ കണ്ടു. തന്റെ മുന്‍ കാമുകിയെ കാണാന്‍ പോവുകയാണ് എന്നാണ് അവന്‍ പറഞ്ഞത്. ഞാന്‍ ഞെട്ടിപ്പോയി. അവന്‍ എന്നെ തകര്‍ത്തുകളഞ്ഞു. എന്നാല്‍ അതിലും നല്ല കാര്യങ്ങള്‍ ഈ ജീവിതത്തില്‍ എനിക്കായി ഞാന്‍ ചെയ്തിട്ടുണ്ട്. – വിദ്യാ ബാലന്‍ പറഞ്ഞു.

താന്‍ ഒരു സീരിയല്‍ പ്രണയിനിയായിരുന്നില്ല എന്നാണ് വിദ്യാ ബാലന്‍ പറയുന്നത്.. വളരെ കുറച്ച് പുരുഷന്മാരെ മാത്രമേ താന്‍ പ്രണയിച്ചിട്ടുള്ളൂ. ആദ്യമായി ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്തതതെന്നും താരം പറഞ്ഞു. നിര്‍മാതാവ് സിദ്ധാര്‍ത്ഥ് റോയ് കപൂറാണ് വിദ്യാ ബാലന്റെ ഭര്‍ത്താവ്. 2012ലായിരുന്നു ഇവരുടെ വിവാഹം.

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ 17 ഇന്ത്യക്കാരുള്ള പശ്ചാതലത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രിയെ വിളിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. എം.എസ്.സി. ഏരീസ് എന്ന കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി എച്ച്. അമിറബ്ദൊള്ളാഹിയാനുമായി ചര്‍ച്ച ചെയ്തതായി ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

നൂറുകണക്കിന് ഡ്രോണുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നവയുടെ ഉപയോഗത്തോടെ മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കിടയിലാണ് അമിറബ്ദൊള്ളാഹിയാനുമായി സംസാരിച്ചത്. ഞായറാഴ്ച വൈകീട്ട് അമിറബ്ദൊള്ളാഹിയാനുമായി സംസാരിച്ചെന്നും കപ്പലിലെ 17 പേരെ മോചനം സംബന്ധിച്ചും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തതായി ജയശങ്കര്‍ വ്യക്തമാക്കി.

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് (32), വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം പൊറ്റെങ്ങോട്ട് പി.വി. ധനേഷ് എന്നീ മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരാണുള്ളത്. കപ്പലില്‍ ആകെ 25 ജീവനക്കാരുണ്ട്.

ദുബായില്‍നിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന എം.എസ്.സി. ഏരീസ് എന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാന്റെ ഔദ്യോഗികസേനാ വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി.) ശനിയാഴ്ച പിടിച്ചെടുത്ത് തീരത്തേക്കടുപ്പിച്ചത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരിടൈമിന്റേതാണ് പോര്‍ച്ചുഗീസ് പതാക നാട്ടിയ എം.എസ്.സി. ഏരീസ് എന്ന കണ്ടെയ്‌നര്‍ കപ്പല്‍.

കപ്പലിലെ സെക്കന്‍ഡ് എഞ്ചിനീയറാണ് ശ്യാംനാഥ്. തേര്‍ഡ് ഓഫീസറായ പാലക്കാട് സുമേഷ് നാലുമാസം മുമ്പാണ് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എം.എസ്.സി.) യുടെ കപ്പലില്‍ ജോലിക്ക് കയറിയത്. കപ്പലിലെ സെക്കന്‍ഡ് ഓഫീസറായ പി.വി. ധനേഷ് രണ്ടുമാസം പ്രായമായ മകളെ ആദ്യമായി കാണാന്‍ എത്താനിരിക്കെയാണ് ഇറാന്‍ സേനയുടെ പിടിയിലായത്.

പിറന്ന നാടിൻറെ സ്നേഹവും സാഹോദര്യവും കൂട്ടായ്മയും വിളിച്ചോതിക്കൊണ്ട് ഈ വരുന്ന മെയ് മാസം 4&5 തീയതികളിൽ അരീക്കര സംഗമം 2024 യുകെയിലെ ടെൽഫോർഡ് സ്കൂൾ ഹാളിൽ മെയ് 4നു രാവിലെ 10 മണിക്ക് ആരംഭിച്ചു 5 രാവിലെ 11 മണിക്ക് അവസാനിക്കത്തക്ക രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് .

യുകെയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള നൂറുകണക്കിന് അരീക്കരകാരുടെ സ്നേഹകൂട്ടായ്മ ആണ് വർഷാ വർഷം നടക്കുന്ന സംഗമം . പല തലമുറകളുടെ ഒത്തുചേരലും , പഴയ കാല ഓർമ്മ പുതുക്കലുകളും , സ്നേഹ സംഭാഷണങ്ങളും , അരീക്കരയുടെ സമഗ്ര അവലോകനവും , കലാ കായിക വിനോദങ്ങളും എല്ലാം ആയി മറ്റൊരു അരീക്കരയായി ടെലിഫോർഡ് ചാൾട്ടൻ സ്കൂൾ മാറുന്നു …പ്രസ്തുത സംഗമത്തിലേക്കു യുകെയിൽ ഉള്ള മുഴുവൻ അരീക്കരകാരെയും ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നതായി സംഘടക സമതി അംഗങ്ങളായ ഷിജോ മുളയാനിക്കൽ , മനു തോട്ടാപ്പിള്ളിൽ എന്നിവർ അറിയിച്ചു ..

സംഗമത്തിന്റെ കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുവാൻ താത്പര്യപെടുന്നു ..

ഷിജോ മുളയാനിക്കൽ : 07933618993

ഇന്ത്യൻ വിദ്യാർഥി കാനഡയിലെ സൗത്ത് വാൻകൂവറിൽ വെടിയേറ്റ് മരിച്ചു. ഹരിയാന സ്വദേശി ചിരാഗ് അന്റിൽ (24) എന്നയാളാണ് കൊല്ലപ്പെട്ടത്. വെടിയൊച്ച കേട്ടതായി പ്രദേശവാസികൾ പറഞ്ഞതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ചിരാഗിനെ കണ്ടെത്തിയത്. ഏപ്രിൽ 12 നാണ് സംഭവം നടന്നത്.

‘‘പ്രദേശവാസികൾ വെടിയൊച്ച കേട്ടതിനെ തുടർന്നു രാവിലെ 11 മണിയോടെ ഈസ്റ്റ് 55 അവന്യു, മെയിൻ സ്ട്രീറ്റിലേക്ക് ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. കാറിനുള്ളിൽ മരിച്ച നിലയിലായിരുന്നു ചിരാഗ്. ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടരുകയാണ്.’’– പൊലീസ് പറഞ്ഞു.

സംഭവ ദിവസം രാവിലെ ചിരാഗുമായി ഫോണിൽ സംസാരിച്ചിരുന്നതായും ചിരാഗ് സന്തോഷവാനായിരുന്നെന്നും സഹോദരൻ റോമിറ്റ് പറഞ്ഞു. ‘‘ഇതിനുശേഷം എവിടെയോ പോകാനായി ചിരാഗ് വാഹനവുമായി പോവുകയായിരുന്നു, ആ സമയത്താണ് വെടിയേറ്റത്’’–സഹോദരൻ പറഞ്ഞു.

ചിരാഗിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി കുടുംബം ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ ഗോ ഫണ്ട് മി വഴി ധനസമാഹരണത്തിന് ശ്രമിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 സെപ്റ്റംബറിലാണ് ചിരാഗ് വാൻകൂറിലെത്തുന്നത്. യൂണിവേഴ്‍സിറ്റി കാനഡ വെസ്റ്റിൽനിന്നും എംബിഎ പൂർത്തിയാക്കിയ ചിരാഗിന് അടുത്തിടെയാണ് വർക്ക് പെർമിറ്റ് ലഭിച്ചത്.

കേന്ദ്രമന്ത്രിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടി ശോഭന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ആണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്.

അതേസമയം, രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും ശോഭന പത്രസമ്മേളനത്തിൽ വെച്ച് പറഞ്ഞു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘ആദ്യം ഞാൻ മലയാളം പഠിക്കട്ടെ. ഇപ്പോൾ ഞാൻ ഒരു നടി മാത്രമാണ്’ എന്നായിരുന്നു ശോഭനയുടെ മറുപടി. നെയ്യാറ്റിൻകരയിലെ പ്രചാരണപരിപാടികളിലും ശോഭന പങ്കെടുക്കും.

വീട്ടിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അന്യ സംസ്ഥാന തൊഴിലാളിയെ അറസ്റ്റിൽ. ഝാർഖണ്ഡ് സ്വദേശിയായ ദേവാനന്ദാണ് (30) അറസ്റ്റിലായത്. ഡാണാപ്പടി ജങ്ഷന് സമീപം വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോകാനാണ് ഇയാള്‍ ശ്രമിച്ചത്.

കുട്ടിയുടെ സഹോദരൻ ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയും ഇയാള്‍ കുട്ടിയെ ഉപേക്ഷിച്ച്‌ സമീപത്തെ കടയില്‍ കയറി ഒളിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.

പരസ്പരവിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നതെന്നും പേരും മറ്റു വിവരങ്ങളും യഥാർഥമാണോയെന്ന് അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂവെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് ഉപയോഗിക്കാനാണെന്ന സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved